Back to articles

കരിനാക്ക് ദേവി . . .

February 01, 2011

ഒരു സിനിമാനടിയെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു കോടീശ്വരന്റെ കഥയാണ് ഉലകനായകന്റെ ഒരു സിനിമയിൽ.

സിനിമാ നടിയല്ലേ, വല്ല അഫയറുമൊക്കെ കാണും എന്നാണ് കോടീശ്വരന്റെ  അമ്മയുടെ മുൻവിധി. അതൊന്ന് അന്വേഷിച്ച് ബോദ്ധ്യപ്പെട്ടിട്ടു മതി കല്യാണം എന്നു നിശ്ചയിച്ച്, നടിയെ പിന്തുടർന്ന് അന്വേഷണം നടത്താൻ കോടീശ്വരൻ ഒരു സീക്രട്ട് ഏജന്റിനെ അയക്കുന്നു.

ചുരുങ്ങിയ സമയം കൊണ്ട് നടി നല്ലവളാണ് എന്ന് ഏജന്റിന് ബോദ്ധ്യം ആകുന്നു. ഏജന്റ് ആ റിപ്പോർട്ട്, കോടീശ്വരന് കൊടുക്കുന്നു. പക്ഷേ കുറ്റമൊന്നും കണ്ടുപിടിക്കാത്തതിനാൽ, ഏജന്റിന്  പറഞ്ഞിരുന്ന പ്രതിഫലം ലഭിക്കാതെ വരുന്നു. തുടർന്ന് ഏജന്റ് പ്രതിഫലം ലഭിക്കും വിധം റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചു.

നടിയുടെ രഹസ്യബന്ധങ്ങളുടെ കള്ള റിപ്പോർട്ട് കിട്ടിത്തുടങ്ങിയപ്പോൾ കോടീശ്വരൻ തളർന്നുപോയി,
അയാൾ ഇങ്ങനെ ആത്മഗതം ചെയ്തു -
മൈ മദർ. . .
ജീനിയസ്സ് . . .
നോസ്ട്രാഡാമസ്സ് . . .
കരിനാക്ക് ദേവി . . .

അമ്മ പറഞ്ഞതെല്ലാം അതേ പോലെ സത്യമായി.

നമ്മൾ എന്തെങ്കിലും സംശയം പ്രകടിപ്പിച്ചു പോയാൽ പിന്നെ, സംശയിച്ചത് സത്യമായിരുന്നു എന്നു  വരുത്തേണ്ടത് നമ്മുടെ ഈഗോയുടെ ആവശ്യമായി മാറും. അതിനു പറ്റിയ മാർഗ്ഗങ്ങൾ നമ്മുടെ ഉപബോധമനസ്സ് സൃഷ്ടിച്ചു കൊണ്ടേയിരിക്കും. അങ്ങനെ സത്യമല്ലാത്തതും, നമ്മൾ സത്യമാണെന്ന് ധരിക്കാനിടയാകും.

സംശയം ഒരു മനോരോഗമാണ്, എപ്പോഴെങ്കിലും ചതിക്കപ്പെടുകയോ, ആരെയെങ്കിലും ചതിക്കുകയോ, ഏതെങ്കിലും ചതി പ്രവർത്തിയുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കുകയോ ചെയ്തിട്ടുള്ളവർക്ക്, ഈ രോഗം പിടിപെടാൻ സാദ്ധ്യത വളരെ കൂടുതലാണ്.

ഒരു മനോരോഗത്തിന്റെ  തീവ്രത  ഇല്ലെങ്കിലും, സംശയസ്വഭാവം എല്ലാ മനുഷ്യർക്കും ഉണ്ട്. ഇതു നമ്മളെ നാശത്തിലാക്കാതെ കൈകാര്യം ചെയ്യണമെങ്കിൽ, സംശയം എന്നാൽ എന്താണെന്ന് മനസ്സിലാക്കണം.

താൻ ചെയ്യാൻ സാദ്ധ്യത ഉള്ളതൊക്കെ മറ്റുള്ളവരും ചെയ്യാൻ സാദ്ധ്യത ഉണ്ടല്ലോ എന്നാണ് ഏതൊരാളും സ്വാഭാവികമായും  ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ,  താൻ വിശ്വസിക്കാൻ കൊള്ളാത്തവനാണ്, എന്ന് സ്വയം  അറിയുന്ന ഒരാൾക്കും മറ്റുള്ളവരെ വിശ്വസിക്കാൻ സാധിക്കില്ല. ആദ്യം അവനവൻ എത്രമാത്രം വിശ്വാസയോഗ്യനാണ് എന്ന് സ്വയം ചിന്തിച്ച് മനസ്സിലാക്കണം.

മറ്റുള്ളവർക്ക് എന്നെ എത്രമാത്രം വിശ്വസിക്കാൻ കൊള്ളും?
എന്നെ വിശ്വസിക്കാൻ മറ്റുള്ളവർക്ക് എന്തെല്ലാം ഘടകങ്ങൾ അനുകൂലമായുണ്ട്?
എന്തെല്ലാം പ്രതികൂലമായിട്ടുണ്ട്?
ഇത്രയും ചിന്തിച്ചാൽ മതി വിശ്വാസവും, സംശയവും വരുന്ന വഴികളും പോകുന്ന വഴികളും ഏതൊക്കെ എന്ന് ഏകദേശ രൂപം കിട്ടും.

വിശ്വാസം എന്ന ഗുണത്തിന്റെ വിപരീതമാണ് സംശയം.

ജീവിതകാലം മുഴുവൻ സംശയിച്ച് സംശയിച്ച് നരകിക്കുന്നതിനേക്കാൾ എന്തുകൊണ്ടും അഭികാമ്യം വിശ്വസിച്ച് സമാധാനത്തോടെ ജീവിക്കുന്നതാണ്. മറിച്ചു സംഭവിച്ചെങ്കിൽ മാത്രം അതിന്റെ പ്രതിവിധികൾ നോക്കിയാൽ മതിയല്ലോ.

സ്വന്തം ഇന്റഗ്രിറ്റിക്ക് കളങ്കമില്ലെങ്കിൽ,ഏതു വിശ്വാസ വഞ്ചനയെയും തന്റേടത്തോടെ അഭിമുഖീകരിക്കാൻ മനുഷ്യനു കഴിയും. നഷ്ടപ്പെട്ടതിനേക്കാൾ മൂല്യമുള്ളത് വീണ്ടെടുക്കാനും സാധിക്കും.

സംശയം മാറണമെങ്കിൽ വിശ്വാസം ഉളവാകണം. ഇല്ലെങ്കിൽ ഉളവാക്കണം.

എനിക്ക് ഒരു അനുഭവമുണ്ട്. ഉഗ്രവാദികൾ പ്രശ്നം സൃഷ്ടിച്ചിരുന്ന കാലത്ത്, പഞ്ചാബിലൂടെ, വിലപിടിച്ച ചില ഉപകരണങ്ങളുമായി യാത്ര ചെയ്യേണ്ട ഡ്യൂട്ടി എനിക്ക് വന്നു. എന്നോട് വഴക്കു പിടിച്ചിട്ടുള്ള ഒരു സഹപ്രവർത്തകനെയാണ് എന്റെ ഒപ്പം നിയോഗിച്ചിരിക്കുന്നത്. അയാളൊരു സർദാർജി ആണ്, വെടിയും ലഹളയും പതിവായ പഞ്ചാബിലൂടെയാണ് പോകേണ്ടത്. സർദാർജിക്ക് ആണെങ്കിൽ എന്നോട് നീരസവും. എനിക്ക് ഭാഷയും നല്ല നിശ്ചയമില്ല. ഞാൻ ശരിക്കും വെട്ടിലായി. പെട്ടെന്ന് ഒരു ഉപായം തോന്നി, ഞാൻ സർദാർജിയോടു പറഞ്ഞു,

"ഭാജീ, നമ്മള് വഴക്ക് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും, എനിക്കു നിന്നെ വിശ്വാസമാണ്, അതു ഞാൻ തെളിയിക്കാൻ പോകുകയാണ്. നിന്ന നിലയിൽഞാൻ പുറകോട്ടു മറിയും, നിനക്ക് വേണമെങ്കിൽ എന്നെ വീഴ്ത്താതെ പിടിക്കാം. പിടിച്ചില്ലെങ്കിലും  എനിക്ക് പരാതി ഇല്ല."

അയാൾ എന്നെ  വീഴാതെ പിടിച്ചാൽ, അയാളുമായുള്ള വഴക്ക് മാറും, പിടിച്ചില്ല എങ്കിൽ, വീണ് എനിക്ക് പരിക്കു പറ്റും. അപ്പോൾ എനിക്ക് പകരം മറ്റാരെങ്കിലും അയാളുടെ പാർട്നർ ആയി ഡ്യൂട്ടി ചെയ്തുകൊള്ളും. ഈ വിശ്വാസത്തിൽ ഞാനൊരു റിസ്ക് എടുത്തു. സർദാർജിയുടെ നേരെ തടി വെട്ടി ഇട്ടതു പോലെ  ഞാൻ പിന്നാക്കം മറിഞ്ഞു. സർദാർജി എന്നെ വീഴാതെ പിടിച്ചു, പതുക്കെ താങ്ങി താഴെയിരുത്തി.

അതോടെ ഞങ്ങൾ തമ്മിൽ ഒരു വിശ്വാസം വന്നു, ഞങ്ങൾ നല്ല സുഹൃത്തുക്കളായി പഞ്ചാബ് ഡ്യൂട്ടി പൂർത്തിയാക്കി.

പരസ്പര വിശ്വാസം തെല്ലുമില്ല എന്നു സങ്കടപ്പെടുന്ന ദമ്പതികൾ, വെറുതെ പങ്കാളിയോട് പരിഭവം പറഞ്ഞും, അമ്മായിഅപ്പനോട് പരാതി പറഞ്ഞും, ജീവിതം മുഷിപ്പിക്കുകയല്ല വേണ്ടത്. പരസ്പരം വിശ്വാസം വളർത്തുന്ന പ്രവർത്തികളിൽ ധൈര്യമായി ഏർപ്പെടണം.

ഏതൊരു കാര്യത്തിനും അതിന്റേതായ പ്രതിസന്ധികളുമുണ്ട് എന്നു മറക്കരുത്. നിങ്ങളുടെ ആഗ്രഹം തീവ്രമാണെങ്കിൽ, അതിനു തക്ക പരിശ്രമം നടത്തേണ്ടതല്ലേ?

വിശ്വാസം രക്ഷിക്കുക തന്നെ ചെയ്യും, എനിക്കുറപ്പാണ്.

 

George Kadankavil  - February 2011

What is Profile ID?
CHAT WITH US !
+91 9747493248