Back to articles

നോക്കടാ മണിക്കൂറേ. തീര്‍ത്തു ഞാന്‍ നിന്റെ ആറെണ്ണം !

October 01, 2015

മകന്‍ വിവാഹം കഴിഞ്ഞ് ഭാര്യാ സമേതം അമേരിക്കയിലേക്ക് ചേക്കേറി. മകള്‍ CA ആദ്യ പരീക്ഷയില്‍ തന്നെ പാസ്സായി ബാംഗ്ലൂരില്‍ ജോലിക്ക് ചേര്‍ന്നു. ഭാര്യക്ക് അസുഖമാണെങ്കിലും, ആശുപത്രിയും മരുന്നും ചികിത്സയുമായി ബെത് ലെഹമിലെ അത്യാവശ്യ ജോലികള്‍ ചെയ്ത് കൂടെയുണ്ട്. അടുക്കളപണികള്‍ ചെയ്യാന്‍ പഠിച്ചതിന്റെ അഹങ്കാരം ഒന്നും ഇല്ലെങ്കിലും, ഇത് വേണ്ടി വരും എന്നു മുന്‍കൂട്ടി മനസിലാക്കിയതിന്‍െറ ആശ്വാസവുമായി, ഒഴിവാക്കാനാവാത്ത വാര്‍ദ്ധക്യത്തെ വരവേല്‍ക്കാന്‍ ഞാന്‍ കാലേകൂട്ടി തയ്യാറെടുത്തിരിക്കുകയാണ്.

അപ്പോളാണ് ഒരു അപ്പച്ചന്റെ ഫോണ്‍.

''മക്കളെല്ലാം വിദേശത്താണ്, വീട്ടിൽ ആകെ നിശബ്ദയാണ് , ഭാര്യയുമായി ഏതു കാര്യത്തെക്കുറിച്ച് സംസാരിച്ചാലും അത് വഴക്കിലും കരച്ചിലിലും മാത്രമേ അവസാനിക്കൂ, ജീവിതം ബോറടിച്ച് ദുഃസ്സഹമായിരിക്കുന്നു,
ബെത് ലെഹമിൽ ഒരു ജോലി തരുമോ?

എന്നു ചോദിച്ചാണ് അച്ചായന്‍ വിളിച്ചിരിക്കുന്നത് .

അച്ചായാ ഞാന്‍ ഭംഗി വാക്കു പറയണോ, അതോ ആത്മാര്‍ത്ഥമായ മറുപടി പറയണോ?

സാറ് ആത്മാര്‍ത്ഥമായി പറഞ്ഞാൽ മതി.

അച്ചായന് സമയം കൊല്ലാനാണ് ഇപ്പോള്‍ ഒരു ജോലി ആവശ്യപ്പെടുന്നത്.
എന്നാല്‍, ഒരു സ്ഥാപനത്തിന്‍െറ ആവശ്യം, അവിടുത്തെ ചിട്ടപ്രകാരമുള്ള പണികള്‍ നടന്നു കിട്ടുക എന്നതാണ്.


ആ പണികള്‍ പഠിച്ചെടുക്കാനും , അത് ഏറ്റവും വേഗത്തില്‍ ഫലപ്രദമായി ചെയ്തെടുക്കാനും; കഴിവും, മനസ്സും ,ആവശ്യവും ഉണ്ടെന്ന്‌
തൊഴിലുടമയെ ബോദ്ധ്യപ്പെടുത്തുന്ന ആളിനെയാണ് അവിടെ ജോലിക്ക് നിയമിക്കുക.

ജോലിക്ക് പ്രതിഫലം പണമായി നല്കി സമയബന്ധിതമായി കണക്ക് തീർത്ത് വെക്കേണ്ടത് സ്ഥാപനത്തിന്റെ നിയമപരമായ ബാദ്ധ്യതയാണ്.

കൂലി അത്യാവശ്യമല്ലാത്ത ഒരാളെ ജോലിക്കു നിയമിക്കുന്നത് മറ്റ് പല കാരണങ്ങള്‍ കൊണ്ടും ആശാസ്യമല്ല.


അതിനാല്‍ അച്ചായന്‍ ജോലി അന്വേഷിക്കുന്നെങ്കില്‍, അച്ചായനെ എന്തു തൊഴില്‍ ചെയ്യാന്‍ കൊള്ളാം എന്നും, ആ തൊഴിലില്‍ അച്ചായനെ നിയമിക്കുന്നതു കൊണ്ട് ആ സ്ഥാപനത്തിന് എന്തു മെച്ചം ലഭിക്കും എന്നും ഒരു അവലോകനം നടത്തി, അത് വിശദീകരിച്ച് കൊണ്ട് വേണം തൊഴിലിനപേക്ഷിക്കാന്‍ .

ആ തൊഴിലില്‍ നിന്നും എത്ര വരുമാനം ലഭിക്കണം എന്നും ആ വരുമാനം വിനിയോഗിക്കാനുള്ള വ്യക്തമായ ഒരു പ്രായോഗിക പദ്ധതിയും അച്ചായനുണ്ടായിരിക്കണം.

ഇനി ഒരു Resume തയ്യാറാക്കണം.


അച്ചായന്‍െറ ദീര്‍ഘനാളത്തെ എക്സ്പീരിയന്‍സ് എല്ലാം കൂടി എഴുതുന്നതിനു പകരം, പറ്റിയ ഒരു സ്ഥാപനം തിരഞ്ഞെടുത്ത ശേഷം, അവിടെ ഉപയോഗിക്കാവുന്ന ഉചിതമായ പ്രവര്‍ത്തി പരിചയവും അഭിരുചിയും താല്പര്യവും മാത്രം Resume യില്‍ ചേര്‍ക്കുക.

ഒരു ക്ലര്‍ക്കിന്റെ പണിചെയ്യിക്കാൻ റിട്ട.ജനറല്‍ മാനേജരെ നിയമിക്കാനാവില്ലല്ലോ.


ജനറല്‍ മാനേജരായിരുന്ന ആള്‍ക്ക് ക്ളാര്‍ക്കിന്റെ ശമ്പളം കൊടുക്കുന്നതും വിഷമമുണ്ടാക്കും.

അപ്പോള്‍ ഒരു പുതിയ തൊഴിലാളിയുടെ മനോഭാവവും കാഴ്ചപ്പാടും സ്വീകരിക്കുക എന്നതാണ് പോംവഴി.

If you are looking for a job, You need to sell your specific services for money.

Job satisfaction, Engagement, Public relations, Contacts, etc. are complimentary benefits.

പലതരം പോസ്റ്റര്‍ വില്‍ക്കുന്ന ഒരു കടയിൽ, ഒരു പോസ്റ്റര്‍ ശ്രദ്ധിക്കാനിടയായി,

'' If you have NOTHING to do - don't do it HERE''

എന്നായിരുന്നു അതിലെ വാചകം.
സമയം കൊല്ലാന്‍ ശ്രമിക്കുന്ന ധാരാളം ആളുകള്‍ പണ്ടു മുതലെ ഉള്ളതു കൊണ്ടായിരിക്കുമല്ലോ ഇങ്ങനൊരു പോസ്റ്റര്‍ വിപണിയില്‍ വന്നത്.

അച്ചയന്‍െറ യഥാര്‍ത്ഥ ആവശ്യം ഒരു ജോലിയല്ല;


"You need some quality time and a little space as your own".
ഉള്ള സമയം തൃപ്തികരമായി വിനിയോഗിക്കാന്‍ രണ്ടേ രണ്ട് കാര്യങ്ങളേ ചെയ്യേണ്ടതുളളു.


ആ കാര്യങ്ങള്‍ മനസ്സിലാക്കിയെടുത്താല്‍ ഒറ്റ നിമിഷം കൊണ്ട് അച്ചായന്‍െറ പ്രശ്നത്തിന് പരിഹാരമാകും.

ഒന്ന് - മനോഭാവം മാറ്റുക.


രോഗവും പീഢകളും വിഷമങ്ങളും പ്രയാസങ്ങളും ഒക്കെ വരുമ്പോള്‍, അതെല്ലാം എണ്ണിയെണ്ണി പറഞ്ഞ് പരിതപിക്കുകയും, പരാതിപ്പെടുകയും ചെയ്യുന്നവരാണ് ഭൂരിപക്ഷം മനുഷ്യരും.

സ്വന്തം പീഢകളെക്കുറിച്ച് തമാശകള്‍ പറഞ്ഞ് ചിരിക്കുകയും, കൂടെയുള്ളവരെ ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു സഹോദരി എനിക്കുണ്ട്.

കൂനിന്മേല്‍ കുരു എന്നു പറയുന്നപോലെ വയ്യായ്മകളുടെ കൂമ്പാരം പേറി നടക്കുമ്പോളും കുടുംബത്തിലെ ചടങ്ങുകള്‍ക്കെല്ലാം വല്ല നിവര്‍ത്തിയും ഉണ്ടെങ്കില്‍ വന്നെത്തി സന്തോഷം പങ്കു വെയ്ക്കുന്ന ഈ പെങ്ങളെ "കടുംവെട്ട്" എന്ന് ഞാനൊരിക്കല്‍ വിശേഷിപ്പിച്ചു.

കടുംവെട്ടോ? അതെന്നതാടാ?

എന്നായി മറു ചോദ്യം. അത് പെങ്ങളേ, ഈ റബര്‍ മരങ്ങള്‍ വളര്‍ച്ചയെത്തി പാല് തീരാറാകുമ്പോള്‍, തലങ്ങും വിലങ്ങും വെട്ടി ഉളള പാലു മുഴുവന്‍ ഊറ്റിയെടുത്തിട്ട് തടി വെട്ടാന്‍ കച്ചവടം ചെയ്യുന്ന പരിപാടി....

''Slaughter Tapping''.....

അമ്പട ഭയങ്കരാ, നീയെന്നെ കടും വെട്ടാക്കി അല്ലേ?

എന്നാലും നിന്‍െറ ഉപമ കൊള്ളാം. ശരിക്കും ഒരു കടും വെട്ടു തന്നെയാ ഞാനിപ്പോള്‍. പക്ഷേ ഈ തടി ഞാന്‍ ആര്‍ക്കും വെട്ടാന്‍ കൊടുക്കത്തില്ലടാ, മറിഞ്ഞു വീണശേഷം മാത്രം വെട്ടിക്കൊണ്ടു പോയാല്‍ മതി.

ശരീരത്തിന്‍െറ പലഭാഗത്തായി തലങ്ങും വിലങ്ങും എട്ടോ പത്തോ സര്‍ജറികള്‍ നടത്തിയിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍, എന്റെ മനസ്സില്‍ വന്ന ചിത്രം Slaughter Tapping ചെയ്യുന്ന റബര്‍ മരത്തിന്‍േതായിരുന്നു.

അതുകൊണ്ടാണ് ഞാന്‍ കടുംവെട്ട് എന്ന് വിളിച്ചത്.

അതുകൂടാതെ, പ്രഷര്‍, ഷുഗര്‍, ഹാര്‍ട്ട് തുടങ്ങി പ്രശസ്തരായ ഒരുപിടി സഹചാരികളും ചേച്ചിക്ക് കൂട്ടിനുണ്ട്.

ആയുസ്സില്‍ ഒരു നാനൂറ് ദിവസം എങ്കിലും ആശുപത്രിയില്‍ കിടന്നിട്ടുണ്ടാവണം. പലവട്ടം അത്യാസന്ന നിലയുടെ അടുത്തു വരെ ചെന്ന് വേണ്ടപ്പെട്ടവരെ എല്ലാം വിളിച്ച് വരുത്തയിട്ടുണ്ട്.

എങ്കിലെന്താ? ചേച്ചി ഇപ്പോഴും നല്ല പ്രപസരിപ്പിലാണ്. പിച്ചവെച്ചും, പ്രാഞ്ചി പ്രാഞ്ചി നടന്നും, ദിവസവും അഞ്ചാറു മണിക്കൂര്‍ വീട്ടിലെ പണികളും പാചകവും തട്ടിക്കൂട്ടി ഒപ്പിച്ചെടുക്കും,

എന്നിട്ട് നടുവിന് കൈ കൊടുത്ത് ക്ളോക്കില്‍ നോക്കി പറയും;

''നോക്കടാ മണിക്കൂറേ, തീര്‍ത്തൂ ഞാന്‍ നിന്‍െറ ആറെണ്ണം''

''മനോഭാവത്തിന്‍െറ അത്യുന്നതാവസ്ഥ'' എന്താണെന്നു മനസ്സിലാക്കാന്‍ ഈ പെങ്ങളുടെ കൂടെ അരമണിക്കൂര്‍ ചെലവഴിച്ചാല്‍ മതി.

സ്വന്തം മക്കളില്ലെങ്കിലെന്താ, കുടുംബത്തിലെ മക്കളെല്ലാം തരം കിട്ടുമ്പോഴൊക്കെ ഈ പെങ്ങളുടെയും അളിയന്‍െറയും കൂടെ സമയം ചലവഴിക്കാനെത്തും.

രണ്ട് - കാഴ്ചപ്പാട് മാറ്റുക.


തമാശ പറയുന്നതും, കേള്‍ക്കുന്നതും പൊട്ടിച്ചിരിക്കുന്നതും ഒക്കെ ഉള്ളിലെ ഭയവും വിഷമങ്ങളും വേദനകളും ലഘൂകരിക്കാന്‍ വളരെ നല്ലതാണ്. എെന്‍സ്റ്റയിനെ കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. അദ്ദേഹം, തന്നെ കാണാന്‍ വരുന്നവരോട് ചില തമാശകഥകള്‍ പറയുമായിരുന്നു.

കഥകേട്ട് ചിരിച്ച് ഉള്ളിലെ പിരിമുറുക്കം അയഞ്ഞ ശേഷമാണ് അദ്ദേഹം ഗൗരവമുള്ള കാര്യങ്ങള്‍ സംസാരിച്ചിരുന്നതത്രെ.

സന്ദര്‍ശകരോട് കുശല പ്രപശ്നം നടത്തി, ഐന്‍സ്റ്റീന്‍ കഥ പറയാന്‍ തുടങ്ങുന്ന ഉടനെ ഐന്‍സ്റ്റീന്‍െറ ഭാര്യ ഒരു തുവാലയെടുത്ത് തുന്നാന്‍ തുടങ്ങും.

കാരണം ആ കഥ സന്ദര്‍ശകര്‍ക്ക് പുതുമയുള്ളതാണെങ്കിലും ഐന്‍സ്റ്റീന്‍ അത് പലരോടായി പറയുന്നത്; എത്രയോ വട്ടം ഐൻസ്റ്റിയന്റെ ഭാര്യ കേട്ടിരിക്കുന്നു.

അച്ചായന്‍െറ ഭാര്യക്കും അതുപോലെ ബോറടിക്കുന്നുണ്ടാവും.

പണ്ട് പറഞ്ഞതു തന്നെ ആയിരിക്കും നിങ്ങള്‍ ഇപ്പോഴും വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നത്.

അല്ലെങ്കിൽ; പറയുന്ന കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കാം; പക്ഷേ ശൈലി; പഴയതു തന്നെ ആയിരിക്കും.

അതുകൊണ്ടാണ് അച്ചായനും ബോറടിക്കുന്നത്. ഒരാള്‍ക്ക് ബോറടിച്ചാല്‍ അയാള്‍ തിരിച്ചടിക്കും.

ഭാര്യ ബോറടി പേടിച്ച് തുവാല തുന്നുന്നതു കണ്ടിട്ട് ഐന്‍സ്റ്റീന്‍ തിരിച്ചടിച്ചിട്ടുണ്ടാവില്ല. ആ സിഗ്നല്‍ അംഗീകരിച്ച് അഭിനന്ദിച്ച് ആംഗ്യം കാണിച്ചിരിക്കാനാണ് സാദ്ധ്യത.

ഇനി അച്ചായന്‍െറ ഭാര്യ ബോറടിയുടെ ലക്ഷണം പ്രകടിപ്പിച്ചാല്‍ അത് അംഗീകരിക്കുക.

എന്നിട്ട് വിഷയം മാറ്റുക അല്ലെങ്കില്‍ സോറി പറഞ്ഞ് ശൈലി മാറ്റി വീണ്ടും പറയുക.

ചിലപ്പോള്‍ ഭാര്യയുടെ സംഭാഷണം അച്ചായന് ബോറടിക്കും. അപ്പോള്‍ അച്ചായന്‍െറ സ്ഥിരം പ്രതികരണത്തിനു പകരം അവരുടെ സംഭാഷണത്തെ പുച്ഛിക്കാത്ത; പുതുമയുള്ള ഒരു പ്രതികരണം കണ്ടുപിടിക്കുക.

ഇത്തരം സര്‍ഗ്ഗവാസനകള്‍ ഒന്നും കയ്യിലില്ല, ഉള്ളത് ഫലിക്കുന്നുമില്ലാ എങ്കില്‍ നിങ്ങളെപ്പോലെ, കൊല്ലാന്‍ സമയം മിച്ചം ഉള്ളവരുടെ കൂട്ടായ്മകള്‍ രൂപപ്പെടുത്താവുന്നതാണ്.

എന്‍െറ സ്വപ്നവും അടുത്ത ലക്ഷ്യവും അതാണ്.

കാഴ്ചപ്പാടുകള്‍ മാറ്റാന്‍ സഹായിക്കുന്ന ആശയങ്ങള്‍ കൂട്ടായ ചിന്തയിലൂടെ രൂപപ്പെടുത്തി എടുക്കാന്‍ സമാന മനസ്കരുടെ ഒരു കൂട്ടായ്മ.

ഒരു പകല്‍ വീട്.

അച്ചായന് വേണമെങ്കില്‍ തനിച്ചോ ഭാര്യാ സമേതമോ ഇതില്‍ പങ്കുചേരാം.

ജോര്‍ജ്ജ് കാടന്‍കാവില്‍, ഡയറക്ടര്‍ ബെത് ലെഹം

What is Profile ID?
CHAT WITH US !
+91 9747493248