Back to articles

ഒരു പൊത്തകം ഒണ്ടേൽ വാച്ചായിരുന്നു!

January 01, 2011

മാളിക വീട്ടിലെ പണിക്കാരിൽ മൂപ്പന്റെ മകളുടെ കല്യാണം നടക്കുകയാണ്. പട്ടണ പ്രദേശത്തുള്ള പയ്യനാണ് അവളെ കെട്ടുന്നത്. ആള് മൂന്നാം ക്ലാസ്സ് വരെ പഠിച്ചിട്ടുണ്ട്. അക്കാലത്ത് എഴുത്തും വായനയും അറിയാവുന്ന പയ്യനാണ് എന്നത് മൂപ്പന്റെ വീട്ടുകാർക്ക് വലിയ അഭിമാനവും, മറ്റ് ചിലർക്ക് അസൂയയും ഉണ്ടാക്കുന്ന ഒരു വലിയ സംഭവം തന്നെ ആയിരുന്നു.

മണവാളനെയും മണവാട്ടിയെയും കാണാൻ മൂപ്പന്റെ വീട്ടിൽ വന്നവർക്കെല്ലാം പറയാനുണ്ടായിരുന്ന പ്രധാനവിഷയം പയ്യൻ പഠിപ്പുള്ളവനാണ് എന്നതായിരുന്നു.

ഇത്രക്ക് ശ്രദ്ധ കിട്ടുന്നത് കണ്ടപ്പോൾ പയ്യനൊരു മോഹം, ഒന്നു ഷൈൻ ചെയ്താലോ എന്ന്. അവൻ അല്പം ഉറക്കെ ആത്മഗതം പോലെ പറഞ്ഞു, - ഒരു പൊത്തകം ഒണ്ടേൽ വാച്ചാമായിരുന്നു ! - (ഒരു പുസ്തകം കിട്ടിയാൽ വായിക്കാമായിരുന്നു)

മൂപ്പൻ കേട്ടപാടെ മാളിക വീട്ടിലേക്ക് ഓടി, തമ്പ്രാട്ടിയോട് പറഞ്ഞ് ഒരു പുസ്തകം സംഘടിപ്പിച്ചുകൊണ്ട് വന്നു ചെറുക്കനു കൊടുത്തു. പുസ്തകം കൈയിലെടുത്തു മറിച്ചു നോക്കിയപ്പോൾ ചെറുക്കൻ ശരിക്കും വിഷമിച്ചു പോയി, ഒരു ഇംഗ്ളീഷ് പുസ്തകമാണ് മൂപ്പൻ കൊണ്ടുവന്നിരിക്കുന്നത്. ഇനി എങ്ങനെയെങ്കിലും തടി ഊരാൻ വേണ്ടി പയ്യൻ പെട്ടെന്ന് പ്ളേറ്റ് മാറ്റി പറഞ്ഞു - ഒരു കണ്ണാടി ഒണ്ടേൽ വാച്ചാമായിരുന്നു ! - മൂപ്പന് നല്ല ആവേശമായി, ഓടി നടന്ന് ഒരു മൂക്കു കണ്ണാടിയും സംഘടിപ്പിച്ച് പയ്യന് കൊടുത്തു, എന്നിട്ട് പയ്യൻ പുസ്തകം വായിക്കുന്നത് കേൾക്കാൻ മൂപ്പനും കൂട്ടരും ആകാംക്ഷയോടെ അവന്റെ  മുന്നിലിരിക്കുകയാണ്.

പയ്യൻ ശരിക്കും വെട്ടിലായി. രക്ഷപ്പെടാൻ ഒരു മാർഗ്ഗവും മനസ്സിൽ വരുന്നില്ല. കണ്ണാടി മൂക്കത്ത് വെച്ച് പുസ്തകം മറിച്ചും തിരിച്ചും നോക്കിയിട്ട് പയ്യൻ പറഞ്ഞു. - എളുത്ത് അറിയാരുന്നേൽ വാച്ചാരുന്നു ! - നല്ലൊരു തമാശ നാടകം കണ്ട സന്തോഷത്തോടെ മൂപ്പരും കൂട്ടരും പാട്ടും മേളവുമായി അടുത്ത ആഘോഷ പരിപാടിയിലേക്ക് കടന്നു.പെണ്ണിന്റെയോ ചെക്കന്റെയോ ഗുണഗണങ്ങൾ വിളിച്ചു പറഞ്ഞ് അഹങ്കാരമോ, നെഗളമോ, പൊങ്ങച്ചമോ കാട്ടുന്ന മാതാപിതാക്കൾ, മക്കളുടെ കയ്യിലേക്ക് അവർക്ക് വായിക്കാൻ സാധിക്കാത്ത പുസ്തകമായിരിക്കും ചിലപ്പോൾ അവരറിയാതെ വെച്ചു കൊടുക്കുന്നത്

ജന്മിയും കുടിയാനും ഒക്കെ ഉണ്ടായിരുന്ന, സാക്ഷരത തീരെ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലെ കഥയാണിത്. ഇന്നത്തെപ്പോലെ ഓരോന്നും ഹരിച്ച് ഗുണിച്ച് അപഗ്രഥിച്ച് നൂറ് നൂറ് അർത്ഥങ്ങൾ കണ്ടു പിടിക്കുന്ന സ്വഭാവം മൂപ്പന്റെ ആൾക്കാർ കാണിച്ചായിരുന്നെങ്കിലോ?

പയ്യൻ കബളിപ്പിച്ചു എന്ന് പറഞ്ഞ് മൂപ്പൻ ചെറുക്കൻ വീട്ടുകാരെ വെല്ലു വിളിച്ചേക്കാം -

ഇംഗ്ളീഷു പുസ്തകം കൊടുത്ത് ചെറുക്കനെ നാണം കെടുത്തി എന്ന് അവന്റെ വീട്ടുകാർ പ്രത്യാരോപണം നടത്തിയേക്കാം -

ഓരോന്ന് പറഞ്ഞ് രണ്ടു കൂട്ടരും തമ്മിൽ തല്ലു പിടിച്ചേക്കാം - മൂപ്പന്റെ  നിഗളം കണ്ടിട്ട്, തമ്പ്രാട്ടി മനഃപൂർവ്വം  ഇംഗ്ളീഷ് പുസ്തകം കൊടുത്തതാ എന്ന് ആരെങ്കിലും അതിനിടയിൽ പറഞ്ഞേക്കാം -

എന്നാൽ അതൊന്നു ചോദിച്ചിട്ടേ ഉള്ളു എന്നു പറഞ്ഞ് മാളിക വീട്ടിലേക്ക് എല്ലാരും കൂടി ഒരു ജാഥ നടത്തിയേക്കാം -

പിന്നെ സമരം, കല്ലേറ്, ലാത്തിച്ചാർജ്ജ്, വെടി ............
എന്തെല്ലാം പുകിലായേനേ....

ഇന്ന് കാലം ഒരുപാട് മാറിയിരിക്കുന്നു. ജന്മിയും, കുടിയാനും ഒക്കെ കഴിഞ്ഞ കഥകൾ. സാക്ഷരത പലയിടത്തും ഇന്നു നൂറു ശതമാനം. പക്ഷേ, എന്തൊക്കെ മാറിയാലും ശരി മനുഷ്യന്റെ, അഹങ്കാരം, നിഗളം, പൊങ്ങച്ചം തുടങ്ങിയ സ്വഭാവങ്ങൾ മാറില്ല. കാണിക്കുന്ന രീതികളും, വേദികളും മാത്രമേ മാറുന്നുള്ളൂ, സ്വഭാവം നിലനിൽക്കും.

മക്കളുടെ നേട്ടങ്ങൾ മാതാപിതാക്കൾക്ക് തീർച്ചയായും അഭിമാനകരമാണ്. ആ മക്കളോടും, മാതാപിതാക്കളോടും മറ്റുള്ളവർക്ക് ആദരവും, ബഹുമാനവും തോന്നും. എന്നാൽ മക്കൾ കൊമ്പത്താണ് എന്നു പറഞ്ഞ് അഹങ്കരിക്കുകയും, മറ്റുള്ളവരോട് അപമര്യാദ ആയി പെരുമാറുകയും ചെയ്യുന്നവരെ കാണാനും എനിക്ക് ഇടയായിട്ടുണ്ട്.

പെണ്ണിന്റെയോ ചെക്കന്റെയോ ഗുണഗണങ്ങൾ വിളിച്ചു പറഞ്ഞ് അഹങ്കാരമോ, നെഗളമോ, പൊങ്ങച്ചമോ കാട്ടുന്ന മാതാപിതാക്കൾ, മക്കളുടെ കയ്യിലേക്ക് അവർക്ക് വായിക്കാൻ സാധിക്കാത്ത പുസ്തകമായിരിക്കും ചിലപ്പോൾ അവരറിയാതെ വെച്ചു കൊടുക്കുന്നത് എന്ന് ഓർമ്മിപ്പിക്കാനാണ് ഈ കഥ.

പ്രിയപ്പെട്ടവരേ, എനിക്ക് കിട്ടിയ അനുഭവത്തിന്റെ  വെളിച്ചത്തിൽ ഞാനപേക്ഷിക്കുകയാണ്, കല്യാണത്തിനോടും, കല്യാണക്കാര്യത്തിനോടും ചേർത്ത് നമ്പരുകൾ കാണിച്ച് ചമ്മാനും ചമ്മിക്കാനും ഇടയാക്കരുതേ. മറ്റുള്ളവർക്ക് ബഹുമാനം കൊടുത്തെങ്കിലേ, അവർ തിരിച്ചും ബഹുമാനിക്കുകയുള്ളു.

Do not play Games or Gimmicks, Treat Every Proposal with Reverence. Let this be your New Year Resolution.

What is Profile ID?
CHAT WITH US !
+91 9747493248