Back to articles

ബെത് ലെഹം മാട്രിമോണിയല്‍ ഒരു തിരിഞ്ഞുനോട്ടം

January 23, 2023

കുടുംബത്തില്‍ ഒരു കല്യാണം നിശ്ചയിച്ചുറപ്പിച്ച് എല്ലാവരെയും അറിയിച്ചശേഷം, അത് മുടങ്ങിപ്പോയാല്‍ ഒരു കുടുംബനാഥന്‍ എന്തൊക്കെ ചെയ്യും?. പൊട്ടിത്തെറിക്കാം, വിമ്മിക്കരയാം, ശപിക്കാം, പഴിക്കാം, ന്യായീകരിക്കാം, അടുത്ത ആലോചനയ്ക്ക് ശ്രമിക്കാം, വേണമെങ്കില്‍, വിവാഹാലോചനകള്‍ക്ക്ഒരു പുത്തന്‍ സംസ്കാരം തന്നെ സൃഷ്ടിക്കാന്‍, ഇറങ്ങി പുറപ്പെടാം. അങ്ങനെ ഇറങ്ങി തിരിക്കാനാണ് എനിക്കിടയായത്.


1996 - എറണാകുളത്തെ പ്രശസ്ത സാംസ്കാരിക കേന്ദ്രത്തില്‍ നടന്ന ഒരു ആലോചനായോഗത്തില്‍ വെച്ച്, ഈ വര്‍ഷത്തെ പ്രസംഗ മത്സരത്തിന് വിഷയം സ്ത്രീധനം ആകട്ടെ എന്നു പറഞ്ഞ, സുഹൃത്തും ഗുരുസ്ഥാനീയനുമായ ഒരു വന്ദ്യ വൈദികന്‍റെയും, നിരവധി സാസ്കാരിക നായകരുടെയും മുമ്പില്‍, ഞാന്‍ പൊട്ടിത്തെറിച്ചു പോയി - സ്ത്രീധനത്തേക്കാള്‍ ഉപരി അതിന്‍റെ ശതമാനം കമ്മീഷന്‍ കൊടുത്തു വിവാഹം നടത്തുന്ന ശൈലിയാണ് അപകടം.
പള്ളിക്കൂടവും ആശുപത്രിയും മാത്രം നടത്തിയാല്‍ പോരാ, മനുഷ്യര്‍ക്ക് അത്യാവശ്യം വേണ്ട ഒരു സേവനമാണച്ചോ അവരുടെ കുഞ്ഞുങ്ങളുടെ കല്യാണക്കാര്യം.

മദമിളകി വരുന്ന ആനയെപ്പോലും ഒരുപക്ഷെ പിടിച്ചു നിര്‍ത്താന്‍ കഴിയുന്ന ശാന്തഗംഭീരമായ സ്വരത്തില്‍ അദ്ദേഹം പ്രതികരിച്ചു, അവനവന് ബോദ്ധ്യമുള്ളത് മറ്റാരെങ്കിലും ചെയ്യുമെന്നു കരുതി കരഞ്ഞു കാത്തിരിക്കരുത്, സ്വയം തുനിഞ്ഞിറങ്ങണം. തനിക്ക് ഇത് ചെയ്യാന്‍ കഴിയുമോ? എങ്കില്‍ ഞാന്‍ സഹായിക്കാം.


ഈ പുത്തന്‍ സംസ്കാരം പിറന്നു വീണത് അന്ന് അവിടെയാണ്. വിവാഹം അന്വേഷിക്കുന്ന യുവതീ യുവാക്കളുടെ ഫോട്ടോയും വിവരങ്ങളും ഉള്‍പ്പെടുത്തിയ ഓരോ ആല്‍ബങ്ങള്‍ മാത്രമായി 1996 മാര്‍ച്ച് ഒന്നിന് ഒരു ഫാമിലി വെല്‍ഫെയര്‍ സെന്‍റര്‍ എറണാകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടന സമയത്തു തന്നെ എനിക്ക് ബോദ്ധ്യമായി, ഏതോ മ്ളേച്ഛമായ ക്ഷുദ്രപ്രവര്‍ത്തി ആയിട്ടാണ് വൈവാഹിക സേവനത്തെ നമ്മുടെ സമൂഹം കണ്ടു വരുന്നതെന്ന്.
ഏതാനും മാസം ഈ പുച്ഛവും പരിഹാസവും ധനനഷ്ടവും അനുഭവിച്ച് മതിയായപ്പോള്‍ ഞാന്‍ അമേരിക്കയിലേക്ക് വിമാനം കയറി. അപ്പോള്‍ എന്‍റെ പിതാവ് ശ്രീ കെ.സി ചാണ്ടി ഈ ഫാമിലി വെല്‍ഫെയര്‍ സെന്‍ററിന്‍റെ മേല്‍നോട്ടം ഏറ്റെടുത്തു. അദ്ദേഹം ഡപ്യുട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ തസ്തികയില്‍ കേരള വിദ്യഭ്യാസ വകുപ്പില്‍ നിന്നും റിട്ടയര്‍ ചെയ്ത ആളായിരുന്നു. അദ്ദേഹമാണ് ഈ സേവനത്തിന്‍റെ വിഷന്‍ & മിഷന്‍ നിര്‍ണ്ണയിച്ചത്.

“Educating and Uniting the Right man with the Right Woman”

എന്‍റെ പിതാവിന്, എല്ലാ ദിവസവും കോട്ടയത്തു നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്യാന്‍ ആരോഗ്യം അനുവദിച്ചിരുന്നില്ല. ഒരു വര്‍ഷം കഴിഞ്ഞ് ഞാന്‍ അമേരിക്കയില്‍ നിന്നും ലീവില്‍ വന്നു. മാട്രിമോണിയലിന്‍റെ പ്രവര്‍ത്തനം ഞങ്ങള്‍ വിലയിരുത്തി, തുച്ഛമായ വരുമാനത്തില്‍, സ്വന്തം സമ്പാദ്യം ചിലവഴിച്ച് ഒരു വര്‍ഷത്തിലധികം പ്രവര്‍ത്തിച്ചിട്ടും ഒറ്റ വിവാഹം പോലും ഇതു വഴി നടില്ലല്ലോ അതു കൊണ്ട് ഇത് അടച്ചു പൂട്ടാം എന്നു തീരുമാനിച്ച്, അതു വരെ രജിസ്റ്റര്‍ ചെയ്തിരുന്ന മാതാപിതാക്കളെ കത്തയച്ചു ക്ഷണിച്ചു വരുത്തി തക്കതായ ക്ഷമാപണത്തോടെ
കാര്യങ്ങള്‍ സത്യസന്ധമായി തുറന്നു പറഞ്ഞു.


ക്ഷണം സ്വീകരിച്ചു വന്നവരില്‍, മകള്‍ക്കു വേണ്ടി വിവാഹം അന്വേഷിക്കുന്ന ഒരു റിട്ടയേര്‍ഡ് കോളേജ് പ്രിന്‍സിപ്പാള്‍ ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു, ജോര്‍ജ്ജ് സാറേ ഈ വന്നിരിക്കുന്ന മാതാപിതാക്കളെ എല്ലാവരെയും ഒന്നു പരിചയപ്പെടുത്താമോ? ഓരോരുത്തര്‍ക്കും യോജിച്ച ആരെങ്കിലും, ഇക്കൂട്ടത്തില്‍ ഉണ്ടോ എന്നു നോക്കാമല്ലോ!


അപ്പോള്‍ ഞാന്‍ പറഞ്ഞു, സര്‍ ഞാനാദ്യമായാണ് മൈക്ക് കയ്യിലെടുക്കുന്നത്, കുരങ്ങ് പാമ്പിനെ പിടിച്ചതു പോലെയാണ് ഞാന്‍ ഇതും പിടിച്ച് ഇവിടെ ഇങ്ങനെ നില്‍ക്കുന്നത്, ഇതെങ്ങിനെ ചെയ്യണമെന്ന് എനിക്ക് ഒരുപിടിയുമില്ല. അപ്പോള്‍ അദ്ദേഹം എണീറ്റ് വന്ന്, എന്‍റെ കയ്യില്‍ നിന്നും മൈക്ക് വാങ്ങി, സദസ്സിലിരുന്ന ഓരോരുത്തരെയും വിളിച്ചു വരുത്തി പരിചയപ്പെടുത്തി.


തുടര്‍ന്ന് എല്ലാവരും ചായ കുടിച്ചു കുശലം പറയുന്നതിനിടയില്‍ രണ്ട് അപ്പച്ചന്‍മാരു വന്നു പറഞ്ഞു, ഞങ്ങള്‍ തമ്മില്‍ ഒരു ധാരണയായി, പിള്ളേരു കണ്ട് ഇഷ്ടപ്പെട്ടാല്‍ അവരുടെ കല്യാണം നടത്താം എന്നു വിചാരിക്കുന്നു.
സംഗമത്തിന്‍റെ ഈ റിസള്‍ട്ടു, പങ്കെടുത്ത എല്ലാവര്‍ക്കും വലിയ ഉത്സാഹം പകര്‍ന്നു. നമുക്കു, എല്ലാ മാസവും
ഇങ്ങനെ ഒത്തുകൂടിയാലോ എന്നായി അടുത്ത നിര്‍ദ്ദേശം. ശരി എന്നു ഞാന്‍ സമ്മതിച്ചു, അമേരിക്കയിലേക്ക് പിന്നെ തിരികെ പോയില്ല. എച്ച്-വണ്‍ വിസായും, ഡോളര്‍ ശമ്പളവും ഉപേക്ഷിച്ച് മാട്രിമോണിയലിന്‍റെ പ്രവര്‍ത്തനത്തില്‍ അതീവ ഉത്സാഹത്തോടെ ഞാന്‍ പൂര്‍ണ്ണമായും മുഴുകി. പിന്നീട് മാതാപിതാക്കളെയും മക്കളെയും വിളിച്ചു കൂട്ടി
വിവിധ നഗരങ്ങളിലായി വൈവാഹിക സംഗമങ്ങള്‍ ആരംഭിച്ചു. ഇതു വരെ 267 വൈവാഹിക സംഗമങ്ങള്‍ നടത്തിയിട്ടുണ്ട്.

ഇത്രയേറെ പുച്ഛവും പരിഹാസവും, ധനനഷ്ടവും സഹിച്ച്, പതിനഞ്ച് മാസത്തെ കഷ്ടപ്പാടിനു  ശേഷമാണല്ലോ ആദ്യമായി ഒരു അലയന്‍സ് ഇതു വഴി ശരിയാകുന്നത്, എന്നു ഒരിക്കല്‍ ഞാന്‍ ഒരു ആത്മഗതം പോലെ പറഞ്ഞു. അതു കേട്ടപ്പോള്‍ എന്‍റെ പിതാവിന്‍റെ പ്രതികരണം ഇങ്ങനെ ആയിരുന്നു,

 “There is no gain without pain”

സ്ത്രീധന പ്രശ്നങ്ങള്‍ രൂക്ഷമാക്കിയിരുന്നതിന്‍റെ മുഖ്യപങ്ക് കമ്മീഷന്‍ ശൈലിയാണെ തിരിച്ചറിവാണ് മാട്രിമോണിയല്‍ ഡേറ്റാബാങ്ക്, വെബ് സൈറ്റ്, മൊബൈല്‍ ആപ്പ്, ബെത് ലെഹം ന്യൂസ് മാസിക, ഫോട്ടോ ഡയറക്ടറി, മീഡിയേറ്റര്‍ സര്‍വ്വീസ് തുടങ്ങിയ കമ്മീഷന്‍ വാങ്ങാത്ത ഒരു കല്യാണലോചനാ സംസ്കാരത്തിന് രൂപം കൊടുക്കുവാന്‍ കാരണ
മായത്.


ഒരു വര്‍ഷം കൊണ്ട് മാസത്തിലെ ആദ്യ ഞായറാഴ്ച എറണാകുളത്തും, രണ്ടാം ശനിയാഴ്ച കോഴിക്കോടും, മൂന്നാം ഞായറാഴ്ച കോട്ടയത്തും  സ്ഥിരം സംഗമങ്ങള്‍ ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഫോട്ടോയും ബയോഡേറ്റയും സ്റ്റുഡിയോയില്‍ കൊടുത്ത് ഫിലിം സ്ളൈഡുകളാക്കി അത് പ്രദര്‍ശിപ്പിക്കാനുള്ള പ്രൊജക്ടറും തൂക്കി എല്ലാ രണ്ടാം ശനിയാഴ്ചയും കോഴിക്കോട്ടേക്ക് ഞാന്‍ നടത്തിയിരുന്ന തീവണ്ടിയാത്ര, ഓര്‍ക്കുമ്പോള്‍  ഇപ്പോഴും എന്‍റെ മനസ്സിന് വളരെ ഉന്മേഷം തോന്നും.


എന്‍റെ സഹധര്‍മ്മിണി എക്സ് മേജര്‍ ഗൗരിക്കുട്ടിയും കട്ടയ്ക്ക് കൂടെ നിന്നു പ്രവര്‍ത്തനങ്ങള്‍ക്ക്, പട്ടാളചിട്ടയ്ക്കു തുല്യമായ അച്ചടക്കം ഉറപ്പാക്കി. കടുത്ത പ്രതിസന്ധികള്‍ നേരിട്ടപ്പോഴും യുദ്ധം നയിക്കു സേനാപതിയെപ്പോലെ മുന്‍നിരയില്‍ നിന്ന് പ്രശ്നങ്ങള്‍ തരണം ചെയ്ത വീരനായിക, ഒരു വര്‍ഷത്തിലേറെ ബ്രെയിന്‍ ട്യൂമറിനോടും പൊരുതി 2016   ജൂലൈ
യില്‍ വിടവാങ്ങി.


തിരിഞ്ഞു നോക്കുമ്പോള്‍ അഭിമാനിക്കാന്‍ ഒരുപാടുണ്ട്. ദൈവപരിപാലനയുടെ വിസ്മയിപ്പിക്കുന്ന ധാരാളം അനുഭവങ്ങള്‍. വലിയ കാര്യങ്ങള്‍ക്ക് നാന്ദി കുറിക്കുന്ന ചെറിയ ചെറിയ പ്രവര്‍ത്തികള്‍ക്ക് ഉപകരണങ്ങളായിത്തീര്‍ന്ന നിരവധി സംഭവങ്ങള്‍. നാട്ടിലെ ഒട്ടുമിക്ക കുടുംബങ്ങളുടെയും സൌഹൃദം, ദിവസേന എന്നവണ്ണം വിവാഹക്ഷണങ്ങള്‍, ശുഭവാര്‍ത്തകള്‍, കൃതജ്ഞതയുടെ നല്ല വാക്കുകളുമായി ധാരാളം സന്ദര്‍ശകര്‍, ഇതാണ് ഇന്ന് ബെത് ലെഹം മാട്രിമോണിയല്‍.

What is Profile ID?
CHAT WITH US !
+91 9747493248