Back to articles

പൊങ്ങച്ചം കൊണ്ടൊരു മുൻകൂർ ജാമ്യം!

February 01, 2008

''ഹലോ ജോർജ്ജ് സാറേ ഇതു ഞാനാ. മോനു വേണ്ടി ഇന്നാള് പറഞ്ഞ ആ കേസില്ലേ? അതു കഴിഞ്ഞ ദിവസം ഞങ്ങളു പോയി കണ്ടു. അതങ്ങ് ഉറപ്പിക്കുവാ സാറേ. ഞങ്ങടത്രെയൊന്നും വരില്ല അവര്, എന്നാലും വേണ്ടില്ല, അതു തന്നെയങ്ങ് നടത്തിയേക്കാം എന്നു വെച്ചിരിക്കുകയാ''

അറിയപ്പെടുന്നൊരു *പു.ക.കു കാരണവരാണ് ഇതു പറയുന്നത്. കുറച്ച് പൊങ്ങച്ചം പറയുമെങ്കിലും ആള് വളരെ സാധുവും, ഒരു ശുദ്ധഗതിക്കാരനുമാണ്. ഈ പറച്ചിലിന്റെ പിന്നാലെ വരുന്ന അപകടങ്ങൾ അദ്ദേഹത്തിന് മനസ്സിലായിട്ടില്ല.

അച്ചായാ, ഇപ്പം എന്റടുത്ത് പറഞ്ഞപോലെ വേറെ ആരോടൊക്കെ ഇക്കാര്യം പറഞ്ഞു?
ഇല്ല, വേറെ ആരോടും പറഞ്ഞിട്ടില്ല, ജോർജ്ജ് സാറിന്റെ അഭിപ്രായം അറിയാനാ ഇപ്പം വിളിച്ചത്.
അതേതായാലും നന്നായി. ഭയങ്കര പോക്കണം കേടാ അച്ചായൻ ഈ പറയുന്നത്, ഇങ്ങനെ ഇനി വേറെ ആരോടും പറഞ്ഞേക്കരുത്. നിങ്ങടെയത്രേം ഒന്നും ഇല്ലാത്തിടത്തുനിന്നാ മകൻ പെണ്ണു കെട്ടുന്നത് എന്നു നിങ്ങൾ തന്നെ പറഞ്ഞാൽ അതിന്റെ അർത്ഥം നിങ്ങടെയത്രേം ഉള്ളിടത്തുനിന്നും, നിങ്ങൾക്കു പെണ്ണു കിട്ടയില്ല എന്നല്ലേ?

ആ പെൺകൊച്ചിനെ ഞാൻ കണ്ടിട്ടുള്ളതാണ്. പഠിപ്പും, ബുദ്ധിയും, സൌന്ദര്യവും, കാര്യപ്രാപ്തിയും ഒക്കെയുള്ള നല്ല കുട്ടിയാണ്. അച്ചായന്റെ മകന് ചേരുകയും ചെയ്യും. അവളുടെ മാതാപിതാക്കളുടെ പെരുമാറ്റവും വളരെ നല്ലതാണ്. അവളു മിടുക്കിയാണ് അതുകൊണ്ടാ അവനിഷ്ടപ്പെട്ടത്. അവളുടെ ഏതെങ്കിലും ഗുണവിശേഷങ്ങൾ നിങ്ങൾക്കും ഇഷ്ടപ്പെട്ടതു കൊണ്ടാണ് ഇത് ഉറപ്പിച്ചേക്കാം എന്നു നിങ്ങളും ചിന്തിക്കുന്നത്.

വസ്തുതകൾ ഇതായിരിക്കെ, ചുമ്മാ ഒരു പൊങ്ങച്ചത്തിന് ഇപ്പം പറഞ്ഞപോലെ വല്ലതും, വായീന്ന് വീണു പോയാൽ, അതിന്റെ ഭവിഷ്യത്തുകൾ പിന്നീടാണ് പുറത്തു വരിക.

വീടിന്റെ മുഴുപ്പും, വീട്ടുകാരുടെ വലിപ്പവും, പറമ്പിന്റെ അളവും, പിള്ളേരുടെ പഠിപ്പും, ബാങ്കിലെ മിച്ചവും, എല്ലാം ഓരോ തരം അളവുകോലുകളാണ്, സമ്മതിച്ചു. എന്നു കരുതി അതു മുഴക്കോലുകൊണ്ടളന്നുതിരിച്ച് നാട്ടാരോട് വിളിച്ചു പറയേണ്ട കാര്യമില്ല.

എടുത്തു പറയത്തക്ക ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിൽ ആ ബന്ധം വേണ്ട എന്നു വെച്ചാൽ മതി. തക്കതായ എന്തെങ്കിലും ഗുണവിശേഷങ്ങൾ ഉണ്ടെങ്കിൽ മറ്റ് അളവുകൾ എല്ലാം അവഗണിക്കാം. എന്തുകൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുത്തു എന്ന് വേണമെങ്കിൽ ഏറ്റവും വേണ്ടപ്പെട്ടവരോട് മാത്രം എടുത്തു പറയാം. ഏറ്റവും പ്രധാനപ്പെട്ട ഗുണവിശേഷം പെണ്ണിനും ചെറുക്കനും പരസ്പരം തൃപ്തിയും ഇഷ്ടവും തോന്നുന്നു എന്നതാണ്. മറ്റുള്ളവർക്ക് അത് നിങ്ങളുടെ പ്രവർത്തികൾ കൊണ്ട് മനസ്സിലായിക്കൊള്ളും.

അച്ചായന്റെ മകന് തൃപ്തിയും ഇഷ്ടവും തോന്നുന്ന ഒരു പെണ്ണിനെ അവൻ വിവാഹം കഴിക്കട്ടെ. അതാണ് അവന് ഏറ്റവും പറ്റിയ ബന്ധം. മറ്റ് ഏറ്റക്കുറച്ചിലുകൾ കണ്ടുപിടിക്കാനോ, വിശകലനം ചെയ്യാനോ നിങ്ങളായിട്ട് തുനിയരുത്. മറ്റുള്ളവരെ ബോധിപ്പിക്കാനായി പൊങ്ങച്ചം കൊണ്ടൊരു മുൻകൂർ ജാമ്യം എടുക്കേണ്ട കാര്യമില്ല.

(*പു.ക.കു. = പുരാതന കത്തോലിക്കാ കുടുംബം.)

George Kadankavil - February 2008

What is Profile ID?
CHAT WITH US !
+91 9747493248