Back to articles

ഭർത്താവിന്റെ ഡിഗ്രി കള്ളം

August 01, 2014

''അങ്കിളേ, എന്റെ ഭർത്താവും വീട്ടുകാരും കൂടി എന്നെ ചതിക്കുകയായിരുന്നു, ബി.ടെക് എൻജിനീയറാണെന്നു പറഞ്ഞാണ് അവര് കല്യാണം ആലോചിച്ചു വന്നത്. അപ്പന്റെ കൂടെ തോട്ടവും ബിസ്സിനസ്സും നോക്കി നടത്തുകയാണ് പയ്യൻ. സ്വന്തം ഫാക്ടറിയുണ്ട്. എൻജിനീയർ, ഇൻഡസ്ട്രിയലിസ്റ്റ്, പ്ളാന്റർ ഇതെല്ലാം കൂടെയാണ് എന്നൊക്കെ പറഞ്ഞപ്പോൾ എന്റെ വീട്ടുകാർക്ക് ഭയങ്കര താല്പര്യം ആയി, അങ്ങനെയാണ് എന്റെ കല്യാണം നടന്നത്.

കല്യാണം കഴിഞ്ഞ് രണ്ട് മാസമായപ്പോൾ, എന്റെ ആഗ്രഹപ്രകാരം രണ്ടു പേരും കൂടി ഒരു വിദേശയാത്ര നടത്താൻ പ്ളാനിട്ടു. അതിന് വിസ അപേക്ഷ പൂരിപ്പിച്ചപ്പോഴാണ് ചതി മനസ്സിലായത്. ക്വാളിഫിക്കേഷൻ എഴുതേണ്ടിടത്ത് പ്ളസ് ടു എന്നെഴുതിയാൽ മതി എന്നു ഭർത്താവ് പറഞ്ഞു. അതെന്താ എന്നു ചോദിച്ചപ്പോൾ പറയുകയാണ്, അഞ്ചു കൊല്ലം എൻജിനീയറിംഗ് കോളേജിൽ പോയിട്ടുണ്ടെന്നേ ഉള്ളു. പരീക്ഷകൾ കുറെ ഇനിയും പാസ്സാകാനുണ്ടെന്ന്.

എന്റെ തലയിൽ ഒരു ഇടിവെട്ടിയതുപോലെ തോന്നി. ഞാൻ ഒച്ചവെച്ചു. വഴക്കായി, അവൻ എന്നെ തല്ലി.
ഞാൻ എന്റെ സാധനങ്ങൾ കയ്യിൽ കിട്ടിയതൊക്കെ വാരി പെട്ടിയിലിട്ടു. അലമാരി തുറന്ന് എന്റെ ആഭരണങ്ങൾ എടുത്തപ്പോൾ അവൻ എന്റെ മുഖത്ത് അടിച്ചു.

ഞാൻ താഴെ വീണുപോയി, ആ നേരത്തിന് അവൻ എന്റെ കയ്യിലിരുന്ന ആഭരണങ്ങൾ പിടിച്ച് പറിച്ച് അലമാരിയിൽ വെച്ച് പൂട്ടി.

ചതിയാ, നുണയാ, മര്യാദക്ക് എന്റെ ആഭരണങ്ങൾ എടുത്തു താ, എന്നു പറഞ്ഞ് ചെന്നപ്പോൾ പിന്നേയും കുറെ അടിച്ചു. എന്നിട്ട് എന്റെ ഡാഡിക്ക് ഫോൺ ചെയ്തു പറഞ്ഞു നിങ്ങടെ മകൾക്ക് ഭ്രാന്താ, അവളിവിടെ മദമിളകി തുള്ളി നിൽക്കുകയാണ്, വന്നു പിടിച്ചോണ്ടു പോയി വല്ല ഭ്രാന്താശുപത്രിയിലും കൊണ്ടാക്ക് എന്ന്. അതോടെ ഞാൻ പെട്ടിയും എടുത്ത് ആ വീടു വിട്ട് ഇറങ്ങിപ്പോന്നു.

ഞാൻ പെട്ടിയിലിട്ട സാധനങ്ങളുടെ കൂടെ അവന്റെ വാച്ചും ഫോണും ഉണ്ടായിരുന്നു. അതിന് വീട്ടിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ചു കടന്നു കളഞ്ഞു എന്ന് എന്റെ പേരിൽ അവര് പോലീസ് കേസ് കൊടുത്തു. എന്റെ അപ്പച്ചൻ എന്നെയും കൂട്ടി ഒരു വക്കീലിനെ ചെന്നു കണ്ടു. വക്കീൽ പറഞ്ഞു, നമ്മൾ ഒരു കേസ് അവർക്കെതിരെ കൊടുത്താൽ വർഷങ്ങൾ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അവരു ചെയ്തിരിക്കുന്നത്.

പക്ഷേ ഒരു വിധി ഉണ്ടാകാൻ സമയം കുറെ എടുക്കും. പിന്നെ അവർക്ക് നാണക്കേട് വരുമ്പോൾ, അവർ തിരിച്ച് നിങ്ങളെയും നാണം കെടുത്തും. അതുകൊണ്ട് പോലീസ് സ്റ്റേഷനിൽ പോയി അവന്റെ സാധനങ്ങൾ തിരിച്ചു കൊടുത്ത്, പോലീസുകാരുടെ മദ്ധ്യസ്ഥതയിൽ ഇപ്പോഴത്തെ കേസ് ഒത്തു തീർപ്പ് ആക്കുന്നതാ ബുദ്ധി. പെട്ടെന്നുള്ള ക്ഷോഭം കൊണ്ട് അബദ്ധം പറ്റിയതാണ് ക്ഷമിക്കണം എന്നു പറയാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഈ കേസ് ഒഴിവാക്കാൻ സാധിക്കും. അവനെ സഹിക്കാൻ പറ്റില്ലെങ്കിൽ, സാവകാശം രണ്ടു പേരും കൂടി ജോയിന്റ് പെറ്റീഷൻ കൊടുത്ത് ഡിവോഴ്സ് വാങ്ങാൻ ശ്രമിക്കണം.

എനിക്ക് ആ വക്കീലിനോട് നല്ല ദേഷ്യം വന്നു. എന്നെ ചതിച്ചു, തല്ലി, എന്റെ ആഭരണങ്ങൾ പിടിച്ചു വെച്ചു. സ്ത്രീധനം കൊടുത്ത കാശ് അവൻ ബാങ്കിലിട്ടു, എന്നിട്ട് ഇപ്പോേൾ ഞാൻ മാപ്പു ചോദിക്കണമെന്നോ?

ഇതെവിടത്തെ ന്യായമാണ്. ഈ വക്കീല് ഇനിയെങ്ങാനും അവന്റെ കണക്ഷനിൽ പെട്ട ആരെങ്കിലുമാണെങ്കിലോ?.

ഇങ്ങനെ ഓരോന്ന് ആലോചിച്ച് ഞങ്ങൾ മടിച്ചിരിക്കുന്നതു കണ്ടപ്പോൾ വക്കീൽ പറഞ്ഞു. അടുത്ത മാർഗ്ഗം തിരികെ ആക്രമിക്കുക എന്നതാണ്. എന്നെ ദേഹോപദ്രവം ഏല്പിച്ചു, മാനസികമായി പീഡിപ്പിച്ചു, മനപൂർവ്വം കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വിവാഹം നടത്തി, ആഭരണങ്ങൾ പിടിച്ചു പറിച്ചു, എന്നൊക്കെ കാണിച്ച് എന്റെ വക്കീൽ കുറെ കേസുകൾ അവർക്കെതിരെയും കൊടുത്തു.

ഒരു വർഷമായി ഇപ്പോൾ കേസു കളിച്ചു കൊണ്ടിരിക്കുന്നു. ഹിയറിംഗ് ഉള്ളപ്പോഴൊക്കെ കോടിതിയിൽ പോകണം. തെളിവുകൾ ഉണ്ടാക്കി കൊണ്ടു ചെല്ലണം. ഒന്നിനും ഒരു തീരുമാനം ഉടനെയെങ്ങും ഉണ്ടാകുന്ന ലക്ഷണമില്ല. കേസു നടത്താൻ നല്ല പണച്ചിലവുമുണ്ട്, അവന് പണത്തിന് ബുദ്ധിമുട്ടില്ല, പണം എത്ര വേണമെങ്കിലും അവരിറക്കും. ഇത് ഊരിയെടുക്കാൻ എന്തു ചെയ്യണമെന്നറിയില്ല. സാറിന് എന്തെങ്കിലും മാർഗ്ഗം തോന്നുന്നുണ്ടോ?''

മോളേ,കോടതി വിധികളെല്ലാം, ഭാവിയിൽ ഉണ്ടാകുന്ന സമാന കേസുകൾക്ക് റഫറൻസ് ആയി മാറും.
അതുപോലെ അസാധാരണ അനുഭവങ്ങളെല്ലാം ഭാവിയിൽ ഉണ്ടാകുന്ന സമാന സംഭവങ്ങൾക്ക്, മറ്റുള്ളവർക്ക് റഫറൻസ് ആയി മാറും. നിന്റെ അനുഭവം അത്തരത്തിലുള്ള റഫറൻസ് ആണ് എന്ന് എനിക്ക് തോന്നുന്നു, അതിനാൽ ഞാനിതേക്കുറിച്ച് എഴുതാം.

ഇത്രയും കുഴഞ്ഞു മറിഞ്ഞ ഈ നൂലാമാലകൾ ഓരോന്നായി അഴിച്ചെടുക്കാൻ ആർക്കും സാധിക്കില്ല. പക്ഷേ, ഇത് മഞ്ഞു പോലെ ഉരുക്കി കളയാൻ നിനക്ക് സാധിക്കും.

ഏതെങ്കിലും ഊർജ്ജം ലഭിക്കാതെ പ്രപഞ്ചത്തിൽ ഒരു പ്രവർത്തിയും നടക്കുകയില്ല. അവസ്ഥകൾ പ്രശനങ്ങളാകാനും, പ്രശ്നങ്ങൾ വഷളാകാനും ഒക്കെ എവിടെ നിന്നെങ്കിലും ഊർജ്ജം ലഭിച്ചു കൊണ്ടിരിക്കണം. ആ ഊർജ്ജം ചെല്ലാതിരുന്നാൽ മതി. പ്രശ്നം നിഷ്ക്രിയമായിക്കൊള്ളും.

But Energy can neither be created nor be destroyed. It can only be converted to other forms.

ഈ തത്വപ്രകാരം, നിന്റെ അവസ്ഥ വഷളായതിനുള്ള ഊർജ്ജം എവിടെ നിന്നു വന്നു എന്ന് കണ്ടെത്തി, അതിനെ മറ്റ് ഏതെങ്കിലും അവസ്ഥയിലേക്ക് മാറ്റാൻ സാധിക്കുമോ എന്ന് ശ്രമിച്ചു നോക്കാം.

ഭർത്താവിന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് നിന്റെ ധാരണ തെറ്റായിരുന്നു എന്നറിഞ്ഞപ്പോഴുണ്ടായ ഷോക്ക്. നിന്റെ തലയിലെ ആ ഇടിവെട്ടലാണ് ഈ ഊർജ്ജത്തിന്റെ ആദ്യ സ്രോതസ്സ്.

നിന്റെ മനസ്സ് ഇത് പ്രോസസ്സ് ചെയ്ത്, അവൻ കള്ളം പറഞ്ഞ് നിന്നെ പറ്റിച്ചു എന്ന ഉറച്ച ഒരു നിഗമനത്തിലെത്തി.

ചതി പറ്റി എന്ന തോന്നൽ, പെട്ടെന്ന് പ്രതികാര ചിന്തയായി.

മനുഷ്യന്റെ ഉള്ളിലെ ഏറ്റവും കുരുത്തുള്ള വികാരം, പ്രതികാര ദാഹം ആണ്.
നിന്റെ പ്രശ്നങ്ങൾക്കെല്ലാം ഊർജ്ജം കൊടുക്കുന്നത്, ഈ വികാരമാണ്. തന്മൂലം, നിങ്ങളുടെ ഭർത്താവിന്റെ ബാക്കി നല്ല വശങ്ങളൊന്നും ശ്രദ്ധിക്കാൻ സാധിക്കാത്ത വിധം നിന്റെ അകക്കണ്ണ് അടഞ്ഞുപോയി.

Okay your secret is safe with me, പക്ഷേ, നമ്മൾ ടൂർകഴിഞ്ഞ് വന്നാലുടൻ അടുത്ത പരീക്ഷക്ക് രജിസ്റ്റർ ചെയ്യും, ബാക്കി പേപ്പറുകളെല്ലാം എഴുതി പാസ്സാകും, എന്നു പറഞ്ഞ് അവനെ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ, നീ ഇപ്പോൾ സിംഗപ്പൂരും മലേഷ്യയും ഒക്കെ കറങ്ങി വന്ന്, അനേകം എൻജിനീയർമാർക്ക് ജോലി കൊടുക്കുന്ന ഇൻഡസ്ട്രിയലിസ്റ്റിന്റെ ഭാര്യയായി വിലസുമായിരുന്നില്ലേ?

വഴക്കിടാൻ ഉപയോഗിച്ച ഊർജ്ജം കൊണ്ട്, അവന് ബി. ടെക് പാസ്സാകാൻ സാധിക്കുമായിരുന്നില്ലേ?.

''അപ്പോൾ കള്ളം പറഞ്ഞ് ചതിച്ച് കല്യാണം നടത്തിയതിന് ഒരു കുഴപ്പവുമില്ലേ അങ്കിൾ?
എന്തു നുണ പറഞ്ഞും ആർക്കും ആരേയും പറ്റിക്കാമെന്നാണോ അങ്കിളു പറയുന്നത്?''

മോളേ, നീതിയും അനീതിയും എന്തെന്നു നിശ്ചയിക്കാനും, അനീതി ചെയ്യുന്നവരെ ശിക്ഷിക്കണോ രക്ഷിക്കണോ എന്നൊക്കെ വിധിക്കാനുമൊക്കെയുള്ള ധർമ്മം ദൈവത്തിൽ അർപ്പിച്ചു ജീവിക്കുന്ന ആളാണു ഞാൻ. ആ കാഴ്ചപ്പാട് പ്രകാരം അവൻ ചെയ്തതിനുള്ള പ്രതിഫലം അവനു ലഭിച്ചിരിക്കും. എനിക്കെന്തു വേണം എന്നപേക്ഷിക്കാനല്ലാതെ, അവനെന്തു കൊടുക്കണം എന്ന് സൂചിപ്പിക്കാൻ പോലും എനിക്ക് അർഹതയില്ല, എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഒരു കാര്യം കൂടി ചോദിച്ചോട്ടെ, അവൻ ബി.ടെക് ജയിച്ചിട്ടില്ല എന്നറിഞ്ഞതിനെ തുടർന്നുള്ള സംഭവങ്ങളല്ലാതെ, ഭർത്താവിനെക്കുറിച്ച് വേറെ ആക്ഷേപങ്ങളൊന്നും നിനക്കില്ലല്ലോ?

''ഇല്ല അങ്കിളേ, എന്റെ ഭാഗത്തും കുറെ അബദ്ധം വന്നിട്ടുണ്ടല്ലോ, ദേഷ്യവും സങ്കടവും ഒക്കെക്കൊണ്ട്, പൊട്ടിത്തെറിച്ച് വിവേകമില്ലാതെയാണ് പെരുമാറിയതെന്ന് ഞാൻ ഇപ്പോഴറിയുന്നു''.

മോളേ, അബദ്ധം എന്നത് ആരുടെയും കുത്തകയല്ലെന്നു ഇപ്പോൾ നിനക്ക് മനസ്സിലായല്ലോ. അവനും അങ്ങനെ കള്ളം പറയാൻ നിർബന്ധിതൻ ആയതായിരിക്കാം.

ബി.ടെക് പാസ്സായിട്ടില്ലെന്നു പറഞ്ഞാൽ ബി.ടെക് പാസ്സായ ഏതെങ്കിലും പെണ്ണിന്റെ  വീട്ടുകാർ അവനുമായുള്ള കല്യാണത്തിനു സമ്മതിക്കുമോ?


അവന്റെ രഹസ്യം സൂക്ഷിക്കാൻ നിനക്ക് കിട്ടിയ ഒന്നാന്തരം അവസരമായിട്ട് ആ കള്ളത്തെ ഒന്നു പരിഗണിച്ചു നോക്ക്. നീ അത് രഹസ്യമായിത്തന്നെ സൂക്ഷിച്ചിരുന്നെങ്കിൽ, അതിന്റെ ഒരു പ്രത്യേക അടുപ്പവും ഇഷ്ടവും പരിഗണനയുമൊക്കെ അവൻ നിന്നോട് കാണിക്കില്ലായിരുന്നോ?

അവൻ കള്ളം പറഞ്ഞു, അതിന്റെ ശിക്ഷ നീ അവനു കൊടുത്തു. അവനെ ശിക്ഷിച്ചതിനുള്ള ശിക്ഷ നിനക്കും കിട്ടി എന്നു സമാധാനിക്കുകയാണ് ഇനി ഉചിതം.

പ്രശ്നം എങ്ങിനെയും പരിഹരിക്കണം എന്നാണ് നിന്റെ ആഗ്രഹമെങ്കിൽ, മനസ്സിലെ പ്രതികാരത്തിന്റെ ഊർജ്ജം വഴി തിരിച്ച് വിടുക.
ക്ഷമ - സ്നേഹം - ത്യാഗം - പശ്ചാത്താപം - പ്രായശ്ചിത്തം തുടങ്ങിയ വികാരങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു വിടുക. കേസു തോറ്റാലും ജയിച്ചാലും, വരുന്നത് സംയമനത്തോടെ കൈകാര്യം ചെയ്യും എന്ന് നിശ്ചയിച്ച് വാശിയും മത്സരവും ഉപേക്ഷിക്കുക.

നിനക്ക് അബദ്ധം പറ്റി എന്നും അവിവേകമാണ് കാണിച്ചത് എന്നും അവനോട് ആത്മാർത്ഥമായി ഏറ്റു പറയുക. അവൻ എങ്ങനെ പകരം വീട്ടിയാലും, അത് നീ സ്വയം ഏറ്റെടുത്ത ശിക്ഷയായി അനുഭവിച്ചു കൊള്ളാം എന്നും അവനെ അറിയിക്കുക.
ബാക്കി ശിക്ഷയും രക്ഷയും എല്ലാം തമ്പുരാന് വിട്ടു കൊടുത്തേക്കുക.

പ്രിയപ്പെട്ടവരെ, കല്യാണം നിശ്ചയിക്കും മുമ്പ്, പ്രായം, വിദ്യാഭ്യാസം, ജോലി, ശമ്പളം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പരസ്പരം ബോദ്ധ്യപ്പെടുത്തേണ്ടത് ഒരത്യാവശ്യം തന്നെയാണ്.
ഇത് സ്വയം പറയാൻ തയ്യാറാകാത്തവരോട് തുറന്നു ചോദിക്കുമ്പോൾ, അവർ offended ആകുന്നെങ്കിൽ, ആ ബന്ധം വേണ്ടെന്നു തന്നെ വെയ്ക്കുക.

സത്യം പറഞ്ഞാൽ മാത്രം പോരാ,
പറഞ്ഞത് സത്യമാണെന്ന് ബോദ്ധ്യപ്പെടുത്താനും
സന്നദ്ധരാകണം.

 

What is Profile ID?
});
CHAT WITH US !
+91 9747493248