Back to articles

സുന്ദരിയും പ്രിയംകരിയും !

June 09, 2018

ഇരുപത്തി അഞ്ചാമത്തെ പയ്യനാ ഇന്നലെ മകളെ കാണാൻ വന്നത്. അതും നടക്കില്ല  എന്ന് വിവരം കിട്ടി. മകള് നല്ല സുന്ദരിയാണ്, നല്ല ജോലിയും പ്രൊഫഷണൽ വിദ്യാഭ്യാസവും ഉണ്ട്. നല്ലസ്വത്തും, സൽപ്പേരുമുള്ള കുടുംബവും മാതാപിതാക്കളും, എന്നിട്ടും എന്തേ സാറേ, കല്യാണം ഒന്നും ശരിയാകാത്തത്? ഒരമ്മയുടെ സങ്കടം പറച്ചിലാണിത്.

നടക്കില്ല എന്നു പറഞ്ഞല്ലോ, ആരാണ് അത് പറയുന്നത്? മകളാണോ, അതോ കാണാൻ വന്ന പയ്യനോ?

മിക്കതും മോളൂ തന്നെയാണ് വേണ്ടെന്നു വെച്ചത്. ആദ്യം വന്ന ആളെ മോൾക്ക് ശരിക്കും താൽപര്യം ആയിരുന്നു. അവർ ഒരുപാട് സംസാരിക്കുകയും ചെയ്തതാണ്. പക്ഷെ ഒരു തീരുമാനം പറയാൻ അവൾക്ക് കുറച്ചുകൂടി സമയം വേണം എന്ന് ആ പയ്യനോടു പറഞ്ഞു. അങ്ങിനെ വെച്ചു താമസിപ്പിക്കാൻ അവർക്ക് ബുദ്ധിമുട്ടാണ് എന്നു പറഞ്ഞ് അത് മാറിപ്പോയി.

അത് അവളുടെ പുരുഷൻ  അല്ലായിരുന്നു, അവൾക്ക് വിശകലനം ചെയ്യാൻ കിട്ടിയ ഒരു സാമ്പിൾ മാത്രം  ആയിരുന്നു, അതുകൊണ്ടാ മാറിപ്പോയത്, അങ്ങിനെ വിചാരിച്ചാൽ മതി. അതുപോട്ടെ, വേറെയും ആലോചനകൾ വരുന്നില്ലേ?

ഉവ്വ് ധാരാളം, എല്ലാ ദിവസവും പ്രൊപ്പോസലുകൾ വരുന്നുണ്ട്. അതിൽ മകൾ താല്പര്യം പറയുന്നത് അപ്പച്ചൻ വിളിച്ച് സംസാരിച്ച്, കുടുംബം കൊള്ളാമെന്നു തോന്നുന്ന പയ്യന്മാരേ, ഇവിടെ വന്നു പെണ്ണിനെ കാണാനും വിളിക്കുന്നുണ്ട്. മിക്കതും അവൾക്ക്  ഇഷ്ടപ്പെട്ടില്ല. ബാക്കി ഇഷ്ടക്കേട് ഇല്ല എന്നേയുള്ളു, പക്ഷേ ഇഷ്ടമായി എന്ന്  അവൾ പറയുന്നില്ല. ഞങ്ങളുടെ കല്യാണാലോചന രീതിക്ക് എന്തെങ്കിലും അപാകത ഉള്ളതുകൊണ്ടാണോ ഇങ്ങിനെ? എന്നറിയാനാ സാറിനെ വിളിച്ചത്. ഇവളെ കാണാൻ വന്ന ആരെങ്കിലും സാറിനോട്  ഇവളെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ?

പെങ്ങളെ ഞാൻ വേറൊന്നു ചോദിച്ചോട്ടെ? സുന്ദരിയും പ്രിയംകരിയും തമ്മിൽ എന്താ വ്യത്യാസം എന്നറിയാമോ?

കാണാൻ ഭംഗിയുള്ള പെണ്ണിനെ സുന്ദരി എന്നു പറയും, പ്രിയം തോന്നുന്ന പെണ്ണിനെ പ്രിയംകരി എന്നും പറയും, ശരിയാണോ?

അതെ, പെങ്ങളു പറഞ്ഞത് ശരിയാണ്. ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ, മനോഭാവം, നോട്ടം, വാക്ക്, പ്രവർത്തി ഇവയിലൂടെ തനിക്ക് പ്രിയപ്പെട്ടതു ചെയ്യാൻ താല്പര്യം കാണിക്കുന്ന ആളാണ്, പ്രിയംകരി അഥവാ പ്രിയംകരൻ ആയിത്തീരുന്നത്.

മകൾക്ക് ഇഷ്ടപ്പെട്ടതായിരുന്നു  എന്നു പറഞ്ഞ പ്രൊപ്പോസലിലെ പുരുഷന് അവൾ സുന്ദരി ആണെന്നു മാത്രമേ തോന്നിയുള്ളു പ്രിയംകരി ആണെന്ന് തോന്നിയില്ല. അതുപോലെ തിരിച്ചും,  അവൾ കണ്ട പുരുഷനെ സുന്ദരൻ, യോഗ്യൻ, മിടുക്കൻ എന്നൊക്കെ അവൾക്ക് തോന്നിയിരിക്കാമെങ്കിലും, പ്രിയംകരൻ എന്ന് അവൾക്ക് തോന്നിയില്ല. അതുകൊണ്ട് ആണ് അത് ഇഷ്ടപ്പെടൽ ആയി വിവാഹം എന്ന തീരുമാനത്തിൽ  എത്താതെ പോയത്.

ഒരുപാട് പെണ്ണു കാണലുകളുടെ വിവരണവും, തീരുമാനമെടുക്കുന്നതിലെ പരിഗണനകളും അടിയൊഴുക്കുകളും ഒക്കെ അറിയാൻ, കഴിഞ്ഞ ഇരുപത്തിരണ്ട് വർഷം കൊണ്ട്, എനിക്ക് ധാരാളം അവസരം ലഭിച്ചിട്ടുണ്ട്.

വരുന്ന ആലോചനകളിൽ ഭൂരുഭാഗവും പെണ്ണു കാണൽ വരെ എത്താറില്ല. പയ്യനെ കുറിച്ച് പ്രഥമദൃഷ്ട്യാ താല്പര്യം തോന്നിയെങ്കിലേ പെണ്ണു കാണാൻ ക്ഷണിക്കാറുള്ളു. അങ്ങിനെ നടക്കുന്ന പെണ്ണുകാണലുകളിൽ ഭൂരിഭാഗവും, വിവാഹത്തിലും എത്താറില്ല. അതു വിശകലനം ചെയ്താൽ മനസ്സിലാകുന്നത്, കാഴ്ചയിൽ തന്നെ പെണ്ണിനെയോ, ആണിനെയോ, കൂടെ വന്ന വരെയോ, വീട്ടുകാരേയോ, വീടോ, ചുറ്റുപാടോ, സാമ്പത്തികമോ ഇഷ്ടപ്പെടാതെ പോകുന്ന സാഹചര്യമാണ് ഏറ്റവും കൂടുതൽ എന്ന്.

കാഴ്ചയിൽ എല്ലാം ഇഷ്ടപ്പെട്ടെങ്കിലും, ഇടപെടലിൽ ഇഷ്ടപ്പെടാതെ ഉപേക്ഷിക്കപ്പെടുന്ന പെണ്ണുകാണലുകളാണ് രണ്ടാം സ്ഥാനത്ത്. പ്രിയങ്കരനോ, പ്രിയങ്കരിയോ ആകാൻ സാധിക്കുന്നില്ല.  എന്നു മാത്രമല്ല, ചിലപ്പോൾ അപ്രിയം ഉളവാക്കുകയും കൂടി ചെയ്യുന്ന പെണ്ണുകാണലുകൾ! വിവാഹ അന്വേഷണത്തിലെ മനപ്രയാസങ്ങളിൽ ഭൂരിപക്ഷവും ഈ 'അപ്രിയ' അനുഭവങ്ങൾ മൂലമാണ്.

സൃഷ്ടാവിന്റെ പദ്ധതി അനുസരിച്ചേ വിവാഹം നടക്കുകയുള്ളൂ  എന്നാണ് പക്വതയുള്ള പഴമക്കാർ പറഞ്ഞു കേട്ടിരിക്കുന്നത്. ഒന്നു നടന്നില്ലെങ്കിൽ അടുത്തത് നോക്കണം, വിവാഹം നടക്കുന്നത് വരെ, അത്രേയുള്ളൂ. പക്ഷേ മനപ്രയാസങ്ങൾ ഒഴിവാക്കുന്നത് നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യമാണ്. അതിന് അപ്രിയങ്ങൾ സൃഷ്ടിക്കുന്ന പെരുമാറ്റവും സംഭാഷണവും ഒഴിവാക്കിയാൽ മതി.

അപ്രിയം സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ പലർക്കും പങ്കാളിയെ കുറിച്ച് ഓരോതരം നിബന്ധനകൾ ഉണ്ടാകാറുണ്ട്. ഉദാ. വിവാഹം കഴിഞ്ഞാലും എനിക്ക് ജോലി തുടരണം എന്ന് പെണ്ണ്, വിവാഹശേഷം ജോലി പാടില്ല എന്നോ, ഭർത്താവിന്റെ വീട്ടിൽ നിന്നു പോകാവുന്ന ജോലി മാത്രമേ പാടുള്ളു എന്നോ പയ്യൻ. വിദേശത്തു പോകണം, പോകണ്ട. വിവാഹശേഷം തനിച്ചു താമസിക്കണം, തറവാട്ടിൽ താമസിക്കണം. വിവാഹം കഴിഞ്ഞാലും വീട്ടുകാരെ സാമ്പത്തികമായി സഹായിക്കണം എന്നു പെണ്ണ്, അതു പറ്റില്ലെന്ന് പയ്യൻ.

പ്രിയംകരനും പ്രിയംകരിയും ആയശേഷം, വിവാഹത്തിനു മുമ്പു തന്നെ സംസാരിച്ച് തീരുമാനിക്കാവുന്ന വിഷയങ്ങൾ, ആദ്യമായി കാണുമ്പോൾ തന്നെ ഓരോ നിബന്ധനകൾ വെച്ച് നിർബന്ധിച്ചാൽ അപ്രിയം ഉറപ്പല്ലേ?

സംഭാഷണത്തിൽ  എന്റെ,  എന്റെ, എന്റെ എന്ന് സ്വന്തം ഇഷ്ടങ്ങളെ കുറിച്ച് മാത്രം പറഞ്ഞ് വെറുപ്പിക്കുന്ന സ്വഭാവം ചിലർക്കുണ്ട്. ഒരാൾ പറഞ്ഞത് വിശ്വാസം വരാതെ നേരിട്ടോ, വളച്ചു കെട്ടിയോ, സംശയധ്വനിയിൽ ചോദ്യം ചെയ്യുന്ന കുറ്റാന്വേഷണ രീതി, അപ്രിയമല്ലാതെ മറ്റെന്താണ് ഉളവാക്കുക?

സംഭാഷണത്തിൽ അറിഞ്ഞോ അറിയാതെയോ വരുന്ന പരിഹാസ ധ്വനികൾ പ്രത്യേകം ശ്രദ്ധിക്കണം. പണ്ട് നടന്ന ഒരു സംഭവം പറയാം. നല്ല രസികനും വായാടിയും ആയ ഒരു പയ്യൻ പെണ്ണു കാണാൻ പോയി. ചെക്കന് പെണ്ണിനെ ശരിക്കും ഇഷ്ടപ്പെട്ടു, അവൾക്കു തിരിച്ചും.  എന്തോ മുജ്ജന്മ പരിചയം പോലെ സ്വാതന്ത്ര്യം തോന്നി പയ്യൻ അവളോടു ചോദിച്ചു, നിനക്കിത്തിരി കോങ്കണ്ണുണ്ട് അല്ലേ?

പക്ഷേ, പെണ്ണിനത് പരിഹാസമായി തോന്നി ആലോചന മുടങ്ങി, ഏതാനും മാസം കഴിഞ്ഞിട്ടും അവളെ മറക്കാൻ പറ്റാതെ, അവരെ അനുനയിപ്പിക്കാൻ  എന്റെ സഹായം തേടി ആ പയ്യൻ വന്നു. ഞാനവളുടെ വീട്ടിൽ വിളിച്ചു സംസാരിച്ചു. അവളുടെ വിവാഹം കഴിഞ്ഞിരിക്കുന്നു. അവളെ കെട്ടിയ പയ്യൻ അവളോടു പറഞ്ഞത്, പണ്ടത്തെ വാൽവ് റേഡിയോയുടെ മാജിക് ഐ പോലെ മനോഹരം ആണ് അവളുടെ കണ്ണുകൾ എന്നത്രേ. ഒരാൾ അപ്രിയം സൃഷ്ടിച്ച അതേ കാര്യത്തിൽ മറ്റൊരാൾ പ്രിയം സൃഷ്ടിച്ചത് കണ്ടോ?

പ്രിയങ്കരിയും പ്രിയങ്കരനും ആകണമെങ്കിൽ, മറ്റേ ആൾക്ക് പ്രിയം തോന്നുന്ന പെരുമാറ്റം ഉണ്ടാകണം.  എന്തൊക്കെ ആണ് ആ പെരുമാറ്റങ്ങൾ?

ഇടപെടുന്ന ആളെക്കുറിച്ച് അറിഞ്ഞിടത്തോളം കാര്യങ്ങളിൽ മതിപ്പും ബഹുമാനവും ഉള്ളിൽ വേണം അത് പരോക്ഷമായെങ്കിലും മറ്റേ ആൾക്ക് മനസ്സിലാവുകയും വേണം.

 അയാൾക്ക് ഉണ്ടായ എന്തെങ്കിലും വിഷമങ്ങളെ കുറിച്ച് അറിവുണ്ടെങ്കിൽ അതേക്കുറിച്ച് സഹതാപം അല്ല സഹാനുഭൂതി ആണ് ഉണ്ടാവേണ്ടത്.

ചിലര് റേഡിയോ പോലെയാണ്. അങ്ങോട്ടു മാത്രമേ സംസാരിക്കൂ, ഇങ്ങോട്ട് ഒന്നും കേൾക്കില്ല. പ്രിയം തോന്നണമെങ്കിൽ, മൂളി മൂളി കേൾക്കുന്ന നല്ല ഒരു ശ്രോതാവ് കൂടി ആകണം. സംസാരിക്കാനും സംസാരിപ്പിക്കാനും മറ്റേ ആളെ പ്രോത്സാഹിപ്പിക്കണം. അത് ആത്മാർത്ഥമായി ഹൃദയപൂർവ്വം ചെയ്യണം.

ഒട്ടുമിക്ക പെണ്ണു കാണലും, കുറ്റങ്ങളും കുറവുകളും കണ്ടു പിടിക്കാനുള്ള ഇൻവെസ്റ്റിഗേഷൻ ആയിട്ടാണ് പലരും നടപ്പിലാക്കുന്നത്. അത് പെണ്ണുകാണലിനു മുമ്പോ ശേഷമോ ചെയ്യാം. പെണ്ണും ചെറുക്കനും കാണുന്നത് മറ്റേ ആളുടെ നല്ല ഗുണങ്ങളും ഹൃദയങ്ങളുടെ ഐക്യവും കണ്ടെത്താൻ വേണ്ടി ആയിരിക്കണം. അത് കണ്ടെത്തിയാൽ മനപ്രയാസങ്ങൾ ഒഴിവാക്കി പ്രിയംകരനും പ്രിയംകരിയും ആകാൻ ഇടയാകും. അപ്രിയത്തിന്റെ ''അ''  എപ്പോഴും ഹൃദയത്തിന്റെ കുപ്പിയിൽ ഇട്ട് അടച്ചു വെക്കണം.

വാൽകഷണം.- മത്തായി മദ്യപിച്ച് ബാക്കി വന്ന മദ്യ കുപ്പിയും കക്ഷത്തിൽ വെച്ച് ആടി ആടി പള്ളി മുറ്റത്തു കൂടി നടന്നു വരുന്നതു കണ്ട് വികാരിയച്ചൻ പറഞ്ഞു, മത്തായീ, നീ അമിതമായി മദ്യപിച്ചിരിക്കുന്നു !?

മത്തായി മറുപടി പറഞ്ഞു,  ഇല്ലച്ചോ ''അ'' ഇപ്പോഴും കുപ്പിക്കകത്താണ് !

 അമിതത്തിന്റെ ''അ'' ഇപ്പോഴും കുപ്പിയിലാണ്, മിതമായിട്ടേ കഴിച്ചിട്ടുള്ളു  എന്നു മത്തായി പറഞ്ഞ പോലെ ആയാൽ, അപ്രിയത്തിന്റെ ''അ'' അവിടെ തന്നെ കിടക്കും.

George Kadankavil - JUNE 2018

What is Profile ID?
CHAT WITH US !
+91 9747493248