Back to articles

പഠിപ്പില്ലാത്ത പുരുഷന് പെണ്ണു കിട്ടില്ലേ ?????

May 01, 2014

ഹലോ സാർ, ഇത് ജോണിയാണ്, ദുബായിൽ നിന്നാണ് വിളിക്കുന്നത്. ഇപ്പോൾ ഒരു നല്ല കഥ വായിച്ചു. ഉടനെ സാറിനെ വിളിച്ച് ഷെയർ ചെയ്യണമെന്ന് തോന്നി, അതാ വിളിച്ചത്.

പറയൂ ജോണീ, എന്താണാ കഥ?

രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത ഒരു പെൺകുട്ടി.
അവളുടെ പല കാര്യങ്ങൾക്കും സഹായിക്കാൻ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. ഒരിക്കൽ അയാൾ അവളോടു പറഞ്ഞു, ഞാൻ നിന്നെ വിവാഹം ചെയ്ത്, എന്റെ ഭാര്യയാക്കാം, എന്നിട്ട് നമുക്ക് ഒരുമിച്ച് ജീവിക്കാം?

പക്ഷേ അവൾ പറഞ്ഞു, ഈ ലോകമോ, നിങ്ങളെയോ ഒന്നു കാണുക പോലും ചെയ്യാതെ എങ്ങിനെയാണ്, നിങ്ങളെ വിവാഹം ചെയ്യാമെന്ന് ഞാൻ തീരുമാനിക്കുക?.
എന്നെങ്കിലും എനിക്ക് കാഴ്ച കിട്ടിയെങ്കിൽ മാത്രമെ, ഞാൻ വിവാഹം ചെയ്യുകയുള്ളു.

കുറെ നാളുകൾ കഴിഞ്ഞു, ഈ പെൺകുട്ടിക്കു വേണ്ടി ആരോ രണ്ടു കണ്ണുകൾ ദാനം ചെയ്തു. അങ്ങനെ അവളുടെ ഓപ്പറേഷൻ നടന്നു, അവൾക്ക് രണ്ടു കണ്ണിനും കാഴ്ച ലഭിച്ചു. അപ്പോളാ ചെറുപ്പക്കാരൻ അവളോട് ചോദിച്ചു, നിനക്ക് കാഴ്ച കിട്ടിയല്ലോ, ഇനി നമുക്ക് വിവാഹം ചെയ്യാമല്ലോ?

അയാളെ അടിമുടി ഒന്ന് നോക്കിയിട്ട് ഒരു ദീർഘ നിശ്വാസത്തോടെ അവൾ പറഞ്ഞു, നീ ഒരു അന്ധനാണല്ലോ, അതുകൊണ്ട് എനിക്ക് നിന്നെ വിവാഹം ചെയ്യാൻ സാധിക്കില്ല.

ശരി എന്റെ കണ്ണുകൾ മാത്രം നീ എന്നും കാത്തു സൂക്ഷിച്ചാൽ മതി - എന്നു പറഞ്ഞ് ആ ചെറുപ്പക്കാരൻ യാത്രയായി. ഇതാണ് കഥ.

എന്റെ സാറേ ഈ ചെറുപ്പക്കാരന്റെ പോലെയാണ് എന്റെ ജീവിതവും. പത്താം ക്ളാസ്സു വരെ എന്റെ ഒപ്പം പഠിച്ചിരുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. എൻജിനീയറാകണം എന്നതായിരുന്നു അവളുടെ സ്വപ്നം. പക്ഷേ വീട്ടുകാർക്ക് അവളെ പഠിപ്പിക്കാൻ നിവൃത്തി ഉണ്ടായിരുന്നില്ല.
നിന്നെ ഞാൻ പഠിപ്പിച്ച് എൻജിനീയറാക്കാം എന്ന് ഞാനവൾക്ക് വാക്ക് കൊടുത്തു. പത്ത് കഴിഞ്ഞ് അവൾ പ്ളസ്ടുവിന് ചേർന്നു. ഞാൻ ഐ.ടി.ഐ യിലും ചേർന്നു. കാർപ്പെന്ററായിരുന്നു ട്രേഡ്. പഠിക്കുന്ന കാലത്തും എനിക്ക് എന്നും പാർട്ട് ടൈം ജോലിയും, നല്ല കൂലിയും കിട്ടുമായിരുന്നു. അതുകൊണ്ട് അവളുടെ പഠിത്തത്തിനും, എൻട്രൻസ് ട്യൂഷനും, പുസ്തകം വാങ്ങാനും ഒന്നും ബുദ്ധിമുട്ടുണ്ടായില്ല.

ഐ.ടി.ഐ കഴിഞ്ഞ ഉടനെ എനിക്ക് സ്ഥിരം ജോലി കിട്ടി. അവൾ പ്ളസ്ടു കഴിഞ്ഞ് എൻട്രൻസ് എഴുതി നല്ല റാങ്ക് നേടി. ഗവ എൻജിനീയറിംഗ് കോളേജിൽ അഡ്മിഷൻ കിട്ടി. അപ്പോഴേക്കും നാലു മാസത്തെ ശമ്പളം എനിക്ക് മിച്ചം പിടിക്കാൻ കഴിഞ്ഞു. ബാക്കി അവളുടെ വീട്ടിൽ നിന്നും ഒക്കെയായി, അവൾ ബി.ടെക്കിന് ചേർന്നു. അതിനിടെ ദുബായിൽ ഉള്ള ഒരു കമ്പിനി എനിക്ക് പണവും വിസയും ടിക്കറ്റും ഇങ്ങോട്ട് തന്ന് ജോലി നൽകി. പിന്നീടൊരിക്കലും അവളുടെ പഠനത്തിന് പണത്തിന്റെ ഞെരുക്കം ഉണ്ടായിട്ടില്ല. അഞ്ചു വർഷം മുമ്പ് അവൾ ബി.ടെക് പാസ്സായി. ക്യാംപസ്സ് സെലക്ഷൻ വഴി അവൾക്ക് നല്ല ശമ്പളമുള്ള ജോലിയും ലഭിച്ചു.

ഇത്രയും ആയപ്പോൾ, എനിക്ക് വിദ്യാഭ്യാസം കുറവായതിനാൽ, അവൾക്ക് എന്നെ വിവാഹം ചെയ്യാൻ നിവൃത്തിയില്ലാത്ത അവസ്ഥയായി. ഒരു സഹോദരി ആയി മാത്രമെ എന്നെ കാണാവൂ എന്നാണ് അവൾ പറഞ്ഞത്. ഞാനവൾക്ക് വേണ്ടി ചിലവഴിച്ചിരിക്കുന്ന പണം അവൾ തന്ന് വീട്ടിക്കൊള്ളാം എന്നും പറഞ്ഞു.
അവളെ കല്യാണം കഴിച്ച് ഒരുമിച്ച് ജീവിക്കുന്ന സാഹചര്യത്തെക്കുറിച്ച് ഞാൻ പല വിധത്തിലും ആലോചിച്ചു. എനിക്കും അത് അസ്വസ്ഥതകളാണ് ഉളവാക്കിയത്.
അതുകൊണ്ട് അവൾക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിച്ച്, അവളുടെ വിവാഹം വരെ ഒരു സഹോദരനെപ്പോലെ അവളെ സഹായിച്ചു. അതുകഴിഞ്ഞ് അവളുമായിട്ടുള്ള എല്ലാ സമ്പർക്കവും ഞാൻ നിർത്തി.

എന്റെ മാതാപിതാക്കൾക്കും വലിയ മനോ വിഷമമായി, പിന്നെ അവർ എനിക്ക് വേറേ കല്യാണം അന്വേഷിക്കാൻ തുടങ്ങി. ഞാനും സഹകരിച്ചു. ഇപ്പോൾ മൂന്ന് വർഷമായി, ഒരാലോചനയും ശരിയാകുന്നില്ല.

പെൺകുട്ടികൾക്കെല്ലാം വലിയ പഠിപ്പും ബിരുദവും ആണ്. ഐ. ടി. ഐക്കാരനെ കെട്ടാൻ നാട്ടിൽ ഒരിടത്തും പെണ്ണില്ലാത്ത സ്ഥിതിയാണല്ലോ സാറെ. എന്നെപ്പോലെ പെണ്ണു കിട്ടാതെ വിഷമിക്കുന്ന കുറെ മലയാളി ചെറുപ്പക്കാരെ എനിക്കറിയാം.

ചെറുപ്പത്തിലേ തൊഴിൽ ചെയ്ത് ഉപജീവനം കണ്ടെത്തി, പെങ്ങന്മാരെ പഠിക്കാൻ , സഹായിച്ച്, അവർക്ക് വല്യ ബിരുദങ്ങൾ ഉണ്ടാക്കി കൊടുത്തിട്ട്, ഇവർക്ക് വിദ്യാഭ്യാസം കുറവായതിനാൽ ഇപ്പോൾ പെണ്ണു കിട്ടുന്നില്ല. പഠിപ്പിച്ച് യോഗ്യരാക്കിയ പെങ്ങന്മാരോ? അവരുടെ വിവാഹവും ഓരോരോ കാരണത്താൽ നീണ്ടു പോകുന്നു. ആങ്ങളയുടെ വിദ്യാഭ്യാസം കുറവാണെന്ന കാരണത്താൽ ചെറുക്കനു ബോധിക്കാതെ വന്ന സംഭവം പോലും ഉണ്ട്.

മുമ്പൊരിക്കൽ സാറെന്നോട് പറഞ്ഞിട്ടുണ്ട്, പെണ്ണിനെയോ, ചെറുക്കനെയോ സൃഷ്ടിക്കാനുള്ള മന്ത്രശക്തിയൊന്നും സാറിനില്ലെന്ന്. എന്നാലും ഇതൊക്കെ പറഞ്ഞാൽ കേൾക്കാനെങ്കിലും മനസ്സു കാണിക്കുന്നുണ്ടല്ലോ, അത് തന്നെ എന്തു വലിയ ആശ്വാസമാണെന്നോ.

എന്നാലും സാറേ ഒന്നു ചോദിച്ചോട്ടെ?
ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ചുമതലയുള്ള ആരെങ്കിലും അധികാരികൾ നാട്ടിലുണ്ടാവേണ്ടതല്ലേ?

അങ്ങനെയുള്ളവരുടെ ശ്രദ്ധയിൽ ഇതു കൊണ്ടു വരാൻ എന്താണ് ചെയ്യേണ്ടത്?
അതുകൊണ്ട് വല്ല പ്രയോജനവും ഉണ്ടോ? അവർക്കും മാന്ത്രിക ശക്തിയൊന്നും കാണില്ലല്ലോ. . . . . . .

ജോണിയുടെ കഥയോട് സാമ്യമുള്ള ഇതിവൃത്തങ്ങളുമായി ഏതാനും സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. സാധാരണ മനുഷ്യരുടെ അസാധാരണ അനുഭവങ്ങൾ ആണല്ലോ നല്ല കഥകൾക്ക് പ്രചോദനം ആകുന്നത്.

നമ്മുടെ മുത്തശ്ശിക്കഥകൾ എല്ലാം അവസാനിക്കുന്നത് "പിന്നെ അവരു രണ്ടുപേരും കൂടി കല്യാണം കഴിച്ച് ദീർഘകാലം സുഖമായി ജീവിച്ചു'' എന്നു പറഞ്ഞാണ്. പക്ഷേ, ഇങ്ങനെ ദീർഘകാലം സസുഖം ജീവിച്ച എത്രപേരെ ജോണിക്കറിയാം എന്നൊന്ന് എണ്ണി നോക്കിക്കേ.

Happily everafter is only a dream. Life is a continous never ending strugle.

അതുകൊണ്ട്, ആഗ്രഹിച്ച ആളെ കല്യാണം കഴിക്കാത്തതിനെ കുറിച്ചോർത്ത് നിരാശപ്പെടേണ്ട.

പക്ഷേ, പഠിപ്പു കുറവുള്ള പുരുഷന്മാർക്ക് വിവാഹം ചെയ്ത് സ്വന്തം കുടുംബം സൃഷ്ടിക്കാൻ വധുവിനെ ലഭിക്കാതെ വരുന്നതും, പഠിച്ച് കൂടിപ്പോയതുകൊണ്ട് സ്ത്രീകൾക്ക് വരനെ ലഭിക്കാതെ വരുന്നതും ഒരു സാമൂഹ്യ പ്രശ്നം തന്നെയാണ്.
ട്രാൻസ്പോർട്ട് ബസ് കണ്ടക്ടറായ മകന് ഒരു വധുവിനെ കിട്ടുമോ എന്നു ചോദിച്ച് കഴിഞ്ഞ ദിവസം ഒരപ്പച്ചൻ എന്നെ കാണാൻ വന്നിരുന്നു. സ്ത്രീധനം അങ്ങോട്ടു കൊടുക്കാം എന്നായിരുന്നു ആ അപ്പച്ചന്റെ നിലപാട്.

പെൺകുഞ്ഞുങ്ങളെ അവഗണിക്കുന്നതിനെതിരെ ഭാരതമാകെ നടത്തിയ തുടർച്ചയായ ബോധവത്കരണത്തിന്റെ ഫലമായി പതിറ്റാണ്ടുകൾ കൊണ്ടാണ്, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം ലഭിച്ചത്. കേരളത്തിൽ അതിന് കൂടുതൽ പ്രചാരം ലഭിക്കുകയും ചെയ്തു. അത് പക്ഷേ ആൺകുട്ടികളുടെ വിദ്യാഭ്യാസം അവഗണിച്ചു കൊണ്ടാണോ സംഭവിച്ചത്? അല്ലാ എന്നാണ് ഞാൻ കരുതുന്നത്.

ആൺകുട്ടികൾ എത്രയും പെട്ടെന്ന് ഉപജീവനത്തിന് പ്രാപ്തരാകണം എന്നതായിരുന്നിരിക്കണം ലക്ഷ്യമിട്ടത്. ഏതായിരുന്നാലും മറിച്ചൊരു ബോധവത്കരണം അധികാരികളുടെ ഭാഗത്തു നിന്നുണ്ടാവണമെങ്കിൽ ഒന്നുകിൽ ജനങ്ങൾ മുറവിളി കൂട്ടണം, അല്ലെങ്കിൽ അടുത്ത ജനസംഘ്യാ കണക്കെടുപ്പിൽ ഇതെക്കുറിച്ച് അപകട മുന്നറിയിപ്പ് ലഭിക്കണം. അത് സംഭവിക്കാനിടയില്ല. കാരണം സ്ത്രീ - പുരുഷ അനുപാതത്തിലെ കുത്തനെയുള്ള മാറ്റങ്ങളാണ് ജനസംഘ്യ കണക്കെടുപ്പിൽ അപകടത്തിന്റെ ഇൻഡിക്കേറ്റർ. ഇവിടെ പ്രശ്നം, സ്ത്രീ പുരുഷന്മാരുടെ വിദ്യാഭ്യാസ നിലവാരത്തിലെ അന്തരമാണ്. അപ്പോൾ ഇത് സാംസ്കാരിക വിഷയമായി പരിഗണിക്കേണ്ടി വരും.

വിവാഹത്തിനു പരിഗണിക്കുന്ന ഘടകങ്ങളിൽ വിദ്യാഭ്യാസത്തിന്റെ അന്തരം ഒരു മുഖ്യ വിഷയമാക്കാതെ, കാര്യപ്രാപ്തിക്ക് പ്രാധാന്യം കൊടുക്കുക എന്നതാണ് ഒരു പരിഹാരം. പക്ഷേ കാര്യപ്രാപ്തി അളന്ന് തിട്ടപ്പെടുത്താൻ ആരും സമ്മതിച്ചു കൊടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. സാംസ്കാരിക നായകർക്ക് ഇക്കാര്യത്തിൽ കാര്യമായ പങ്ക് വഹിക്കാനായേക്കും എന്നു പ്രതീക്ഷിക്കാം.

സമുദായ നേതാക്കൾക്ക്, അവരവരുടെ സമുദായത്തിലെ അവസ്ഥ കൂടുതൽ വ്യക്തമായി കണ്ടു പിടിക്കാൻ കുറെക്കൂടി എളുപ്പമായിരിക്കും. പല ഇടവക വികാരിമാരും, പ്രത്യേകിച്ച് ഗ്രാമ പ്രദേശങ്ങളിൽ ഉള്ളവർ, ഇതേക്കുറിച്ച് ഉത്കണ്ഠയോടെ ചിന്തിക്കുന്നുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നിരവധി വൈദികരോട് ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിട്ടുമുണ്ട്.

വിവാഹത്തിന് തടസ്സം അനുഭവിക്കുന്നവർക്ക് വേണ്ടി സാമൂഹ്യ പ്രവർത്തനങ്ങളിൽ ഹൃസ്വകാല പരിശീലനങ്ങൾ ഏർപ്പെടുത്തുക. അതിൽ സമയവും സന്നദ്ധതയുമുള്ളവർക്ക് പ്രായമായവരെ സഹായിക്കാനുതകുന്ന സേവനങ്ങളിലേർപ്പെടാൻ അവസരമൊരുക്കുക, അതിനായി പകൽ വീടുകൾ തുടങ്ങുക എന്നതായിരുന്നു എനിക്കു തോന്നിയ മറ്റൊരാശയം. വ്യക്തിപരമായി പറഞ്ഞാൽ ബെത് ലെഹമിൽ നിന്നും റിട്ടയർ ചെയ്യുമ്പോൾ ഇതിനായി പ്രവർത്തിക്കണം എന്നതാണ് എന്റെ അടുത്ത ലക്ഷ്യം തന്നെ.

അതുകൊണ്ട് ജോണീ, എന്നെ വിളിച്ചു സംസാരിച്ചത് വെറുതെയാവില്ല. എന്തെങ്കിലും പ്രതി പ്രവർത്തനം ഉണ്ടാകും. മറ്റുള്ളവർക്ക് നന്മ വരുന്നതിൽ സന്തോഷിക്കുന്ന ആളല്ലേ ജോണി, ആർക്കെങ്കിലും ഈ ഫോൺവിളി കൊണ്ടും ഉപകാരം ഉണ്ടാകും എന്ന് വിശ്വസിച്ചോളൂ..

 

What is Profile ID?
CHAT WITH US !
+91 9747493248