Back to articles

പ്രൊപ്പോസലുമായി ഫോൺ ചെയ്യുമ്പോൾ ഒന്നു ശ്രദ്ധിക്കണം!

December 01, 2007

ഫോണിലൂടെ ഫലപ്രദമായി ആശയവിനിമയം നടത്താൻ ചിലർക്ക് പ്രത്യേക നൈപുണ്യം ഉണ്ട് മറ്റു ചിലർക്ക് ഇതു തീരെ ഇല്ല.

ഫോണിൽ സംസാരിക്കുന്നത് ആരോടാണ് എന്നത് ഒരു പ്രധാന ഘടകമാണ്. തീരുമാനമെടുക്കാൻ കഴിയുന്ന ആളിനോടാണോ, വാർദ്ധക്യ സഹജമായ ഓർമ്മക്കുറവും മറ്റുമുള്ള ആരോടെങ്കിലുമാണോ, വീട്ടിൽ വന്നിരിക്കുന്ന ബന്ധുക്കളോടാണോ, ജോലിക്കാരാടാണോ എന്നു മനസ്സിലാക്കി ആളും തരവും അനുസരിച്ച്  സംസാരിക്കണം.

ഉദ്ദേശിച്ച കാര്യങ്ങൾ തന്നെയാണോ പറഞ്ഞത് എന്നും, അതേ അർത്ഥത്തിലാണോ കേട്ടയാൾ മനസ്സിലാക്കിയത് എന്നും ബോദ്ധ്യപ്പെടണം.

കേൾക്കുന്നതോ കാണുന്നതോ ആയ ഓരോ കാര്യങ്ങളും അവരവരുടെ പശ്ചാത്തലവുമായി ബന്ധപ്പെടുത്തിയാണ് മനുഷ്യൻ മനസ്സിലാക്കുന്നത്.  അയാൾ അത് മറ്റൊരാൾക്ക് വിശദീകരിച്ചു കൊടുക്കുമ്പോൾ ചിലത് കൂട്ടിച്ചേർക്കുന്നതും, ചിലത് വിട്ടുകളയുന്നതും സ്വാഭാവികമാണ്. അതുകൊണ്ട് അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം കാര്യങ്ങൾ പറയണം.

നിങ്ങൾ ഫോൺ ചെയ്യുന്ന അവസരത്തിൽ ആ വീട്ടിലെ അന്തരീക്ഷം  എങ്ങനെ ആയിരിക്കും എന്നത് മറ്റൊരു ഘടകമാണ് . വീട്ടിൽ അസ്വസ്ഥതയുള്ള അവസരത്തിൽ ലഭിച്ച ടെലിഫോൺ കോളിന് അസ്വസ്ഥമായ മറുപടി കൊടുത്ത് തെറ്റിദ്ധാരണകൾ ഉണ്ടായ സംഭവങ്ങൾ എനിക്കറിയാം. പനി പിടിച്ചിരുന്ന ആളിനോട് ഫോണിൽ സംസാരിച്ചിട്ട്, അങ്ങേര് ഫിറ്റാണെന്നാ തോന്നുന്നത് എന്ന് കരുതി സംഭാഷണം നിന്നുപോയ സംഭവങ്ങൾ ഉണ്ട്. വിളിച്ച് കുശലാന്വേഷണങ്ങൾ നടത്തി ഫ്രിക്വൻസി ട്യൂൺ ചെയ്ത്, സന്ദർഭം നല്ലതാണെങ്കിൽ മാത്രം കല്യാണക്കാര്യം പറയുക.

തിരികെ തുറന്നു സംസാരിക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ വെച്ച് ഫോൺ എടുക്കുകയും അപൂർണ്ണമായ മറുപടികൾ കൊണ്ട് സംശയങ്ങൾ സൃഷ്ടിക്കുകയും ചെയ്ത സംഭവങ്ങളുണ്ട്. മൊബൈൽ വന്നതോടെ ഈ സാദ്ധ്യത വളരെ കൂടുതലായിരിക്കുന്നു. വിളിക്കുന്ന ആളിനോട്, സ്വകാര്യമായി സംസാരിക്കാൻ സാധിക്കുന്ന ചുറ്റുപാടിലാണോ അദ്ദേഹം എന്നു തിരക്കി, അനുയോജ്യമാണെങ്കിൽ മാത്രം സംസാരിക്കുക.

ഫോൺ ചെയ്തു കൊടുക്കുന്ന പ്രൊപ്പോസൽ പ്രഥമ ദൃഷ്ട്യാ പരിഗണിക്കാവുന്നതാണെങ്കിൽ മാത്രമെ അവരുടെ വീട്ടിൽ ചർച്ച ചെയ്യപ്പെടാറുള്ളു. അല്ലാത്തത് അപ്പോൾ തന്നെ വിസ്മരിക്കപ്പെടും. പിന്നീട് ഒന്നു പരിഗണിക്കാനുള്ള സാദ്ധ്യത ഇവിടെ പൂർണ്ണമായി നഷ്ടപ്പെടുന്നു, ഒരിക്കൽ ആലോചിച്ചിട്ട് വിട്ടു കളഞ്ഞ ആലോചന പിന്നെ ഒരവസരത്തിൽ വീണ്ടും പരിഗണിച്ച് വിവാഹം ആയ ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും ചൂണ്ടിക്കാണിക്കാനാകും.

മാത്രവുമല്ല വിവാഹാർത്ഥിയെക്കുറിച്ചുള്ള വിവരങ്ങൾ രേഖാമൂലം ലഭിക്കുന്നത്  രണ്ടു കൂട്ടർക്കും നല്ലതാണ്. ആവശ്യവുമാണ്. അതുകൊണ്ട് ഇമെയിലോ, വെബ്സൈറ്റിലെ മെസ്സേജ് ബോക്സുകൾ വഴിയോ നിങ്ങളുടെ വിശദ വിവരങ്ങൾ മറു പാർട്ടിക്ക്  കൊടുത്ത ശേഷം ഫോൺ ചെയ്യുന്നതാണ് ഫലപ്രദം.

വേണ്ട കാര്യങ്ങൾ, വേണ്ട സമയത്ത്, വേണ്ടപ്പെട്ടവരോട്, വേണ്ട വിധം അറിയിക്കണം അതാണ് അടിസ്ഥാന തത്വം.

George Kadankavil - December 2007

Search
What is Profile ID?