Back to articles

മിസ് ആഫ്രിക്ക?

November 01, 2004

''വലിയ പഠിപ്പും, ഒരുപാട് കഴിവുകളും ഉണ്ടായിട്ടെന്താ കാര്യം, എന്റെ മകള് തീരെ കറുത്തിട്ടാണ്, കറുത്തപെണ്ണിനെ കെട്ടാൻ ആർക്കും താല്പര്യം ഇല്ല. ഇത്തവണത്തെ ലീവും കഴിയാറായി. എന്തുപറഞ്ഞാ അവളെ  ഒന്നാശ്വസിപ്പിക്കേണ്ടത് എന്നറിയില്ല. കരച്ചിലിന്റെ വക്കോളമെത്തിയിരിക്കുകയാണ് ഒരു പിതാവ്.

മാഷേ, ഇതുപോലെ ഒരു പെൺകുട്ടിയെക്കുറിച്ച് ഞാൻ കേട്ടിട്ടുള്ള ഒരു സംഭവം പറയാം. സഹപാഠികൾ അവളെ മിസ് ആഫ്രിക്ക എന്നു വിളിച്ച് കമന്റടിക്കുമായിരുന്നു. ഇതിൽ വിഷമിച്ച് പഠനം നിർത്താൻ  ഒരുങ്ങിയപ്പോൾ, അവളുടെ അപ്പൻ അവളോടു പറഞ്ഞു. മോളെ, ആഫ്രിക്കയിലെ ഏറ്റവും സുന്ദരിയെ അല്ലെ അവർ മിസ്  ആഫ്രിക്ക ആക്കുന്നത്. എന്റെ മോള് ശരിക്കും സുന്ദരി ആണ്. അതുകൊണ്ടാണ് കൂട്ടുകാര് കമന്റടിക്കുന്നതും. ആ പെൺകുട്ടി പഠിപ്പു നിർത്തിയില്ല, കോളജിലെ ബെസ്റ്റ് ഓൾ റൌണ്ടർ ആയിത്തീരുകയും ചെയ്തു.

മാഷിന്റെ യഥാർത്ഥ പ്രശ്നം മകളുടെ വിവാഹം ശരിയായി വരുന്നില്ല എന്നതാണ്. നല്ല വെളുത്ത പെൺകുട്ടികൾക്കും ഓരോരോ കാരണങ്ങൾ കൊണ്ട് വിവാഹത്തിന് തടസ്സം നേരിടാറുണ്ട്. മകൾ കറുപ്പായതു കൊണ്ടാണ് വിവാഹം ശരിയാകാത്തത് എന്ന തോന്നൽ മനസ്സിൽ നിന്നും മാറ്റുക. കറുത്ത പെൺകുട്ടികളെല്ലാം കല്യാണം കഴിയാതെ നിന്ന് പോകുന്നില്ലല്ലോ. നമുക്ക് യഥാർത്ഥ പ്രശ്നത്തെക്കുറിച്ച് ചിന്തിച്ചുനോക്കാം.

ആണായാലും പെണ്ണായാലും കല്യാണമന്വേഷിക്കുമ്പോൾ ഒരു പ്രധാന ഘടകമായി തേടുന്നത്, നല്ല നിറവും നല്ല സൌന്ദര്യവും ആണ്. തൊലിവെളുപ്പിനോട് ഒരു പ്രത്യേക മമത പണ്ടുമുതലെ നമുക്കുണ്ട്. നല്ല നിറമുള്ള ആളിനോട് ഒറ്റനോട്ടത്തിൽ പെട്ടെന്ന് ഒരിഷ്ടം തോന്നാം. അത് ഒരു പ്ലസ് പോയന്റാണ് സംശയമില്ല. പക്ഷെ ഇത് സ്നേഹം അല്ല, പല ഘടകങ്ങളിൽ ഒന്നിനെ മാത്രം ആശ്രയിച്ചുള്ള ഒരു ആദ്യ ഇഷ്ടം മാത്രമാണ്.

ഇഷ്ടം, നിഷ്ഠയോടും, ശ്രദ്ധയോടും കൂടി ഹൃദയത്തിൽ നിന്നു പ്രകടിപ്പിക്കുകയും, അതേവിധം തിരികെ ലഭിക്കുകയും ചെയ്യുമ്പോഴാണ് ഇഷ്ടം വർദ്ധിച്ച് സ്നേഹമായി മാറുന്നത്. സ്നേഹം കൊടുക്കാനും, തിരികെ ലഭിക്കാനും വേണ്ടിയാണ് വിവാഹം ചെയ്യുന്നത്. അതിനു പറ്റുന്ന ഒരു പങ്കാളിയെ ആണ് തേടേണ്ടത്.

അങ്ങനെ കണ്ടെത്തുന്നയാളെ പെണ്ണുകാണലിന് ക്ഷണിക്കുക. ഞാൻ കറുത്തതാ, ഇയാൾക്കെന്നെ ഇഷ്ടപ്പെടില്ല എന്ന മുൻവിധിയോടെ ആയിരിക്കരുത് ഈ ചടങ്ങ്.

നിറം വെളുപ്പല്ല എന്നുകരുതി സൌന്ദര്യം ഇല്ലാതാവുന്നില്ല. രൂപവും ഭാവവും, ഔചിത്യമുള്ള സംഭാഷണവും പെരുമാറ്റവും ഇടപെടുന്നവരിൽ ഇഷ്ടം ഉളവാക്കും. ദിവസവും കുളിച്ച് വൃത്തിയായി, തലമുടി ചീകി ഒതുക്കി, ശരീരത്തിന്റെ ഘടനക്കും നിറത്തിനും യോജിക്കുന്ന വസ്ത്രങ്ങൾ വൃത്തിയായി ധരിക്കുന്ന നിഷ്ഠയുണ്ടെങ്കിൽ രൂപം മെച്ചപ്പെടും. അമിതമായി മേക്കപ്പ് ചെയ്ത് വെളുപ്പിക്കാൻ ശ്രമിക്കേണ്ട. മുഖം പ്രസന്നമായിരുന്നാൽ മതി. ആത്മാർത്ഥതയോടു കൂടി സ്വയം അംഗീകരിക്കുമ്പോൾ, തന്നോടുതന്നെ ഇഷ്ടം തോന്നും, മുഖഭാവം താനേ പ്രസന്നമാകും.

കാണാൻ വരുന്ന ആളിനോട് ശ്രദ്ധയോടും, സ്നേഹത്തിന്റെ പരിഗണനയോടും കൂടി ഇഷ്ടത്തോടെ പെരുമാറാൻ ശ്രമിക്കണം. മറ്റെ ആളിന്റെ ഇഷ്ടങ്ങളും താൽപര്യങ്ങളും മനസ്സിലാക്കാൻ കൂടി സംഭാഷണത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. നല്ല കാര്യങ്ങൾ എന്തെങ്കിലും മനസ്സിലാക്കിയാൽ അത് അയാളെ ധരിപ്പിക്കാനും ശ്രദ്ധിക്കണം. മനസ്സുകൊണ്ട് ഇത്രയൊക്കെ തയ്യാറെടുപ്പുകൾ നടത്താൻ മോളോടു പറയുക.

പെണ്ണിനു മാത്രമല്ല ആണിന്റെ തൊലിയ്ക്കും നിറഭേദങ്ങളുണ്ട്. ചെറുക്കന്റെ തൊലിയുടെ നിറത്തെക്കാൾ, യോഗ്യതകളും, സ്നേഹിക്കാൻ കഴിയുന്ന ആളുമാണോ എന്ന് കണ്ടെത്താൻ ശ്രമിക്കുക.

അങ്ങനൊരാൾ ഇവൾക്കുവേണ്ടി എവിടെയോ ഉണ്ട്. വൈകിക്കാതെ കാട്ടിത്തരണമെ എന്ന് തമ്പുരാനോട് പ്രാർത്ഥിക്കുക. ഞങ്ങളും അന്വേഷിക്കാം.

George Kadankavil - November 2004

What is Profile ID?
CHAT WITH US !
+91 9747493248