Back to articles

Yes, I Pissed in My Pants !

June 16, 2017

സ്വന്തം പ്രവർത്തിദോഷം കൊണ്ട്, ഭാര്യയുടെയും മക്കളുടെയും പരിഹാസ പാത്രമായി വിഷമിച്ച ഒരാളോട് പറഞ്ഞ ഒരു കഥയാണിത്.

ഇൻഡ്യൻ എയർഫോഴ്സിന്റെ എ. എൻ - 32 ചരക്കു വിമാനം, വിദേശത്തെ യുദ്ധഭൂമിയിൽ നിന്നും ഇന്ത്യൻ സമാധാന സേനയിലെ പട്ടാളക്കാരെ കയറ്റി, ഇന്ത്യയുടെ തെക്കേ അറ്റത്തെത്തിച്ച്, അവിടെ നിന്നും ഒരു വി.ഐ.പിയെ കയറ്റി, ഡൽഹിയിലേക്ക്  പോകുന്ന ഒരു കൊറിയർ ഫ്ളൈറ്റിൽ, ഗ്രൌണ്ട് ക്രൂ ഡ്യൂട്ടിയിൽ ആണ് ഞാൻ. യുദ്ധകാലത്തിനു തുല്യമായ ആക്ടീവ് സർവ്വീസ് ആണ് ഈ ഡ്യൂട്ടി. ചരക്കു വിമാനത്തിൽ ബെഞ്ച് സീറ്റുകളാണുള്ളത്. താല്ക്കാലികമായി ഒരു പുഷ് ബാക്ക് സീറ്റ്  സ്ട്രാപ്പ് ചെയ്ത് പിടിപ്പിച്ച് വി.ഐ.പിക്ക് ഇരിപ്പിടം ഒരുക്കിയപ്പോഴേക്ക് വി.ഐ.പി എത്തി. ഒരു എയർ മാർഷലാണ് വി.ഐ.പി. ആദ്യമായിട്ടാണ് ഒരു എയർ മാർഷലിനെ ഞാൻ നേരിട്ട് അടുത്തു കാണുന്നത്. പട്ടാളത്തിൽ മേലുദ്ദ്യോഗസ്ഥന്റെ റാങ്ക് ഉയരും തോറും, അദ്ദേഹത്തോടുള്ള കീഴുദ്യോഗസ്ഥരുടെ ഭയ ഭക്തി ബഹുമാനം കൂടിക്കൊണ്ടിരിക്കും.

ക്യാപ്റ്റനും, കോപൈലറ്റും, നാവിഗേറ്ററും, ഫ്ളൈറ്റ് എൻജിനീയറും, ഗ്രൌണ്ട് ക്രൂ ആയി ഞാനും, ജാഷ് എന്ന് പേരുള്ള മറ്റൊരു ഗ്രൌണ്ട് ക്രൂവും ചേരുന്ന വിമാനത്തിലെ ആറു ജോലിക്കാരും വരിയായി നിന്ന് സല്യൂട്ട് ചെയ്ത് വി.ഐ.പിയെ സ്വീകരിച്ചു. അപ്പോഴേക്കും മറ്റൊരു വണ്ടിയിൽ അദ്ദേഹത്തിന്റെ ലഗ്ഗേജു വന്നു, അത് വിമാനത്തിൽ കയറ്റി മറ്റു ചരക്കുകളോടൊപ്പം എല്ലാം കൂടി സ്ട്രാപ്പ് ചെയ്ത് ഭദ്രമാക്കി. ഇല്ലെങ്കിൽ ടേക്കോഫ്, ലാൻഡിംഗ് സമയത്ത് വിമാനത്തിൽ പെട്ടികൾ ഓടിക്കളിക്കും. അതപകടം ഉണ്ടാക്കും.

ടേക്ക് ഓഫ് ചെയ്ത് രണ്ടു മണിക്കൂർ പറന്ന ശേഷം,  ഇന്ധനം നിറക്കുന്നതിനായി ഒരു എയർഫോഴ്സ് സ്റ്റേഷനിൽ ഇറങ്ങി. ഇന്ധനം നിറച്ച് ഒരു മണിക്കൂറിനുശേഷം അവിടെ നിന്നും വീണ്ടും പുറപ്പെട്ടു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ക്യാപ്റ്റൻ അതാ കോക്പിറ്റിൽ നിന്നും തൊപ്പിയും വെച്ച് വിമാനത്തിന്റെ പിൻഭാഗത്ത് എയർ മാർഷൽ ഇരിക്കുന്നിടത്തേക്കു വരുന്നു. ക്യാപ്റ്റൻ വന്ന് സല്യൂട്ട് ചെയ്ത്, എയർ മാർഷലിന്റെ ചെവിയിൽ എന്തോ പറഞ്ഞു. അദ്ദേഹത്തിന്റെ മുഖഭാവം പെട്ടെന്ന് മാറി. രണ്ടു പേരും കൂടി, ത്സടുതിയിൽ നേരേ കോക് പിറ്റിലേക്ക് പോയി.

അപ്പോൾ നാവിഗേറ്റർ പുറത്തു വന്ന് എന്നെയും ജാഷിനെയും അടുത്ത് വിളിച്ച് പറഞ്ഞു, വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ട് എന്ന് കൺട്രോൾ ടവ്വറിൽ  അജ്ഞാത സന്ദേശം ലഭിച്ചിരിക്കുന്നു. സംശയാസ്പദമായ എന്തെങ്കിലും ലഗേജ് വിമാനത്തിലുണ്ടോ എന്ന് ശാന്തമായി പരിശോധിക്കുക. എന്തെങ്കിലും കണ്ടെത്തിയാൽ, തൊടരുത്, ലാൻഡ്  ചെയ്ത ശേഷം മാത്രം അത് കൈകാര്യം ചെയ്യാം.

ഞങ്ങൾ ലഗേജ് മുഴുവനും എണ്ണം നോക്കി തിട്ടപ്പെടുത്തി, ഉടമസ്ഥർ ആരെന്നറിയാത്ത ഒന്നും വിമാനത്തിലില്ല. എന്തെങ്കിലും ഒളിപ്പിച്ചു വെക്കാൻ സാദ്ധ്യത ഉള്ള പാനലുകളുടെ സീൽ പരിശോധിച്ചു, എല്ലാം ഭദ്രമായിരിക്കുന്നു. അപ്പോൾ ജാഷ് പറഞ്ഞു, ഇനി സാദ്ധ്യത ഉള്ളത്, ഇന്ധനം  നിറക്കാൻ തുറക്കുന്ന പാനലുകളാണ്, അത് വിമാനത്തിന്റെ പുറത്ത്, ചിറകുകൾക്കിടയിൽ ഇരു വശത്തെയും ചക്രങ്ങൾ പിടിപ്പിച്ചിരിക്കുന്ന വീൽ ബേയിലാണ്. അവിടെ ഇന്ധനം നിറക്കുന്ന സമയം മുഴുവൻ ഞാൻ ഉണ്ടായിരുന്നു. ആരും ഒന്നും അവിടെ വെച്ചിട്ടില്ല. അഥവാ ഉണ്ടെങ്കിൽ, ഇപ്പോൾ നമ്മൾക്കൊന്നും ചെയ്യാനില്ല, ലാൻഡ് ചെയ്യുമ്പോൾ പൊട്ടിക്കൊള്ളും.

ജോർജ്ജേ, എന്റെ ഭാര്യ ഗർഭിണിയാണ്, രണ്ട് മാസം കൂടി കഴിഞ്ഞിട്ട് ആയിരുന്നേൽ എന്റെ കൊച്ചിന്റെ മുഖം കൂടി കാണാമായിരുന്നു. എന്നിട്ട് അവനൊരു ഉണങ്ങിയ ചിരി ചിരിച്ചു. മരണം മുന്നിൽ വരുമ്പോൾ എല്ലാവരും ആദ്യം ചിന്തിക്കുന്നത് അവനവന്റെ പങ്കാളിയെയും മക്കളെയും കുറിച്ച് തന്നെ.
 
അപ്പോഴേക്കും എയർ മാർഷൽ കോക് പിറ്റിൽ നിന്നും പുറത്തു വന്ന്, സീറ്റിലിരുന്നു. ഞാൻ ധൈര്യം സംഭരിച്ച് അദ്ദേഹത്തിന്റെ അടുത്ത് ചെന്നു പറഞ്ഞു, സാർ, ഇന്ധനം നിറക്കാൻ ലാൻഡ് ചെയ്ത സമയം മുഴുവനും ഞാൻ വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നു, ജാഷ്, വീൽ ബേയിലും ഉണ്ടായിരുന്നു, ആ സമയത്ത് ഈ വിമാനത്തിൽ ആരും ഒന്നും വെച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം എന്നെ നോക്കി ചിരിച്ചു, എന്നിട്ട് എന്റെ യൂണിഫോമിൽ നെയിം ബോർഡ് നോക്കി പേരു വിളിച്ചു, ജോർജ്ജ്, നിന്റെ യൂണിഫോം നന്നായിരിക്കുന്നു.

പ്രതീക്ഷിക്കാത്ത ഒരു കോംപ്ളിമെന്റ് കേട്ടപ്പോഴേ തോന്നി, എനിക്ക് എന്തോ ഒരു മുട്ടൻ പണി കിട്ടാൻ പോകുന്നു എന്ന്. ഞാൻ ഏതായാലും, ഉത്സാഹത്തോടെ പറഞ്ഞു, താങ്ക് യൂ സർ.

ജോർജ്ജ്, എന്റെ ലഗേജിൽ ഒരു ഐസ് ബോക്സ് ഉണ്ട്, അത് എനിക്ക് ഒരാൾ ഗിഫ്റ്റ് തന്നതാണ്, അതിൽ പച്ചമീൻ ആണെന്നാണ് അയാൾ പറഞ്ഞത്, ഞാൻ തുറന്ന് നോക്കിയിട്ടില്ല. തന്ന ആളിനെ അറിയാമെങ്കിലും, അത് എത്തിച്ചു തന്നത് ജോലിക്കാരാണ്, അതിനാൽ സംശയിക്കത്തക്കതായി ആ  ഒരു പെട്ടി ഉണ്ട്. റിഫ്യുവലിംഗിന് ലാൻഡ് ചെയ്തിട്ടും പൊട്ടാത്തതിനാൽ അത്രക്ക് ഭയപ്പെടാനില്ല. നമ്മൾ ഇപ്പോൾ അടുത്ത എയർഫോഴ്സ് ബേസിൽ ലാൻഡ് ചെയ്യുകയാണ്, ബോംബ് ഡിസ്പോസൽ സ്ക്വാഡ് അവിടെ എത്തിച്ചേരും. ലാൻഡ് ചെയ്താലുടൻ ഈ ഐസ് ബോക്സ് വിമാനത്തിൽ നിന്നും ദൂരെ മാറ്റി പരിശോധിപ്പിക്കണം.

യെസ് സർ എന്നു പറഞ്ഞു  ഞാൻ നേരേ ജാഷിന്റെ അടുത്തു ചെന്നു, ജാഷ് നിന്റെ ഭാര്യക്കും എന്റെ ഭാര്യക്കും ലോട്ടറി അടിച്ചു. നമ്മളിപ്പോൾ നമ്മുടെ ബേസിൽ ലാൻഡ് ചെയ്യും. പൊട്ടിത്തെറി ഒന്നും ഉണ്ടായില്ലെങ്കിൽ, റൺവേയുടെ അറ്റത്ത് ഏതെങ്കിലും സുരക്ഷിത മൂലയ്ക്ക് വിമാനം കൊണ്ടെ നിർത്തും, കാർഗോ ഡോർ തുറന്നാലുടൻ, നമ്മൾ രണ്ടു പേരും കൂടി ആ കാണുന്ന ഐസുപെട്ടി  എടുത്തു കൊണ്ട് ഓടും, ഏതെങ്കിലും ട്രെഞ്ചിനുള്ളിൽ അല്ലെങ്കിൽ മൺകൂനക്ക് പുറകിൽ ഈ പെട്ടി കൊണ്ടു വെക്കണം. ബോംബ് സ്ക്വാഡ് വന്ന് ബാക്കി നോക്കിക്കൊള്ളും. ആർ യൂ റെഡി?

ജാഷ് പറഞ്ഞു, ഒന്നുകിൽ ഇപ്പോൾ മരിക്കാം, അല്ലെങ്കിൽ കുറെ വർഷങ്ങൾ കഴിയുമ്പോൾ മരിക്കാം. ഇപ്പോൾ മരിച്ചാൽ വീര സ്വർഗ്ഗം കിട്ടും, ഭാവിയിൽ മരിച്ചാൽ എന്തു കിട്ടുമെന്ന് അറിയില്ല്ലല്ലോ?, സോ ഐ ആം റെഡി.

വിമാനം ലാൻഡു ചെയ്യാനുള്ള ഇറക്കം ആരംഭിച്ചു, ഞങ്ങൾ ജനലിൽ കൂടി പുറത്തേക്കു നോക്കി ആകാശവും, ഭൂമിയും എല്ലാം അവസാനം എന്ന പോലെ, ഒരു വട്ടം കൂടി കണ്ടു. ദൂരെ റൺവേ കാണാറായി, ടച്ച്  ഡൌണിന്റെയും, ഒരു പക്ഷേ ഒരു പൊട്ടിത്തെറിയുടെയും ആഘാതം പ്രതീക്ഷിച്ച്, സീറ്റിൽ ഇറുക്കി പിടിച്ച് ഇരുന്നു. ഏറ്റവും സ്മൂത്ത് ആയ ഒരു ലാൻഡിംഗ്. വിമാനം നിർത്തി കാർഗോ ഡോർ തുറന്നതും, ഞങ്ങൾ കാംമ്പാ കോളായുടെ ആ ഐസ് പെട്ടി എടുത്ത് പുറത്തേക്ക് നടന്നു, പിന്നെ ഒറ്റ ഓട്ടമായിരുന്നു. പെട്ടി ലോഹനിർമ്മിതം ആണ്, നല്ല ഭാരമുണ്ട്, ഓടിക്കൊണ്ടിരിക്കെ കാലുകൾ കുഴയുന്ന പോലെ തോന്നി, ജാഷേ, താഴെ വീണാൽ നമ്മളും അതിന്റെ പുറത്തേക്ക് വീഴണം. അവൻ സമ്മതിച്ചു. പത്തമ്പതു മീറ്റർ കൂടി ഓടി പിന്നെ കാലുകൾ ഒട്ടും നീങ്ങുന്നില്ല, പെട്ടിതാഴെ വീണു, വൺ ടൂ ത്രീ പറഞ്ഞ് രണ്ടുപേരും കൂടി അതിന്റെ മുകളിലേക്ക് കിടന്നു, കണ്ണുകളടച്ചു മരണത്തെ വരവേറ്റു. നെഞ്ച് പൊള്ളുന്നതു പോലെ തോന്നി ആദ്യം, അതു കഴിഞ്ഞപ്പോൾ തണുപ്പ് അരിച്ച് കയറുന്ന പോലെ, എന്റെ ശരീരം മൊത്തം ഒന്നു പിടഞ്ഞു, ഇതാണല്ലേ മരണം?

ജോർജ്ജ് എന്ന വിളികേട്ട് ഞാൻ കണ്ണു തുറന്നു, ഐസ് പെട്ടി തുറന്ന് കിടക്കുന്നു, ഐസ് കഷണങ്ങളും, വെളുത്ത ആവോലി മീനുകളും പുറത്ത് ചിതറിക്കിടക്കുന്നു. അതിലൊരു ഐസുകട്ട എന്റെ നെഞ്ചത്ത് അമർന്നതാണ് നെഞ്ചു പൊള്ളിച്ചതും തണുപ്പിച്ചതും. തൊട്ടടുത്ത്  ജാഷ് കിടക്കുന്നു, അവന്റെ പാന്റ് നനഞ്ഞിട്ടുണ്ട്, ഒരൈസു കട്ട എടുത്ത് എന്റെ പാന്റിനിടയിൽ തിരുകി ഞാൻ  പറഞ്ഞു, ജാഷേ ഐ പിസ്സ് ഡ് ഇൻ മൈ പാന്റ്സ്. പൊട്ടിച്ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു, മീ ടൂ.

ഐസുപെട്ടി വിദഗ്ദ പരിശോധനക്ക് വേണ്ടി അവിടെ ഇട്ട്, ഞങ്ങൾ വിമാനത്തിലേക്ക് തിരിച്ചു നടന്നു വന്നു. അവിടെ ബേസിൽ നിന്നുള്ള കുറെ ഉദ്യോഗസ്ഥർ വന്നു കൂടിയിട്ടുണ്ട്. അതിലൊരു മേലുദ്യോഗസ്ഥന് എന്റെ നനഞ്ഞ പാന്റ്സ് കണ്ട് ചിരിപൊട്ടി, അദ്ദേഹം ഉച്ചത്തിൽ ചോദിച്ചു,

Hey George, you are wet all over!
Did you piss in your Pants?

ഞാൻ പെട്ടെന്ന് അറ്റൻഷനിൽ നിന്നു മറുപടി പറഞ്ഞു,
Sir, I dont know about your status, but my status is , I am on active service, and carrying out a direct order from the Air Marshal. I need to report back to him, and I am not ashamed,
"Yes, I Pissed in my Pants"
ആ മേലുദ്യോഗസ്ഥൻ പെട്ടെന്ന് അറ്റൻഷനിൽ നിന്നു നെഞ്ചു വിരിച്ച് അഭിമാനപൂർവ്വം എന്നെ നോക്കി തലയാട്ടി.....

ഒരു നാണക്കേടിന്റെ നിമിഷം, ഉചിതമായ പ്രതികരണം മൂലം, ജീവിതത്തിലെ ഏറ്റവും അഭിമാനം തോന്നിയ നിമിഷമായി മാറിയില്ലേ?.

സംഭവിച്ചത്  എന്തായാലും അത് ഒളിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് നാണക്കേട് ആകുന്നത്.

അത് സ്വയം അംഗീകരിക്കുകയും ഏറ്റു പറയാൻ ധൈര്യം കാണിക്കുകയും ആണ് ചെയ്യേണ്ടത്.

പ്രിയപ്പെട്ടവരേ, ഉചിതമായ സമയത്ത്, ഉചിതമായി പ്രവർത്തിക്കാനും പ്രതികരിക്കാനും, തമ്പുരാൻ നമ്മൾ ഏവരേയും തുണക്കട്ടെ.

George Kadankavil  - May 2017

What is Profile ID?
CHAT WITH US !
+91 9747493248