Back to articles

താൽപര്യം ഇല്ലെങ്കിൽ, അത് തുറന്നു പറഞ്ഞു കൂടേ?

July 10, 2018

കുറച്ചു പരാതിയും പരിഭവവും പറയാനുണ്ട് എന്നു പറഞ്ഞാണ്, ഒരു പെൺകുട്ടിയുടെ പിതാവ് വിളിച്ചത്. അദ്ദേഹത്തിന്റെ വിഷമം, ബെത് ലെഹം സൈറ്റിൽ കൂടി അയക്കുന്ന പ്രൊപ്പോസലുകളിൽ പലതിനും വ്യക്തമായ മറുപടി ലഭിക്കുന്നില്ല എന്നതായിരുന്നു. ഞാൻ ആണെങ്കിൽ ഏതെങ്കിലും പറ്റിയ പ്രൊഫൈൽ ശ്രദ്ധയിൽ പെട്ടാൽ എന്റെ മകളെ വിളിച്ച് അത് നോക്കാൻ പറയും, തരക്കേടില്ല എന്ന് മോളു പറഞ്ഞാൽ, സൈറ്റ് വഴി അവർക്ക് പ്രൊപ്പോസൽ അയക്കും. അവരത് തുറന്നതായും, മോളുടെ പ്രൊഫൈൽ നോക്കിയതായും സൈറ്റിൽ നിന്നും മനസ്സിലാകും. പക്ഷേ, പിന്നെ ഒരനക്കവും ഇല്ല.

രണ്ടിലൊന്നു വിവരം അറിയാമല്ലോ എന്നു കരുതി അവരെ ഫോണിൽ വിളിച്ചാലോ? മകനോട് സംസാരിക്കട്ടെ, പ്രൊഫൈൽ നോക്കട്ടെ, എന്നൊക്കെ പറയുമെങ്കിലും, പിന്നീട് മറുപടി ഒന്നും കിട്ടാറില്ല. ഇങ്ങോട്ട് വന്ന പ്രൊപ്പോസലാണെങ്കിൽ പോലും, വീട്ടിൽ വിളിച്ചു ചോദിക്കുമ്പോൾ, വീട്ടുകാർക്ക് അതേക്കുറിച്ച് ഒന്നും അറിയില്ലത്രേ. ഇപ്പോഴത്തെ കുടുംബങ്ങളിൽ ഇങ്ങനാണോ സാറേ, മാതാപിതാക്കളും മക്കളും തമ്മിൽ കൂടി ആലോചനയും ആശയവിനിമയവും ഒന്നും നടക്കാറില്ലേ? നമ്മളൊരു പ്രൊപ്പോസൽ കൊടുത്താൽ അതിൽ താൽപ്പര്യം ഇല്ലെങ്കിൽ അവർക്കത് തുറന്നു പറഞ്ഞകൂടേ?

ഒന്നും മിണ്ടാതിരിക്കുന്നത് പ്രൊപ്പോസൽ അയച്ചവരെ അപമാനിക്കുന്നതു മാത്രമല്ല, അവനവന്റെ കുടുംബത്തിലെ തീർച്ചയും തീരുമാനവും ഇല്ലാത്ത അവസ്ഥ വെളിപ്പെടുത്തൽ കൂടി അല്ലേ? ഇതൊക്കെ ബെത് ലെഹമിന്റെ മാസികയിലും സൈറ്റിലും എഴുതി ഒരു ബോധവത്കരണം നടത്തുമോ സാർ?

തീർച്ചയായും എഴുതാം. പലവട്ടം എഴുതിയിട്ടുണ്ട്, ഇനിയും എഴുതാം. മാത്രമല്ല ജൂലൈ 29 ന് ബെത് ലെഹം വൈവാഹികസംഗമം ഉണ്ട്, അതിൽ വിവാഹാർത്ഥികൾക്ക് ഗ്രൂപ്പ് ചർച്ചക്കും ഈ വിഷയം കൊടുക്കാം. വിവാഹാലോചനക്ക് ഒരു പുത്തൻ സംസ്ക്കാരം എന്ന മുദ്രാവാക്യവുമായി ഞാൻ ഈ ശൈലി ആരംഭിച്ചിട്ട് ഇരുപത്തി രണ്ടു വർഷമായി. ആദ്യ കാലങ്ങളെ അപേക്ഷിച്ച് നമ്മുടെ ആളുകളുടെ പ്രതികരണ ശൈലിക്ക് ഗുണകരമായ ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്, ഒരുപാടു പേരുടെ മനസ്സറിയാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

ഭാവി ജീവിത പങ്കാളി എന്നത് എല്ലാ അവിവാഹിതരുടെയും ഉള്ളിലെ സ്വപ്നമാണ്. അവരുടെ മാതാപിതാക്കളുടെ ഉള്ളിലും സ്വപ്നങ്ങളുണ്ട്. ആ സ്വപ്നത്തിന്റെ അത്രയും ആകർഷണം, ഒരു പ്രൊപ്പോസലിനും ആദ്യം കേൾക്കുമ്പോൾ തോന്നില്ല. ഒരിക്കൽ വന്ന് പരിഗണിക്കാതെ വിട്ടു കളഞ്ഞ ആലോചന ചില നിമിത്തങ്ങൾ കൊണ്ട് വീണ്ടും പരിഗണിച്ച് വിവാഹം നടന്ന നിരവധി സംഭവങ്ങൾ എനിക്കറിയാം. ആദ്യമേ തന്നെ വേണ്ട എന്ന് ഖണ്ഡിച്ച് ഒരു മറുപടി കൊടുത്തിരുന്നെങ്കിൽ ഇത് വീണ്ടും തുറക്കാൻ സാധിക്കുമായിരുന്നോ?

നല്ല സ്വപ്നം മാത്രമല്ല ചിലർക്ക് പേടി സ്വപ്നങ്ങളും ഉണ്ടായിരിക്കും. എന്റെ ദൈവമേ ഇവൻ പെണ്ണു കെട്ടി കഴിഞ്ഞാൽ ആ കൊച്ചിന്റെ കാര്യം എന്താകുമോ ആവോ?, ഇവളു കെട്ടി കേറി ചെല്ലുന്ന വീടിന്റെ കാര്യം ഓർക്കുമ്പോൾ പേടിയാകുന്നു! എന്നൊക്കെ പറയുന്ന മാതാപിതാക്കളും നമ്മുടെ ഇടയിലുണ്ട്. ഇവർക്ക് ഏതെങ്കിലും പ്രൊപ്പോസൽ വരുമ്പോൾ വേണം എന്നു പറയാൻ പേടിയാണ്, വേണ്ട എന്നു പറയാൻ മടിയുമാണ്.

പരസ്പരം എതിർക്കുന്ന സ്ഥിരം സ്വഭാവമുള്ള മാതാപിതാക്കളും മക്കളുമുണ്ട്. അത്തരം കുടുംബത്തിൽ നിന്ന് അഭിപ്രായ ഐക്യമുള്ള ഒരു മറുപടി മിക്കവാറും ലഭിക്കില്ല. യെസ് എന്നോ നോ എന്നോ പറയാൻ അവർക്ക് സാധിക്കുകയേ ഇല്ല. അതുകൊണ്ട് എന്തെങ്കിലും ഉഴപ്പൻ മറുപടി പറഞ്ഞ് തലയൂരാനായിരിക്കും അവരുടെ ശ്രമം.

ന്യൂ ജെൻ, പഴംജെൻ വിടവുകൾ മൂലം അഭിപ്രായ ഐക്യത്തിൽ ഒരുത്തരം പറയാൻ പറ്റാത്ത കുടുംബങ്ങളും ഉണ്ട്. ആ മാതാപിതാക്കൾക്ക് മരിക്കും മുമ്പ് മക്കളെ കെട്ടിച്ച് കടമ തീർക്കണം എന്ന വേവലാതിയാണ്, പക്ഷേ, ആപ്പും കോപ്പും സ്മാർട്ടും സൈറ്റും ഒന്നും നോക്കാനറിയില്ല. മക്കൾക്ക് മാത്രമേ സൈറ്റ് നോക്കാനറിയൂ, പക്ഷേ അവർക്ക് കല്യാണം കഴിക്കാൻ ഒട്ടും ധൃതി ഇല്ല. മാതാപിതാക്കളുടെ സ്വപ്നങ്ങളോടും വിയോജിപ്പാണ്.

തുറന്നു പറയാത്തതിന്റെ മറ്റൊരു കാരണം, വന്ന പ്രൊപ്പോസൽ തരക്കേടില്ല, എന്നാലും കുറച്ചുകൂടി നല്ലത് കിട്ടുമോ എന്ന നോട്ടമാണ്. അതു തേടി കുറേ അലഞ്ഞ്, കാര്യങ്ങൾ നടക്കാതെ വരുമ്പോൾ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് പഴയ പ്രൊപ്പോസലിലേക്ക് മടങ്ങുന്നവരുമുണ്ട്.

മനുഷ്യർക്ക് ഒരു കാര്യത്തിൽ പറയാവുന്ന നോ യുടെ എണ്ണം പരിമിതമാണ്. എന്റെ സുഹൃത്തിന്റെ മകൾക്ക് ഒരു പ്രൊപ്പോസൽ വന്നു. പ്രഥമ ദൃഷ്ട്യാ താൽപ്പര്യം തോന്നാതിരുന്നതുകൊണ്ട്, അവരു പറഞ്ഞു, ഞങ്ങൾ വീട്ടിൽ ആലോചിച്ചിട്ട് തിരികെ വിളിച്ചു പറയാം. അപ്പോൾ പയ്യന്റെ അപ്പൻ പറഞ്ഞു, ആലോചിച്ചിട്ടു പറഞ്ഞാൽ മതി, ഞങ്ങൾക്ക് ഇത് നല്ല ഇഷ്ടമാണ്. പിറ്റേ ദിവസം അപ്പച്ചൻ വീണ്ടും വിളിച്ചു, ഞങ്ങൾക്ക്  വല്യ ഇഷ്ടാ, നിങ്ങൾ വീട്ടിൽ ആലോചിച്ചോ? അപ്പോൾ പെണ്ണിന്റെ അമ്മ പറഞ്ഞു, മോളുടെ അമ്മാവനോടും കൂടി ഒന്നു ആലോചിച്ചിട്ടു പറയാം. അപ്പോൾ അദ്ദേഹം അമ്മാവൻ  ആരാ എവിടെയാ എന്നെല്ലാം തിരക്കി, എന്നിട്ട് അമ്മാവന്റെ ജോലിസ്ഥലത്ത് ഔദ്യോഗിക ആവശ്യം ഉണ്ടാക്കി ചെന്ന്, ആ കൂടെ ആ അമ്മാവനെയും കണ്ടു, അനന്തിരവളുടെ കല്യാണക്കാര്യം സംസാരിച്ചു. കുട്ടിയെ ഞങ്ങൾക്കിഷ്ടമാ നിങ്ങൾ ആലോചിച്ച് എന്നെ വിളിക്കണേ എന്നു പറഞ്ഞു പോയി.

ഇത്രയും തീക്ഷ്ണതയോടെ ഞങ്ങൾക്കിഷ്ടമാ എന്നു വിടാതെ പറയുന്നവരോട് നോ എന്നു പറയാൻ നിവൃത്തി ഇല്ലാതെ, അവരാ പയ്യനെ പെണ്ണു കാണാൻ ക്ഷണിച്ചു. പയ്യൻ ശരിക്കും മിടുക്കനായിരുന്നു. പ്രൊഫൈൽ കണ്ടാൽ അത് ഒരിക്കലും മനസിലാകുമായിരുന്നില്ല. ആ കല്യാണം നടന്നു.

അടുത്തത് തിരസ്കരണത്തെ (Rejection) കുറിച്ചാണ്. തിരസ്കരണം ഉൾക്കൊള്ളാൻ ശേഷിയില്ലാത്തവരാണ് മിക്ക മനുഷ്യരും. ഇതു വിശദീകരിക്കാൻ ഒരു മനശ്ശാസ്ത്രജ്ഞൻ 20 പേരുടെ ഒരു ക്ലാസ്സിൽ ഒരു എക്സർസൈസ് ചെയ്യിച്ചു.

ക്ലാസ്സിൽ രണ്ടു പേരെ വിളിച്ച് ലീഡർമാരാക്കി പറഞ്ഞു, മറ്റ് 18 പേരിൽ നിന്നും ഓരോ ലീഡറും മാറി മാറി ഓരോരുത്തരെ ആയി വിളിച്ച് ഓരോ കാരണം പറഞ്ഞ് തങ്ങളുടെ ടീമിൽ ചേർക്കണം.

രണ്ടാളും സഹപാഠികളുടെ ഓരോ ഗുണങ്ങൾ പറഞ്ഞ് പെട്ടെന്നു തന്നെ ടീം ഉണ്ടാക്കി.

ഇനി രണ്ടു ലീഡർമാരും ഓരോ കാരണം കണ്ടു പിടിച്ച്, ഇതിൽ ഓരോരുത്തരെ ആയി ഒഴിവാക്കി, ടീമിന്റെ അംഗബലം 5 ആക്കണം.

ലീഡർമാർ വളരെ വിഷമിച്ച്, ഓരോ കാരണം കണ്ടു പിടിച്ച്, 5 പേരെ കഷ്ടപ്പെട്ടു പുറത്താക്കി. പുറത്താക്കപ്പെട്ട എല്ലാവർക്കും ഉള്ളിൽ നല്ല വിഷമം തോന്നി. ഒരാൾ പൊട്ടിത്തെറിച്ചു ബഹളം വെച്ചു, വാക്കൌട്ട് ചെയ്തു. പിന്നെ ക്ലാസ്സിലേക്ക്  വന്നതേയില്ല. തിരസ്കരണത്തിന്റെ പ്രത്യാഘാതങ്ങൾ കണ്ടും അനുഭവിച്ചും ക്ലാസ്സു മുഴുവൻ ഞെട്ടിത്തരിച്ചു പോയി.

പരീക്ഷണം കുറച്ചു കടന്നു പോയതിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് മനശ്ശാസ്ത്രജ്ഞൻ ക്ലാസ്സ് തുടർന്നു. തിരസ്കരണം ഉൾക്കൊള്ളാൻ ശേഷിയില്ലാത്തവരാണ് നമ്മളൊക്കെ, തിരസ്കരണത്തിനു പകരം സെലക്ഷൻ നടത്തിയിരുന്നെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നു. ടീമിൽ നിന്നും കൊള്ളാമെന്നു കരുതുന്ന 4 പേരെ ലീഡർ വിളിച്ചു മാറ്റി നിർത്തിയിട്ട് ഇതാണ് പുതിയ ടീം എന്നു പ്രഖ്യാപിച്ചിരുന്നെങ്കിൽ അവിടെ തിരസ്കരണം ഉണ്ടാകുമായിരുന്നില്ല, ബാക്കി വന്ന 5 പേരോടും നിങ്ങൾ റിസർവ് ടീം ആണ് എന്നു പറഞ്ഞിരുന്നെങ്കിൽ അവരുടെ ഉത്സാഹം നഷ്ടപ്പെടില്ലായിരുന്നു, എന്ന് ചൂണ്ടിക്കാട്ടി മനശ്ശാസ്ത്രജ്ഞൻ ക്ലാസ്സ് അവസാനിപ്പിച്ചു.

പ്രിയപ്പെട്ടവരെ, അനേകം വർഷങ്ങൾ കൊണ്ട് ഉരുത്തിരിഞ്ഞു വന്ന ഒരു പ്രൊപ്പോസൽ ശൈലിയാണ് ബെത് ലെഹം സൈറ്റിൽ. ആരേയും റിജക്ട് ചെയ്യേണ്ട ആവശ്യമില്ല ഇവിടെ. നടത്താൻ താല്പര്യമില്ലാത്ത പ്രൊപ്പോസലിന്  "Unable to Proceed" എന്നും, താൽപര്യം ഉള്ളതിന്  "Like to Proceed" എന്നും  സ്റ്റാറ്റസ് കൊടുത്താൽ മാത്രം മതിയാകും. അല്ലാത്ത പ്രൊപ്പോസൽ എല്ലാം "Pending" സ്റ്റാറ്റസിൽ ഏതെങ്കിലും നിമിത്തം കൊണ്ട് തുറക്കപ്പെടാനുള്ള അവരുടെ റിസർവ് ആയി കാണപ്പെടും.

"Like to Proceed" എന്ന് മറുപടി കിട്ടിയാൽ അടുത്ത പടി എന്തെന്നു ചിലർ ചോദിക്കാറുണ്ട്. അയച്ച ആൾ മറ്റേ പാർട്ടിയെ വിളിക്കണം, മടിയുണ്ടെങ്കിൽ ബെത് ലെഹമിൽ പറയുക, ഞങ്ങൾ അവരെ വിളിച്ച്  Ice Breaking ചെയ്ത് തരാം.

പെൺവീട്ടുകാർ പ്രൊപ്പോസൽ അയക്കാൻ മുൻകൈ എടുക്കുന്നത് ഉചിതമാണോ എന്നു സംശയിക്കേണ്ട. ആദ്യം കണ്ണിൽ പെടുന്നവർ മുൻകൈ എടുക്കുന്നതാണ് ഇവിടുത്തെ ശൈലി.

ആരെങ്കിലും പ്രൊപ്പോസലുമായി ഇമെയിലോ മെസേജോ നിങ്ങൾക്ക് അയക്കുകയോ, നിങ്ങളുടെ വിളിക്കുകയോ ചെയ്യുമ്പോൾ ഔചിത്യപൂർവ്വം മറുപടി കൊടുക്കണം. വേണ്ട എന്നു പറയാൻ മടിയാണെങ്കിൽ ബെത് ലെഹമിൽ അറിയിച്ചേക്കാം എന്നെങ്കിലും മറുപടി കൊടുക്കണം. എന്നിട്ട് മറക്കാതെ ഞങ്ങളെയും  വിളിച്ച് അറിയിക്കുക. അവർക്കു വിഷമം ആകാത്ത വിധം അക്കാര്യം ഞങ്ങൾ അവരെ അറിയിച്ചു കൊള്ളാം.

George Kadankavil - July 2018

What is Profile ID?
CHAT WITH US !
+91 9747493248