Back to articles

ഒരു വാക്സിനേഷൻ !

March 01, 2006

ചതിയിൽ പെട്ടതിന് സാറു പറഞ്ഞ പരിഹാരങ്ങൾ ഞങ്ങൾ പരീക്ഷിക്കാം. പക്ഷെ, ഇതു മറ്റുള്ളവർക്ക് സംഭവിക്കാതിരിക്കാൻ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ?

ഒരു Vaccination വേണം അല്ലേ? ചില മുൻകരുതലുകൾ എടുക്കാൻ കഴിയും. വിവാഹത്തിന് താൽപര്യം ഉണ്ട് എന്ന് പുരുഷനും സ്ത്രീയും, ഒന്നിലധികം തവണ ബന്ധുക്കളുടെ മുന്നിൽവെച്ച് വ്യക്തമാക്കുംവിധം നമ്മുടെ ചടങ്ങുകൾ ഒന്നും ക്രമീകരിച്ചാൽ നിർബന്ധ വിവാഹങ്ങൾ ഒരു പരിധിവരെ ഒഴിവാകും.

ദൈവത്തിന്റെ പദ്ധതി ആണ്, വിവാഹം. പ്രാർത്ഥനയാണ് നമ്മളെ ദൈവവുമായി ബന്ധപ്പെടുത്തുന്നത്. പെണ്ണുകാണൽ നടക്കുമ്പോൾ കുശലപ്രശ്നങ്ങൾക്കുശേഷം ദൈവസാന്നിദ്ധ്യത്തിനായി പ്രാർത്ഥിച്ചു കൊണ്ടുവേണം ചടങ്ങ് ആരംഭിക്കുവാൻ. പെണ്ണുകാണൽ ചടങ്ങിന് അഭിവന്ദ്യ കർദ്ദിനാളിന്റെ ഇംപ്രിമാത്തൂർ ഉള്ള ഒരു പ്രാർത്ഥന ഉണ്ട്. ഇത് പെണ്ണും ചെറുക്കനും, ചടങ്ങിൽ ഉച്ചത്തിൽ, മനസ്സിരുത്തി വായിക്കട്ടെ.

പെണ്ണുകാണൽ ചടങ്ങിനുമുമ്പ് ചൊല്ലാവുന്ന പ്രാർത്ഥന

പെൺകുട്ടിയുടെ പിതാവ് /രക്ഷകർത്താവ് : പ്രിയപ്പെട്ടവരേ, നമുക്ക് എണീറ്റുനിന്ന് കണ്ണുകളടച്ച് ദൈവസാന്നിദ്ധ്യത്തിനായി പ്രാർത്ഥിച്ചുകൊണ്ട് തുടങ്ങാം.

സർവ്വശക്തനായ ദൈവമേ, ഞങ്ങളുടെ മകൾക്ക് (പേര്) വിവാഹാലോചനയുമായി ഈ ഗൃഹത്തിൽ എത്തിയിരിക്കുന്ന (പുരുഷന്റെ പേര്) നെയും, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും അങ്ങേ നാമത്തിൽ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഈ ആലോചനാവേളയിൽ ഞങ്ങളുടെ ഇടയിൽ അവിടുന്ന് സന്നിഹിതനായിരിക്കണമേ. ഞങ്ങളുടെ ചിന്തകളിൽ അങ്ങയുടെ പ്രകാശം ചൊരിയണമെ, ഞങ്ങളുടെ സംഭാഷണത്തെ അവിടുന്ന് നിയന്ത്രിക്കണമെ, ഉചിതമായ തീരുമാനങ്ങളെടുക്കുന്നതിനുവേണ്ട വിവേകം ഞങ്ങൾക്ക് നൽകണമേ. ഞങ്ങളുടെ വാക്കുകളും തീരുമാനങ്ങളും ഈ മക്കളുടെ ഭാവി ശോഭനമാക്കുവാൻ ഉതകുന്നതായിത്തീരണമെ.

ഇത് ഒരു ആലോചനാഘട്ടം മാത്രമാണെന്നു ഞങ്ങളറിയുന്നു. ഇതേക്കുറിച്ച് അമിതമായ പ്രതീക്ഷകളോ, ആകാംക്ഷയോ മറ്റ് മുൻവിധികളോ കൂടാതെ എല്ലാം അങ്ങേ തിരുമനസ്സിന് വിട്ടു തരുന്നു. അംഗീകാരത്തിൽ അഹങ്കാരമോ, തിരസ്കരണത്തിൽ വേദനയോ അനുഭവപ്പെടാതെ അങ്ങേ സ്നേഹത്തിന്റെ അനുഭവമായി ഈ ദിവസത്തെ നീ അനുഗ്രഹിക്കണമെ. ദൈവമേ നന്ദി.

വിവാഹാർത്ഥിയായ പുരുഷൻ മുമ്പോട്ടുവന്ന് പ്രാർത്ഥനാ പുസ്തകം വാങ്ങി പ്രസന്നവദനത്തോടെ ചുറ്റുമുള്ള എല്ലാവരെയും നോക്കി പ്രാർത്ഥിക്കുവാൻ അനുവാദം വാങ്ങി വായിക്കുന്നു.

നല്ലവനായ ദൈവമെ, ഇന്ന് ഈ ഭവനത്തിൽ അതിഥിയായി എത്തി ഇവിടത്തെ മകളെ കാണുവാൻ എനിക്ക് അവസരം തന്നതിന് അങ്ങേക്കും ഈ കുടുംബത്തിനും ഞാൻ നന്ദി പറയുന്നു. ഓരോ വ്യക്തിക്കും അവരുടേതായ നിരവധി പ്രത്യേകതകൾ നൽകി അവരെ അനന്യമായി പരിപാലിക്കുന്ന ലോകപാലകാ, അങ്ങയുടെ ഈ മകളുമായി സംസാരിക്കുവാനും ഞങ്ങൾ രണ്ടു പേരുടെയും പ്രത്യേകതകൾ  വിലയിരുത്തുവാനുമുള്ള ബുദ്ധിയും വിവേകവും ഞങ്ങൾക്ക് തരേണമേ. അങ്ങയുടെ ചൈതന്യത്തിന്റെ നിറവിൽ പരസ്പര ബഹുമാനത്തോടെ ആശയങ്ങൾ വിശകലനം ചെയ്യുവാൻ ഞങ്ങളെ സഹായിക്കണമെ. ഞങ്ങളുടെ പ്രത്യേകതകൾ പരസ്പരം യോജിക്കുന്നതല്ല എന്ന ബോദ്ധ്യമായാൽ തന്നെ, ആ കാര്യം ആരെയും  വേദനിപ്പിക്കാത്ത വിധം തുറന്നു പറയാനുള്ള കഴിവ് ഞങ്ങൾക്ക് തരേണമെ. ദൈവമേ, നന്ദി. വിവാഹാർത്ഥിയായ പെൺകുട്ടി മുമ്പോട്ടുവന്ന് പ്രാർത്ഥന പുസ്തകം വാങ്ങി പ്രസന്നവദനത്തോടെ ചുറ്റുമുള്ളവരെ നോക്കി പ്രാർത്ഥിക്കുവാൻ അനുവാദം വാങ്ങി വായിക്കുന്നു.

സ്നേഹപിതാവായ ദൈവമെ, ഈ ഭവനത്തിലേക്ക് അങ്ങയച്ചിരിക്കുന്ന ഈ അതിഥികളെ അങ്ങേ നാമത്തിൽ ഞാൻ സ്വാഗതം ചെയ്യുന്നു. അവിടത്തെ ഈ മകനോടൊപ്പം എന്റെ മനസ്സിലെ ആശകളും ആശങ്കകളും വിശകലനം ചെയ്യുവാൻ അവസരം തരുന്നതിന് അങ്ങേക്ക് ഞാൻ നന്ദി പറയുന്നു. ഞങ്ങളുടെ സംഭാഷണത്തിൽ അവിടുന്ന് മദ്ധ്യസ്ഥനായിരിക്കേണമെ. അങ്ങേ തിരുവിഷ്ടം കണ്ടെത്തുവാനുള്ള വിവേകവും ബുദ്ധിയും ഞങ്ങൾക്ക് നൽകേണമെ. അങ്ങേ തിരുവിഷ്ടത്തിനനുസരിച്ച് ഏത് തീരുമാനവും എടുക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമെ. ദൈവമേ, നന്ദി.

Nihil Obstat - Rev.Fr. Paul Thelakkat + Imprimatur - Mar Varkey Cardinal Vithayathil.

തുടർന്ന് വിവാഹാർത്ഥികൾ തനിച്ച് സ്വസ്ഥമായി ഇരുന്നു സംസാരിക്കണം. കൂടിക്കാഴ്ചയ്ക്ക് ശേഷം ചിന്തിക്കുവാനും തീരുമാനം എടുക്കുവാനും വിവാഹാർത്ഥികൾ ഒരുദിവസം എങ്കിലും സമയം എടുക്കട്ടെ. വേണ്ട എന്നോ, വേണം എന്നോ, അപ്പോൾത്തന്നെ തീരുമാനിച്ചിട്ടുണ്ടെങ്കിൽ പോലും, ഒരു ദിവസത്തെ ചിന്തക്ക് ശേഷം മാത്രം അതറിയിക്കുന്നതാണ് വിവേകം. എന്തു തീരുമാനമായിരുന്നാലും അത് ഒരാഴ്ചക്കുള്ളിൽതന്നെ അറിയിക്കുകയാണ് വേണ്ടത്. ആലോചനയിൽ രണ്ടുകൂട്ടർക്കും താൽപര്യമുള്ള പക്ഷം വിവാഹത്തിനുമുമ്പ് പെൺകുട്ടിക്ക് പ്രതിശ്രുത വരന്റെ ഗൃഹത്തിലെ അംഗങ്ങളെയും അന്തരീക്ഷവും കാണുന്നതിനുള്ള അവസരം ഉണ്ടാകുന്നത് നന്നായിരിക്കും. വേണ്ട മാറ്റങ്ങളോടെ അപ്പോഴും ഈ പ്രാർത്ഥന നടത്തണം.

George Kadankavil - March 2006

What is Profile ID?
CHAT WITH US !
+91 9747493248