Back to articles

സൃഷ്ടിയും - നാശവും! മോഹവും - മോഹഭംഗവും!

December 19, 2019

എറണാകുളത്തെ ഫ്ലാറ്റ് പൊളിക്കുന്നതിന്‍റെ ആഘാതം, ധനനഷ്ടത്തിനുമപ്പുറം മകളുടെ വിവാഹത്തെ പ്രതികൂലമായി ബാധിച്ചല്ലോ എന്നു സങ്കടം പറഞ്ഞു വന്ന ഒരു പിതാവിന്‍റെ വിഷമത്തില്‍ പങ്കു ചേര്‍ന്നു കൊണ്ട് സംസാരിക്കാന്‍ ചില തത്വചിന്തകള്‍ മാത്രമേ മനസ്സില്‍ തോന്നിയുള്ളൂ. പ്രശ്നത്തിന്‍റെ നിയമപരമായ നൂലാമാലകളെക്കുറിച്ചോ, ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ചോ ഉപദേശിക്കാന്‍ ഞാന്‍ പ്രാപ്തനല്ല.

സ്വന്തമായി വീടില്ലാത്തതു കൊണ്ടാണ് മകളുടെ വിവാഹം താമസിക്കുന്നത് എന്നു വിചാരിച്ച്, ഉള്ള സ്വര്‍ണ്ണവും വിറ്റ്, കടവും എടുത്ത്  ഫ്ലാറ്റ് വാങ്ങി. ഇപ്പോള്‍ അത് നഷ്ടപ്പെട്ടു. ഇനി പഴയതു പോലെ വാടകവീട്ടില്‍ തന്നെ താമസിച്ച്, ബാക്കി വരുന്നിടത്തു വച്ചു കാണാം എന്നു ധൈര്യപൂര്‍വ്വം ചിന്തിക്കുന്ന ഇദ്ദേഹത്തോട് പറഞ്ഞ തത്വചിന്തകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

പ്രകൃതി നിര്‍മ്മിതമോ, മനുഷ്യനിര്‍മ്മിതമോ ആയി ഈ പ്രപഞ്ചത്തില്‍ സൃഷ്ടിക്കപ്പെട്ടതെല്ലാം എപ്പോഴെങ്കിലും നശിക്കേണ്ടതാണ്. ഏതൊരു നാശവും അതിന്‍റെ വേണ്ടപ്പെട്ടവരെയും ഗുണഭോക്താക്കളെയും വേദനിപ്പിക്കും, വിഷമിപ്പിക്കും, അസ്വസ്ഥരാക്കും. പക്ഷേ, അപ്പോഴല്ലേ പുതിയ മോഹങ്ങള്‍ ഉളവാകുന്നത്? ഏതെങ്കിലും ഒരു ആവശ്യം സാധിച്ചെടുക്കണമെന്ന് ആരുടെയെങ്കിലും മനസ്സില്‍ ശക്തമായ മോഹം തോന്നിയെങ്കിലേ പുതിയത്  എന്തെങ്കിലും സൃഷ്ടിക്കപ്പെടുകയുള്ളൂ.

മോഹിച്ച് സ്വന്തമാക്കിയവയോട് അഭിനിവേശം അഥവാ മമത തോന്നുന്നത് മനുഷ്യസ്വഭാവം ആണ്. ഈ മമതയാണ് മനുഷ്യന്‍റെ അസ്വസ്ഥതകള്‍ക്കെല്ലാം മൂലകാരണം എന്ന് ജ്ഞാനികള്‍ നമ്മളെ പഠിപ്പിച്ചിട്ടുണ്ട് (Attachment is the root cause of misery). അതിന്‍റെ അര്‍ത്ഥം മമത പാടില്ല എന്നോ, അസ്വസ്ഥത അനാവശ്യം ആണെന്നോ അല്ല. മമത കൂടുന്നതനുസരിച്ച് മോഹഭംഗത്തെക്കുറിച്ചുള്ള അസ്വസ്ഥതയും കൂടി വരും. മോഹം നടപ്പിലാകില്ല എന്ന് തീര്‍ച്ചയാകുമ്പോള്‍ അതിനോടുള്ള മമത ഉപേക്ഷിക്കാത്തവര്‍ക്ക് കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കേണ്ടി വരും എന്നാണ് ഞാന്‍ കരുതുന്നത്. ഭംഗം വന്ന മോഹം കൊണ്ട് എന്തു സാധിക്കണമായിരുന്നു എന്ന് ചിന്തിച്ച്, ആ ആവശ്യം സാധ്യമാക്കുന്ന പുതിയ ഒരു മോഹത്തിനു വേണ്ടി പ്രയത്നിക്കുക എന്നതാണ് എനിക്കറിയാവുന്ന പ്രതിവിധി.

മോഹം തോന്നുമ്പോള്‍ അത് സാധിച്ചെടുക്കാന്‍ വേണ്ടി, മനസ്സ് മാര്‍ഗ്ഗങ്ങള്‍ ആലോചിക്കും. വഴിയൊന്നും തെളിഞ്ഞു കാണാതെ വരുമ്പോള്‍, മനസ്സ് അസ്വസ്ഥമാകും, അപ്പോള്‍ ഒന്നുകില്‍ ആ മോഹം ഉപേക്ഷിക്കും അല്ലെങ്കില്‍ അത് ശക്തമാകും. ശക്തമാകുമ്പോള്‍ മനസ്സ് കൂടുതല്‍ ആലോചിക്കും, മാര്‍ഗ്ഗ ദര്‍ശികളെ അന്വേഷിക്കും, മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും അത് നടപ്പിലാക്കാനും വേണ്ടി പരിശ്രമിച്ചു കൊണ്ടേയിരിക്കും.

മോഹം സാധിക്കും എന്നു പ്രതീക്ഷ നല്‍കുന്ന ഓരോ ചിന്തയും മനസ്സിനെ ശാന്തമാക്കും. സാധിക്കില്ല എന്നു സൂചന നല്‍കുന്ന ചിന്തകള്‍ മനസ്സിനെ പ്രക്ഷുബ്ധമാക്കും. അതു കൊണ്ടാണ് ശുഭാപ്തി വിശ്വാസത്തോടെ ചിന്തിക്കുന്നവര്‍ക്ക്, അസ്വസ്ഥതകള്‍ നിയന്ത്രിക്കാന്‍ എളുപ്പത്തില്‍ സാധിക്കുന്നത്.

മനസ്സ്, ഒരിക്കലും നിലയ്ക്കാതെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രോസസ്സറാണ്. ശരീരം വിശ്രമിക്കുമ്പോള്‍ പോലും മനസ്സ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. ഇതു വരെ അനുഭവിച്ച കാര്യങ്ങള്‍ പല വിധത്തില്‍ പുനഃരാലോചിച്ച് എങ്ങിനെ കൂടുതല്‍ തൃപ്തി നേടാം എന്നായിരിക്കും മിക്കപ്പോഴും മനസ്സിന്‍റെ കണക്കു കൂട്ടല്‍. തൃപ്തി എന്താണെന്ന നിര്‍വ്വചനം ഓരോരുത്തര്‍ക്കും വ്യത്യസ്തം ആണ്. ഒരേ ആള്‍ക്കു തന്നെ അയാളുടെ സാഹചര്യവും, സന്ദര്‍ഭവും സ്വഭാവവും മാറുന്നതനുസരിച്ച്, തൃപ്തിയുടെ നിര്‍വ്വചനം മാറിക്കൊണ്ടുമിരിക്കും.സാഹചര്യം അനുസരിച്ച് നമ്മള്‍ തൃപ്തി കണ്ടെത്തുന്നത് സൃഷ്ടിയിലോ സ്ഥിതിയിലോ സംഹാരത്തിലോ ആയിരിക്കും.

ക്രിയാത്മകമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മോഹം നിറവേറ്റാന്‍ തുനിയുമ്പോള്‍, ആദ്യം ചെയ്യുന്നത്, തന്‍റെ മോഹവും, അതിനു പിന്നിലെ ആവശ്യവും എന്താണെന്ന് കഴിയുന്നത്ര വ്യക്തമായും കൃത്യമായും നിര്‍വചിക്കുക എന്നതാണ്.

ഓരോ സൃഷ്ടിയിലും സംഭവിക്കുന്നത്, നിലവിലുള്ള വിവിധ വസ്തുക്കളുടെ രൂപമാറ്റം ആണ്. നിലവിലുള്ള ഈ വസ്തുക്കളെ ഭാഗികമായെങ്കിലും നശിപ്പിച്ചു കൊണ്ടല്ലേ, രൂപമാറ്റം വരുത്തുന്നത്? സൃഷ്ടിയിലെ മുഖ്യഘടകം, അല്ലെങ്കില്‍ നമ്മളെ ബാധിക്കുന്ന ഭാഗം മാത്രമായിരിക്കും സാധാരണ നമ്മള്‍ പ്രത്യേകമായി ശ്രദ്ധിക്കാറുള്ളത്. മുഖ്യഘടകം കൂടാതെ ഉപയോഗപ്രദവും അല്ലാത്തതും ചിലപ്പോള്‍ ഉപദ്രവകരവുമായ ഉപഘടകങ്ങളും മുഖ്യഘടകത്തോടൊപ്പം സൃഷ്ടിക്കപ്പെടുന്നില്ലേ? ഓരോ നാശങ്ങളില്‍ സംഭവിക്കുന്നതും, രൂപമാറ്റം തന്നെയാണ്.

മോഹം, അസ്വസ്ഥത, ചിന്ത, ആസൂത്രണം, പദ്ധതി, സൃഷ്ടി, ആഘാതം. വീണ്ടും നാശം, ആഘാതം, മോഹഭംഗം, വേദന, മോഹം, അസ്വസ്ഥത . . . എന്ന കണക്കിന് സൃഷ്ടി സ്ഥിതി സംഹാര ആവൃത്തിയല്ലേ നമ്മുടെ പ്രപഞ്ചഘടന?

സൃഷ്ടിക്കപ്പെട്ടത് എല്ലാം എപ്പോഴെങ്കിലും നശിക്കാനുള്ളതാണ്. ഓരോ നാശവും അതിന്‍റേതായ ആഘാതങ്ങള്‍ ഉളവാക്കും. നാശം പോലെ തന്നെ സൃഷ്ടിയും അതിന്‍റേതായ ആഘാതങ്ങള്‍ ഉളവാക്കുന്നുണ്ട്.

സത്യത്തില്‍ നാശമല്ല, നാശം കൊണ്ടു സംഭവിക്കുന്ന നഷ്ടം പരിഹരിക്കാന്‍ വേണ്ടി വരാവുന്ന ക്ലേശങ്ങളും, മോഹഭംഗങ്ങളുമാണ് മനുഷ്യരെ അസ്വസ്ഥരാക്കുന്നത്. നഷ്ടപ്പെട്ടതിനോട് നമ്മള്‍ പുലര്‍ത്തിയ അഭിനിവേശത്തിന്‍റെ ഏറ്റക്കുറച്ചില്‍ ആണ് അസ്വസ്ഥതയുടെ കാഠിന്യം നിര്‍ണ്ണയിക്കുന്നത്.

താങ്കളുടെ മനോബലത്തെ ഞാന്‍ അഭിനന്ദിക്കുന്നു, ഫ്ലാറ്റിനെ സംബന്ധിച്ച് താങ്കളുടെ മോഹം കേവലം ഒരു കാര്യത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. നിങ്ങളുടെ   ജീവിതത്തിലെ ഒട്ടു മിക്ക മോഹങ്ങളുടെയും ഫലപ്രാപ്തിക്ക് അടിസ്ഥാന ഘടകമായി കണക്കാക്കിയിരുന്ന ഒന്നായിരുന്നല്ലോ സ്വന്തം വീട് എന്ന മോഹം. ഒരു തിരിച്ചടി നേരിട്ടതു കൊണ്ട് പാടേ ഉപേക്ഷിച്ചു കളയേണ്ട ഒരു മോഹമല്ല അത്. ശ്രമം തുടര്‍ന്നു കൊണ്ടേയിരിക്കണം. ഇത്രയും മനോബലമുള്ള താങ്കള്‍ക്ക് അത് തീര്‍ച്ചയായും സാധിക്കും.

ഒരിക്കല്‍ എന്‍റെ ധനം മുഴുവനും നഷ്ടപ്പെട്ട്, വീട്ടുവാടക കൊടുക്കാന്‍ പോലും നിവര്‍ത്തിയില്ലാതെ വിഷമിച്ചപ്പോള്‍, എന്‍റെ ഒരു സുഹൃത്ത് പറഞ്ഞു, കയ്യില്‍ കാശില്ലെങ്കിലും, ഞാന്‍ സമ്പന്നനാണത്രെ. എന്നിട്ട് അദ്ദേഹം എന്‍റെ സമ്പത്തിന്‍റെ ഒരു ലിസ്റ്റ് ഉണ്ടാക്കി തന്നു.

1. Integrity - ധര്‍മ്മനീതിയും സ്വഭാവദാര്‍ഢ്യവും.
2. Intelligence - കാര്യഗ്രഹണ ശക്തി, ബുദ്ധിശക്തി.
3. Physical Stamina - ദീര്‍ഘനേരം സഹിക്കാനും അദ്ധ്വാനിക്കാനുമുള്ള കഴിവും ശേഷിയും.
4. Capacity to work - പ്രവര്‍ത്തിക്കുവാനുള്ള ശേഷി.
5. Ability to speak & write - എഴുതാനും, വായിക്കാനുമുള്ള കഴിവ്.
6. Numerical ability - കണക്ക് കൂട്ടുവാനുള്ള കഴിവ്.
7. Memory - ഓര്‍മ്മശക്തി
8. Listening & Learning skills - കേള്‍ക്കുവാനും, ശ്രദ്ധിക്കുവാനും, പഠിക്കുവാനുമുള്ള കഴിവ്.
9. Power of observation  - നിരീക്ഷിക്കുവാനുള്ള പാടവം.
10. Flexibility - മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള വഴക്കം.
11. Ability to concentrate - ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള കഴിവ്.
12. Power of imagination - ഭാവനാശക്തി.
13. Ability to visualize ideas and to conceptualize - മനസ്സുകൊണ്ട് കാണുവാനും, ആശയരൂപീകരണം നടത്തുവാനുമുള്ള കഴിവ്.

കടം കയറി മുടിഞ്ഞല്ലോ എന്നു നിരാശപ്പെട്ടു പോയ ഞാന്‍, യഥാര്‍ത്ഥത്തില്‍ എത്ര സമ്പന്നനാണ് എന്നു തിരിച്ചറിയാന്‍ എന്നെ സഹായിച്ച, കഴിവുകളുടെയും ശേഷികളുടെയും ഈ പട്ടികയിലെ പലതും, താങ്കള്‍ക്കും ഉപയോഗപ്പെടുത്താന്‍ സാധിക്കും.

മാറിയ സാഹചര്യം സ്വയം അംഗീകരിച്ചു കൊണ്ട്, ഇവളുടെ വിവാഹ അന്വേഷണം തുടരുക, ഞാനും ഉത്സാഹത്തോടെ ശ്രമിക്കാം. മകളുടെ രൂപവും, ഭാവവും, മേല്‍പറഞ്ഞ പട്ടികയിലെ ഇവള്‍ക്കുള്ള സമ്പത്തും വിലമതിക്കുന്ന ഒരു പുരുഷന്‍ ഇവള്‍ക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്ന് ഉറച്ചു വിശ്വസിക്കണം. നിങ്ങളുടെ കാഴ്ചപ്പാടിലെ Flexibility തീര്‍ച്ചയായും നിങ്ങളെ സഹായിക്കും.

താങ്കള്‍ നല്‍കിയ ഈ പ്രായോഗിക മാതൃക, അനേകര്‍ക്ക് മാര്‍ഗ്ഗദര്‍ശനം ആകട്ടെ എന്ന്  പ്രാര്‍ത്ഥിക്കുന്നു.

What is Profile ID?
CHAT WITH US !
+91 9747493248