Back to articles

മേരിക്കുട്ടീടെ പേരെന്താ?!!!

December 01, 2009

പെണ്ണുകാണാൻപോയിട്ടുള്ള ചില പയ്യന്മാരെങ്കിലും  ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണിത്. എന്റെ പേരു മേരിക്കുട്ടീന്നാ എന്നൊരു മറുപടി കൂടി വന്നാൽ  കേൾക്കുന്നവർക്ക് ചിരിക്കാനും വകയായി.

ബുദ്ധിയുടെ തലത്തിൽ നിന്നും ചിന്തിക്കുമ്പോൾ ഇതൊരു മണ്ടൻ ചോദ്യമാണ്, പെണ്ണിന്റെ മറുപടിയും തഥൈവ. ചക്കീം കൊള്ളാം ചങ്കരനും കൊള്ളാം എന്ന് പറഞ്ഞ്, കേട്ടു നിൽക്കുന്ന കാരണവന്മാർ ആലോചന അവസാനിപ്പിക്കാൻ വരട്ടെ. ഇവർ നല്ല ജോഡിയാകാൻ സാദ്ധ്യതയുണ്ട്.

ചോദ്യം പുറപ്പെട്ടത് പയ്യന്റെ ഹൃദയത്തിൽ നിന്നാണോ, വിവരക്കേടിൽ നിന്നാണോ എന്ന് മനസ്സിലാക്കണം. ഉത്തരം വന്നത് പെണ്ണിന്റെ ഹൃദയത്തിൽ നിന്നാണോ, വിവരക്കേടിൽ നിന്നാണോ എന്നും തിരിച്ചറിയണം. അതിന്, വിവരമുള്ളവർ അവരോട് കുറച്ച് സംസാരിച്ചാൽ മനസ്സിലാകും. രണ്ടും ഹൃദയത്തിൽ നിന്നായിരുന്നു എങ്കിൽ ഇവരുടെ ഹൃദയങ്ങൾ തമ്മിൽ നല്ല ഐക്യമുണ്ട്.

തീരുമാനങ്ങൾ എടുക്കാൻ മനുഷ്യന്റെ ബുദ്ധി പരിഗണിക്കുന്നത്, ഭൌതിക ഘടകങ്ങളെയാണ്. സ്വത്ത്, ജോലി, പണം, സുഖ സൌകര്യങ്ങൾ, സൌന്ദര്യം, ആരോഗ്യം, കഴിവുകൾ തുടങ്ങി വിവാഹ തീരുമാനം എടുക്കാൻ ബുദ്ധി പരിഗണിച്ച ഏതെങ്കിലും ഘടകത്തിൽ പിന്നീട് മാറ്റം വന്നാൽ, സ്വന്തം തീരുമാനത്തെ തള്ളിപ്പറയാനായിരിക്കും ബുദ്ധി ശ്രമിക്കുക.

എന്നാൽ ഹൃദയം പരിഗണിക്കുന്നത് അനുഭൂതികളാണ്. മറ്റേ ആളിന്റെ സാന്നിദ്ധ്യം, സാമീപ്യം, പെരുമാറ്റം, ഇടപഴകൽ, ഭാവം, സ്പർശനം, ദർശനം, പ്രതികരണം ഇതിലേതെങ്കിലുമോ, ഇതെല്ലാം കൊണ്ടോ ഹൃദയത്തിനു ലഭിച്ച അനുഭൂതികളെയാണ് ഹൃദയം വിലയിരുത്തുന്നത്. ഈ  ആളെ സ്വീകരിക്കാം എന്ന് ഹൃദയം ഒരു തീരുമാനമെടുത്താൽ പിന്നെ ഏതെല്ലാം ഘടകങ്ങൾ മാറിയാലും, എത്ര പ്രതികൂല സാഹചര്യങ്ങൾ വന്നാലും, ഹൃദയം പിന്മാറില്ല.

ബുദ്ധി ഉപയോഗിക്കേണ്ട എന്നല്ല, വരും വരായ്കകൾ ചിന്തിക്കണം. വേറെ വിവാഹം കഴിച്ചതാണോ? ക്രിമിനൽ പശ്ചാത്തലമുണ്ടോ, മാറാ രോഗങ്ങളുണ്ടോ, മാനസിക പ്രശ്നങ്ങളുണ്ടോ? തൊഴിൽ, വിദ്യാഭ്യാസം, ബന്ധങ്ങൾ, സാമ്പത്തിക സ്ഥിതി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അവർ പറയുന്നത് വാസ്തവമാണോ? ഒരുമിച്ചുള്ള ജീവിതം പ്രായോഗികമാണോ? എന്നൊക്കെ ബുദ്ധി ഉപയോഗിച്ച് അന്വേഷിക്കണം. ഈ ശ്രമം മാതാപിതാക്കളാണ് സാധാരണ ഏറ്റെടുക്കുന്നത്.

അംഗീകരിക്കാൻ സമ്മതമല്ലാത്ത വിവരങ്ങൾ അന്വേഷണത്തിൽ ലഭിച്ചിട്ടില്ല എങ്കിൽ, തമ്മിൽ കാണാനാവസരം ഉണ്ടാക്കുക. നേരിൽ കാണുമ്പോൾ, സ്വന്തം ഹൃദയത്തോടു ചോദിക്കണം, ഈ ആളുമായി ചേർന്ന് എല്ലാവിധ അനുഭൂതികളും സൃഷ്ടിച്ച് മരണം വരെ ജീവിക്കാൻ ഞാൻ തയ്യാറാണോ എന്ന്. അതേ, എന്നാണ് ഹൃദയത്തിന്റെ മറുപടി എങ്കിൽ, പകുതി തീരുമാനം നടന്നു.

ബാക്കി പകുതി അറിയണമെങ്കിൽ, അയാളോട് സംസാരിക്കണം. - എന്റെ ഒപ്പം ചേർന്ന് എല്ലാവിധ അനുഭൂതികളും സൃഷ്ടിച്ച് മരണം വരെ ജീവിക്കാൻ അയാൾ തയ്യാറാണോ? - ഒന്നുകിൽ ഇതേ ചോദ്യം തന്നെ നേരിട്ട് ചോദിക്കാം. അല്ലെങ്കിൽ മേരിക്കുട്ടീടെ പേരെന്താ എന്ന് ചോദിച്ച പോലെ, ഹൃദയത്തിൽ ഉയരുന്നത് എന്തോ അത് ചോദിച്ചാൽ മതി, ഹൃദയത്തിന് ഉത്തരം കിട്ടും. നിങ്ങളുടെ പങ്കാളിയാണെങ്കിൽ ഹൃദയം ടിക് ചെയ്യും. ഇനി, ഹൃദയം പറയുന്ന പോലെ തീരുമാനിക്കുക.

ഭാര്യയും ഭർത്താവും തമ്മിൽ യോജിപ്പോടെ മണ്ടത്തരം കാട്ടിയാൽ പോലും, അത് കാണുന്ന, യോജിപ്പില്ലാതെ ജീവിക്കുന്ന ബുദ്ധിമാൻമാർക്കും ബുദ്ധിമതികൾക്കും ഇവരോട് പുച്ഛമല്ല, ആദരവും, അസൂയയുമാണ് തോന്നുക.

കല്യാണക്കാര്യത്തിൽ ഹൃദയത്തിന്റെ തീരുമാനമാണ് സർവ്വ പ്രധാനം.

പക്ഷേ, മിക്ക മനുഷ്യരും, ഹൃദയത്തെ ശ്രദ്ധിക്കാറില്ല. ഓരോരോ സാദ്ധ്യതകൾ ചിന്തിച്ച്, സംശയിച്ചു കൊണ്ടേയിരിക്കും.

If you cannot accept anything in "Faith", then your life will be dominated by "Doubts"

George  Kadankavil - December 2009

What is Profile ID?
CHAT WITH US !
+91 9747493248