Back to articles

തുടങ്ങിയിടത്ത് തിരിച്ചെത്തുമെങ്കിലും; ഒരു യാത്രയും വെറുതെയാവില്ല.

June 01, 2014

മൂന്നു വർഷമായി മകന് പെണ്ണന്വേഷിക്കുന്നു,
എത്ര സ്ഥലത്ത് പെണ്ണു കാണാൻ പോയിട്ടുണ്ടെന്നോ?
ഒന്നും ഇതുവരെ ശരിയായില്ല. ഞങ്ങൾ മടുത്തു സാറെ.

ആദ്യമൊക്കെ നല്ലനല്ല ആലോചനകൾ വരുമായിരുന്നു, അപ്പോൾ മകൻ നോക്കിയിട്ട് ആ കൊച്ചിൻ്റെ സൌന്ദര്യത്തിന് എന്തെങ്കിലും കുറ്റം കണ്ടു പിടിക്കും. നല്ല നിറവും സൌന്ദര്യവും വേണം എന്ന ഒറ്റ നിർബന്ധം മാത്രമേ ഇവനുണ്ടായിരുന്നുള്ളു.

വെബ് സൈറ്റിലെ ഫോട്ടോകൾ നോക്കി ഏറ്റവും സുന്ദരിമാർക്ക് പ്രൊപ്പോസൽ അയക്കും. പിന്നെ അവരുടെ വീട്ടിൽ വിളിച്ച് ചോദിക്കുമ്പോൾ, അവർക്ക് ഇവനെ താല്പര്യം ഇല്ലെന്നു മനസ്സിലാകും. ചിലരൊക്കെ താല്പര്യം പറഞ്ഞു കേട്ടോ, പക്ഷേ അവരുടെ വീട്ടിൽ പെണ്ണുകാണാൻ ചെല്ലുമ്പോളാണ് മനസ്സിലാകുന്നത്, ഫോട്ടോയിൽ കണ്ടപോലൊന്നുമല്ല പെണ്ണിനെ നേരിൽ കാണാനെന്ന്.

ഒരു പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ഇവനെ നല്ല താല്പര്യം ആയിട്ട് പെണ്ണു കാണാൻ ക്ഷണിച്ചു, വീട്ടിൽ ചെന്നപ്പോൾ പെൺകുട്ടി പറയുന്നു, എനിക്ക് വേറൊരാളെ ഇഷ്ടമാണ്, അതു മുടക്കാനായിട്ടാണ്, പേരൻ്റ്സ് ഈ നാടകം നടത്തുന്നതെന്ന്.

പെണ്ണുകാണാൻ ഓടിനടന്ന് ചിലവഴിച്ചിരിക്കുന്ന പണത്തിനും, അനുഭവിച്ച മന:പ്രയാസത്തിനും ഒരു കണക്കുമില്ല. സുന്ദരിമാരെ തേടി നടന്ന് എൻ്റെ മകന് മതിയായി സാറെ. എന്തിനാണോ തമ്പുരാൻ ഞങ്ങളെ ഇട്ടിങ്ങനെ വട്ടം കറക്കുന്നത്?

അമ്മയുടെ ഈ ചോദ്യത്തിന് ഉത്തരം തരാൻ ഞാനാളല്ല. തമ്പുരാൻ്റെ പദ്ധതികൾ, വേണ്ട സമയത്ത് തമ്പുരാൻ തന്നെ വെളിപ്പെടുത്തിത്തരും, അത്രയുമേ എനിക്കറിയൂ.
അമ്മയോട് വേറൊരു കാര്യം ചോദിച്ചോട്ടെ. . .
മഴപെയ്യുന്നത് എങ്ങനെയാണെന്ന് അമ്മ പഠിച്ചിട്ടുണ്ടോ?

പിന്നേ, എനിക്കറിയാം. കടലിലെ വെള്ളം നീരാവിയായി കാർമേഘങ്ങളാകും, അത് കാറ്റിൽ പറന്ന് പർവ്വതങ്ങളിൽ ചെന്നു തട്ടി തണുത്ത് മഴയായി പെയ്യും.

ഹാവൂ, എന്തൊരോർമ്മയാ അമ്മയ്ക്ക്... പത്താം ക്ളാസ്സിലെ പരീക്ഷ ഇപ്പോൾ ഒന്നുകൂടി എഴുതിയാൽ ചിലപ്പോൾ റാങ്ക് കിട്ടിയേക്കും.

മഴയായി പെയ്ത വെള്ളത്തിന് പിന്നെ എന്താണ് സംഭവിക്കുന്നത് എന്നു കൂടി പറയാമോ?

ഉവ്വ് ആ വെള്ളം, മുറ്റവും പറമ്പും ഭൂമി ആകെയും നനച്ച്, കാനകളിലൂടെ ഒഴുകി തോടുകളിലും അവിടെനിന്ന് പുഴയിലുമെത്തും, പുഴ ഒടുവിൽ കടലിൽ തന്നെ ചെന്നു ചേരും.

ശരിയാണമ്മേ, ആകാശവും ഭൂമിയും കടന്നുള്ള ഒരു വലിയ യാത്രക്കിടയിൽ, ഭൂമിയുടെ നിലനിൽപിന് അത്യാവശ്യമായ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ട്, പുറപ്പെട്ടിടത്തു തന്നെ തിരിച്ചെത്തുന്ന ഒരു പ്രക്രിയയാണ് ""Rain Cycle''

മഴകൊണ്ട് പ്രയോജനം മാത്രമല്ല, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കൃഷിനാശം എന്നു വേണ്ട ജീവനാശം വരെയുള്ള അനർത്ഥങ്ങളും മഴയുടെ യാത്രയിൽ ചിലപ്പോൾ സംഭവിക്കാറുണ്ട്. എന്തിനാ ഈ നാശങ്ങൾ എന്നു ചോദിച്ചാൽ-സൃഷ്ടിയുടെ മറുവശമാണ് നാശം. സൃഷ്ടി കൊണ്ട് നാശവും, നാശം കൊണ്ട് സൃഷ്ടിയും സംഭവിക്കുന്നുണ്ട്. സൃഷ്ടിക്കപ്പെടാനും, നശിക്കപ്പെടാനുമുള്ള ചില നിമിത്തങ്ങൾക്ക് മഴയും ഒരു കാരണമാകുന്നു എന്നേയുള്ളു.

പുറപ്പെട്ടിടത്തു തന്നെ തിരിച്ചു വരാനായിരുന്നെങ്കിൽ പിന്നെ എന്തിനാ കഷ്ടപ്പെട്ട് ഈ മിനക്കേട് എന്ന് ചിന്തിച്ച് മഴ തൻ്റെ യാത്ര വേണ്ട എന്നു വെച്ചിരുന്നെങ്കിലോ?

അതല്ലെങ്കിൽ, തൻ്റെ യാത്രയിലെ അനർത്ഥങ്ങൾ ഓർത്ത് വിഷമം തോന്നിയിട്ട്, ഞാൻ ഇനി യാത്ര ----പോകുന്നില്ല എന്നു തീരുമാനിച്ച് നിഷ്ക്രിയമായിരുന്നാലോ? ഭൂമി മുഴുവനും ദുരിതം അനുഭവിക്കാൻ അതിടയാക്കില്ലേ?

ഈ ""Rain Cycle''പോലെയാണ് നമ്മുടെ ""life Cycle'' ഉം. നമ്മളും പുറപ്പെട്ടിടത്തു തന്നെ തിരിച്ചെത്തും. മണ്ണാണ് നമ്മൾ, മണ്ണിലേക്കു തന്നെ മടങ്ങുകയും ചെയ്യും. നമ്മുടെ യാത്രയാണ് മറ്റുള്ളവർക്കു പ്രയോജനങ്ങളോ അനർത്ഥങ്ങളോ സൃഷ്ടിക്കുന്നത്.

മറ്റുള്ളവരുടെ യാത്ര നമുക്കു തിരിച്ചും ഇപ്രകാരം തന്നെ ചെയ്യുന്നു. അനർത്ഥങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം, ഒഴിവാക്കാൻ കഴിയാത്തതിനെ സമചിത്തതയോടെ കൈകാര്യം ചെയ്യണം. കുറഞ്ഞപക്ഷം അത് വഷളാകാതെ ഇരിക്കുകയെങ്കിലും ചെയ്യും.
അതിനാണ് പെരുമാറ്റത്തിൽ സംയമനം പാലിക്കേണ്ടത്. അപ്പോൾ ബുദ്ധിമുട്ടുകളിലൂടെ തളരാതെ കടന്നു പോകാൻ സാധിക്കും.

കല്യാണം കഴിക്കാനും കഴിപ്പിക്കാനും വേണ്ടി മാത്രമല്ല ഈ ഓട്ടങ്ങൾ എന്നു മറക്കരുത്.
അമ്മയുടെ ചെറുപ്പത്തിൽ, മാതാപിതാക്കൾ നിങ്ങളുടെ ഓരോരോ കാര്യങ്ങൾക്ക്, എത്ര ഓടിയിട്ടുണ്ടായിരിക്കണം. ഈ മകനു വേണ്ടി അമ്മയെത്ര ഓടുന്നു. ഓട്ടവും അതിലെ ദുർഘടങ്ങളും കൊണ്ട് നിങ്ങൾക്ക് പാകത വർദ്ധിക്കും, ഉചിതമായ സമയത്ത് മകന് ഒരു പങ്കാളിയെയും ലഭിക്കും. അവനും കുട്ടികളുണ്ടാകും അവനും അവർക്കു വേണ്ടി കുറെ ഓട്ടം നടത്തും.

ഈ ഓട്ടം കൊണ്ട് എന്തു കിട്ടി എന്നു ചിന്തിക്കുന്നതോടൊപ്പം, എന്തൊക്കെ കൊടുക്കാൻ കഴിഞ്ഞു എന്നു കൂടി ചിന്തിക്കണം.
നിങ്ങൾ എന്ന മഴകൊണ്ട് ഈ പ്രപഞ്ചത്തിന് എത്ര പ്രയോജനം ലഭിക്കുന്നുണ്ടോ, അത്രയും ധന്യമായിത്തീരും നിങ്ങളുടെ ജീവിത യാത്രയും.

ഇതു വരെയുള്ള ശ്രമം നടക്കാതെ വന്ന സ്ഥിതിക്ക്, ഒരു പുതിയ ,സ്ട്രാറ്റജി പരീക്ഷിക്കാൻ മകനോട് പറഞ്ഞു കൊടുക്കുക. അവന് പ്രയോജനം ചെയ്യുന്നവളെ അല്ല, അവനെക്കൊണ്ട് പ്രയോജനം ലഭിക്കുന്നവളെ കണ്ടുപിടിക്കും എന്നും, അവന് മാത്രം ഇഷ്ടം തോന്നിയവളെ അല്ല, അവനോട് ഇഷ്ടം കാണിക്കുന്നവളെ വിവാഹം ചെയ്യുമെന്നും ഒരു പുതിയ നിശ്ചയമെടുക്കുക.

വസ്ത്രം വാങ്ങാൻ തുണിക്കടയിൽ പോകുന്നവരിൽ ചിലർ നല്ല പളപളപ്പും തിളക്കവും ഉള്ള വസ്ത്രങ്ങൾ, മെറ്റീരിയൽ എന്തെന്നു നോക്കാതെ വാങ്ങുന്നത് കണ്ടിട്ടില്ലേ? അത് ഈടു നില്ക്കാതെ പെട്ടെന്ന് ഉപയോഗശൂന്യമാകുമോ എന്നവർ ചിന്തിക്കുന്നതേ ഇല്ല. നല്ല ഷോ വേണം എന്ന ഒറ്റ നിർബന്ധമേ അവർക്കുള്ളു. ഓട്ടം കൊണ്ട് പാകത വന്നവർ, വസ്ത്രത്തിൻ്റെ ഇഴകൾ പരിശോധിച്ച് ഈടു നിൽക്കുന്ന മെറ്റീരിയൽ ആണോ എന്നു നോക്കും. ഒരേ തരത്തിൽ ഇഴുകിച്ചേരുന്ന ഇഴകളാണ് വസ്ത്രത്തിന് ഈടും അഴകും കൊടുക്കുന്നത്. ഇഴയടുപ്പും, ഇഴകളുടെ നിറത്തിൻ്റെ സങ്കലനം, ധരിക്കുന്ന ആളിൻ്റെ ശരീരവുമായുള്ള ചേർച്ച, അതിൻ്റെ വില, മൂല്യം ഇതൊക്കയല്ലേ വസ്ത്രം വാങ്ങുമ്പോൾ ശ്രദ്ധിക്കുന്ന ഘടകങ്ങൾ.

തൊലി വെളുപ്പും സൌന്ദര്യവും മാത്രം തേടുന്ന കുറെ ചെറുപ്പക്കാരെ ഞാൻ കണ്ടു മുട്ടിയിട്ടുണ്ട്. കൂടെ കൊണ്ടു നടക്കുമ്പോൾ കാണുന്നവർക്ക് അസൂയ തോന്നണം എന്ന് ചിന്തിക്കുന്നവരെയും കണ്ടിട്ടുണ്ട്. പ്രിയപ്പെട്ടവരെ, നിങ്ങളുടെ പങ്കാളിയല്ല, പങ്കാളിത്തമാണ് ഏറ്റവും വിശേഷപ്പെട്ട കാഴ്ച.

റോക്ക് ഗാർഡൻ എന്ന് കേട്ടിട്ടുണ്ടോ?
പാഴ്വസ്തുക്കൾ കൊണ്ട് നിർമ്മിച്ചെടുത്ത മനോഹരമായ ഉദ്യാനമാണ് റോക്ക് ഗാർഡൻ. കേരളത്തിൽ മലമ്പുഴയിൽ ഒരെണ്ണമുണ്ട്. ധാരാളം സന്ദർശകരെ ആകർഷിക്കുന്ന ഒരിടമാണിത്. ഉപയോഗശൂന്യമായ, ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ, കലാപരമായി സമന്വയിപ്പിച്ച്, അർത്ഥപൂർണ്ണവും ആകർഷകവുമായ കാഴ്ചകൾ ആക്കിയപ്പോൾ സമൂഹത്തിൻ്റെ ഒരു ആകർഷണ കേന്ദ്രമായത് നമുക്കവിടെ നേരിൽ കാണാം.

കിട്ടിയ പങ്കാളിയോടൊപ്പം റോക്ക് ഗാർഡൻ സൃഷ്ടിക്കാൻ ശ്രമിക്കുക. പങ്കാളികളുടെ പരിമിതികളും പ്രാരാബ്ധങ്ങളും, പരാതികളാക്കി പരസ്പരം വലിച്ചറിഞ്ഞ് വികൃതമാക്കാതെ, അടുക്കും ചിട്ടയും യോജിപ്പോടും കൂടി, ആത്മവിശ്വാസത്തിൻ്റെ പൂഞ്ചിരിയോടെ, പരസ്പര ധാരണയിൽ കൈകാര്യം ചെയ്യുമ്പോൾ, പങ്കാളിത്തവും ഒരു മനോഹര ദൃശ്യമായി മാറും. മാതൃക തേടി, ആരാധകരും സന്ദർശകരും അവിടെയുമെത്തും.

വസ്ത്രം നെയ്യാൻ പരസ്പരം ഇഴുകി ചേരാവുന്ന ഇഴകളാണ് നെയ്ത്തുകാരൻ തിരഞ്ഞെടുക്കുന്നത്.
ഇഴകൾക്ക് എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അതിനെ പാകപ്പെടുത്തി എടുക്കാൻ സമർത്ഥനായ നെയ്ത്തുകാരനു പല പ്രോസസ്സുകളും ഉണ്ട്, എന്നിട്ടും പാകമാകാത്ത ഇഴകൾ അയാൾ നെയ്യുന്നതിന് ഉപയോഗിക്കില്ല.

മനുഷ്യ ബന്ധങ്ങൾ നെയ്ത്തുകാരൻ്റെ തറിയിലെ വസ്ത്രം പോലെയാണ്. പരസ്പരം ഉള്ള ഇടപെടലുകളാണ് ഇവിടെ ഇഴകൾ. ആശയ വിനിമയത്തിനും പ്രതികരണത്തിനും ഉപയോഗിക്കുന്ന വാക്കുകൾ, അതിൻ്റെ സ്വരം, അർത്ഥം, സാംഗത്യം, ഔചിത്യം, ശരീരഭാഷ, മുഖഭാവം തുടങ്ങി അനേകം സിഗ്നലുകളിലൂടെ, അവനവനോടും മറ്റുള്ളവരോടുമുള്ള ഒരു വ്യക്തിയുടെ മനോഭാവവും അയാളുടെ സ്വത്വവും പ്രകടമാകും. ഇത് മനസ്സിലാക്കാൻ സാധിക്കുകയും, ഇതിനോട് ഇഴുകിച്ചേരാൻ സാധിക്കുന്ന ഇഴകളാണ് തനിക്കുള്ളത് എന്ന ഒരു ഉൾവിളി ലഭിക്കുകയും ചെയ്യുന്ന ആളെ വിവാഹം ചെയ്യാം. വിവാഹശേഷം ഇഴകൾ വേണ്ടത്ര പാകമാക്കി, ഈടും അഴകുമുള്ള ബന്ധം നെയ്തെടുക്കുക.

You don't marry the ""Perfect Partner''

You need to make the ""Partnership Perfect''

George Kadankavil. Director Bethlehem. 9249392518

What is Profile ID?
CHAT WITH US !
+91 9747493248