Back to articles

അവൻ കുളിക്കത്തില്ല?

March 01, 2004

'അങ്കിളെ ഇതു ഞാനാ, കഴിഞ്ഞ ആഴ്ച എന്റെ കല്യാണത്തിന്  അങ്കിളു വന്ന് ബെസ്റ്റ് വിഷസ് തന്നിരുന്നു ഓർക്കുന്നുണ്ടോ?'

ഉവ്വ് മോളെ, ഓർക്കുന്നുണ്ട്, സുഖമാണോ?

സുഖമാണ് അങ്കിൾ, പക്ഷെ ഒരു പ്രശ്നമുണ്ട്, അമ്മയോടു പറഞ്ഞപ്പോൾ അങ്കിളിനെ വിളിച്ചു പറയാൻ പറഞ്ഞു.

അത് എന്തു പ്രശ്നമാ മോളെ?

അതോ, അവൻ മര്യാദക്ക് കുളിക്കത്തില്ല അങ്കിളേ. വിയർപ്പു നാറ്റം കാരണം അടുത്തു ചെല്ലാൻ പറ്റുന്നില്ല. അതിന്റെ ടെൻഷനാണിപ്പോൾ. അവനോട് പറഞ്ഞാൽ അത് ഇൻസൾട്ട് ആയി തോന്നിയാലോ. എന്താ ചെയ്യേണ്ടത്, ഞാനത് അവനോട്  പറയണോ?

ഇതത്രക്ക് പറയാനൊന്നുമില്ലല്ലോ മോളെ, നീയങ്ങോട്ട് പ്രവർത്തിച്ചാൽ പോരേ?
മര്യാദക്ക് അല്ലെങ്കിലും അവൻ എങ്ങിനെയെങ്കിലും കുളിക്കുമല്ലോ. ഇനി കുളിക്കാൻ കേറുമ്പോൾ നീ കൂടെ ചെന്ന്  അവനെ വൃത്തിയായിട്ട് കുളിപ്പിച്ചാൽ മതി.

ഇനി നിനക്ക്  അതു പോരാ, കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുക തന്നെ വേണം എന്നുണ്ടെങ്കിൽ, തക്കതായ മുഖവുരയോടെ പറയുക.

''ഞാനൊരു കാര്യം പറഞ്ഞോട്ടെ'', ''എന്നോട് പിണങ്ങല്ലേ'' എന്നൊക്കെ ആമുഖമായി പറഞ്ഞിട്ട് നിന്റെ വിഷമം എന്തായിരുന്നാലും, അത് സൌമ്യമായ വാക്കുകൾ ഉപയോഗിച്ച് പറയുക. ഒപ്പം അവനുംകൂടി സ്വീകാര്യമായ എന്തെങ്കിലും പരിഹാരമാർഗ്ഗം കണ്ടെത്തികൊടുക്കാനും ശ്രമിക്കണം. ഞാൻ കുളിപ്പിച്ചുതരാം - എന്നതുപോലെയുള്ള, ഭർത്താവിന് സുഖിക്കുന്ന പരിഹാരങ്ങൾ കണ്ടെത്താമെങ്കിൽ ബഹു വിശേഷമാകും.

പക്ഷെ പരിഹാസത്തിന്റെയോ, കുറ്റപ്പെടുത്തലിന്റെയോ നേരിയ ചുവപോലും നിന്റെ മനസ്സിലോ, സ്വരത്തിലോ ഉണ്ടാകരുത് കേട്ടോ.

എന്തു പറയുന്നു എന്നതുപോലെ തന്നെ പ്രധാനമാണ്, എങ്ങനെ പറയുന്നു എന്നതും.
പിന്നെ അവൻ എന്ന പ്രയോഗം സൂക്ഷിക്കണം. നിങ്ങൾ സ്നേഹത്തിലിരിക്കുമ്പോൾ ഉണ്ടാകുന്ന പ്രതികരണമായിരിക്കില്ല, ഒരു കോൺഫ്ളിക്ടി നിടയിൽ ഈ പദം ഉപയോഗിച്ചാൽ ഉണ്ടാവുക.

മോള് കസ്റ്റമർ റിലേഷൻസ് ജോലിയല്ലേ ചെയ്യുന്നത്. ഒരു വി.ഐ.പി. കസ്റ്റമർ അതൃപ്തി കാണിക്കുമ്പോൾ നിങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?

അതുപോലുള്ള ഒരു ട്രീറ്റ്മെന്റ് സന്ദർഭം വരുമ്പോൾ പങ്കാളിക്കും കൊടുക്കുന്നത്, ഒരു പ്രതിരോധ കുത്തിവെയ്പിന്റെ ഫലം കൂടി ചെയ്യും കേട്ടോ.

George Kadankavil - March 2004

What is Profile ID?
CHAT WITH US !
+91 9747493248