Back to articles

21-ാം വർഷത്തിലും, പുത്തൻ സംസ്കാരം, പുതുമയോടെ ആവർത്തിച്ച്, ബെത് ലെഹം വൈവാഹിക സംഗമം.

January 13, 2017

ബെത് ലെഹം മാട്രിമോണിയലിന്റെ തനത് മുഖമുദ്രയായ വൈവാഹിക സംഗമം 2016 ഡിസംബർ 18 ന് എറണാകുളം റിന്യൂവൽ സെന്ററിൽ വെച്ച് മനോഹരമായി നടത്തപ്പെടുകയുണ്ടായി.

വൈവാഹിക സംഗമം എന്നു കേട്ടുകേൾവി മാത്രമുള്ള എനിക്കും, ബെത് ലെഹമിലെ മറ്റു പുതിയ സ്റ്റാഫ് അംഗങ്ങൾക്കും വ്യത്യസ്തമായൊരു അനുഭവം ആയിരുന്നു ഇത്.

പേര് പോലെതന്നെ വിവാഹാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ഒരു ഒത്തുചേരലിന് വേദി ഒരുക്കുകയായിരുന്നു ഞങ്ങളുടെ ദൌത്യം. ബെത് ലെഹം ടീമിലെ ഓരോ അംഗങ്ങളും അതിനുവേണ്ടി വളരെ ആത്മാർത്ഥമായി തന്നെ പ്രവർത്തിച്ചു. ഓരോരുത്തരും അവരവരുടെ റോൾ വളരെ ഭംഗിയോടെയും ആത്മാർത്ഥതയോടെയും നിർവഹിച്ചു.

ഡയറക്ടർ  ജോർജ്ജ് സാറിന്റെ പ്രിയതമ, ഗൌരി മാഡത്തിന്റെ രോഗവും വേർപാടും മൂലം രണ്ടര വർഷത്തെ ഇടവേളക്ക് ശേഷമാണ് ബെത് ലെഹം 263-ാമത് സംഗമം നടത്തുന്നത്. എക്സ് മേജർ ഗൌരിക്കുട്ടി എന്ന ഗൌരി മാഡം ഞങ്ങളുടെ അഡ്മിനിസ്ട്രേറ്ററായി ബെത് ലെഹമിന്റെ ഓരോ ചലനത്തിലും 20 വർഷമായി നിറഞ്ഞ് നിന്നിരുന്ന, നല്ല ചുറുചുറുക്കും ധൈര്യവും കാര്യപ്രാപ്തിയുമുള്ള അസാധാരണ വ്യക്തിത്വം ആയിരുന്നു. മാഡമില്ലാതെ നടത്തുന്ന ആദ്യത്തെ സംഗമം ആണ് ഇത്.

മാഡത്തിന്റെ മരണശേഷം ബ്ളെസ് റിട്ടയർമെന്റ് ഹോമിലേക്ക് താമസം മാറ്റി, ഒരു റിട്ടയർമെന്റ് മൂഡിൽ കഴിഞ്ഞിരുന്ന ജോർജ്ജ് സാറിനെ, വി.കെ.വീസ് കാറ്ററിംഗിലെ വർഗീസ് സാറാണ് സ്നേഹപൂർവ്വം നിർബന്ധിച്ച് വീണ്ടും സംഗമങ്ങൾ നടത്താൻ പ്രേരിപ്പിച്ചത്.

ഇത്രയും നോബിളായിട്ടുള്ള ഈ പരിപാടിക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ഥിരംസംവിധാനം വാഗ്ദാനം ചെയ്ത് ബ്ളെസ് ഹോംസ് ചെയർമാൻ ബാബു ജോസഫ് സാറും, ഡയറക്ടർ മിസ്സിസ്, ലിജാ ജിജോയും പ്രോത്സാഹിപ്പിക്കാൻ എത്തിയപ്പോൾ ഞങ്ങളുടെ ആവേശം ശരിക്കും കൊഴുത്തു.

സംഗമത്തിന് ഏകദേശം 40 ദിവസം മുമ്പു തന്നെ ബെത് ലെഹം ടീം ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. മെമ്പേർസിനെ എല്ലാവരെയും തന്നെ നേരിട്ട് ഫോണിൽ വിളിച്ച് സംഗമത്തെ കുറിച്ച് പറയുകയും അറിയിക്കുകയും ചെയ്തു. കൂടാതെ ബെത് ലെഹം മാസിക വഴിയും, അഭ്യുദയകാംക്ഷികൾ വഴിയും സംഗമം അനൌൺസ് ചെയ്തിരുന്നു. 40 ഗേൾസിനും 40 ബോയ്സിനുമാണ് ഇവിടെ സൌകര്യം ഉണ്ടായിരുന്നത്. അതുകൊണ്ട് മുൻകൂട്ടി ബുക്ക് ചെയ്തവരെ മാത്രമേ ഉൾപ്പെടുത്താൻ സാധിക്കുമായിരുന്നുള്ളു. ഓൺലൈൻ ബുക്കിംഗ് തുറന്ന് ആദ്യത്തെ രണ്ടു ദിവസം കൊണ്ടു മുഴുവൻ സീറ്റുകളും ബുക്ക് ചെയ്ത് തീർന്നു. എന്താണീ സംഗമം എന്നറിയാൻ തുടർന്നും ധാരാളം ഫോൺ കോളുകൾ ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി. ആ വിളികളാണ് ഈ ലേഖനമെഴുതാൻ ഇടയാക്കിയത്.

സംഗമത്തിനു വേണ്ട മെറ്റീരിയലുകൾ തയ്യാറാക്കലും, ബ്രെയിൻസ്റ്റോമിംഗ് മീറ്റിംഗുകളും മറ്റുമായി ഞങ്ങൾ ബെത് ലെഹം ടീം സംഗമത്തിനായി ഒരുങ്ങിക്കൊണ്ടേയിരുന്നു. അങ്ങനെ ആ ദിവസമെത്തി. സംഗമത്തിന്റെ അന്ന് കാലത്ത് 10 മണിക്ക് തന്നെ ടീം എല്ലാം ഓഫീസിൽ എത്തിച്ചേർന്നു. അവസാന ഒരുക്കങ്ങൾക്കും ബ്രീഫിംഗിനുമായി ഒരു മീറ്റിംക് കൂടി ചേർന്നു. ജോർജ്ജ് സാറിന്റെ മകൾ സി.എ ചിന്നു മാഡത്തിന്റെയും മരുമകൾ റൈസാ മാഡത്തിന്റെയും ധൈര്യപ്പെടുത്തുന്ന വാക്കുൾ ഞങ്ങൾക്കെല്ലാം കൂടുതൽ ആത്മവിശ്വാസം നൽകി. ബാംഗ്ളൂരിൽ നിന്നും സംഗമത്തിനു വേണ്ടി മാത്രം എത്തിയതായിരുന്നു രണ്ടു പേരും.

ഉച്ചഭക്ഷണം കഴിഞ്ഞ് അങ്ങനെ എല്ലാവരും വേണ്ട സാധന സാമഗ്രികളുമായി സംഗമ വേദിയിലെത്തി. ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ആളുകൾ അവിടെ നേരത്തെ തന്നെ എത്തിച്ചേർന്നിരുന്നു. കലൂർ സ്റ്റേഡിയത്തിലെ ഫുട്ബോൾ ഫൈനലിന്റെയും, വല്ലാർപാടത്തെ മെത്രാഭിഷേകത്തിന്റെയും തിരക്കുകൾക്കിടയിൽ ഇത്രയും ആളുകൾ ഒരു മണിക്ക് മുമ്പേ  തന്നെ ഹാളിൽ എത്തിച്ചേർന്നത് കണ്ട് ഞങ്ങൾക്ക് സന്തോഷം തോന്നി.

ബോയ്സിനും ഗേൾസിനും ആയി രണ്ടു കൌണ്ടറുകൾ ഒരുക്കിയിരുന്നു. നാല സ്റ്റാഫുകൾ വീതം ഓരോ കൌണ്ടറിലും ഇരുന്നു. സംഗമത്തിനു വന്നവർ അവരുടെ കുടുംബാംഗങ്ങളോടെന്ന വിധം സ്നേഹപൂർവ്വം ഞങ്ങളോട് സഹകരിച്ചതിനാൽ, വളരെ എളുപ്പത്തിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി 1.45 ഓടെ സംഗമം തുടങ്ങാൻ സാധിച്ചു.

ഒരു മെഡിറ്റേഷൻ പ്രാർത്ഥനയോടു കൂടിയാണ് സംഗമം ആരംഭിച്ചത്. എല്ലാവരും ഒരുമയോടെ അതിൽ ഹൃദയപൂർവ്വം മുഴുകുന്നത് കാണാൻ തന്നെ  എത്ര ഭംഗിയായിരുന്നെന്നോ?. മെഡിറ്റേഷൻ കഴിഞ്ഞതോടെ എല്ലാവരും വളരെ  ഫ്രഷ് ആയതു പോലെ, ടെൻഷനും ചിന്തകളും മറന്ന് സുഖമായി ചാഞ്ഞിരുന്നു.

ബെത് ലെഹമിലെ എല്ലാമെല്ലാമായിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഗൌരിമാഡത്തെ അനുസരിച്ച് എല്ലാവരും ഒരുമിച്ച് ഒരു മിനിറ്റ് എഴുന്നേറ്റ് നിന്നു.

ചെറിയൊരു ആമുഖ പ്രഭാഷണത്തിനുശേഷം പ്രൊഫൈൽ അനൌൺസ്മെന്റ് ആരംഭിച്ചു. ആദ്യം 10 ആൺ കുട്ടികൾ പിന്നെ 10 പെൺകുട്ടികൾ എന്ന ക്രമത്തിലായിരുന്നു അനൌൺസ്മെന്റ്. ജോർജ്ജ് സാറും സ്റ്റാഫിലെ റാണി മാഡവും മാറി മാറി അനൌൺസ് ചെയ്തു. രജിസ്ട്രേഷൻ സമയത്ത് കൊടുത്ത നോട്ട്പാഡും പേനയുമായി എല്ലാവരും ഇഷ്ടപ്പെട്ട പ്രൊഫൈലുകളുടെ നമ്പർ കുറിച്ചെടുത്തു കൊണ്ടിരുന്നു. മിക്ക പ്രൊഫൈലിനും ഒപ്പം കാൻഡിഡേറ്റും സ്റ്റേജിലേക്ക് വന്നത് വളരെ സഹായകരമായി. ഓരോ പ്രൊഫൈലും അനൌൺസ് ചെയ്യുന്നതിനൊപ്പം ബെത് ലെഹം വെബ് സൈറ്റിൽ നിന്നും അവരുടെ ഫോട്ടോയും പ്രൊജക്ടറിൽ കാണിച്ചിരുന്നു. അതുകണ്ടപ്പോളാണ് മാട്രിമോണിയൽ സൈറ്റിൽ ഇടുന്ന ഫോട്ടോകളുടെ ക്വാളിറ്റിക്ക് എത്ര പ്രാധാന്യമുണ്ടെന്ന് പലർക്കും മനസ്സിലായത്. കല്യാണം നടത്തുമ്പോൾ ധാരാളം പണം ചിലവാക്കി ഫോട്ടോ എടുക്കും. അതിനൊപ്പം പ്രാധാന്യം ഉണ്ട് കല്യാണം അന്വേഷിക്കാൻ ഉപയോഗിക്കുന്ന ഫോട്ടോകൾക്കും എന്ന് സംഗമത്തിൽ പങ്കെടുത്തവർക്ക് ബോദ്ധ്യം ആയിട്ടുണ്ടാവണം.

ബെത് ലെഹം അംഗങ്ങളെ സ്വാഗതം ചെയ്യുമ്പോൾ വെൽക്കം ഡ്രിംഗ്സുമായി വി.കെ.വിയുടെ കാറ്ററിംഗ് ടീമും സുസജ്ജരായിരുന്നു. ഉച്ചനേരത്ത് നാവിനെ തണുപ്പിക്കാൻ രുചിയൂറുന്ന പാനീയങ്ങളും, മനസ്സിനെ തണുപ്പിക്കുന്ന ഹൃദ്യമായ പെരുമാറ്റവും അത് കുടിച്ചവരുടെ കണ്ണുകളിൽ തൃപ്തിയുടെ പുഞ്ചിരിയായി പ്രതിഫലിച്ചു.

ഓരോരുത്തരും സമയം നഷ്ടമാക്കാതെ വളരെ സഹകരിച്ചത് കൊണ്ട് നിശ്ചിത സമയത്തിനുള്ളിൽ പ്രൊഫൈൽ അനൌൺസ്മെന്റ് പൂർത്തിയാക്കാൻ സാധിച്ചു. അതിനു ശേഷം മാതാപിതാക്കളെ ടീ ബ്രേക്കിനു വിട്ടു. ഈ സമയം മറ്റു മാതാപിതാക്കളുമായി പരിചയപ്പെടാനുള്ള അവസരവും അവർക്ക് ലഭിച്ചു. ആവി പറക്കുന്ന ചായയും വെജിറ്റബിൾ റോളും പഴംപൊരിയുമായി വി.കെ.വി ടീം റെഡിയായിരുന്നു. രണ്ടു സ്റ്റാളുകൾ ക്രമീകരിച്ച് അവരുടെ സേവനം വളരെ ഭംഗിയായി നിർവഹിച്ചു.

ഈ സമയം കസേരകൾ വട്ടത്തിലിട്ട് എല്ലാ കാൻഡിഡേറ്റ്സിനെയും ഇരുത്തി ഓരോരുത്തർക്കും സെൽഫ് ഇന്റോഡക്ഷനുള്ള വേദി ഒരുങ്ങുകയായിരുന്നു. ബോയ്സും ഗേൾസും ഓരോരുത്തരായി മൈക്കെടുത്ത് സ്വയം പരിചയപ്പെടുത്തി. എല്ലാവർക്കും എല്ലാവരേയും  തിരിച്ചറിയാനും, സംസാര രീതികളും, ശരീര ഭാഷയും എല്ലാം നേരിൽ കണ്ടു മനസ്സിലാക്കാനും ഇതിനേക്കാൾ നല്ല അവസരം വേറെ ലഭിക്കാനില്ലല്ലോ. എല്ലാ കാൻഡിഡേറ്റ്സും ഈ അവസരം നല്ല രീതിയിൽ തന്നെ ഉപയോഗിച്ചു. പെണ്ണു കാണൽ ചടങ്ങിന്റെ ജാള്യതയും ആചാരങ്ങളും ഒന്നുമില്ലാതെ ഒരു യൂത്ത് ക്യാംപിൽ വന്നിരിക്കുന്നതു പോലെ എല്ലാവരും ആക്ടീവ് ആയിരുന്നു.

നാണിച്ചു കാലുകൊണ്ട് തറയിൽ കളം വരക്കുന്ന പെൺകുട്ടികൾ കവിഭാവനകളിർ മാത്രമേ ഇനി കാണാൻ കിട്ടുകയുള്ളു എന്നതാണ്  സത്യം. ഈ  സംഗമത്തെക്കുറിച്ച് സ്വന്തം അഭിപ്രായം പറയാൻ രണ്ട് ഗേൾസിനും രണ്ട് ബോയ്സിനും അവസരം നൽകാം എന്നു ജോർജ്ജ് സാർ പറഞ്ഞപ്പോൾ മടിയൊന്നും കൂടാതെ പെട്ടെന്നു  തന്നെ അതേറ്റെടുത്ത് പറയാൻ റെഡിയായി കുട്ടികൾ മുന്നോട്ടു വന്നു. അവരുടെ ചില പരിമിതികളും ചില അനുഭവങ്ങളും വളരെ ആത്മാർത്ഥമായി അവിടെ പങ്കു വെച്ചു.

തുടർന്ന്  ഈ സംഗമത്തിന് നിമിത്തമായ ശ്രീ വർഗീസ് സാറിനെ നന്ദി പ്രകാശിപ്പിക്കാൻ ക്ഷണിച്ചു.

ഒരു മനുഷ്യന്റെ ജീവിതത്തിൽ, മാതാപിതാക്കളെയോ, സഹോദരങ്ങളെയോ തിരഞ്ഞെടുക്കാനുള്ള അവസരം ദൈവം തന്നിട്ടില്ല. സ്വയം തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചിരിക്കുന്ന ഒരേയൊരു ബന്ധം ദാമ്പത്യബന്ധം മാത്രമാണ്. ഒരു പങ്കാളിയെ തിരഞ്ഞെടുക്കാൻ ഇത്രയും വിപുലവും സുതാര്യവും ലളിതവുമായ സംവിധാനം മറ്റൊരിടത്തും ഇല്ല. നിസ്തുലമായ ഈ സേവനത്തിൽ നിന്നും ജോർജ്ജ് സാർ റിട്ടയർ ചെയ്യരുത്, മരണം വരെ ഈ പ്രസ്ഥാനം നടത്തിക്കൊണ്ട് പോകണമെന്നും, എവിടെ സംഗമങ്ങൾ ഓർഗനൈസ് ചെയ്താലും ഫുൾ സപ്പോർട്ടുമായി വികെവി ടീം കൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംഗമത്തിലെത്തിയ എല്ലാവർക്കും അദ്ദേഹം നന്ദിയും ആശംസകളും നേർന്നു.

സംഗമം അഞ്ചു മണിക്ക് ഔപചാരികമായി അവസാനിച്ചെങ്കിലും പങ്കെടുക്കാനെത്തിയവരിൽ താല്പര്യം തോന്നിയ കുടുംബങ്ങൾ ചെറിയ ചെറിയ ഗ്രൂപ്പുകളായി നിന്നും ഇരുന്നും സംസാരിച്ചു കൊണ്ടേയിരുന്നു. കണ്ടു കിട്ടാത്തവരുടെ പ്രൊഫൈൽ മൈക്കിലൂടെ പറഞ്ഞ് അവരെ വിളിച്ച് വരുത്തി സംസാരിക്കാനും സംഗമത്തിൽ സൌകര്യം ഉണ്ടായിരുന്നു. അങ്ങനെ  അനൌപചാരികമായി മിണ്ടിയും പറഞ്ഞും ആറു മണിയോടെ എല്ലാവരും പിരിഞ്ഞു.

വൈവാഹിക സംഗമം ആദ്യമായി കാണുന്ന എനിക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു. ഒരു സ്വീകരണ മുറിക്കുള്ളിൽ തികച്ചും അപരിചിതത്വം നിറഞ്ഞ അന്തരീക്ഷത്തിൽ നടന്നു വന്നിരുന്ന പെണ്ണുകാണലിന് ഇത്ര വിശാലമായ മാറ്റം വരുത്താൻ ദൈവം ബെത് ലെഹമിലൂടെ ഇടയാക്കിയല്ലോ  എന്നോർത്ത് അഭിമാനവും തൃപ്തിയും തോന്നി.

ഓരോരോ വീടുകളിൽ പോയി പെണ്ണു കണ്ടിട്ട്, പറ്റാതെ വന്നാൽ അവരോട് നോ എന്നു പറയേണ്ടി വരുന്ന നിമിഷം പിടിച്ച അവസ്ഥ! സംഗമങ്ങൾ വഴി അത് തൂത്ത് മാഞ്ഞു പോകുന്നു.

ബന്ധം ലഭിക്കുക, വിവാഹം നടത്തുക എന്നതിൽ ഉപരി, തന്നെപ്പോലെയുള്ള മറ്റു വിവാഹാർത്ഥികളെയും അവരുടെ കുടുംബത്തെയും നേരിട്ട് കാണാനും അറിയാനും സംഗമം വഴി സാധിക്കുന്നു.

എനിക്കു മാത്രം എന്താ കല്യാണം ആവാത്തത്?  എന്നോട് മാത്രം എല്ലാവരും എന്താ ഇതേക്കുറിച്ച് ചോദിക്കുന്നേ?അല്ലെങ്കിൽ, എന്റെ മോൾക്കോ മകനോ പറ്റിയ ഒരു ബന്ധം ഇതുവരെ കിട്ടിയില്ലല്ലോ, മറ്റുള്ളവർ എന്തു വിചാരിക്കും, ഞങ്ങൾക്ക് മാത്രമാണല്ലോ ഒന്നും ശരിയാവാത്തത്, തുടങ്ങി ഒരേ വിഷയത്തിൽ ആശങ്കാകുലരായിരിക്കുന്ന മറ്റു ചിലരേക്കൂടി കണ്ടു മുട്ടിയപ്പോൾ, പലരുടെയും മനസ്സു തുറന്നതും, അന്യോന്യം വിഷമങ്ങളും ആശങ്കകളും കഴുകി പോകുന്നതും, മനസ്സിലെ ആധിയുടെ മഞ്ഞുമല ഉരുകി, മുഖത്ത് പുഞ്ചിരി വിടരുന്നതും കണ്ണിന് ഹൃദ്യമായ ഒരു കാഴ്ചയാണ് സമ്മാനിച്ചത്..

What is Profile ID?
CHAT WITH US !
+91 9747493248