Back to articles

എവിടെയാണ് കഷണ്ടി? തലയിലോ, അതോ മനസ്സിലോ?

December 01, 2004

''അങ്കിളെ എനിക്കൊരു ആശയക്കുഴപ്പം. കഴിഞ്ഞ ദിവസം ഒരു കല്യാണക്കാര്യം വന്നു. കക്ഷിയെ എനിക്കിഷ്ടമായി. പക്ഷെ വീട്ടിൽ ചിലർ പറയുന്നു ''അയ്യേ കഷണ്ടി'' ആണല്ലോ എന്ന്.

കഷണ്ടിയുള്ളവരെ കല്യാണം കഴിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ അങ്കിൾ?

മോളെ, കഷണ്ടി ആ പയ്യന്റെ തലയിൽ മാത്രമെ ഉള്ളുവെങ്കിൽ ഒരു കുഴപ്പവും ഇല്ല. എന്നാൽ ആ കഷണ്ടി നിന്റെയോ, ആ പയ്യന്റെയോ മനസ്സിൽ കയറിക്കൂടിയാൽ കുഴപ്പമാകാം.

കഷണ്ടി എന്നത്, ഒരു ശരീര പ്രകൃതിയാണ്. അത് സർവ്വസാധാരണമാണ്. ധാരാളം പുരുഷൻമാർക്ക് കഷണ്ടി ഉണ്ട്. ഇപ്പോഴില്ലാത്തവർക്ക് കാലക്രമത്തിൽ വരികയും ചെയ്യും. മോളുടെ അപ്പച്ചനും നല്ല കഷണ്ടി ആണല്ലോ. കഷണ്ടിക്കാരെല്ലാം കല്യാണം കഴിക്കാതെ നിന്നുപോകുന്നില്ല. വിവാഹം അന്വേഷിക്കാൻ തുടങ്ങുന്ന ഉടനെതന്നെ പറ്റിയ പങ്കാളിയെ കണ്ടെത്തുന്നവർ വളരെ ചുരുക്കം ആണ്. മറ്റുള്ളവർ എല്ലാം വിവാഹം ശരിപ്പെട്ടു വരാൻ കാലതാമസമെടുക്കുന്നത്, ഉയരം കുറവായിട്ടാണ് അല്ലെങ്കിൽ ഉയരം കൂടിപ്പോയിട്ടാണ്, വിദ്യാഭ്യാസം കുറവായിട്ടാണ് അല്ലെങ്കിൽ വിദ്യാഭ്യാസം കൂടിപ്പോയിട്ടാണ്. ജോലി ഉള്ളതുകൊണ്ടാണ്, അല്ലെങ്കിൽ ജോലി ഇല്ലാത്തതുകൊണ്ടാണ്, വെളുത്തതുകൊണ്ടാണ്,  കറുത്തതുകൊണ്ടാണ്, മെലിഞ്ഞിട്ടാ, തടിച്ചിട്ടാ, മുഖത്തെ കുരു കൊണ്ടാണ് തുടങ്ങി ഒരുപിടി കാരണങ്ങൾ പറയുന്നത് ഞാൻ സ്ഥിരം കേൾക്കാറുണ്ട്. അത് വെറും ഒരു പഴിചാരൽ ആണ്. അതുപോലെ പറയാൻ ഉള്ള മറ്റൊരു പഴിചാരൽ മാത്രമാണ് കഷണ്ടിയും.

സ്വയം അംഗീകരിക്കുന്ന മനുഷ്യർക്ക് മാത്രമെ ജീവിതം ആസ്വദിക്കാൻ സാധിക്കൂ. അവർ പ്രതിസന്ധികളിൽ വിജയം കണ്ടെത്തുകയും ചെയ്യും. സ്വയം അംഗീകരിക്കുന്നവർ സ്വന്തം ശരീരത്തെയും, അതിന്റെ പ്രത്യേകതകളെയും അംഗീകരിക്കും. ''അയ്യേ കഷണ്ടി'' എന്ന് ആരെങ്കിലും പറയുന്നത് കേട്ട് വിഷമിക്കാനൊന്നും ഇവരെ കിട്ടില്ല.

അതുകേട്ട് വിഷമിക്കുന്ന കഷണ്ടിക്കാർ സൂക്ഷിക്കണം. നിങ്ങളുടെ മനസ്സിലും കഷണ്ടി കയറിക്കൂടിയിരിക്കുന്നു. തലയിലെ കഷണ്ടിക്ക് പ്രതിവിധി ഒന്നും ചെയ്തില്ലെങ്കിലും കുഴപ്പമില്ല, പക്ഷെ മനസ്സിൽ കഷണ്ടി കയറാൻ അനുവദിക്കരുത്.

വിഗ്ഗും, മുടി പറിച്ചുനടലും മറ്റും, കഷണ്ടിക്കാരന്റെയും അതുകാണുന്നവരുടെയും മനസ്സിലെ കഷണ്ടി മാറ്റാനാണ് കൂടുതൽ ഉപകരിക്കുക. നമ്മുടെ കാഴ്ചപ്പാട് മാറ്റുന്നതല്ലേ അതിലും നല്ലത്.

നിന്റെ പുരുഷനോട് നീ പറയണം അയാളെ നിനക്ക് ഇഷ്മാണെന്ന്, അത് മരണം വരെ, നിന്റെ ചെയ്തികൾ കൊണ്ട് പ്രകടിപ്പിച്ചുകൊണ്ടുമിരിക്കണം. അപ്പോൾ നിങ്ങൾ രണ്ടാളുടെയും മനസ്സിൽ കഷണ്ടി കയറില്ല. പകരം ഇഷ്ടം കയറി കുടിയിരുന്നുകൊള്ളും.

പ്രിയപ്പെട്ടവരെ, ഒരുനിമിഷം സ്വന്തം തലയിൽ ഒന്നു കയ്യോടിച്ചു നോക്കണേ, ഒപ്പം സ്വന്തം മനസ്സിന്റെ കണ്ണാടിയിലും നോക്കണം. എവിടെയാണ് കഷണ്ടി? തലയിലോ, അതോ മനസ്സിലോ?.....

George Kadankavil - December 2004

Search
What is Profile ID?