Back to articles

എന്നെ കെട്ടാൻ വന്ന പയ്യനെ, എന്റെ കൂട്ടുകാരി വളച്ചെടുത്തു !

April 12, 2018

ഒരിക്കൽ ഒരു കാക്ക, ഏകാദശി വ്രതം നോറ്റു. മൂന്നു ദിവസത്തെ ഉപവാസവും പ്രാർത്ഥനയുമാണ് ഏകാദശി വ്രതം. ഉപവാസത്തിന്റെ ക്ഷീണത്താൽ അവശയായ കാക്കപെണ്ണ് ഒരു വാഴകൈയ്യിൽ പറന്നു വന്നിരുന്നു. പെട്ടെന്ന് വാഴകൈ ഒടിഞ്ഞു കാക്ക താഴെ വീണു. ആ വീഴ്ചയിൽ കാക്കയുടെ കാലിൽ ഒരു മുള്ളും തറച്ചു. ഒരു വിധത്തിൽ കൊക്കുകൊണ്ട് ആ മുള്ളു വലിച്ചൂരി, കാക്ക പറന്ന്  അടുത്തുള്ള ഒരു കിണറിന്റെ മതിലിൽ പോയിരുന്നു. ഇരുന്നതും, കല്ല് അടർന്ന് അവൾ കിണറ്റിലേക്ക് വീണു. മുങ്ങി ചാകാൻ പോയ കാക്കയെ പെട്ടെന്ന് ആരോ പിടിച്ച് മുകളിലേക്ക് ഉയർത്തി പറപ്പിച്ചു വിട്ടു.

കാക്ക പറന്ന് കരക്ക് കയറി, താഴെ കിണറ്റിലെ വെള്ളത്തിൽ തന്റെ പ്രതിബിംബം  നോക്കി. ഹായീ... തന്റെ കഴുത്തിൽ അതാ ഒരു രത്നമാല. കാലിലും എന്തോ തടയുന്നു, നോക്കിയപ്പോൾ അതാ ഓരോ സ്വർണ്ണ വളകൾ!. വേദനയും വിഷമവും വിശപ്പും ക്ഷീണവും, എല്ലാം മറന്ന്, അവൾ തന്റെ കാക്കക്കൂട്ടത്തിലേക്ക് പറന്നു ചെന്ന് തനിക്കുണ്ടായ അനുഭവങ്ങൾ അവരോട് വിവരിച്ചു.

ഇതു കേട്ട സുന്ദരി കാക്കയുടെ ഒരു കൂട്ടുകാരി കുറുമ്പികാക്കയ്ക്ക്, ഉള്ളിൽ ഒരു മോഹം, തനിക്കും വേണം രത്നമാലയും, സ്വർണ്ണവളകളും.

അവളും തുടങ്ങി ഏകാദശിവ്രതം.

പിറ്റേദിവസം രാവിലെ തന്നെ കുറുമ്പി കാക്ക പറന്ന് ചെന്ന് കൂട്ടുകാരി ഇരുന്ന വാഴയുടെ ബാക്കിനിന്ന കയ്യിൽ ഇരുന്നു. ശ്ശോ! ഈ കുന്തം ഒടിയുന്നില്ല്ലല്ലോ? അവളു കുറെ ചാടിയും കുലുക്കിയും ഒക്കെ നോക്കി, ഒരു രക്ഷയുമില്ല, വാഴക്കൈ ഒടിയുന്നില്ല. ഒടുവിൽ കാക്ക വാഴക്കൈ കൊത്തി കൊത്തി ഒടിച്ചു. എന്നിട്ടും താഴെവീണില്ല. അതിനാൽ അവൾ താഴേക്കു ചാടി. പക്ഷേ, കാലിൽ മുള്ള് തറച്ചില്ല. ഒരു മുള്ളിൽ ചവിട്ടി കയറി നിന്നു അത് കാലിൽ കുത്തി കയറ്റി. നല്ലോണം വേദനിച്ചു, അവളാ മുള്ള് കൊത്തി വലിച്ചൂരി.

 

പിന്നെ കിണറിന്റെ മതിലിൽ ഇരുന്നു, ഒരു കല്ല് തള്ളി കിണറ്റിലിട്ട് അവളും കൂടെ ചാടി. വെള്ളത്തിൽ മുങ്ങി പൊന്തി വന്നു. ഹായ്.... കഴുത്തിലും കാലിലും എന്തോ തടയുന്നു. ഹെന്റമ്മോ... ഒരു നീർക്കോലി കഴുത്തിൽ  ചുറ്റിയിരിക്കുന്നു. അപ്പോൾ കാലിലോ? അയ്യോ! ഞണ്ട് ഇറുക്കിയിരിക്കുന്നു. കുറുമ്പികാക്കയുടെ വാശിക്ക് നല്ല തിരിച്ചടി തന്നെ കിട്ടി.

ഈ കഥ  നമ്മൾ കേട്ടിട്ടുണ്ട്. പക്ഷേ സാരാംശം മനസ്സിലാക്കിയിട്ടുണ്ടോ എന്നു സംശയിക്കണം. വിവാഹം ആലോചിക്കുമ്പോൾ പലതരം നിർബന്ധങ്ങളും, നിബന്ധനകളും കൊണ്ടു നടക്കുന്ന പെൺകുട്ടികളെയും, ആൺകുട്ടികളെയും, മാതാപിതാക്കളെയും പരിചയപ്പെട്ടിട്ടുണ്ട്. അതിൽ ചിലതിന്റെ പുറകിൽ ചില ഏകാദശി കാക്കകൾ ഉണ്ടായിരിക്കും  എന്നാണ് അനുഭവം.

ഒരു ഡോക്ടറെ മാത്രമേ കല്യാണം കഴിക്കൂ എന്നു പറഞ്ഞ് പണ്ട് എന്റടുത്തു വന്ന സുന്ദരി ആയ ഒരു പെൺകുട്ടി ഈയിടെ എന്നെ കാണാൻ വന്നു. പണ്ടത്തെ കാര്യങ്ങൾ പറഞ്ഞ് അവൾ പരിചയം പുതുക്കി. ഇപ്പോൾ അവൾക്ക് നാല്പത് വയസ്സായി. സൌന്ദര്യം യൌവ്വനം ഒക്കെ പോയി, മുഖപ്രസാദം തീരേയില്ല.

എന്തൊരു കോലമാ മോളേ ഇത്? എന്നു ചോദിക്കാനാണ് ആദ്യം നാവിൽ വന്നത്, പെട്ടെന്ന് ഞാനതു വിഴുങ്ങിയിട്ടു പറഞ്ഞു, മോളേ നിന്റെ ചിരിക്കൂ മാത്രം ഇപ്പോഴും ഒരു മാറ്റവും ഇല്ല.

അവൾ പിന്നെയും ചിരിച്ചു കൊണ്ടു പറഞ്ഞു, ഇങ്ങിനെ എന്തേലും നല്ലതു പറയും എന്നു തോന്നിയതു കൊണ്ടാണ് അങ്കിളിനെ കാണാൻ വന്നത്.

പതിനേഴു വർഷമായി വാശിയോടെ കല്യാണം നോക്കുന്നു. അതിൽ ആദ്യത്തെ വാശി ഒരു ഡോക്ടറെ മാത്രമേ കെട്ടു എന്നായിരുന്നു. പത്തു കൊല്ലം ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോൾ, നല്ല കാശുള്ള ഏതെങ്കിലും ഒരു കോന്തനെ കെട്ടിയേക്കാം എന്നായി. അതും സാധിച്ചില്ല. ഇപ്പോൾ ഷുഗർ, തലവേദന തുടങ്ങിയ കുറെ അസുഖങ്ങൾ കൂട്ടിനുണ്ട്.

ഇനി കല്യാണം ഒന്നും വേണ്ട എന്നു വെച്ചിരിക്കുകയാണ്. ആശ്വാസ് എന്നൊരു സിംഗിൾ വിമൻ പ്രോജക്ട് അങ്കിൾ സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ, അതെക്കുറിച്ച് അറിയാനാ ഞാൻ വന്നത്.

ആശ്വാസ് ഇപ്പോൾ പുനസംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്, നിനക്ക് താല്പര്യം ഉണ്ടെങ്കിൽ അതിൽ എന്തെങ്കിലും ഒക്കെ റോളെടുക്കാം. കുറെ ഏകസ്ഥരെ പരിചയപ്പെടാനും സാധിക്കും. നീ തനിച്ചല്ല എന്ന് ഒരു ആശ്വാസം കിട്ടും.

പക്ഷേ മോളേ, ഞാനൊന്നു ചോദിച്ചോട്ടെ? നീയെന്തിനാ ഡോക്ടറെ മാത്രമേ കല്യാണം കഴിക്കൂ എന്ന് വാശി പിടിച്ചത്?

അത് അങ്കിളേ, എനിക്ക് ആദ്യം ഒരു ഡോക്ടറുടെ പ്രൊപ്പോസൽ വന്നു, കണ്ടു, എനിക്ക് ഇഷ്ടമായി. പുള്ളിക്കാരനെ കുറിച്ച്  ഒത്തിരി കാര്യങ്ങൾ എന്റെ അടുത്ത കൂട്ടുകാരിയോട് ഞാൻ വാതോരാതെ സംസാരിച്ചിരുന്നു. അതൊക്കെ മനസ്സിലാക്കി അവൾ അയാളെ വളച്ചെടുത്തതായിരിക്കണം, ഏതായാലും ആ പുള്ളി എന്റെ ഈ കൂട്ടുകാരിയെ ആണ്  ഒടുവിൽ കല്യാണം കഴിച്ചത്. അതിന്റെ ദേഷ്യവും വിഷമവും, വേദനയും കൊണ്ടാണ് ഞാൻ അങ്ങിനെ വാശി പിടിച്ചത്.

എന്നിട്ട് നീയാ കൂട്ടുകാരിയോട് പിണങ്ങിയോ?


ഉവ്വ്, ഞാൻ പിന്നെ അവളോട് മിണ്ടിയിട്ടേ ഇല്ല. അവളുടെ കല്യാണത്തിനും പോയില്ല.

പത്തു കൊല്ലം നോക്കിയിട്ട്, എത്ര ഡോക്ടർമാർ പെണ്ണു കാണാൻ വന്നു?

നാലുപേരു വന്നു. അതിലൊരെണ്ണം രണ്ടു കൂട്ടർക്കും ഇഷ്ടമായി ഏതാണ്ട് ഉറപ്പിക്കാം എന്ന നിലയിൽ ആയതാ. ഞങ്ങൾ ഫോണിൽ പതിവായി സംസാരിക്കാൻ തുടങ്ങി. പക്ഷേ, സംസാരിച്ചു വരുമ്പോൾ അവസാനം എന്തെങ്കിലും അഭിപ്രായ വ്യത്യാസത്തിൽ സംഭാഷണം നിർത്തേണ്ടി വരുമായിരുന്നു. ഒടുവിൽ, തമ്മിൽ പൊരുത്തപ്പെടില്ല എന്നു പറഞ്ഞ് അവർ ആ ആലോചന അവസാനിപ്പിച്ചു.

ആട്ടെ മോളേ, ഏതെങ്കിലും പണക്കാരൻ കോന്തനെ കെട്ടാം എന്നു  പറഞ്ഞു നോക്കിയിട്ടോ?


അങ്കിളേ, എന്റെ മുപ്പത്തി മൂന്നാമത്തെ വയസ്സിലാ അങ്ങനെ നിശ്ചയിച്ചത്. എന്നേക്കാൾ പ്രായമുള്ള കുറെ പ്രൊപ്പോസലുകൾ വന്നു. മൂന്നാലു പേർ കാണാനും വന്നായിരുന്നു. കോന്തനാണെന്നു അംഗീകരിക്കാമെങ്കിലും, അത്യാവശ്യം കുറെ വകതിരിവെങ്കിലും വേണ്ടേ അങ്കിളേ?

എന്റെ കല്യാണം താമസിച്ചതിന്റെ കാരണങ്ങളാ അവർക്ക് ചോദിക്കാനുണ്ടായിരുന്നത്. അവരുടെ സംശയവും ചോദ്യം ചെയ്യലും കേട്ടിട്ട്, എനിക്കും ചൊറിഞ്ഞു വന്നു. നിങ്ങളെന്താ ഇത്രേം നാളും കെട്ടാതെ നിന്നത് എന്ന് ഞാനും തിരിച്ചു ചോദിക്കും.

അതിലൊരു പ്രൊപ്പോസൽ വളരെ നല്ല ആളായിരുന്നു. അപ്പൻ മരിച്ച ശേഷം, 4 പെങ്ങന്മാരെ കെട്ടിച്ചു വിടാൻ കഷ്ടപ്പെട്ടിട്ടാ സ്വന്തം കല്യാണം താമസിച്ചതത്രെ. പെങ്ങന്മാരു കൂടി വന്നു എന്നെ കണ്ടിട്ട് തീരുമാനം പറയാം എന്നു പറഞ്ഞ്, അദ്ദേഹം പെങ്ങന്മാരെ കൂട്ടി വീണ്ടും വന്നു. ആ പെങ്ങന്മാർ ഭയങ്കര പൊസസ്സീവ് ആയിരുന്നു. അവിടെ ചെന്നു കയറിയാൽ എനിക്ക് എന്നും യുദ്ധം ചെയ്യാനേ നേരം കാണൂ എന്നു തോന്നിയതു കൊണ്ട് ഞാൻ ആ കേസ് വേണ്ടെന്നു പറഞ്ഞു.

ഇനി മതി അങ്കിളേ, വിവാഹം നടന്നാലും കുടുംബജീവിതം  ഭാവിയിൽ എനിക്ക് ഒരു പരാജയം തന്നെ ആയിരിക്കും എന്നാ എന്റെ മനസ്സു പറയുന്നത്. ഞാൻ  ഇനി സോഷ്യൽ വർക്കിൽ മുഴുകാനാണ് ഉദ്ദേശിക്കുന്നത്.

മോളേ, മനസ്സു പറയുന്നത് കൂടാതെ ഹൃദയം പറയുന്നത് എന്താണ് എന്നു കൂടി ശ്രദ്ധിച്ചിട്ട് നീ ഉചിതമായ തീരുമാനം എടുത്തു കൊള്ളുക.

എന്റെ അഭിപ്രായത്തിൽ, നിന്റെ മനോഭാവം നിനക്ക് വളരെ ദോഷം ചെയ്യുന്നുണ്ട്. മറ്റുള്ളവരെ വിലമതിക്കാൻ നിനക്ക് കഴിയുന്നില്ല. എല്ലാവരോടും ഒരുതരം പുച്ഛം ആണ് നീയറിയാതെ നീ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ഒരു അഹങ്കാരി എന്നായിരിക്കും അവർ നിന്നെ കുറിച്ച് വിചാരിക്കുന്നത്. അങ്ങോട്ട് ബഹുമാനം കൊടുത്തിട്ട്, ഇങ്ങോട്ട് സ്നേഹം തിരിച്ചു വാങ്ങുന്ന ഒരു ശൈലി നീ പഠിച്ചെടുക്കണം.

സഹാനുഭൂതി എന്ന വാക്ക് അക്ഷരാർത്ഥത്തിൽ ഉൾക്കൊള്ളാനായെങ്കിലേ, സോഷ്യൽ വർക്ക് രംഗത്തും നിനക്ക് തൃപ്തികരമായി പ്രവർത്തിക്കാൻ സാധിക്കൂ.

നിനക്ക് നിന്നോടു തന്നെ സ്നേഹവും ബഹുമാനവും ഉണ്ടായെങ്കിലേ മറ്റുള്ളവരെ വിലമതിക്കുന്ന സാമൂഹ്യ ജീവിയായി നിലനിൽക്കാൻ സാധിക്കൂ.അല്ലാത്ത പക്ഷം സമൂഹ്യസേവനത്തിലും നീ പരാജയപ്പെട്ടു പോകും.

ഏറ്റവും മോശം മനുഷ്യനിൽ പോലും എന്തെങ്കിലും നന്മ കണ്ടുപിടിക്കാനും, ആ നന്മയുടെ അംശവുമായി ഇടപെടാനും നീ പഠിച്ചെടുക്കണം.


കൂട്ടുകാരിയോടും, കൈവിട്ടു പോയ മോഹത്തോടും ഉള്ള അമർഷത്തിൽ, പ്രതികാര ബുദ്ധിയോടെ വാശി പിടിച്ചപ്പോൾ, എന്തിനു വേണ്ടിയാണ് വിവാഹം ചെയ്യുന്നത് എന്ന് ചിന്ത തന്നെ നിനക്ക് നഷ്ടപ്പെട്ടു പോയി. അതാണ് ഈ കോലാഹലങ്ങൾ സൃഷ്ടിക്കാൻ നിനക്ക് ഇടയാക്കിയത്.

ആദ്യം നിന്റെ ഹൃദയത്തെ ശ്രവിക്കുന്ന സ്വഭാവം നീ ഉണ്ടാക്കുക. നിന്നോടു തന്നെയും, മറ്റ് എല്ലാവരോടും നിരുപാധികം ക്ഷമിച്ച്, നിന്റെ മനസ്സ് ശാന്തമാക്കിയെങ്കിലേ, ഹൃദയത്തിന് നിന്നോട് സംസാരിക്കാൻ സാധിക്കുകയുള്ളു.

എന്തിനു വേണ്ടിയാണ് നീ ജീവിക്കേണ്ടത്?  എന്നു ഹൃദയത്തോടു ചോദിച്ച്, ഒരു ജീവിതലക്ഷ്യം ഹൃദയത്തിൽ ഉരുത്തിരിയട്ടെ. ആ ജീവിത ലക്ഷ്യം നിറവേറ്റാൻ എന്തൊക്കെ ചെയ്യണം എന്നു മനസ്സ് പദ്ധതി ഇടട്ടെ. എന്നിട്ട് അപ്രകാരം പ്രവർത്തിക്കാൻ ദൃഢനിശ്ചയം ചെയ്ത് കർമ്മനിരതയാവുക.

 നിന്റെ ആഗ്രഹം ശുദ്ധവും തീക്ഷ്ണവുമാണെങ്കിൽ, അത് നിറവേറ്റാൻ നിന്റെ സൃഷ്ടാവ് തന്നെ നിന്റെ ഒപ്പമുണ്ടാകും.

ലക്ഷ്യത്തേക്കാൾ ഉപരി, ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് ജീവിതം എന്നു മറക്കരുത്.

George Kadankavil - April 2018

What is Profile ID?
CHAT WITH US !
+91 9747493248