Back to articles

കഞ്ഞിവീഴ്ത്തൽ പോലെ ഒരു കല്യാണവും

April 01, 2004

വയസ്സു പത്തുമുപ്പ തായെങ്കിലും ഒരു ഉത്തരവാദിത്ത ബോധം വന്നിട്ടില്ല ഇവന്. ജീവിക്കാൻ പറ്റുന്ന പല ഏർപ്പാടുകളും ഉണ്ടാക്കിക്കൊടുത്തെങ്കിലും ഒന്നിലും പച്ച പിടിച്ചില്ല. പക്ഷെ എന്ത് അബദ്ധം പറ്റിയാലും, ഒള്ളത് ഒള്ളതുപോലെ എന്റടുത്ത് പറയും.  എന്നോട് കള്ളം പറയില്ല. ഒരു കല്യാണം കഴിപ്പിച്ചാൽ ചിലപ്പോൾ രക്ഷപ്പെടും എന്നൊരു തോന്നൽ. അതുകൊണ്ടാ സാറിനെ കാണാൻ വന്നത്. സ്വത്തും പണവും ഒന്നും വേണ്ട ഞങ്ങൾക്ക്, ഇവനെ നന്നാക്കി എടുക്കാൻ പറ്റിയ ഒരു പെണ്ണായാൽ മതി.

മുപ്പതു വയസ്സായ മകനെ ഇപ്പോഴും മനസ്സിന്റെ മടിത്തട്ടിൽ ഇരുത്തി പുന്നാരിച്ചു വഷളാക്കിക്കൊണ്ടിരിക്കുന്ന ഈ അമ്മയോടും, മനസ്സുകൊണ്ട് അമ്മയുടെ സാരിത്തുമ്പിൽ നിന്നും ഇനിയും പിടിവിടാത്ത മകനോടും എന്തെങ്കിലും പറയണമല്ലോ എന്നുകരുതി പഴയ ഒരു സംഭവകഥ പറഞ്ഞു.

പെങ്ങളെ, പണ്ട് ചാക്കോച്ചേട്ടൻ എന്നൊരു മനുഷ്യനുണ്ടായിരുന്നു, ഞാൻ കണ്ടിട്ടില്ല, കേട്ടിട്ടേയുള്ളു. കേട്ടിടത്തോളം ആള് പുലിയാ കേട്ടോ.

ഒരു ഞായറാഴ്ച ഉച്ചകുർബാന കഴിഞ്ഞ് കുറെ യൂത്ത് പിള്ളേർ താഴെ പലചരക്ക് കടയിൽ എന്തോ സാധനം വാങ്ങാൻ വന്നതാ, ചാക്കോച്ചേട്ടൻ അവരെ ലോഹ്യം പറഞ്ഞ് വട്ടം കൂടി.

എന്നതാടാ മക്കളെ പള്ളിയിൽ ഒരാൾക്കൂട്ടവും ബഹളവും?.....

ചാക്കോച്ചേട്ടാ അവിടെ നമ്മള് കഞ്ഞിവീഴ്ത്തൽ നടത്തുവാ. ചാക്കോച്ചേട്ടൻ വരുന്നില്ലേ?

എന്തിനാടാ മക്കളെ കഞ്ഞിവീഴ്ത്തുന്നത്?.......

അതേയ് ചാക്കോച്ചേട്ടാ കുറെ നാളായിട്ട് മഴയില്ലാതെ വരൾച്ച കൊണ്ട് നമ്മടെ കൃഷിയൊക്കെ നശിക്കാൻ തുടങ്ങിയില്ലേ. അതുകൊണ്ട് പാവങ്ങളെ വിളിച്ചുകൂട്ടി നമ്മള് കഞ്ഞി കൊടുക്കുവാ. എന്നിട്ട് അവര് പ്രാർത്ഥിക്കും, 'മഴ വരണേ; വരൾച്ച മാറണെ' എന്ന്.

അതു കൊള്ളാമല്ലോടാ മക്കളെ, പക്ഷെ എനിക്കൊരു സംശയം. നല്ല മഴേം കൃഷീം ഒക്കെയുള്ളപ്പോ നമ്മളീ പാവങ്ങൾക്ക് കഞ്ഞിവീഴ്ത്തലൊന്നും നടത്താറില്ലല്ലോ?
ഇപ്പം ദുരിതം വന്നപ്പഴല്ലേ വല്ലതും കൊടുക്കുന്നത്.
ഇവരെന്നതായിരിക്കുമെടാ ഇപ്പം പ്രാർത്ഥിക്കാൻ പോകുന്നത്?

ദുരിതം മാറിയാപ്പിന്നെ ഇവർക്കു കഞ്ഞി കിട്ടുമോ? എന്നും കഞ്ഞിക്കുള്ള വക കിട്ടണെ എന്നല്ലെ മക്കളെ നമ്മളൊക്കെ പ്രാർത്ഥിക്കുന്നത്?.....

ഉള്ളവർ ഇല്ലാത്തവനൊടൊപ്പം ഒന്നിച്ചിരുന്ന് സ്വയം നിസ്വരായി എളിമയോടെ ഭക്ഷിച്ച് സ്വന്തം അഹങ്കാരം ശമിപ്പിക്കണം. സ്വയം എളിമപ്പെടുന്നവരെ ദൈവം മഹത്വപ്പെടുത്തും. അവരുടെ ദുരിതങ്ങൾ അകന്നു പോകും.
അതു മറന്ന് ദുരിതം മാറാൻ കുറെ പാവങ്ങളെ വിളിച്ച് കഞ്ഞികൊടുത്ത് പ്രാർത്ഥിപ്പിക്കുന്ന ഒരു ചടങ്ങ് നടത്താം എന്നു പറയുന്നതു പോലെ, ഇവനെ നന്നാക്കാൻ വേണ്ടി പെണ്ണു കെട്ടിച്ചാലോ എന്നു ചിന്തിക്കരുത്.

ഇവനു സ്വന്തമായ ഒരു ജീവിതം ഉണ്ടാകാൻ വേണ്ടി ആയിരിക്കണം ഇവൻ വിവാഹം ചെയ്യേണ്ടത്. അങ്ങനെ ഒരു കല്യാണം കഴിഞ്ഞാൽ ഇവൻ നന്നായേക്കും. കാരണം, കെട്ടിവരുന്ന പെണ്ണിന് ഒരുപക്ഷെ ഇവന്റെ മനസ്സിൽനിന്നും അമ്മേടെ സാരിത്തുമ്പ് എടുത്തുമാറ്റാൻ കഴിയും.

മറ്റൊരു പരീക്ഷണം നടത്തിനോക്കാം, അതിനുള്ള ധൈര്യവും ഇച്ഛാശക്തിയും അമ്മക്കുണ്ടോ എന്ന് ചിന്തിക്ക്. ഇവന് ഒരു ജീവിതപ്രതിസന്ധി ഉണ്ടാക്കണം. അവന് വകതിരിവ് (Common sense) ഉണ്ടെങ്കിൽ രക്ഷപ്പെടും. ഇവൻ വളർന്നു, അടയ്ക്കാമരമായി, ഇനി മടിയിൽ വെക്കാൻ പറ്റില്ല. മടിത്തട്ടിൽനിന്നും ഇറക്കിവിടണം. കൊത്തി മാറ്റണം. മകന് സ്വന്തം കാലിൽ നിൽക്കാൻ അവസരം ഉണ്ടാക്ക്.

മുന്നറിയിപ്പ് ഒന്നും കൊടുക്കാതെ ഇവനെ വീട്ടിൽ തനിച്ചാക്കി, അമ്മയും അപ്പനും കൂടി അനിശ്ചിത കാലത്തേക്ക് ഒരു തീർത്ഥയാത്ര പോകുക. ഇവനുവേണ്ടി ഉള്ളുരുകി പ്രാർത്ഥിക്കുക. ദിവസം പത്തു പ്രാവശ്യം ഇവന് ഫോൺ ചെയ്ത് നിർദ്ദേശങ്ങൾ കൊടുക്കുന്ന അമ്മേടെ പതിവു നിർത്തി, പത്തോ ഇരുപതോ ദിവസം കൂടുമ്പോൾ മാത്രമെ ഫോൺ ചെയ്യാൻ പാടുള്ളു. കുറച്ച് പണം ഇവനെ ഏൽപ്പിച്ചു പോകുക. ഇവനത് നശിപ്പിക്കുമോ, കുഴിച്ചിടുമോ, വർദ്ധിപ്പിക്കുമോ എന്ന്, തിരിച്ചു വരുമ്പോൾ മാത്രമെ അന്വേഷിക്കാൻ പാടുള്ളു.

താലന്ത് വർദ്ധിപ്പിക്കാൻ ഇവന് കഴിഞ്ഞെങ്കിൽ അപ്പോൾ എന്റടുത്ത് വരുക, ഇവനുവേണ്ടി പെണ്ണന്വേഷിക്കാൻ ഞാനും കൂടാം.

George Kadankavil - April 2004

What is Profile ID?
CHAT WITH US !
+91 9747493248