Back to articles

ആർക്കിടെക്റ്റിന്റെ സൂത്രം ഫലിച്ചു !

October 01, 2012

''നമ്മുടെ പിള്ളേർക്ക് തനിച്ചു നിന്ന് ഒരു ഫോട്ടോ എടുത്താൽ അതിൽ അവരുടെ മുഖം ഒന്നുകിൽ പേടിച്ച് അരണ്ടപോലെ തോന്നിക്കും, അല്ലെങ്കിൽ വെറുതെ മസിലു പിടിച്ചു നിൽക്കുന്ന പോലിരിക്കും. നല്ല മുഖഭാവമുള്ള ഫോട്ടോകൾ നോക്കിയാൽ പലതും ഏതെങ്കിലും ഗ്രൂപ്പ് ഫോട്ടോയിൽ നിന്നും വെട്ടി എടുത്തിരിക്കുന്നതാണെന്നു കാണാം. ആരെങ്കിലും ഒന്നു താങ്ങിനിർത്തണം, അല്ലെങ്കിൽ ആരോടെങ്കിലും ഒട്ടി നിൽക്കണം, എങ്കിൽ മാത്രമേ പലർക്കും മുഖത്ത് ഒരു കോൺഫിഡൻസ് വരികയുള്ളു എന്ന അവസ്ഥയാണല്ലോ ഈ ചെറുപ്പക്കാർക്ക് ''

മകൾക്ക് മിടുക്കനായ ഒരു പയ്യനെ തേടുന്ന ഒരു പിതാവിന്റെ ഈ പരാമർശം എനിക്കൊരു വെളിപാടായിരുന്നു. ഒരു ഫസ്റ്റ് ഇംപ്രഷൻ സൃഷ്ടിക്കാനുള്ള ഉപാധി എന്നതിലുമപ്പുറം, കാൻഡിഡേറ്റിന്റെ ആത്മവിശ്വാസത്തിന്റെ അളവു കോലായിവരെ മാട്രിമോണിയലിലെ ഫോട്ടോ വിലയിരുത്തപ്പെടു ന്നുണ്ടല്ലോ എന്നതാണ് എനിക്ക് ആശ്ചര്യമായി തോന്നിയത്.

ഏതായാലും സൈറ്റിലെ ഫോട്ടോകളെക്കുറിച്ച് ഒരു വിശകലനം നടത്താൻ ഇതെന്നെ പ്രേരിപ്പിച്ചു. വിവാഹം ഒന്നും ശരിയാകുന്നില്ല എന്ന് എന്റടുത്ത് വിഷമം പറഞ്ഞിട്ടുള്ളവരുടെ ലിസ്റ്റ് എടുത്ത്, അവരോരുത്തരുടെയും ഫോട്ടോ ഞാൻ പരിശോധിക്കാൻ തുടങ്ങി.

സംഗതി ശരിയാണ്. ആൺ പെൺ ഭേദമില്ലാതെ, പലതിനും പലതരം ഫോട്ടോ കോംപ്ളക്സുകൾ ഉണ്ട്.

ചിലത് ബലം പിടിച്ചിരിക്കുന്ന മുഖഭാവം. ചിത്രത്തിനു തെളിച്ചമില്ലാത്തത്, ഒരു സ്റ്റാമ്പിന്റെ അത്ര പോലും മുഴുപ്പില്ലാത്തത്, ആരെങ്കിലും തോളത്ത് കയ്യിട്ടു നിൽക്കുന്നത് അല്ലെങ്കിൽ ആരുടെയെങ്കിലും തോളത്ത് കയ്യിട്ടു നിൽക്കുന്നത്. വെഡ്ഡിംഗ് ആൽബങ്ങളിൽ നിന്നും വെട്ടിയെത്ത പടങ്ങൾ നിരവധി.

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യത്തിന് ഉചിതമായ ഒരു ഫോട്ടോ എടുക്കാൻ പോലും മിനക്കെടാത്തവർ ജീവിതത്തിലും ഇങ്ങനെ തന്നെ ചെയ്യില്ലേ?
ഇത്തരം Interpretations ഒക്കെയാണ് നിങ്ങളുടെ ഫോട്ടോ കണ്ടിട്ട് മറ്റുള്ളവർ നടത്തിയേക്കാ വുന്നത്. ഇത് വസ്തു നിഷ്ഠമായിരിക്കില്ല എന്ന് നിങ്ങളെ പ്പോലെ എനിക്കുമറിയാം. പക്ഷേ ആളുകൾ ഇങ്ങനെയൊക്കെ Interpret ചെയ്യും എന്നതും വസ്തുതയാണ്. അതിനാൽ നിങ്ങളുടെ നിയന്ത്രണത്തിലുള്ളത് നിങ്ങൾ ചെയ്യണം.

നല്ല ഫോട്ടോകൾ എടുപ്പിക്കണം. ഫോട്ടോയിൽ നോക്കിയാൽ, ആളിന്റെ കണ്ണ് തെളിമയോടെ കാണാൻ കഴിയണം. നമ്മളെ നോക്കുന്നതായി തോന്നിപ്പിക്കുന്ന ചിത്രങ്ങളിൽ കൂടുതൽ നേരം നമ്മുടെയും കണ്ണുടക്കി നിൽക്കാറില്ലേ?

ഇക്കൂട്ടത്തിൽ നിന്നും വ്യത്യസ്തമായി ഒരു പെൺകുട്ടിയുടെ ഫോട്ടോ എന്റെ ശ്രദ്ധയിൽപ്പെട്ടു. ഫോട്ടോയിൽ കാണാൻ നല്ല നിറവും ഭംഗിയും ഉള്ള ഒരു പെൺകുട്ടി. എന്നിട്ടും വിവാഹ തടസ്സക്കാരുടെ ലിസ്റ്റിലാണ്. ഈ കുട്ടിയെ പെണ്ണു കാണാൻ പോയിട്ടുള്ള ഒരു പയ്യന്റെ വീട്ടിൽ ഞാൻ വിളിച്ചു ചോദിച്ചു.

''ആ കുട്ടിയെ കാണാൻ പോയതായിരുന്നല്ലോ, എന്തേ വേണ്ടെന്നു വെച്ചത്?''

''എന്റെ സാറേ, ഫോട്ടോയിൽ കാണുന്ന പോലൊന്നുമല്ല ആ കൊച്ചിരിക്കുന്നത്. കംപ്യൂട്ടറിൽ ഉണ്ടാക്കിയെടുത്ത പടമോ മറ്റോ ആയിരുന്നു സൈറ്റിൽ കണ്ടത്. ഞങ്ങളുടെ ചെറുക്കൻ്റെ ഒരു ദിവസം ലീവ് വെറുതെ വേയ്സ്റ്റ് ആയി.
പണ്ട് അനിയത്തിയെ കാണിച്ച് ചേടത്തിയെ കെട്ടിക്കാൻ നോക്കുന്ന സൂത്രം പോലെയാ, ഇപ്പഴത്തെ ഈ ഫോട്ടോ സൂത്രങ്ങൾ''

നോക്കണേ, ഓരോ ഫോട്ടോകൾ സൃഷ്ടിക്കുന്ന പുകിലുകളും അനർത്ഥങ്ങളും!

ഈ പെൺകുട്ടിയുടെ വീട്ടിലും ഞാൻ വിളിച്ചു അമ്മയോട് സംസാരിച്ചു. അമ്മ പറയുന്നത് അവള് നല്ല ഫോട്ടോജനിക് ആണ്. ഇവിടെ തന്ന ഫോട്ടോ അവളുടെ തന്നെയാണ്. കഴിഞ്ഞവർഷം എടുത്തതാണ്. ഓരോരോ ആലോചനകൾ വന്ന് മുടങ്ങിപ്പോയിട്ട് ഇപ്പോൾ അവൾ ക്ഷീണിച്ചിരിക്കുകയാണ്, അതാ ഫോട്ടോയിലെപ്പോലെ അല്ല എന്ന് ചെറുക്കൻ കൂട്ടര് പറയുന്നത്. അവളുടെ ഏറ്റവും നല്ല ഫോട്ടോയാണ് ഇവിടെ തന്നിരിക്കുന്നതത്രെ.
ഏതായാലും ഒരു പുതിയ ഫോട്ടോ എടുത്ത് അയച്ചു തരാം എന്ന് ആ അമ്മയും ഞാനും ഒടുവിൽ ഒരു ധാരണയിൽ എത്തി, എന്നിട്ടു തുടർന്നു . . .

അമ്മേ, ഒരു വ്യക്തിയുടെ രൂപവും ഭാവവും ഇഷ്ടപ്പെട്ടില്ല എങ്കിൽ കല്യാണത്തിന് പരിഗണിക്കുന്നത് അവിടെത്തന്നെ അവസാനിക്കും. എന്നു കരുതി ഇപ്പോൾ നേരിൽ കാണുന്നതിൽ നിന്നും തീരെ വ്യത്യസ്തമായ രൂപത്തിലുള്ള ഫോട്ടോ കാണിച്ചാൽ നേരിൽ വന്നു കാണുമ്പോഴോ?

തീർച്ചയായും വരുന്നവർക്ക് ഞെട്ടൽ, ഇച്ഛാഭംഗം, കോപം, ജാള്യത തുടങ്ങി പലതരം വികാരങ്ങൾ ഉണ്ടായിപ്പോകും. കുറഞ്ഞപക്ഷം ഇത് പരോക്ഷ മായെങ്കിലും ഒന്നു പ്രകടിപ്പിച്ചിട്ടേ, മിനക്കെട്ട് വന്നവർ തിരികെ പോകുകയുള്ളു. ഇത് മകളെ കൂടുതൽ ക്ഷീണിപ്പിക്കും. അവളുടെ രുപഭംഗി കൂടുതൽ മോശമാകു കയും ചെയ്യും.

ഇണയെ ആകർഷിക്കുക എന്നത് എല്ലാ ജീവജാലങ്ങളിലും പ്രകൃതി ദത്തമായി ഉളവായിരിക്കുന്ന ഒരാവശ്യമാണ്. അതിനുള്ള കഴിവുകളും പ്രകൃതി തന്നെ നമുക്ക് തന്നിട്ടുമുണ്ട്. അമ്മ മനസ്സിലാ ക്കേണ്ട ഒരു പ്രധാന കാര്യം, രൂപം കൊണ്ടു മാത്രമല്ല ആകർഷണം ഉളവാകുന്നത്, ഭാവം കൊണ്ടു കൂടിയാണ്. നല്ല രൂപമുണ്ടെങ്കിലും പെരുമാറ്റം ശരിയല്ല എങ്കിൽ എന്തായിത്തീരും? ഭാവം മനസ്സിലാക്കാതെ രൂപം മാത്രം കണ്ട് കെട്ടുന്ന ഒരു ചെറുക്കനെ മതിയോ നിങ്ങൾക്ക്?

ശാന്തമായ മനസ്സോടെ, ഇഷ്ടമുള്ള ഒരു വ്യക്തിയെ ഇഷ്ടത്തോടെ നോക്കുന്ന പോലെ, ക്യാമറയുടെ ലെൻസിൽ നോക്കി ഇഷ്ടപ്പെട്ട വർക്കുള്ള ഇഷ്ട സന്ദേശം കണ്ണുകൊണ്ട് കൈമാറുക. നല്ല ഭാവങ്ങൾ മുഖത്ത് താനെ വിരിയും. എന്നിട്ട് ക്ളിക്... ക്ളിക്...

അമ്മയോട് ഞാനൊരു സംഭവം പറയാം. ധാരാളം ഓഫീസുകൾ പ്രവർത്തിക്കുന്ന പതിനഞ്ചു നിലകളുള്ള ഒരു വലിയ കെട്ടിടം. അനവധി ലിഫ്റ്റുകളുണ്ടെങ്കിലും, രാവിലെ ഓഫീസ് തുറക്കുന്ന സമയത്ത് ലിഫ്റ്റിനു വലിയ തള്ളും തിരക്കുമാണ്. ലിഫ്റ്റ് വിട്ടു പോയാൽ പിന്നെ കാത്തു നിൽക്കുന്നവർ അക്ഷമരാകും, പിന്നെ, പരാതിയാകും വഴക്കാകും. ഓഫീസുകളിൽ എല്ലാം ഇത് മൂലം ദിവസം തുടങ്ങുന്നതു തന്നെ അസ്വസ്ഥതയിലാണ്.

കെട്ടിടത്തിന്റെ ഉടമസ്ഥർ ഇതിന് പരിഹാരമായി വളരെ പണച്ചിലവ് വരുമെങ്കിലും കൂടുതൽ ലിഫ്റ്റ് സ്ഥാപിക്കാൻ തീരുമാനിച്ചു, അവരുടെ ആർക്കിടെക്റ്റിനെ വിളിച്ചു വരുത്തി.

അയാൾ രണ്ട് ദിവസം ലോബിയിലിരുന്ന് ട്രാഫിക് നിരീക്ഷിച്ചു. തുടർന്ന് പണിക്കാരെ വരുത്തി ലോബി ആകെ പരിഷ്കരിച്ചു. ലിഫ്റ്റ് കാത്തു നിൽക്കുന്നവർക്ക് ഇരിക്കാൻ നല്ല സോഫകളും, ലോബിയിൽ ധാരാളം നിലക്കണ്ണാടികളും സ്ഥാപിച്ചു.

ഇപ്പോൾ ലിഫ്റ്റ് കാത്തു നില്ക്കേണ്ടി വരുന്നില്ല. സുഖമായി ഇരിക്കാൻ കഴിയും. ഇരുന്നാലും നിന്നാലും, ചുറ്റും നോക്കുമ്പോൾ മനോഹരമായ അന്തരീക്ഷം. ഒപ്പം കണ്ണാടിയിൽ സ്വന്തം പ്രതിബിംബവും കാണാം. അതോടെ ആളുകളുടെ അക്ഷമ മാറി. ലിഫ്റ്റിനു വേണ്ടിയുള്ള കാത്തിരിപ്പ് അവർ ആസ്വദിക്കുന്ന ഒരു അനുഭവമായി.

നമ്മൾ ഏറ്റവും ആസ്വദിക്കുന്ന കാഴ്ച സ്വന്തം രൂപവും, കേൾക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ശബ്ദം സ്വന്തം പേര് ആരെങ്കിലും ഉച്ചരിക്കു ന്നതുമാണ്. ഈ സത്യത്തിന്റെ പകുതി മാത്രമാണ് ആർക്കിടെക്റ്റ് പ്രയോജനപ്പെടുത്തിയത്. മനുഷ്യ സ്വഭാവ ശൈലി മനസ്സിലാക്കി പ്രവർത്തിച്ചതിനാൽ, എന്തെല്ലാം അസ്വസ്ഥതകളും, എത്ര ധന നഷ്ടവും ആണ് ഒഴിവായിക്കിട്ടിയത്.

കല്യാണം ശരിപ്പെട്ടു വരാനുള്ള കാത്തിരിപ്പിലും, ഇങ്ങനെ അസ്വസ്ഥതകൾ ഒഴിവാക്കാൻ കഴിയും. രൂപം മാറ്റാൻ കഴിയില്ല, പക്ഷേ മെച്ചപ്പെടുത്താൻ കഴിയുമല്ലോ. ഉള്ളിൽ സ്വസ്ഥതയും അവനവനെക്കുറിച്ച് തൃപ്തി യുമുണ്ടെങ്കിൽ അത് മുഖത്ത് വിരിയും. നിങ്ങളുടെ പെരുമാറ്റം നന്നായാൽ, നിങ്ങൾ ഇട പെടുന്നവരെ പേരുചൊല്ലി വിളിക്കാനായാൽ അവരെ നിങ്ങൾക്കും ആകർഷിക്കാം.

മകളോടു പറയുക, അവളുടെ ഭാവംകൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ടവളാകാൻ തീർച്ചയായും അവൾക്കു സാധിക്കും എന്ന്. ഒരു കർമ്മ പദ്ധതി എന്ന നിലയ്ക്ക് മുറിയും വീടും ചുറ്റുപാടും അടുക്കി പെറുക്കി വ്യത്തിയാക്കുക, വ്യത്തിയുള്ള വസ്ത്രങ്ങൾ വ്യത്തിയായി ധരിക്കുക, അതിനു ചെയ്ത അദ്ധ്വാനത്തെക്കുറിച്ച് അഭിമാനിക്കുക, ഇടക്ക് കണ്ണാടിയിൽ നോക്കി മുഖത്തെ ഭാവങ്ങൾ ശ്രദ്ധിക്കുക, നല്ല ഭക്ഷണം പാചകം ചെയ്യാൻ പരിശീലിക്കുക, പുതിയ വിഭവങ്ങൾ കണ്ടെത്തുക.

എന്നും എന്തെങ്കിലും ഒരു പുതിയ കാര്യം പഠിച്ചെടുത്തിരിക്കണം. ഇടപെടുന്നവരെ മനസ്സിലാക്കി അവരെ പല വട്ടം പേരു പറഞ്ഞ് വിളിച്ച് സന്തോഷിപ്പിക്കും വിധം ഉത്സാഹത്തോടെ പെരുമാറി ശീലിക്കുക. എങ്കിൽ ഏതു ഭവനത്തിലും നീ ഒരു ഓമന പുത്രി ആയിത്തീരും.

അങ്ങനെ പ്രവർത്തന നിരതയായി അവൾ അവളുടെ മണവാളനു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കട്ടെ.

അവൻ വരും, കാണും, ഈ നല്ലപെണ്ണിനെ സ്വന്തമാക്കും . . .

George Kadankavil, Bethlehem, Kaloor, Kochi 17

What is Profile ID?
CHAT WITH US !
+91 9747493248