Back to articles

പാവയ്ക്കാ കൊച്ചേ! ഡും.ഡും.

March 01, 2017

വളരെ രോഷാകുലനായാണ് ഒരു പെൺകുട്ടിയുടെ പിതാവ് എന്നെ ഫോണിൽ വിളിച്ചിരിക്കുന്നത്. ഇദ്ദേഹം പറഞ്ഞതു മുഴുവനും ഞാൻ മൂളി മൂളി കേട്ടു. കേട്ടിട്ട് എനിക്കും വിഷമം തോന്നി.

അച്ചായാ, സ്വയം കൃതാനാർത്ഥം എന്നു കേട്ടിട്ടുണ്ടോ?, അങ്ങനെ ഒരു കഥ ഞാൻ കുഞ്ഞായിരിക്കുമ്പോൾ, എന്റെ അമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. ഒരിടത്തൊരിടത്ത് ഒരു അപ്പൂപ്പനും അമ്മൂമ്മയും താമസിച്ചിരുന്നു. അവർക്ക് കുഞ്ഞുങ്ങൾ ഇല്ലെന്നു വലിയ സങ്കടമായിരുന്നു. ഒടുവിൽ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ നിശ്ചയിച്ച് ഒരു ദിവസം കാലത്തെ എണീറ്റ് അവർ യാത്ര പുറപ്പെട്ടു. കുറേ അന്വേഷിച്ചിട്ടും അവർക്കൊരു കുഞ്ഞിനെ കൊടുക്കാൻ ആരും തയ്യാറായില്ല. ഒടുവിൽ ക്ഷീണിച്ച് തളർന്ന് അവർ ഒരു മരച്ചുവട്ടിൽ ഇരുന്നു കരച്ചിലായി. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സങ്കടം കണ്ട് ആ മരത്തിൽ നിന്ന് ഒരു വനദേവത അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.

ദേവതയെ കണ്ട അപ്പൂപ്പനും അമ്മൂമ്മയും ആകെ അമ്പരന്നു പോയി. അപ്പോൾ ദേവത പറഞ്ഞു പേടിക്കേണ്ട, ഞാൻ ഈ വനത്തിലെ ദേവതയാണ്, നിങ്ങളുടെ സങ്കടം ഞാൻ അറിയുന്നു, എന്നു പറഞ്ഞ് ഒരു പാവയ്ക്കാ കുരു അവരുടെ നേർക്ക് നീട്ടിയിട്ട് പറഞ്ഞു, ഈ കുരു വീട്ടിൽ കൊണ്ടു പോയി കുഴിച്ചിടുക, അത് വളർന്ന് പന്തലിച്ച് അതിലൊരു പാവയ്ക്കാ ഉണ്ടാകും. അത് മൂത്ത് പഴുത്ത് പാകമാകുമ്പോൾ മുറിച്ചു നോക്കുക, അതോടു കൂടി നിങ്ങളുടെ ഇപ്പോഴത്തെ സങ്കടം എല്ലാം മാറും.

ഇത്രയും പറഞ്ഞ് വനദേവത അപ്രത്യക്ഷയായി. അപ്പൂപ്പനും അമ്മൂമ്മയ്ക്കും വലിയ ആശ്വാസമായി. അവരാ വിത്തും മുറുക്കിപ്പിടിച്ച് വീട്ടിലേക്ക് പോന്നു. നിലമൊരുക്കി, തടമെടുത്ത് വിത്തു കുഴിച്ചിട്ടു, പന്തലു കെട്ടി, വെള്ളമൊഴിച്ചു. എന്നും രാവിലെ അപ്പൂപ്പനും അമ്മൂമ്മയും വന്ന് മുള വന്നോന്നു നോക്കും. അങ്ങനെ ഒരു ദിവസം അതിൽ മുളവന്നു. പതുക്കെ ഒരില, രണ്ടില, വള്ളികൾ അങ്ങിനെ അങ്ങിനെ  അത് വളർന്നു പന്തലിച്ച് ഒരു വലിയ പാവയ്ക്കാ ചെടിയായി തീർന്നു. അതോടൊപ്പം അവരുടെ ജിജ്ഞാസയും വർദ്ധിച്ചു വന്നു. കാത്തു കാത്തിരുന്ന് ഒരു ദിവസം അതിൽ പൂവ് വിരിഞ്ഞു, പിന്നെ അത് ഒരു കുഞ്ഞൻ പാവയ്ക്ക ആയി. അപ്പൂപ്പനും അമ്മൂമ്മയും സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഓരോ ദിവസം കഴിയും തോറും പാവയ്ക്ക വലുതായിക്കൊണ്ടിരുന്നു.

സാധാരണയിൽ കവിഞ്ഞ വലുപ്പം വെച്ച ആ പാവയ്ക്ക ഒടുവിൽ പാകമായി പഴുക്കാൻ തുടങ്ങിയപ്പോൾ വനദേവതയുടെ വാക്കുകൾ പ്രകാരം അവരതു പറിച്ച്, വളരെ സൂക്ഷിച്ച് മുറിച്ചു നോക്കി...

അവർക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാനായില്ല, നീലകണ്ണുകളും തുടുത്ത കവിളുകളുമായി ഒരു സുന്ദരി പെൺകുഞ്ഞ്   ആ പാവയ്ക്കയിൽ നിന്നും പുറത്തു വന്നു. അമ്മൂമ്മ ആ കുഞ്ഞിനെ വാരിയെടുത്ത് ഉമ്മ വെച്ചു. ഈ കഥയറിഞ്ഞ ഗ്രാമവാസികൾ പാവയ്ക്കായിൽ നിന്നും കിട്ടിയ കുഞ്ഞിനെ കാണാൻ അവിടെ വന്നു. വർഷങ്ങളായി സങ്കടകൂടാരമായി കിടന്ന അവരുടെ വീട് ഒരു ആഹ്ളാദ കൊട്ടാരമായി മാറി. അപ്പൂപ്പനും അമ്മൂമ്മയും ആ കുഞ്ഞിനെ ഓമനിച്ച് വളർത്തി അവളൊരു സുന്ദരി കുട്ടിയായി വളർന്നു വന്നു. അതി സുന്ദരിയായ ഒരു കൊച്ചിനെ കിട്ടിയപ്പോൾ അപ്പൂപ്പനും അമ്മൂമ്മയ്ക്കും നിഗളവും അഹങ്കാരവും കൂടി വന്നു. അവരുടെ മകളെ വാനോളം പുകഴ്ത്തി പറഞ്ഞു കൊണ്ടു നടന്നു. പക്ഷേ, മറ്റുള്ളവരുടെ മക്കളെ ഇകഴ്തി പറയാനും തുടങ്ങി.

അവളുടെ കളിക്കൂട്ടുകാരെല്ലാം അവളെ ''പാവയ്ക്കാ കൊച്ചേ''  എന്ന് വിളിക്കുമായിരുന്നു. ''പാവയ്ക്കാ കൊച്ചേ''
എന്ന കൂട്ടുകാരുുടെ വിളി കേട്ട് അവൾക്ക് അരിശവും സങ്കടവും വന്നു. ഒരിക്കൽ അവരോടൊന്നും കൂട്ടു കൂടാതെ അവളൊരിടത്ത് മാറിയിരുന്ന് കരയാൻ തുടങ്ങി.

പെട്ടെന്ന് ആ വനദേവത പ്രത്യക്ഷപ്പെട്ട് അവളുടെ സങ്കടത്തിന്റെ കാരണം തിരക്കി. അവൾ എല്ലാം എണ്ണി പെറുക്കി പറഞ്ഞു. ദേവത പറഞ്ഞു മോളേ, അവര് നിന്റെ കൂട്ടുകാരല്ലേ, നീ എങ്ങനെയാ കൂട്ടുകാരില്ലാതെ ഒറ്റക്ക് ജീവിക്കുക. പക്ഷേ അവള് വാശി പിടിച്ച് കരഞ്ഞു, വേണ്ട, ആരും വേണ്ട, എന്നെ കളിയാക്കുന്നവരെ എനിക്ക് കാണണ്ട, അവരെ അപ്രത്യക്ഷരാക്കണം.

ദേവത പിന്നെയും നയത്തിൽ ചോദിച്ചു, മോളേ നീ നല്ലപോലെ  ആലോചിച്ചിട്ടാണോ ഇതു പറയുന്നത്? അവൾ പറഞ്ഞു, അതെ. അവസാനം ഒരു ദീർഘ നിശ്വാസത്തോടെ ദേവത പറഞ്ഞു, ശരി ഇനി ആരെങ്കിലും നിന്നെ പാവയ്ക്കാ കൊച്ചേ എന്നു വിളിച്ചാൽ നീ ഡും. ഡും എന്ന് തിരിച്ചു പറഞ്ഞാൽ മതി, വിളിച്ചയാൾ അപ്രത്യക്ഷമായിക്കൊള്ളും. അവൾക്ക് ഭയങ്കര സന്തോഷമായി.

അവൾ കൂട്ടുകാരുടെ അടുത്ത് പിന്നെയും കളിക്കാൻ ചെന്നു, ഓരോ കൂട്ടുകാർ പാവയ്ക്കാ കൊച്ചേ എന്നു വിളിക്കും, അപ്പോളവൾ ഡും ഡും എന്ന് തിരിച്ച് പറയും, വിളിച്ചയാൾ ഡിഷ്യൂം.... എന്ന് അപ്രത്യക്ഷരാകും. ഏതാനും ദിവസം കൊണ്ട്, അവളുടെ കൂട്ടുകാരെല്ലാം തന്നെ അപ്രത്യക്ഷരായി. ബാക്കി ഉള്ളവരാകട്ടെ അവളുടെ ഈ സ്വഭാവം കാരണം അവളെ ഒന്നു നോക്കാനോ ചിരിക്കാനോ പോലും തയ്യാറായില്ല.

അങ്ങനെ അവൾതീർത്തും ഒറ്റപ്പെട്ട് ഒരു മരച്ചുവട്ടിൽ ആരും കൂട്ടിനില്ലാതെ മുഷിഞ്ഞ് ഇരുന്നു, ആരെങ്കിലും ''പാവയ്ക്കാ കൊച്ചേ''എന്നെങ്കിലും ഒന്നു വിളിച്ചിരുന്നെങ്കിൽ എന്ന് അവളാശിച്ചു പോയി. ആ ഓർമ്മയിൽ ഒരു പാട്ടു പോലെ അവളിങ്ങിനെ പാടി.

''പാവയ്ക്കാ കൊച്ചേ, ഡും. ഡും.''

ഡിഷ്യൂം.... അവളും അപ്രത്യക്ഷയായി.

കഥ കേട്ടിട്ട് അച്ചായന് വല്യ സന്തോഷമായി. രോഷമൊക്കെ അടങ്ങി സംഭവം ശാന്തമായി വിവരിച്ചു. നല്ല പഠിപ്പും മിടുക്കും, സൌന്ദര്യവും ഉള്ള മകളുടെ പ്രൊപ്പോസൽ പറയാൻ വേണ്ടി, പ്രഥമ ദൃഷ്ട്യാ യോഗ്യൻ എന്നു തോന്നിയ ഒരു പയ്യന്റെ വീട്ടിൽ വിളിച്ചു. പയ്യന്റെ അമ്മയാണ് ഫോണെടുത്തത്. പ്രൊപ്പോസൽ ആണെന്നു പറഞ്ഞപ്പോൾ, ഏതാ കേസ്?, പ്രൊഫൈൽ ഐഡിൽ ക്വാളിഫിക്കേഷൻ?.......

ഇനിനെല്ലാം ഇന്റർവ്യൂവിന് മറുപടി പറയുന്നു പോലെ ഉത്തരം പറഞ്ഞു.

അപ്പോൾ അടുത്ത സെറ്റ് ചോദ്യങ്ങൾ....എത്ര വയസ്സാ? 24, പൊക്കം? 160, ജോലിയുണ്ടോ? ഉണ്ട്.

എന്നിട്ട് അമ്മ പറയുകയാണ്, അതേ, എന്റെ മോന് 27 വയസ്സേ ഉള്ളൂ. 23 വയസ്സിനു മേലോട്ട് നോക്കുന്നില്ല. ആറടിക്കടുത്ത് പൊക്കമുള്ള നല്ല ഹാൻസം പയ്യനാ മോൻ, 165 എങ്കിലും പൊക്കം വേണം പെണ്ണിന്. എല്ലായിടത്തും ടോപ്പറായിട്ടാ മോൻ പഠിച്ചതും ജോലി ചെയ്യുന്നതും. അവന്റെ കമ്പനിയിൽ പ്രധാനപ്പെട്ട എല്ലാ പ്രോജക്ടുകളിലും അവൻ വേണം. എന്നും വിദേശ യാത്രകളും മീറ്റിംഗും ആയിട്ട് വലിയ തിരക്കുള്ള ജോലിയാണ്. ഫാസ്റ്റ്ട്രാക്ക് കരിയറാണ് മകന്റേത്, അതുകൊണ്ട് പെണ്ണിനെ ജോലിക്കു വിടാൻ ഞങ്ങൾക്ക് തീരെ താല്പര്യം ഇല്ല. ഇതു ശരിയാകുമെന്നു തോന്നുന്നില്ല.

ഇതു ശരിയാവൂല്ലെന്നാ എനിക്കും തോന്നുന്നത്, എന്നു പറഞ്ഞ് ഞാൻ ഫോൺ വെച്ചു. എന്റെ ജോർജ്ജ് സാറേ, അവരുടെ പറച്ചിലിന്റെ അഹങ്കാരവും, സ്വരത്തിലെ നിഗളവും കേട്ടിട്ട്, വല്ലാത്ത അസ്വസ്ഥത തോന്നി. ആരോടെങ്കിലും ഇതൊന്നു പറയാനാ ഞാൻ സാറിനെ വിളിച്ചത്. സാറേതായാലും ഈ കഥ മാസികയിൽ എഴുതണം. എന്നേ പോലെ ഒരുപാട് പേർക്ക് ഒത്തിരി ആശ്വാസം തോന്നും.

പ്രിയപ്പെട്ടവരേ, ആണിന്റെയും പെണ്ണിന്റെയും ഹൃദയത്തിന്റെ ഐക്യമല്ലേ വിവാഹത്തിന് പ്രധാനമായും പരിഗണിക്കേണ്ട ഘടകം? ഓരോ പ്രൊപ്പോസലും, മക്കളുടെ അഭിപ്രായം ചോദിച്ച്, അവരെക്കൊണ്ട് അതെപ്പറ്റി ചിന്തിപ്പിച്ച്, അവരുടെ മനസ്സിനെ പാകപ്പെടുത്തി പക്വത ഉള്ളവരാക്കി മാറ്റുന്ന ഒരു പ്രക്രിയ ആണ് നമ്മുടെ അറേഞ്ചഡ് മാര്യേജ് ശൈലി. അനുയോജ്യമല്ലാത്ത പ്രൊപ്പോസലുകളും നമ്മളുടെ കണ്ണു തുറപ്പിക്കാൻ ചിലപ്പോൾ സഹായിച്ചേക്കാം. ഈ അമ്മയുടെ നിഗളമോ അറിവില്ലായ്മയോ മൂലം ഒരു പയ്യന് ആ അവസരം നഷ്ടപ്പെടുകയും, അവനറിയാതെ തന്നെ മറ്റുള്ളവരുടെ ഈർഷ്യവും രോഷവും ആ പയ്യന്റെ മേൽ വീഴാനിടയായതും ശ്രദ്ധിച്ചോ?.. കുടുംബം ചേരുമോ എന്ന് മാതാപിതാക്കളും, പരസ്പരം ചേരുമോ എന്ന് മക്കളും തീരുമാനം എടുക്കട്ടെ എന്നാണ് എന്റെ അഭിപ്രായം.

ഇനി ആരെങ്കിലും പ്രൊപ്പോസലുമായി വിളിച്ചാൽ അവർ ഒരുപക്ഷേ ഭാവിയിൽ തങ്ങളുടെ ബന്ധുക്കാർ ആകാനിടയുള്ളവരാണ് എന്ന് സങ്കല്പിച്ച് അത്രയും സൌഹൃദത്തിൽ അവരോട് ഊഷ്മളമായി ഇടപെടാൻ ശ്രദ്ധിക്കണം. നാളെ ആ പ്രൊപ്പോസൽ അഥവാ വേണ്ടെന്നു വെക്കണമെങ്കിൽ അത് അവരെ അറിയിക്കുന്ന ദൌത്യം ഞങ്ങളെ ഏല്പിച്ചാൽ മതി. തീരെ പറ്റാത്തതാണെങ്കിലും, സൈറ്റിൽ നോക്കിയിട്ട് ബെത് ലെഹമിൽ അറിയിച്ചേക്കാം എന്ന് സൌമ്യമായി പറഞ്ഞാൽ മതി.

ഏതെങ്കിലും സ്കെയിലുകൾ കൊണ്ട് ബാഹ്യമായ യോഗ്യതകൾ അളന്ന് പൊങ്ങച്ചം കാട്ടി പ്രൊപ്പോസലുകൾ ഡും ഡും വെക്കുമ്പോൾ അവരു പറയും ഇതൊരു ''പാവയ്ക്കാ കൊച്ചാ!''.

George Kadankavil - February 2017

What is Profile ID?
CHAT WITH US !
+91 9747493248