Back to articles

ഇണയെ തേടുമ്പോൾ!

June 01, 2005

''ധാരാളം വിവാഹാലോചനകൾ വരാൻ തുടങ്ങിയിട്ടുണ്ട്, പക്ഷെ ആരെ വിവാഹം ചെയ്യണം എന്ന് ഒരു തീരുമാനമെടുക്കാൻ കഴിയുന്നില്ല ആകെ ഒരു ആശയക്കുഴപ്പം ആണ്. ഞാൻ എന്തു ചെയ്യണം സാർ?'' വളരെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുള്ള ഒരു പയ്യനാണ് എന്നെ വിളിച്ച് ഇതു പറയുന്നത്.

ആശയക്കുഴപ്പം ഉണ്ടാകുന്നത് നല്ലതാണ്. കാരണം വ്യക്തത ലഭിക്കാൻ നമ്മൾ പരിശ്രമിക്കും. അഹങ്കാരമോ ആക്രാന്തമോ ഉണ്ടാകുന്നതാണ് അപകടം. എനിക്കു നല്ല ഡിമാന്റുണ്ട് എന്ന് തലക്ക് പിടിച്ചാൽ ഇയാളുടെ വിവാഹ ജീവിതം തുടക്കത്തിലേ കൈവിട്ടു പോകും.

അമ്മയുടെ ഗർഭപാത്രത്തിൽ ജീവൻ ആരംഭിച്ചതു മുതലുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, എല്ലാ മനുഷ്യരുടെയും ഉള്ളിന്റെ - അബോധമനസ്സിൽ - അവനവനെക്കുറിച്ചും, എതിർലിംഗത്തെക്കുറിച്ചും മറ്റും, പലവിധ ധാരണകൾ രൂപം കൊള്ളും. ഉള്ളിലെ ധാരണകളെ ആശ്രയിച്ചാണ് വളർച്ചയെത്തുമ്പോൾ സ്വന്തം ഇണയെക്കുറിച്ച് ആഗ്രഹങ്ങളും പ്രതീക്ഷകളും ബോധമനസ്സിൽ രൂപപ്പെടുന്നത്. അതുകൊണ്ടായിരിക്കാം സൌന്ദര്യം അളക്കാൻ എല്ലാവർക്കും സ്വീകാര്യമായ ഒരു അളവുകോൽ ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്തത്.

അബോധമനസ്സിലെ ധാരണകളിൽ മോശം എന്നു സ്വയം കണക്കാക്കിയിരിക്കുന്ന ഘടകങ്ങളെ മെച്ചപ്പെടുത്തിക്കൊണ്ടായിരിക്കും ബോധമനസ്സിൽ ആഗ്രഹങ്ങൾ രൂപപ്പെടുന്നത്. തന്നെക്കുറിച്ചു തന്നെയുള്ള ധാരണകളും ഇതുപോലെ അബോധമനസ്സിന്റെ സ്വാധീനത്തിൽ രൂപപ്പെട്ടു വരുന്നതാണ്.  ഇതു പലപ്പോഴും വസ്തുനിഷ്ഠമായിരിക്കില്ല.

വിവാഹത്തിന്റെ പുതുമോടി കഴിഞ്ഞ്, തമ്മിൽ തമ്മിൽ മനസ്സുകൊണ്ടും ചിലപ്പോൾ ശരീരം കൊണ്ടും ഗുസ്തി കൂടി, ഇനി ഗുസ്തി പിടിക്കാൻ തീരേ വയ്യാതാകുന്ന ഒരു കാലത്തായിരിക്കും പലർക്കും ഈ ധാരണകൾ ഒന്നു ബാലൻസ് ആയിക്കിട്ടുന്നത്. പക്വതയും സ്നേഹവും സൌഹൃദവും തുറന്ന സംഭാഷണവുമുള്ള കുടുംബാന്തരീക്ഷത്തിൽ, വീട്ടിലും പുറത്തുമുള്ളവരോട് ധാരാളം ഇടപഴകി വളർന്നിരിക്കുന്നവർക്ക് ഈ ധാരണകൾസന്തുലിതമായിരിക്കാൻ കൂടുതൽ സാദ്ധ്യതയുണ്ട്. കല്യാണം അന്വേഷിക്കുമ്പോൾ കുടുംബം നോക്കണം എന്നുപറയുന്നത് വീട്ടുപേരിന്റെ മാത്രം മഹിമയല്ല, വീട്ടിലെ അന്തരീക്ഷവും, വീട്ടുകാരുടെ സ്വഭാവവും, പെരുമാറ്റരീതികളും കൂടിയാണ് നോക്കേണ്ടത്. അതിനു ചേരുന്ന മഹിമ സ്വന്തം ഭവനത്തിലും ഉണ്ടായിരിക്കണം.

അബോധമനസ്സിൽ കുറിച്ചിട്ടിരിക്കുന്ന ചില പോരായ്മകൾ നികത്താനായി, വിവാഹം വലിയ ഒരാഘോഷമാക്കാൻ ആഗ്രഹിക്കുന്നവരുണ്ട്. അതും ആശയക്കുഴപ്പത്തിന് കാരണമാകും. ആഘോഷം മോടിയാക്കലിന് പ്രാധാന്യം കൊടുത്ത് ഒരു പങ്കാളിയെ തേടുന്നത് അവിവേകം ആയിപ്പോകാം.

നല്ല അനുഭൂതികൾ സൃഷ്ടിച്ച് ആസ്വദിച്ച് ജീവിക്കാനുള്ള ഒരു സംവിധാനം ഒരു സ്ത്രീക്കും പുരുഷനും കൂടി സ്വന്തമായി കിട്ടാൻ വേണ്ടിയാണ് കുടുംബം എന്ന ഏർപ്പാട്. വിവാഹം അതിന്റെ ഉൽഘാടനമാണ്. വന്ന ആലോചനകളിൽ നിന്നും, നിങ്ങളോടൊപ്പം ചേർന്ന് നല്ല അനുഭൂതികൾ സൃഷ്ടിച്ച്  ആയുഷ്കാലം മുഴുവൻ അത് പങ്കുവെക്കാൻ കഴിഞ്ഞേക്കും എന്ന് നിങ്ങൾ കരുതുന്ന ആളിനോട്, ജീവിതത്തെക്കുറിച്ച് നിങ്ങളുടെ ഈ ആഗ്രഹം അറിയിക്കുക. അയാളും അതിന് തയ്യാറാണെന്ന് ഉപാധികളില്ലാതെ സമ്മതിച്ചാൽ അതുതന്നെ നിങ്ങളുടെ പങ്കാളി.

''എന്തുമാത്രം നല്ല കല്യാണാലോചനകൾ വന്നതായിരുന്നു. എന്നിട്ട് ഇതിനെയാണല്ലോ എനിക്ക് കിട്ടിയത് '' എന്ന് ഭാവിയിൽ പതം പറയരുത്. കിട്ടിയതിനെക്കൊണ്ട് തൃപ്തി കണ്ടെത്താൻ കഴിയാത്തവർക്ക് ഏതു കിട്ടിയാലും എന്തുകാര്യം?

കലപ്പയിൽ കൈവെച്ച ശേഷം തിരിഞ്ഞുനോക്കി പരിതപിക്കുന്നവർക്ക് കുടുംബജീവിതം സ്വർഗ്ഗമാകുമോ?

George Kadankavil - June 2005

What is Profile ID?
CHAT WITH US !
+91 9747493248