Back to articles

കല്യാണക്കാര്യത്തിലെ കാശിന്റെ കാര്യം!

September 01, 2005

''ഞങ്ങൾ മോനെ കൂട്ടിക്കൊണ്ടുപോയി പെണ്ണിനെ കണ്ടു. അവന് നല്ല താൽപര്യമുണ്ടായി, പക്ഷെ ഷെയറ് കുറച്ചുകൂടിയൊക്കെ കിട്ടാനുള്ള യോഗ്യതയുണ്ട് അവന്. ജോർജ്ജ് സാർ അവരോടൊന്ന് സംസാരിക്കാമോ''

വളരെ സൌമ്യമായിട്ടാണ് ഒരു കാരണവർ എന്നോട് ഈ അഭ്യർത്ഥന നടത്തിയത്. അദ്ദേഹം ആവശ്യപ്പെട്ട കാര്യത്തിന്റെ മറുവശം ഒരുപക്ഷെ അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവില്ല.

അച്ചായാ, പല ആലോചനകൾ വന്നിട്ടും ഒന്നും ശരിയാകാതെ ഒരു വർഷം കാത്തിരുന്നിട്ട്, ഒടുവിൽ അവനിഷ്ടപ്പെട്ട ഒരു ആലോചന വന്നപ്പോൾ കാശിന്റെ കണക്ക് പറയണോ? കൂടുതൽ ഷെയർ ഉള്ള പെൺകുട്ടികളുടെ ആലോചനകൾ പലത് വന്നതായിരുന്നല്ലോ. ഷെയർ ആയിരുന്നു പ്രധാനമെങ്കിൽ അതിലേതെങ്കിലും ഒരു വിവാഹം ആലോചിച്ചാൽ മതിയായിരുന്നല്ലോ. അവളുടെ കുടുംബത്തിൽ നിന്നും അവൾക്ക് എന്തുകിട്ടണം എന്ന് ആവശ്യപ്പെടാൻ  അവൾക്ക് മാത്രമല്ലെ അവകാശമുള്ളു. ആ കൊച്ചിന്റെ കുടുംബസ്വത്തിൽ അവൾക്ക് അവകാശപ്പെട്ട വിഹിതമായി അവളുടെ അച്ഛനമ്മമാരും സഹോദരങ്ങളും, അവളെ ബോദ്ധ്യപ്പെടുത്തി നിശ്ചയിച്ചു വെച്ചിരിക്കുന്നത് പോരാ എന്ന് പറയാൻ എനിക്കവകാശമില്ല, എന്നോട് ക്ഷമിക്കണം, ഞാൻ അവരോട് ഇതെപ്പറ്റി സംസാരിക്കില്ല.

തറവാട്, സ്വഭാവം, ബന്ധുബലം, ആകൃതി, പ്രായം, വിദ്യ, ധനം ഈ ഏഴ് കാര്യങ്ങളിൽ തുലനം ചെയ്തുവേണം ബന്ധുത തിരഞ്ഞെടുക്കുവാൻ. ഇതിൽ ഏതെങ്കിലും ഘടകങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിൽ അത് മറ്റ് ഘടകങ്ങൾക്കൊണ്ട് തുലനപ്പെടുമോ എന്ന് ആലോചിക്കണം.

ബന്ധുത തിരയുമ്പോൾ സാമ്പത്തികസ്ഥിതി തുലനം ചെയ്യുവാൻ, പെണ്ണിന്റെ മാത്രമല്ല ചെറുക്കന്റെയും ആസ്തി/വിഹിതം എത്രയുണ്ടെന്ന് പരസ്പരം അറിയുന്നത് ഉപകാരപ്രദമാണ്. അത് ചോദിക്കാൻ ഇട നൽകാതെ തന്നെ അറിയിക്കാൻ ശ്രദ്ധിക്കുക.

കൂടുതൽ ഷെയർ കിട്ടാൻ വേണ്ടി നെഗോഷ്യേറ്റ് ചെയ്യുന്നത് ഏതെങ്കിലും മനപ്രയാസത്തിലെ ചെന്നവസാനിക്കൂ. നിങ്ങൾ പറയുന്നത് ഒരാളോടാണെങ്കിലും അത് അവരുടെ ബന്ധുമിത്രാദികളും മറ്റുള്ളവരും അറിയും. നിങ്ങൾക്ക് കല്യാണമന്വേഷിക്കാൻ ഉള്ള കമ്യൂണിറ്റി വളരെ ചെറുതാണ്. ഒരു സാമ്പത്തിക പേശലിന് ഇടയായ കല്യാണങ്ങളിലൊക്കെ പിന്നീട് വേദനിപ്പിക്കുന്ന പ്രതികരണങ്ങൾ സംഭവിക്കാറുണ്ട്.

ഞങ്ങളുടെ പെണ്ണിനെ കെട്ടിച്ചപ്പോൾ ഇത്ര കൊടുത്തു എന്നു പറയുന്ന വളഞ്ഞ വഴിയും അപകടമാണ്. പിന്നെ അതിൽ കുറഞ്ഞ ഷെയർ ഉള്ള ഒരു പെണ്ണുമായി വിവാഹം നടത്താൻ പറ്റാതെ പോകും. അഥവാ നടന്നാലും എപ്പോഴെങ്കിലും കല്ലുകടിക്കും.

അദ്ദേഹത്തിന് പിണക്കമായേക്കും, എന്നാലും വേണ്ടില്ല എന്നു കരുതിയാണ് ഞാൻ ഇത്രയും പറഞ്ഞത്, പക്ഷെ അദ്ദേഹം പിണങ്ങിയില്ല. അവന് ഉള്ള സ്വത്തിന് അടുത്ത സാമ്പത്തികം പെണ്ണിനില്ലല്ലോ എന്നേ ചിന്തിച്ചുള്ളൂ, ഞാൻ പറഞ്ഞത് സാർ മറന്നേക്ക് എന്നുപറഞ്ഞ് കാരണവർ യാത്രയായി. ആ കല്യാണവും നടന്നു.

George Kadankavil - September  2005

What is Profile ID?
CHAT WITH US !
+91 9747493248