Back to articles

രോഗിയായ വധുവിന് വരനെ ആവശ്യമുണ്ട്

May 01, 2003

നിങ്ങളെഴുതിയ എട്ടാമതൊരു കൂദാശ എന്ന ലേഖനം വായിച്ചു. കെട്ടിച്ചുവിടാൻ പറ്റാത്ത അവസ്ഥയിലുള്ള ഈ മകളുടെ കാര്യം പറയാനാ ഞാൻ വന്നത്. അറിയപ്പെടുന്നൊരു വ്യക്തിയാണ് ഞാൻ. എന്റെ മകൾക്ക് ജീവിതകാലം മുഴുവനും മരുന്നു കഴിച്ചുകൊണ്ടിരിക്കേണ്ട ഒരു രോഗം ബാധിച്ചിട്ട് കുറച്ച് വർഷമായി. മരുന്നു കഴിച്ചുകൊണ്ടിരുന്നാൽ മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ല.

ഇവൾക്ക് ഒരു കുടുംബജീവിതം  ഉണ്ടാകണം എന്നു ഞങ്ങൾക്കെല്ലാം  ആഗ്രഹം ഉണ്ട്. പക്ഷെ ഗർഭധാരണം അപകടം ആയേക്കും. ഇതു പറയാതെ വിവാഹം നടത്തിയാൽ അത് വഞ്ചന ആയിപ്പോകും. പറഞ്ഞാൽ വിവാഹത്തിന് ആരും തയ്യാറാകുകയുമില്ല. അവരു മറ്റുള്ളവരോടു പറഞ്ഞ് എല്ലാവരും അറിയും. അത് ഞങ്ങൾക്ക് മാനക്കേടുമാകും. ഭാര്യയും മക്കളുമല്ലാതെ വേറെ ആരും ഇതറിഞ്ഞിട്ടില്ല. ഞങ്ങളു തീ തിന്നുകാ സാറെ, എന്തു ചെയ്യണമെന്നറിയില്ല.

ഒരു വലിയ ഭാരം ഇറക്കിവെച്ചതുപോലെ, ആ പിതാവ് ഒരു ദീർഘശ്വാസം വിട്ടു. വിധിവാചകം കേൾക്കാനെന്ന പോലെ എന്റെ മുഖത്തു നോക്കിയിരിക്കുകയാണ് കാണാൻ നല്ല മിടുക്കിയായ ആ പെൺകുട്ടി.

മോളെ, രോഗാവസ്ഥയിലുള്ള നിന്റെ ഭാവിജീവിതത്തെക്കുറിച്ച് വ്യക്തമായ ധാരണകൾ ഇതുവരെ നിങ്ങൾ ഒരുമിച്ച് ആലോചിച്ചെടുത്തിട്ടില്ല. അതിന്റെ പ്രയാസങ്ങളാ ഡാഡി ഇവിടെ വിവരിച്ചത്. നാണക്കേടുണ്ടാക്കുന്ന ഒന്നും മോളും ചെയ്തിട്ടില്ല. അതുകൊണ്ട്, ആരെങ്കിലും അറിഞ്ഞാൽ മാനക്കേടാകും എന്ന വിചാരം മനസ്സിൽനിന്നും മായിച്ചു കളഞ്ഞേക്കുക. ഒരു need to know അടിസ്ഥാനത്തിൽ ആവശ്യമുള്ളവരെ മാത്രം, തക്ക സമയത്ത്, അറിയിക്കേണ്ടതായ ഒരു കാര്യമാണ് ഇത് എന്ന് ആദ്യം മനസ്സിലുറപ്പിക്കുക.

ഈ രോഗം പകരുന്നതോ, ശരീരത്തിന്റെ മറ്റു ശേഷികൾ ക്രമേണ നഷ്ടപ്പെടുത്തുന്നതോ, ലൈംഗിക ജീവിതത്തിന് തടസ്സമാകുന്നതോ ആണെങ്കിൽ വിവാഹത്തിന് ഒരുമ്പെടരുത്. വിവാഹം ചെയ്ത് ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിക്കുന്നതിനു പകരം, മോള് ഒരു ഡോക്ടറല്ലേ, അവിവാഹിതയായി, സഹ ജീവികൾക്കു വേണ്ടിയോ,  നിങ്ങളെപ്പോലുള്ള മറ്റു രോഗികൾക്കു വേണ്ടിയോ അവരുടെ കൂട്ടായ്മയിൽ ജീവിക്കാൻ ശ്രമിക്കുക. ഒരുപക്ഷെ എട്ടാമതൊരു കൂദാശയോ മറ്റെന്തങ്കിലും സംവിധാനമോ ഭാവിയിൽ ഉണ്ടായി വരാൻ നീയുമൊരു നിമിത്തമായേക്കാം.

മറ്റ് കുഴപ്പങ്ങൾ ഒന്നും ഇല്ലാത്ത സ്ഥിതിക്ക്, ഒരു വിവാഹ ബന്ധത്തിനു ശ്രമിച്ചുനോക്കാം. രോഗിയായ വധുവിന് രോഗമൊന്നുമില്ലാത്ത വരനെ ആവശ്യമുണ്ടെന്ന് പരസ്യം കൊടുത്താൽ ആരും പ്രതികരിക്കില്ല. പകരം ഇവളുടെ പഠിപ്പും, യോഗ്യതകളും, സൌന്ദര്യവും, കുടുംബ മഹിമയും പ്രകാരമുള്ള ആലോചനകൾ ക്ഷണിക്കുക. താൽപ്പര്യം കാണിക്കുന്നവര് വന്ന് പെണ്ണിനെ കാണട്ടെ. ഇവളെ ഇഷ്ടപ്പെടുന്ന ചെറുക്കനെ ഇവൾക്കും ഇഷ്ടപ്പെട്ടാൽ, അവനോട് ഇവളു തന്നെ പറയട്ടെ രോഗത്തിന്റെ കാര്യം.

കെട്ടാൻ പോകുന്ന ആൾക്കല്ലാതെ, മറ്റാർക്കും യെസ് എന്നു പറയാൻ അവകാശമില്ലാത്തതും, മറ്റുള്ളവർ എല്ലാം നോ എന്നു പറയുന്നതുമായ ഒരു കാര്യമാണിത്.

ഒരു രോഗിയെക്കെട്ടാൻ ആരും തയ്യാറാവില്ലായിരിക്കാം, എന്നാൽ പഠിപ്പും, പ്രസരിപ്പും, മുഖ ചൈതന്യവും, നല്ല പെരുമാറ്റവും ഉള്ള നിന്നെപ്പോലൊരു മിടുക്കി പെണ്ണിനെ, രോഗി ആണെങ്കിൽ കൂടി. കെട്ടാൻ ഒരു പുരുഷൻ തയ്യാറായേക്കും. വിവാഹത്തിനു തയ്യാറല്ല എന്നു കരുതി ഇതു നാട്ടിൽ പറഞ്ഞ്  പാട്ടാക്കാനൊന്നും അന്തസ്സുള്ള ആൺകുട്ടികൾ ശ്രമിക്കില്ല. അല്ലാത്തവരെ മനസ്സിലാക്കാനുള്ള വകതിരിവ് നിങ്ങൾക്കുണ്ടു താനും.

കാര്യം നേരത്തെ പറയാത്തതിന് അഥവാ ആരെങ്കിലും കുറ്റപ്പെടുത്തിയാൽ അത് എന്റെമേൽ ചുമത്തിക്കൊള്ളുക, കുറച്ച് ഭാരം ഞാനും വഹിക്കാം

(അതിനുകൂടി വേണ്ടിയാണ് ഇതു പ്രസിദ്ധീകരിക്കുന്നത്.)

നല്ല മിനക്കെട്ട പണിയാ അല്ലെമോളെ? പക്ഷെ ഒരുപരിശ്രമവും നടത്താതെ എഴുതിത്തള്ളാനുള്ളതല്ല നിന്റെ ജീവിതം. ഓരോ ഘട്ടവും കടന്നു കിട്ടുന്നതു വരെ ശ്രമിച്ചു കൊണ്ടേയിരിക്കണം. അതു കടന്നാൽപിന്നെ അടുത്തതിന് വേണ്ടി, നല്ലപ്രതീക്ഷയോടും ദൈവ വിചാരത്തോടും കൂടെ മോള് ശ്രമിച്ചു കൊണ്ടേയിരിക്കുക.

ഒരു രോഗിയെക്കാണിച്ച് ഈ മനുഷ്യൻ ഇങ്ങനെയായിത്തീർന്നത് ഇവന്റെ പാപം നിമിത്തമോ, അതോ ഇവന്റെ മാതാപിതാക്കളുടെ പാപം നിമിത്തമോ എന്ന ചോദ്യത്തിന്, ദൈവമഹത്വം വെളിപ്പെടേണ്ടതിനാണ്, എന്ന് യേശു പറഞ്ഞ വചനം വായിച്ചിട്ടില്ലേ.

മോള് പോയി എല്ലാ പ്രവർത്തിയിലും ദൈവത്തെ മഹത്വപ്പെടുത്തുക.

നിന്റെ രാജകുമാരൻ വരും ഒരിക്കൽ.

George Kadankavil - May 2003

What is Profile ID?
CHAT WITH US !
+91 9747493248