Back to articles

പറയണോ വേണ്ടയോ?

April 01, 2011

''ജോർജ്ജ് സാർ എന്നെ ഓർമ്മിക്കാനിടയില്ല. വർഷങ്ങൾക്കു മുമ്പ് എന്റെ സഹോദരിയുടെ പുന്ർവിവാഹം സംബന്ധിച്ച് സാറിനെ കാണുവാൻ, ഞാനും സഹോദരിയും കൂടി ബെത് ലെഹമിൽ വന്നിരുന്നു. സഹോദരിയുടെ ആദ്യ ഭർത്താവ് അയാളുടെ പേരന്റ്സിന്റെ നിർബന്ധം മൂലം ഇഷ്ടമില്ലാതെയാണ് വിവാഹത്തിന് തയ്യാറായത്. വിവാഹം കഴിഞ്ഞപ്പോൾ സഹോദരി അയാളോട്, പണ്ട് അവൾക്കുണ്ടായ ഒരു മാനസിക പ്രശ്നം തുറന്നു പറഞ്ഞു. അയാൾ പക്ഷേ അത്, അയാളുടെ മാതാപിതാക്കളെ പാഠം പഠിപ്പിക്കാനുള്ള ഒരു മാർഗ്ഗമായി കണക്കാക്കി, വിവാഹമോചനം ആവശ്യപ്പെട്ടു. അങ്ങനെയാണ് സഹോദരി ഡിവോഴ്സി ആയത്. അന്ന് സാറിന്റെ വാക്കുകൾ ഞങ്ങൾക്ക് നല്ല ധൈര്യവും  ആത്മവിശ്വാസവും തന്നു. ദൈവാനുഗ്രഹത്താൽ സഹോദരിയുടെ പുനർവിവാഹം വേഗത്തിൽ നടന്നു. രണ്ടു പേരും വളരെ സന്തോഷമായി ജീവിക്കുന്നു.

ഇപ്പോൾ അളിയനും പെങ്ങളും കൂടി എനിക്ക് വിവാഹം ആലോചിക്കുകയാണ്.

ഒരു പ്രൊപ്പോസൽ ഏതാണ്ട് ഉറപ്പിക്കാം എന്ന നിലയിലാണ്. സഹോദരിയുടെ പുനർവിവാഹ കാര്യം എനിക്ക് ആലോചനയുമായി വന്ന കൂട്ടരോട് പറയണോ വേണ്ടയോ ?
പറയണമെങ്കിൽ, എപ്പോൾ പറയണം?
ഇതാലോചിച്ചിട്ട്  ഒരെത്തും പിടിയും കിട്ടുന്നില്ല സാർ. ഒരു തീരുമാനത്തിൽ എത്താൻ ഞങ്ങളെ സഹായിക്കണം''. ആങ്ങളയും പെങ്ങളും കൂടി എന്നെ വിളിച്ച് ഉപദേശം തേടുകയാണ്.

ഇത്തരം സാഹചര്യം നിങ്ങൾക്കുണ്ടായാൽ, ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് ആർക്കും കൃത്യമായി നിർണ്ണയിക്കാൻ പറ്റില്ല. അത് ഉചിതമായ വിധത്തിൽ കൈകാര്യം ചെയ്യണമെങ്കിൽ, ആത്മാർത്ഥമായി പെരുമാറുക എന്നതാണ് ഏക മാർഗ്ഗം. ആദ്യം ആത്മശോധനനടത്തി ചില വസ്തുതകൾ മനസ്സിലാക്കണം.

നിങ്ങളുടെ സഹോദരിയുടെ വിവാഹ മോചനത്തിലേക്ക് നയിച്ച സംഭവങ്ങളിൽ ഏതെങ്കിലും, നിങ്ങളുടെ ജീവിതത്തെയും ദോഷകരമായി ബാധിക്കുന്നതാണോ?

ഒരു സാധാരണ കുടുംബ ജീവിതം നയിക്കുന്നതിന് തീർത്തും തടസ്സമായേക്കാവുന്ന എന്തെങ്കിലും അവസ്ഥ നിങ്ങൾക്കുണ്ടോ?

ഉണ്ട് എങ്കിൽ, ആ തടസ്സം മുൻകൂട്ടി അറിയിച്ച്, അത് സ്വീകാര്യമായ പെൺകുട്ടികളുടെ പ്രൊപ്പോസൽ മാത്രം പരിഗണിക്കുക.

ഇല്ലാ എങ്കിൽ, നിങ്ങളുടെയും, നിങ്ങൾക്കു വേണ്ടി ആലോചിക്കുന്ന പെൺകുട്ടിയുടെയും, മേന്മകളും ഗുണങ്ങളും ആണ് നിങ്ങൾ മുഖ്യമായി പരിഗണിക്കേണ്ട ഘടകങ്ങൾ. നിങ്ങളെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി, നിങ്ങൾ തന്നെയാണ്. നിങ്ങളുടെ ഗുണവിശേഷങ്ങൾ മറ്റുള്ളവർക്ക് (നേരിട്ടോ, പരോക്ഷമായോ) ബോദ്ധ്യപ്പെടുത്തി കൊടുക്കേണ്ടത് നിങ്ങളുടെ ചുമതല ആണ്.

നല്ല ഒരു കുടുംബജീവിതം നയിക്കാനുള്ള കഴിവും, ഗുണവും, പശ്ചാത്തലവും, എത്രമാത്രം നിങ്ങൾക്ക് ഉണ്ട് എന്നതാണ്, വിവാഹലോചനയുമായി വരുന്ന പെൺ വീട്ടുകാരോട് നിങ്ങൾ അറിയിക്കേണ്ട ആദ്യ ഘടകങ്ങൾ. പെൺ വീട്ടുകാരും ആദ്യം വിലയിരുത്തേണ്ടത് ഇതുതന്നെ.

ഒരു വിവാഹം വേണം എന്നു  തീരുമാനിക്കണമെങ്കിൽ ബന്ധപ്പെട്ടവരുടെ എല്ലാം സമ്മതം വേണം. വേണ്ട എന്ന തീരുമാനമാണെങ്കിലോ, ഇതിൽ ആർക്കു വേണമെങ്കിലും ഒറ്റയ്ക്ക് എടുക്കാൻ കഴിയും. ഏതു പ്രൊപ്പോസൽ വന്നാലും അതിന്റെ ദോഷങ്ങൾ കണ്ടു പിടിക്കാനാണ് മിക്കവരും ആദ്യം ശ്രമിക്കുക. നിങ്ങൾ തന്നെ നിങ്ങളുടെ പോരായ്മകൾ ആദ്യം അവതരിപ്പിച്ചാൽ, നിങ്ങളുടെ ഗുണവിശേഷങ്ങളെ വിലയിരുത്തുക പോലും ചെയ്യാതെ, നിങ്ങളുടെ പ്രൊപ്പോസൽ അവർ വേണ്ടെന്നു വെയ്ക്കും.

നിങ്ങളുടെ മേന്മകൾ മനസ്സിലായെങ്കിലേ, നിങ്ങളുടെ പോരായ്മകളുമായി തുലനം ചെയ്ത് യുക്തമായ തീരുമാനം എടുക്കാൻ മറ്റുള്ളവർക്ക് സാധിക്കൂ.

അളിയനും പെങ്ങളും കൂടി നല്ല ഉത്സാഹത്തോടെ മുന്നിട്ട് നിന്ന്, നിങ്ങളുടെ വിവാഹം ആലോചിക്കുമ്പോൾ, അവളുടെ ആദ്യ വിവാഹത്തിന്റെ കാര്യം പ്രസക്തമല്ല എന്നാണ് എന്റെ  കാഴ്ചപ്പാട്. നിങ്ങളുടെ വിവാഹാലോചനക്കിടയിൽ, അക്കാര്യം അങ്ങോട്ട് കയറി പറഞ്ഞ് പെങ്ങളെ വേദനിപ്പിക്കരുത്. അഥവാ അത് പറയേണ്ട സാഹചര്യം, നിങ്ങളുടെ സംഭാഷണത്തിന് ഇടയിൽ വന്നു പോയാൽ. ഉരുണ്ട് കളിക്കാതെ, തുറന്നു പറയുക. എന്റെ  പെങ്ങളുടെ ആദ്യ വിവാഹം പരാജയപ്പെട്ടു പോയി, ദൈവാനുഗ്രഹത്താൽ ചേച്ചിക്ക് ഇപ്പോൾ നല്ല ഒരു ഭർത്താവിനെ ലഭിച്ചു. ഇത്രയും വസ്തുതകൾ മാത്രമേ പറയേണ്ടതുള്ളു. ബാക്കി തമ്പുരാന് വിട്ടു കൊടുക്കുക.

നിങ്ങളെ വിശ്വസിച്ച് കൂടെ ജീവിക്കാൻ വരുന്ന പെണ്ണിനോട്, തിരിച്ചും വിശ്വസ്ഥതയോടെ പെരുമാറുക. ഒരു നല്ല കുടുംബ ജീവിതം നയിക്കാൻ മരണം വരെ പരിശ്രമിച്ചു കൊണ്ടേയിരിക്കുക. എല്ലാം നന്മക്കായി തന്നെ വന്നു ഭവിക്കും.

George Kadankavil - April 2011

What is Profile ID?
CHAT WITH US !
+91 9747493248