Back to articles

എഡ്യൂക്കേഷനും ക്വാളിഫിക്കേഷനും

December 01, 2010

"എന്റെ മകൻ പ്രീഡിഗ്രിയും എൈറ്റിസിയും കഴിഞ്ഞ് 20 വയസ്സായപ്പോൾതന്നെ ഒരു ജോലി നേടി. കുടുംബത്തിന്റെ കാര്യങ്ങൾ അവൻ നല്ല ഉത്തരവാദിത്വത്തോടെ നോക്കുന്നുണ്ട്. ഇപ്പോൾ അവന് വിവാഹം അന്വേഷിക്കുകയാണ്, പക്ഷെ നോക്കുന്ന പെൺകുട്ടികൾക്കെല്ലാം വിദ്യാഭ്യാസം വളരെ കൂടുതലാണ്.  കല്യാണം ഒന്നും ശരിയാകുന്നില്ല." - ഒരു അമ്മയുടെ മനഃപ്രയാസമാണ് ഇത്. ഈഗോ ക്ളാഷ് ഒരിക്കലും ഒഴിവാക്കാൻ കഴിയില്ല. പക്ഷേ ഇത് നിർവീര്യം ആക്കാനും, നിസ്സാരമാക്കാനും സജ്ജനങ്ങൾക്കു കഴിയും. ഭാര്യയും ഭർത്താവും പരസ്പരം യോജിപ്പോടെ ചിന്തിക്കാനും പ്രവർത്തിക്കാനും പരിശീലിച്ചെടുത്താൽ അതായിരിക്കും ലോകത്തിലെ ഏറ്റവും മുന്തിയ വിദ്യാഭ്യാസം. അവരുടെ കുടുംബം ലോകോത്തരമായ ഒരു ഇൻസ്റ്റിറ്റ്യുഷൻ തന്നെ ആയിമാറും.

നമ്മുടെ നാട്ടിൽ ആൺകുട്ടികൾ എത്രയും വേഗത്തിൽ ഒരു തൊഴിൽ കണ്ടെത്താനാണ് ശ്രമിക്കുന്നത്. പെൺകുട്ടികളാകട്ടെ, കല്യാണം അല്ലെങ്കിൽ ജോലി ആകുന്നതുവരെ, പഠിച്ചു കൊണ്ടേയിരിക്കുന്നു. അതിനാൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പെൺകുട്ടികളുടെ എണ്ണത്തിന് ഒപ്പം തുല്യ യോഗ്യതയുള്ള ആൺകുട്ടികൾ നമ്മുടെ ഇടയിലില്ല. അതുകൊണ്ട് നിരവധി പെൺകുട്ടികൾക്ക് അവളെക്കാൾ കുറഞ്ഞ വിദ്യാഭ്യാസയോഗ്യതയുള്ള പുരുഷനെ വിവാഹം ചെയ്യേണ്ട ഒരു സ്ഥിതിവിശേഷം ഉണ്ടെന്നാണ് വൈവാഹിക രംഗത്തെ എന്റെ അനുഭവം.

ഇങ്ങനൊരു അസന്തുലിതാവസ്ഥ നമ്മുടെ യുവജനങ്ങളെ ഇന്ന് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നമ്മുടെ മനോഭാവം മാറ്റുക എന്ന ഒരു പ്രതിവിധിയേ ഞാൻ കാണുന്നുള്ളൂ. അല്ലാത്തപക്ഷം അന്യദേശക്കാരെയും, ഭാഷക്കാരെയും മറ്റും, തൊഴിലിനായി കേരളത്തിലേക്ക് തൊണ്ടുവരുന്നതു പോലെ, വധൂ വരന്മാരെയും ഇറക്കുമതി ചെയ്യേണ്ടി വരില്ലേ ?

ക്വാളിഫിക്കേഷൻ നോക്കാതെ കല്യാണം നടത്താൻ അര മനസ്സുള്ള ഒരു പിതാവിന്റെ മനോവിഷമം ശ്രദ്ധിക്കുക. "മകളേക്കാൾ വിദ്യാഭ്യാസം കുറവുള്ള ഒരു പയ്യന്റെ ആലോചനവന്നിട്ടുണ്ട്. നല്ല പയ്യനാണ്. നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ്. ഈ കല്യാണം നടത്തിയാൽ ഭാവിയിൽ ഇവർ തമ്മിൽ ഈഗോ പ്രശ്നങ്ങൾ ഉണ്ടാവാനിടയില്ലേ ?"

രണ്ടോ അതിലധികമോ വ്യക്തികൾ ഒന്നിച്ചു ചേരുമ്പോൾ അവരുടെ ഇടയിൽ സ്വാഭാവികമായും ഒരുതരം വിലയിരുത്തൽ ഉണ്ടാകും. മറ്റൊരാളുമായി തുലനം ചെയ്യുമ്പോൾ “ഞാൻ” എന്നത് എല്ലാവർക്കും വളരെ പ്രധാനമാണ്. ഇതിനെയാണ് ഈഗോ എന്നു നമ്മൾ പറയുന്നത്. ഒരാൾ ആഗ്രഹിക്കുന്ന അല്ലെങ്കിൽ അർഹിക്കുന്ന പരിഗണനകിട്ടിയില്ല എന്ന തോന്നലുണ്ടായാൽ അയാൾക്ക് വിഷമം തോന്നും. അത് പലവിധത്തിൽ പ്രകടിപ്പിക്കുകയും ചെയ്യും. ഈ പ്രകടനത്തിനെയാണ് നമ്മൾ ഈഗോ പ്രശ്നമെന്ന് പറയുന്നത്.

ഭാര്യാഭർത്താക്കന്മാർ തമ്മിൽ ഈഗോ ക്ളാഷ് ഉണ്ടാകുന്നത് എല്ലാ കുടുംബങ്ങളിലും സാധാരണമാണ്. എന്നാൽ ഇത് എത്ര വഷളാക്കുന്നു എന്നത് അവരുടെ മനോഗുണം പോലെ ഇരിക്കും. തുല്യ യോഗ്യതകളുള്ള  ദമ്പതികളാണെങ്കിൽ പോലും ഇത് സംഭവിക്കും. അതുകൊണ്ട്, സർട്ടിഫിക്കേറ്റിന്റെ മൂല്യം വെച്ച് മാത്രം പൊരുത്തം നിശ്ചയിക്കാൻ കഴിയില്ല.

ഏതെങ്കിലും ഒരു ക്വാളിഫിക്കേഷൻ ഉണ്ട് എന്നതിന്റെ അർത്ഥം , ഒരു നിശ്ചിത വിഷയത്തെക്കുറിച്ച് നിശ്ചിത കാലം, നിശ്ചിത അളവ് കാര്യങ്ങൾ, നിശ്ചിത രീതിയിൽ, പരിശോധകരുടെ മുന്നിൽ പ്രകടിപ്പിച്ചിട്ടുണ്ട് എന്ന്, ഒരു അംഗീകൃത സംവിധാനം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു എന്നാണ്. അവർക്ക് നിശ്ചിത തരത്തിലുള്ള ജോലികൾ ലഭിക്കാൻ അവസരവും ഉണ്ടായിരിക്കും. ആ തൊഴിലിനോട് പൊതുവേ ആളുകൾ കൊടുക്കുന്ന ബഹുമാനം അയാൾക്കും ലഭിച്ചേക്കും.

എഡ്യൂക്കേഷൻ എന്നത് സർട്ടിഫിക്കറ്റന്റെ മൂല്യം മാത്രമല്ല, സ്വഭാവഗുണവും , പെരുമാറ്റ രീതികളും, മനോഭാവവും, കാഴ്ച്ചപ്പാടും , സാമൂഹ്യ ബന്ധങ്ങളും  ഒക്കെ ചേർന്നതാണ്. എഡ്യൂക്കേറ്റഡ് എന്നുപറഞ്ഞാൽ, അവനവന്റെ സാഹചര്യത്തിനും സന്ദർഭത്തിനും അനുസരിച്ച് വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത്  വേണ്ടതുപോലെ ചെയ്തോ, ചെയ്യിച്ചോ എടുക്കാനുള്ള വിവരവും, കഴിവും, പ്രാപ്തിയും ആണ്.

വലിയ യോഗ്യതകളുടെ സർട്ടിഫിക്കറ്റ് ഒന്നും ഇല്ലെങ്കിലും, കാര്യപ്രാപ്തിയോടെ കുടുംബം നടത്തി സന്തോഷമായി ജീവിക്കുന്ന എത്രയോ പേരുണ്ട്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുണ്ടെങ്കിലും അസഹനീയമായ രീതിയിൽ പെരുമാറുന്ന മനുഷ്യരും, അഭ്യസ്ഥ വിദ്യരാണെങ്കിലും തമ്മിൽ വഴക്കടിച്ചു ജീവിതം നരകമാക്കുന്ന ദമ്പതികളും ഇന്ന് ധാരാളം.

സ്വന്തം ക്വാളിഫിക്കേഷൻ കുറവാണല്ലോ എന്നു സങ്കടപ്പെടുന്ന യുവാക്കളോട് എനിക്ക് പറയാനുള്ളത് ഇതാണ്. നിങ്ങളുടെ കാര്യപ്രാപ്തി ഉയർത്താൻ പരിശ്രമിച്ചു കൊണ്ടേ ഇരിക്കുക. അറിവ് നേടാൻ നിങ്ങൾക്കു ചുറ്റും ധാരാളം അവസരങ്ങൾ ഉണ്ട്. ധാരാളം വായിക്കുക, ഏതുവിഷയത്തെക്കുറിച്ചും ഞൊടിയിടയിൽ വിശദീകരണം തരുന്ന ഇന്റർനെറ്റ് ഫലപ്രദമായി ഉപയോഗിക്കുക. പക്ഷേ സോഷ്യൽ നെറ്റ് വർക്കുകളിൽ കത്തിവെച്ച് സമയം നഷ്ടപ്പെടുത്തരുത്. താല്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് ഹ്രസ്വകാല പരിശീലനങ്ങളോ, സെമിനാറുകളോ, ചർച്ചകളോ നടക്കുന്നതായി അറിഞ്ഞാൽ അതിൽ പങ്കെടുക്കുക. നിങ്ങൾക്ക് അറിഞ്ഞു കൂടാത്ത ഏതെങ്കിലും കാര്യം മുന്നിൽ വന്നു പെട്ടാൽ, അതേക്കുറിച്ച് അറിയാവുന്നവരോട് ചോദിക്കുക, ക്വാളിറ്റി ഉണ്ട് എന്ന് നിങ്ങൾ കരുതുന്നവരോട് ആവുന്നത്ര ഇടപഴകുക. ക്രമേണ നിങ്ങളുടെ ക്വാളിറ്റി ഉയരുന്നത് നിങ്ങൾക്ക് തന്നെ അനുഭവിച്ചറിയാൻ കഴിയും.

ഈഗോ ക്ളാഷ് ഒരിക്കലും ഒഴിവാക്കാൻ കഴിയില്ല. പക്ഷേ ഇത് നിർവീര്യം ആക്കാനും, നിസ്സാരമാക്കാനും സജ്ജനങ്ങൾക്കു കഴിയും. ഭാര്യയും ഭർത്താവും പരസ്പരം യോജിപ്പോടെ ചിന്തിക്കാനും പ്രവർത്തിക്കാനും പരിശീലിച്ചെടുത്താൽ അതായിരിക്കും ലോകത്തിലെ ഏറ്റവും മുന്തിയ വിദ്യാഭ്യാസം. അവരുടെ  കുടുംബം ലോകോത്തരമായ ഒരു ഇൻസ്റ്റിറ്റ്യുഷൻ തന്നെ ആയിമാറും.

George Kadankavil - December 2010

What is Profile ID?
CHAT WITH US !
+91 9747493248