Back to articles

കപ്പ വേണോ! തേങ്ങ വേണോ!

February 01, 2016

നഗരത്തിലെ  പഞ്ചനക്ഷത്ര ഹോട്ടലിൽ,മൾട്ടിനാഷണൽ കമ്പനി നിർമ്മിച്ച, എലിയെ കൊല്ലാനുള്ള ഏറ്റവും പുതിയ യന്ത്രത്തിന്റെ ലോഞ്ചിംഗ് നടക്കുകയാണ്.കമ്പനിയുടെ സൂപ്പർ സെയിൽസ് മാൻ എന്നു പേരു കേട്ടിരിക്കുന്ന വൈസ് പ്രസിഡന്റ് ആണ് യന്ത്രം അവതരിപ്പിക്കുന്നത്.

റാംപിൽ ഇരുവശവും മിന്നിച്ചിതറുന്ന ഇലക് ട്രോണിക് പൂക്കുറ്റികളുടെ നടുവിലൂടെ അദ്ദേഹം ഒരു ഹൈടെക് ബോക്സുമായി മന്ദംമന്ദം നടന്നു വരുന്നു. കാണികളെല്ലാം ആകാംക്ഷയോടെ അദ്ദേഹത്തെ വരവേറ്റു. വേദിയുടെ മുന്നിലെത്തി വളരെ നാടകീയമായി അദ്ദേഹം ആ ബോക്സ് തുറന്നു. ചുറ്റും ഇരിക്കുന്നവരെ ഒന്നു കണ്ണോടിച്ച് നോക്കിയ ശേഷം ആ യന്ത്രം പുറത്തെടുത്തു.

അഞ്ചോ ആറോ എലികൾക്ക് കയറി ഇരിക്കാൻ തക്ക വലുപ്പമുള്ള ഒരു പ്ലാറ്റ്ഫോം ആണ് യന്ത്രത്തിന്റെ പ്രധാന ഭാഗം. കാർബൺ ഫൈബർ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത് അതിനാൽ, ലൈറ്റ് വെയിറ്റ് ആണ്. അടിയിൽ രണ്ട് സക്ഷൻ കപ്പുകളുണ്ട്, മിനുസമുള്ള ഏതു പ്രതലത്തിലും ഇത് എളുപ്പം ഉറപ്പിക്കാൻ കഴിയും എന്ന് പറഞ്ഞ് അദ്ദേഹം റാംപിലെ മേശപ്പുറത്ത് വെച്ച് ഡെമോ കാണിച്ചു. എന്നിട്ട് യന്ത്രത്തിന്റെ അടുത്ത ഭാഗം പുറത്തെടുത്തു. ഏതോ വിലകൂടിയ മോട്ടോർ സൈക്കിളിന്റെ ഹാൻഡിൽ പോലെ തോന്നിക്കുന്ന വെറും ആറിഞ്ചു നീളമുള്ള, കാണാൻ നല്ല ഗമയുള്ള, ഒരു കൈപ്പിടി. അത് സദസ്സിനു നേരെ സാവധാനം വീശി കാണിച്ച് അദ്ദേഹം അതിലൊരു സ്വിച്ച് അമർത്തി. ശ്യൂയൂംം- എന്നൊരു ശബ്ദത്തോടെ കൈപ്പിടിയുടെ അറ്റത്ത് ഏതാണ്ട് ഒരടി നീളമുള്ള ഒരു ദണ്ഡ് പ്രത്യക്ഷപ്പെട്ടു.

ഇതാണ് റാറ്റ് ബീറ്റർ. ഇതും കാർബൺ ഫൈബറാണ്. വെയിറ്റ് വളരെ കുറവ് എന്നാൽനല്ല ബലം, ഒടിയില്ല, വളയില്ല എന്നു പറഞ്ഞ് ദണ്ഡ് പ്ലാറ്റ്ഫോമിൽ അടിച്ച് പടക്കം പൊട്ടുന്ന പോലെ ശബ്ദം കേൾപ്പിച്ച് ഡെമോ കാണിച്ചു. സദസ്സ് ഉദ്വേഗത്തിന്റെ മുൾമുനയിൽ ആയി.

ഇനി എലിയെ കൊല്ലുന്ന വിധം. ഇതാ ഈ പ്ലാറ്റ്ഫോം, സാധാരണ എലി വരാറുള്ള വഴിയിൽ നമ്മൾ ഉറപ്പിച്ചു വെക്കുന്നു. എന്നിട്ട് പ്ലാറ്റ്ഫോമിന്റെ ഒരറ്റത്ത് ഒരു കഷണം കപ്പയും മറ്റേ അറ്റത്ത് ഒരു കഷണം തേങ്ങയും വെക്കുന്നു. എന്നിട്ട് കാത്തിരിക്കുക. അപ്പോൾ അതാ എലി വരുന്നു - കപ്പയും തേങ്ങയും കാണുന്നു.

കപ്പ വേണോ? തേങ്ങ വേണോ?

ഏത് ആദ്യം കഴിക്കണം?.എലി കൺഫ്യൂസ്ഡ് ആയി നിൽക്കുന്നു.

ആ സമയത്ത് ഈ റാറ്റ് ബീറ്റർ കൊണ്ട് ഒറ്റ അടി. എലി ക് ളോസ്സ്.

ഒന്നാന്തരം പ്രസന്റേഷൻ കൊണ്ട് അദ്ദേഹം സദസ്സിനെ മുഴുവനും തന്നെ കയ്യിലെടുത്തു കളഞ്ഞു. വെറുതെയല്ല ഇദ്ദേഹത്തെ വൈസ് പ്രസിഡന്റാക്കിയത്.

അപ്പോഴുണ്ട് ഒരാൾ സംശയം ചോദിക്കാൻ എണീറ്റു നിൽക്കുന്നു. പക്ഷേ വി.പി യ്ക്ക് ഒരു കുലുക്കവും ഇല്ല, എന്താണു സാർ സംശയം?

ചോദിച്ചോളൂ, ധൈര്യമായി ചോദിച്ചോളൂ...

ഞങ്ങള് ഫ്ളാറ്റിലാണ് താമസം, കപ്പയും തേങ്ങയും കിട്ടാൻ ബുദ്ധിമുട്ടാണ്, അതിനാൽ ഈ യന്ത്രം ഞങ്ങൾക്ക്  ഉപയോഗിക്കാൻ പറ്റില്ലല്ലോ?

വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് താങ്കൾ ചൂണ്ടിക്കാട്ടിയത്, വി.പി മറുപടി തുടങ്ങി, ഇരിക്കൂ സാർ. ഈ സാഹചര്യം ഞങ്ങളുടെ റിസർച്ച് ടീം മുൻകൂട്ടി മനസ്സിലാക്കിയിട്ടുണ്ട്. കപ്പയും തേങ്ങയും ഇല്ലാതെയും ഇത് പ്രവർത്തിപ്പിക്കാം.

എലി വരുന്ന വഴിയിൽ പ്ളാറ്റ്ഫോം വെയ്ക്കുക. കപ്പയും തേങ്ങയും വെയ്ക്കരുത്. കാത്തിരിക്കുക.  എലി വരുന്നു, പ്ളാറ്റ് ഫോം കാണുന്നു.

കപ്പയില്ല, തേങ്ങയില്ല. എന്തുപറ്റി?

കപ്പയെവിടെ? തേങ്ങയെവിടെ?

എലി കൺഫ്യൂസ്ഡ് ആയി നിൽക്കുന്നു. നമ്മൾ റാറ്റ് ബീറ്റർ എടുക്കുന്നു, സ്വിച്ച് അമർത്തുന്നു, ഒറ്റ അടി, എലി ക് ളോസ്സ്. വി.പി സ്വിച്ച് അമർത്തി ദണ്ഡ് കൈപ്പിടിയുടെ ഉള്ളിലേക്ക് - ശ്യൂയൂംം - - - 

സദസ്സ് മുഴുവനും എണീറ്റ് നിന്ന് കയ്യടിക്കുന്നു. കമ്പനിക്ക് ധാരാളം ഓർഡർ അപ്പോൾത്തന്നെ ലഭിക്കുന്നു. . . 

മാർക്കറ്റിംഗ് ഫീൽഡിൽ ഉള്ളവർക്കു വേണ്ടി ക്ലാസെടുക്കാനായി സൃഷ്ടിച്ച ഒരു കഥയാണിത്. ഈ കഥയിൽ ഒരുപാട് പാഠങ്ങളുണ്ട്. മാർക്കറ്റിംഗ് ചെയ്യുന്നവർക്ക് മാത്രമല്ല, മാർക്കറ്റിൽ പോകുന്നവർക്കും ഇതിൽനിന്നും പാഠങ്ങൾ ഉൾക്കൊള്ളാം.

- കൊല്ലക്കുടിയിൽ സൂചി വിൽക്കാനും ഉപയോഗമില്ലാത്ത സാധനങ്ങൾ പോലും അത്യാവശ്യമുള്ളതാണെന്ന് തോന്നിപ്പിക്കുവാനും തക്ക പ്രാവീണ്യം നേടിയവരാണ് ഇന്നത്തെ മാർക്കറ്റിംഗ് പ്രൊഫഷണലുകൾ.

- എന്തു സാധനവും  ഒരു ഹൈടെക്ക് പ്രോഡക്ട് ആക്കി നിർമ്മിക്കാൻ തക്ക ഭാവനാ ശക്തിയുണ്ട് നിർമ്മാണ മേഖലയിലുള്ളവർക്ക്.

- ഇതിന്റെയൊന്നും ആവശ്യകതയും, പ്രായോഗികതയും വിലയിരുത്താതെ, മോഹം തോന്നുന്ന സാധനങ്ങൾ മുന്തിയ വിലകൊടുത്തു വാങ്ങുന്ന ബാലിശമായ പ്രവണതയാണ് നമ്മൾ പൊതുജനത്തിന്.

അതിലൊരാളുടെ അനുഭവം ആണ് ഈ കുറിപ്പുകൾ......

ഭർത്താവിന്റെ ഷോപ്പിംഗ് മാനിയയെക്കുറിച്ച്, ഒരു വീട്ടമ്മ, എന്നെ വിളിച്ച് സങ്കടം പറയുകയാണ്....

ഒരത്യാവശ്യവും ഇല്ലാത്ത സാധനങ്ങൾ, ഓരോരുത്തരുടെ ഡെമോ കാണുമ്പോൾ ചേട്ടൻ ആവേശം കേറി ഓർഡർ ചെയ്യും. രണ്ട് മുറിയുള്ള ഫ്ളാറ്റിൽ ഇതൊന്നും വെയ്ക്കാൻ പോലും സ്ഥലമില്ല എന്ന് ചേട്ടൻ ചിന്തിക്കുന്നതേയില്ല. നടക്കാനുള്ള ഒരു യന്ത്രം വാങ്ങി വെച്ചിട്ടുണ്ട്. ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ അത് ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടുള്ളു. നാലായി മടക്കാവുന്ന ഒരു അത്ഭുത ഗോവണി വാങ്ങി വെച്ചിട്ടുണ്ട്. ഒരിക്കൽ ഒരു ഫ്യൂസായ ബൾബ് മാറ്റാനും പിന്നെ ക് ളോക്കിലെ ബാറ്ററി മാറ്റാനും  മാത്രമാണ് ഈ ഗോവണി അത്ഭുതം പ്രവർത്തിച്ചത്. ഒരു കസേരയിൽ കയറി നിന്നാൽ എനിക്കു തന്നെ ചെയ്യാവുന്ന പണികളായിരുന്നു ഇതു രണ്ടും. വാക്വം ക് ളീനർ-ഡെമോയ്ക്ക് വന്നയാൾ, അന്നു ചെയ്ത ക് ളീനിംഗ് മാത്രമേ 6 മാസമായിട്ട് ഇതു കൊണ്ട് നടന്നിട്ടുള്ളു. ഏറ്റവും കൂടിയ മൊബൈൽ പോയി വാങ്ങും, പുതിയ മോഡൽ ഇറങ്ങിയാൽ അപ്പോൾത്തന്നെ അത് വാങ്ങിയിട്ട്, ആദ്യത്തേത് എനിക്ക് തരും. നാല് സ്മാർട്ട് ഫോൺ കൂടാതെ ലാൻഡ് ഫോണും, ഐപാഡും, ഡെസ്ക്ടോപ്പും, രണ്ട് പ്രിന്ററും. . . .

സിനിമ കാണാനായി വലിയ വില കൊടുത്ത് ഒരു പ്രൊജക്ടറും സ്ക്രീനും വാങ്ങി. മൂന്നു ദിവസം തുടർച്ചയായി സിനിമ കണ്ടു. ഡ്രോയിംഗ് റൂമിൽ ആർക്കും നടക്കാൻ സ്ഥലമില്ലാതായി എന്ന് മനസ്സിലായപ്പോൾ പിന്നെ സ്ക്രീൻ മടക്കി. അതിപ്പോൾ നടക്കുന്ന യന്ത്രത്തിന്റെ പുറത്ത് വെച്ചിരിക്കുകയാണ്. എന്നിട്ട് പോയി 52 ഇഞ്ചിന്റെ വളഞ്ഞ ടിവി വാങ്ങി. ഇതിൽ അടുത്തിരുന്നു കാണുമ്പോൾ തലവേദന വരുന്നത്രേ.

ഇതൊന്നും ഉപയോഗിക്കാൻ പറ്റാത്തത് വീട് ചെറുതായതു കൊണ്ടാണ് എന്നു പറഞ്ഞ് വലിയ വീട്ടിലേയ്ക്ക് താമസം മാറണം എന്നാണ് ഇപ്പോഴത്തെ മോഹം.

എന്റെ സാറേ, ഈ സാധനങ്ങളുടെയും കാറിന്റെയും ഇൻസ്റ്റാൾമെന്റുകളും, പെട്രോളും, ഫ്ളാറ്റിന്റെ വാടകയും കൊടുക്കാനേ, ഞങ്ങളുടെ രണ്ടു പേരുടെയും  കൂടി ശമ്പളം തികയുന്നുള്ളു. ഭക്ഷണത്തിലും വസ്ത്രത്തിലും ഒക്കെയാണ് ഇപ്പോൾ ഞങ്ങൾ ചിലവ് ചുരുക്കുന്നത്. ഞങ്ങൾ ധരിക്കുന്ന അടിവസ്ത്രങ്ങളിൽ  പലതും കീറി തുടങ്ങിയിരിക്കുന്നു. പുതിയത് വാങ്ങുന്ന  കാര്യം ആലോചിക്കാൻ പോലും കയ്യിൽ കാശില്ല. ഇൻകം ടാക്സ് കൊടുക്കുന്ന ഞങ്ങൾ ഇങ്ങനെ, ജട്ടി വാങ്ങാൻ പോലും  കാശില്ലാതെ ദാരിദ്രം അനുഭവിക്കേണ്ട കാര്യം ഉണ്ടോ?

സാറ് ചേട്ടനോട് ഒന്നു സംസാരിക്കാമോ?

തീർച്ചയായും സംസാരിക്കാം മാഡം. മാത്രമല്ല ഇതേക്കുറിച്ച് എഴുതുകയും ചെയ്യാം.

Wants and Needs -  ആശകളും, ആവശ്യങ്ങളും, തമ്മിൽ തിരിച്ചറിയാതെ ചിലവു ചെയ്യുന്നതാണ് മിക്ക മനുഷ്യരും കടക്കെണിയിൽ വീഴുന്നതിന്റെ പ്രധാന കാരണം.

മനുഷ്യന് യഥാർത്ഥത്തിൽ പരിമിതങ്ങളായ ആവശ്യങ്ങളേ ഉള്ളൂ. ആശകളാണ് അനന്തമായി നീളുന്ന ലിസ്റ്റിൽ കയറി, വീടു നിറയ്ക്കുന്നതും, പോക്കറ്റ് കാലിയാക്കുന്നതും, എന്തെങ്കിലും കാര്യത്തിന് പണം ചിലവഴിക്കും മുമ്പ് ഇത് ആശയാണോ ആവശ്യമാണോ എന്ന് സ്വയം ചോദിച്ച് തീരുമാനം എടുക്കേണ്ടത് വാങ്ങുന്നവന്റെ ധർമ്മമാണ്.

മാർക്കറ്റിംഗ് പ്രൊഫഷണലിന്റെ ധർമ്മം അഥവാ ജോലി, മനുഷ്യരുടെ ആശകൾ വളർത്തി, അവരെക്കൊണ്ട് തങ്ങളുടെ സാധനങ്ങൾ വാങ്ങിപ്പിക്കുക എന്നതാണ്.

മനുഷ്യന്റെ ഉള്ളിൽ മൂന്ന് ഭാവങ്ങളുണ്ട് എന്നാണ് എറിക് ബേൺ പറയുന്നത്.

Parent Ego, Adult Ego, Child Ego.

സ്വന്തം അനുഭവം ഇല്ലാത്ത, സുനിശ്ചിതമല്ലാത്ത, അറിവുകളാണ് പിതൃഭാവം അഥവാ പേരന്റ് ഈഗോ. നമ്മുടെ മുൻവിധികളെല്ലാം പേരന്റ് ഈഗോ ആണ്.

അനുഭവം കൊണ്ട് വസ്തുനിഷ്ഠമായി ബോദ്ധ്യപ്പെട്ടിട്ടുള്ള അറിവുകളാണ് അഡൽറ്റ് ഈഗോ.

അപ്പപ്പോൾ ഉണ്ടാകുന്ന, അല്ലെങ്കിൽ തോന്നുന്ന, വികാരങ്ങളാണ്, ചൈൽഡ് ഈഗോ.

മനുഷ്യന്റെ ചൈൽഡ് ഈഗോയെ Hook ചെയ്യാനാണ് മാർക്കറ്റിംഗ് പ്രൊഫഷണൽ ശ്രമിക്കുന്നത്. എങ്ങനെയെങ്കിലും നമ്മളെ മോഹിപ്പിക്കുക, ഉള്ളിൽ ആശ വളർത്തുക. അതിനാണ് ഗംഭീര ലോഞ്ചിംഗും, പ്രസന്റേഷനും, ഓഫറുകളും ഒക്കെ സംഘടിപ്പിക്കുന്നത്. ചൈൽഡ് ഈഗോയുടെ മോഹം കൊണ്ടും, ഈ സാധനങ്ങളൊക്കെ സ്വന്തമാക്കിയാലേ നമുക്കൊരു ഗമയുണ്ടാകൂ എന്ന പിതൃഭാവത്തിന്റെ മുൻവിധി കൊണ്ടുമാണ്, നിങ്ങളുടെ ഭർത്താവ് ഓരോന്ന് വാങ്ങിക്കൂട്ടിയത്. അവിവേകം കൊണ്ട് പറ്റിപ്പോയ അബദ്ധങ്ങളെ ന്യായീകരിക്കാനും, മുറിവേറ്റ ഈഗോ തൃപ്തിപ്പെടുത്താനും വേണ്ടിയാണ് ഇപ്പോൾ വലിയ വീടു തേടുന്നത്.

മാഡം ഒരു കാര്യം ചെയ്യണം, പണം ചിലവഴിക്കുന്ന കാര്യത്തിൽ കൃത്യമായൊരു ബജറ്റും വ്യക്തമായ പ്ലാനിംഗും എഴുതിയുണ്ടാക്കിയിട്ടേ ഇനിയെന്തിനെങ്കിലും പണം ചിലവഴിക്കാൻ പാടുള്ളൂവെന്ന്, നിങ്ങൾ ഭർത്താവിനോട്, ശാന്തമായി, അഡൽറ്റ് ഈഗോയിൽ നിന്ന്  Assert ചെയ്ത് പറഞ്ഞേ മതിയാകൂ. അദ്ദേഹത്തിന് സമ്മതമല്ലെങ്കിൽ, മദ്ധ്യസ്ഥത പറയാൻ, ഭർത്താവിനു കൂടി ബഹുമാനമുള്ള ആരെയെങ്കിലും ഇടപെടുത്തണം. ഭർത്താവിനെ ഒരിക്കലും കുറ്റപ്പെടുത്തരുത്. അനുഭവ സമ്പത്ത് ഉള്ളവരുടെ ഗൈഡൻസ് നിനക്ക് വേണം എന്നു മാത്രം broken record പോലെ ആവർത്തിച്ചു കൊണ്ടിരിക്കുക.

അദ്ദേഹം അതിനു തയ്യാറാകും എന്നാണ് എന്റെ പ്രതീക്ഷ, കാരണം ഇത്രയും അനുഭവങ്ങൾ കൊണ്ട് നിങ്ങളുടെ ഭർത്താവ് ശരിക്കും ഒരു അഡൽറ്റ് ഈഗോയിലേക്ക് വളർന്നിട്ടുണ്ടാവണം.

George Kadankavil - February 2016 

What is Profile ID?
});
CHAT WITH US !
+91 9747493248