Back to articles

ഒരു യുദ്ധം തുടങ്ങാൻ ഇത്രയും മതി!.

January 01, 2016

രാജ്യാന്തര അതിർത്തിയിലെ  ഒരു മല മുകളിൽ രാവിലത്തെ പട്രോളിംഗ് ഡ്യൂട്ടിയിലാണ് ലാൻസ് നായിക് ബറുവ.

അതിർത്തി ശാന്തമായിരിക്കുന്ന സമയമാണ്. അതുകൊണ്ട് വലിയ പേടിയൊന്നും ഇല്ലാതെയാണ് ബറുവയുടെ പട്രോളിംഗ്. താഴെ ക്യാമ്പിൽ കുറെ നാളായി ഉണക്ക ചപ്പാത്തിയും പരിപ്പു കറിയും തന്നെയാണ്. മട്ടൻ കഴിച്ച കാലം മറന്നു. ആടും, കുപ്പിയും, മറ്റ് സാമഗ്രികളും ഡ്രോപ്പ് ചെയ്യാൻ വല്ല ഹെലികോപ്റ്ററോ വിമാനമോ വന്നെങ്കിലേ ഇനി ആട്ടിറച്ചി തിന്നാൻ പറ്റുള്ളു. സാരമില്ല ഇനി അഞ്ചു ദിവസം കൂടി കഴിഞ്ഞാൽ ബറുവയ്ക്ക് രണ്ടു മാസത്തെ ലീവിൽ പോകാം.

പക്ഷേ ഇപ്പം ഈ കൊടും തണുപ്പത്ത്, വല്ല ചെറു മൃഗങ്ങളെയും കിട്ടിയാൽ വെടിയിറച്ചി തിന്നാമായിരുന്നു എന്ന് ഒരു സ്വകാര്യ മോഹം ബറുവയുടെ ഉള്ളിലുണ്ട്. അങ്ങനെ നോക്കി നടക്കുമ്പോഴുണ്ട് മലയുടെ അപ്പുറത്ത് ഒരു അനക്കം. അത് ശത്രുരാജ്യത്തിന്റെ സ്ഥലമാണ്. ഇറച്ചി തിന്നാൻ മോഹിച്ച് ബറുവ അതിർത്തി കടന്നു, അപ്പുറത്ത് അതാ ശത്രു രാജ്യത്തെ പട്ടാളക്കാരൻ ലാൻസ് നായിക്ക് ഇമ്രാൻ!.

അയാൾ ബറുവയുടെ നേരേ തോക്കും ചൂണ്ടി അലറി ''ഹിലോ മത് '' (അനങ്ങരുത്).

ഭായി  വെടിവെക്കല്ലേ, ഞാൻ യുദ്ധത്തിനു വന്നതല്ല, മട്ടൻ തിന്നിട്ട് മാസങ്ങളായി, ഈ മുടിഞ്ഞ തണുപ്പത്ത് വല്ല ജന്തുക്കളെയും കിട്ടിയാൽ വെടി വെച്ചു തിന്നാമെന്നു കരുതി വന്നതാ എന്നു പറഞ്ഞ് ബറുവ രണ്ടു കയ്യും പൊക്കി തലചൊറിഞ്ഞു നിന്നു.

ഇമ്രാൻ തോക്കു ചൂണ്ടി നിന്ന് ബറുവയെ നിരീക്ഷിച്ചു. ആക്രമണമല്ല ലക്ഷ്യമെന്ന് മനസ്സിലായപ്പോൾ ഇമ്രാൻ ഒന്നയഞ്ഞു, പിന്നെ ന്യൂസ് പിടിക്കാനായി സൌഹൃദത്തിൽ ചോദിച്ചു, ഇപ്പോൾ യുദ്ധമൊന്നുമില്ലല്ലോ ക്യാമ്പിൽ നല്ല സുഖമായിരിക്കുമല്ലോ?

ബറുവയ്ക്ക് ശ്വാസം നേരെയായി.

എന്റെ ഭായി ഒന്നും പറയേണ്ട, ഇപ്പം അതിർത്തിയിൽ വെടിവെപ്പ് ഒന്നും ഇല്ലാത്തതു കൊണ്ട്, സപ്ളൈ ഒന്നും സമയത്തിന് വരുന്നില്ല. കഴിഞ്ഞ പ്രാവശ്യം വിമാനത്തിൽ കൊണ്ടു വന്ന് ഡ്രോപ്പ് ചെയ്ത ആടുകളെല്ലാം തീർന്നു. ഇപ്പം ചപ്പാത്തീം പരിപ്പും മാത്രമേ ഉള്ളു. പിന്നെ ഡീസൽ ഇഷ്ടം പോലെ ഉള്ളതു കൊണ്ട് സിഗ്രി ചൂട് പിടിച്ച് കിടക്കാം.

ഡീസൽ എന്നു കേട്ടപ്പോൾ ഇമ്രാന്റെ മുഖം ഒന്നു തിളങ്ങി, ഞങ്ങളുടെ ക്യാമ്പിൽ ഡീസൽ ഇല്ല. സിഗ്രി കത്തിക്കാൻ വഴിയില്ലാത്ത എല്ലാവരും തണുത്ത് ചാകാറായി, നിങ്ങളുടെ ക്യാമ്പിൽ നിന്നും ഡീസൽ തന്നാൽ ഞങ്ങളുടെ ക്യാമ്പിൽ നിന്നും ആടിനെ തരാം എന്നായി ഇമ്രാൻ.

ബറുവ ഒരു കച്ചവട കുടുംബത്തിൽ ജനിച്ച ആളാണ്. ഈ അന്താരാഷ്ട്ര അതിർത്തിയിൽ എല്ലു മരയ്ക്കുന്ന തണുപ്പത്ത് ഒരു കച്ചവടം നടത്താൻ കിട്ടിയ അവസരം  വെറുതെ കളയാൻ പറ്റുമോ? ആവേശത്തോടെ രണ്ടു പേരും വിലപേശലായി, ഒടുവിൽ ഒരു ബാരൽ ഡീസലിന് അഞ്ച് ആടുകളെ തരാം എന്ന് ഇമ്രാൻ വില സമ്മതിച്ചു.

കൈമാറ്റം ചെയ്യാനുള്ള നടപടിയാണ് ഇനി നിശ്ചയിക്കേണ്ടത്. ബറുവയും കൂട്ടരും ഡീസൽ നിറച്ച ഒരു ബാരൽ മലമുകളിലെ “നോ മാൻസ്  ലാൻഡിൽ” കൊണ്ടു വെക്കണം. ഇമ്രാനും കൂട്ടരും കൂടി അഞ്ച് ആടുകളെ മലമുകളിൽ കൊണ്ടു വന്ന് ബറുവയുടെ വശത്തേക്ക് ഓടിച്ചു വിടും. ആടുകൾ അതർത്തി കടന്നാൽ, ഇമ്രാനും കൂട്ടരും ബാരൽ ഉരുട്ടി കൊണ്ടു പോകും. ധാരണ തെറ്റിച്ചാൽ വെടി വെക്കും, അതിന് ഇരു വശത്തും ടീമിനെ നിർത്തും, എന്ന് രണ്ടാളും കൂടി ഡീൽ ഉറപ്പിച്ചു.

രണ്ടു ക്യാമ്പിലും നല്ല ഉത്സാഹമായി.

ഉച്ച ആയപ്പോഴേക്കും അഞ്ച് ബാരൽ കൊടുത്ത് ബറുവയും ടീമും ഇരുപത്തഞ്ച് ആടുകളെ സ്വന്തമാക്കി, രണ്ടെണ്ണത്തിനെ വെട്ടി കറി വെച്ച് ബഡാഖാനയും തയ്യാറാക്കി നേരത്തെ ശാപ്പാടും കഴിച്ചു.

പക്ഷേ രാത്രി ആയപ്പോൾ ഇമ്രാന്റെ ക്യാമ്പിൽ നിന്നും തുരു തുരെ വെടി വരാൻ തുടങ്ങി. ബറുവയുടെ ക്യാമ്പ് ഇത് പ്രതീക്ഷിച്ചിരുന്നു. അവര് തിരികെയും വെടി വെച്ചു. രണ്ടു ക്യാമ്പും അവരവരുടെ ഹെഡ് ക്വാർട്ടേഴ്സിലേക്ക് വിവരം അറിയിച്ചു, അവിടുന്ന് മേലേക്ക് മേലേക്ക് റിപ്പോർട്ടുകൾ പറന്നു, പിറ്റേന്ന്

''അതിർത്തിയിൽ സംഘർഷം''

''Border Hot  - Red Alert''

''രാജ്യം യുദ്ധ ഭീതിയിൽ''

എന്നൊക്കെ പത്രത്തിൽ വെണ്ടക്ക തലക്കെട്ടുകൾ വന്നു. സൈന്യാധിപന്മാർ ഒത്തു കൂടി മോബിലൈസേഷൻ ഉത്തരവിറക്കി. ലീവിലുള്ള സകല പട്ടാളക്കാരെയും തിരിച്ചു വിളിച്ചു. ഡ്യൂട്ടിയിൽ ഉള്ളവർക്ക് അനുവദിച്ചിരിക്കുന്ന ലീവ് എല്ലാം റദ്ദാക്കി, ബറുവയുടെ ലീവും ദേ ശൂ.ൂൂൂ

തലയ്ക്ക് മീതേ യുദ്ധവിമാനങ്ങൾ ചീറിപ്പായുന്നതും നോക്കി ബറുവ തോക്കും കോപ്പും എടുത്ത് ട്രെഞ്ചിൽ കിടന്ന് പശ്ചാത്തപിച്ചു,

ശ്ശോ..... വേണ്ടീരുന്നില്ല...

ഇമ്രാന് കൊടുത്ത് ആദ്യത്തെ ബാരലിൽ മാത്രമേ ഡീസൽ ഉണ്ടായിരുന്നുള്ളു, ബാക്കി നാലിലും ബറുവയുടെ കൂട്ടുകാർ പച്ചവെള്ളം ആണ് നിറച്ച് കൊടുത്തത്. (5 ബാരൽ ഡീസൽ എടുക്കാൻ തികയാഞ്ഞതു കൊണ്ടാണത്രെ അങ്ങനെ ചെയ്തത്).

രണ്ട് രാജ്യങ്ങൾ തമ്മിൽ ഒരു യുദ്ധമുണ്ടാകാൻ ഇത്രയും പറ്റിക്കൽ മതിയെങ്കിൽ, ഒരു കുടുംബ കലഹം ഉണ്ടാകാൻ ഇതിലും ചെറിയ ഒരു പറ്റിക്കൽ പോരേ?

കല്യാണം കഴിഞ്ഞ് എട്ടു വർഷമായ, രണ്ട് കൂട്ടികളുടെ അമ്മയാണ് എന്നെ വിളിച്ച് ഒരു പറ്റിക്കലിന്റെ പ്രലോഭനത്തിൽ വീഴണോ വേണ്ടയോ എന്ന വിഷമ സന്ധിയിൽപെട്ട അനുഭവം പറയുന്നത്.

ഞങ്ങൾ രണ്ടു പേർക്കും നല്ല ജോലിയുണ്ട്. ഭർത്താവിന്റെ  വീട്ടിലാണ് താമസം. ഭർത്താവിന്റെ  അമ്മയും കൂടെയുണ്ട്. വളരെ നല്ല അമ്മയാണ്. അവരുള്ളതു കൊണ്ട് മക്കളുടെ കാര്യങ്ങൾക്കൊന്നും ഒരു കുറവും ഇല്ലാതെ നടക്കുന്നു.

എനിക്കിവിടെ നല്ല സ്വാതന്ത്ര്യം ഉണ്ട്. നല്ല തിരക്കുള്ള ജോലിയാണ് എനിക്ക്. ഭർത്താവ് എന്നേക്കാൾ ബിസിയാണ്, അതുകൊണ്ട് വീട്ടിലെ പല കാര്യങ്ങളും, പണം ചിലവഴിക്കുന്നത് ഉൾപ്പെടെ, ഞാൻ തന്നെ തീരുമാനം എടുത്ത് ചെയ്യുകയാണ് പതിവ്.

ആറു മാസം മുമ്പ് എന്റെ അപ്പച്ചന് കുറച്ച് സാമ്പത്തിക ആവശ്യം വന്നപ്പോൾ എന്റെ ആഭരണങ്ങൾ ലോക്കറിൽ നിന്നെടുത്ത് ബാങ്കിൽ വെച്ച് ലോണെടുത്ത് ഞാൻ അപ്പച്ചന് കൊടുത്തു. അത് പക്ഷേ എന്റെ ഭർത്താവിനോടോ അമ്മയോടോ ആലോചിക്കാതെയാണ് ചെയ്തത്. ഭർത്താവ് ടൂറിലായിരുന്നു, തിരികെ വന്നപ്പോൾ പറയാൻ വേറെ ഒരുപാട് വിശേഷങ്ങളുണ്ടായിരുന്നു, അതിനിടയിൽ ഈ കാര്യം ഞാൻ അങ്ങ് മറന്നും പോയി.

കഴിഞ്ഞ ദിവസം ഏതോ മോഷണത്തിന്റെ  വാർത്ത പത്രത്തിൽ വായിച്ചിട്ട്, ഭർത്താവ് എന്നോട് ചോദിച്ചു, നിന്റെ ആഭരണങ്ങൾ ഒക്കെ ഇവിടെ വീട്ടിലാണോ വെച്ചിരിക്കുന്നത് എന്ന്. ഞാൻ പെട്ടെന്ന് പറഞ്ഞു അത് ലോക്കറിലാണെന്ന്. അപ്പോഴാ ഓർമ്മ വരുന്നത്, അത് വെച്ച് ലോണെടുത്ത് അപ്പച്ചന് കൊടുത്തല്ലോ എന്ന്. അപ്പച്ചനെക്കൊണ്ട് ഇന്നു തന്നെ ലോൺ തിരിച്ചടപ്പിച്ച് സ്വർണ്ണം എടുത്ത് ലോക്കറിൽ വെക്കാം എന്ന് കണക്കാക്കി ഞാൻ പറഞ്ഞത് മാറ്റി പറഞ്ഞതുമില്ല.

പക്ഷേ  അപ്പച്ചനോട് പറഞ്ഞപ്പോൾ ലോൺ തിരിച്ചടക്കാൻ കുറച്ചു കൂടി സാവകാശം വേണം. നിനക്ക് ലോക്കറിൽ വെയ്ക്കാനല്ലേ? അമ്മയുടെ കയ്യിൽകുറച്ച് ഇമിറ്റേഷൻ സ്വർണ്ണമുണ്ട് അതു കൊണ്ടെ ലോക്കറിൽ വെച്ചാൽ മതി അത്രെ. എനിക്ക് ദേഷ്യവും സങ്കടവും എല്ലാം കൂടെ വന്നു. എത്ര ഭയങ്കര മണ്ടത്തരമാണ് ഞാൻ കാണിച്ചത് എന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലാകുന്നത്. എങ്ങനെയെങ്കിലും ലോൺ തിരിച്ചടച്ച് ആഭരണങ്ങളെടുത്ത് ഞാൻ ലോക്കറിൽ വയ്ക്കും. അതിനുള്ള  പ്രാപ്തി എനിക്കുണ്ട്, പക്ഷേ പെട്ടെന്ന് എനിക്ക് സംസാരിക്കാൻ ആരുമില്ലാതെ ആയതുപോലെ തോന്നി, അതാ അങ്കിളിനെ വിളിച്ചത്.

മോളേ, നീ ആ ഇമിറ്റേഷൻ സ്വർണ്ണമെടുത്ത് വന്നായിരുന്നെങ്കിൽ, ബറുവയുടെ മാതിരി അതൊരു യുദ്ധത്തിന്റെ തുടക്കമാകുമായിരുന്നു. എങ്ങനെയെങ്കിലും ലോൺ തിരിച്ചടക്കുക എന്നതല്ല ഇപ്പോൾ നിന്റെ മുൻഗണന. നിനക്ക് സംസാരിക്കാൻ നിന്റെ ഭർത്താവിനെ തന്നെ വീണ്ടെടുക്കണം എന്നതാണ് ഇപ്പോൾ സർവ്വ പ്രധാനം.

ഇപ്പോൾ തന്നെ ഭർത്താവിനെ വിളിച്ച്, നിനക്ക് അദ്ദേഹത്തോട് സംസാരിക്കണം എന്ന് പറയുക. എന്നിട്ട് പുള്ളിക്കാരനെ കൂട്ടി ഏതെങ്കിലും സ്വസ്ഥമായ സ്ഥലത്ത് പോയിരുന്ന് ഇതെല്ലാം വള്ളി പുള്ളി വിടാതെ ഭർത്താവിനോട് പറയുക.

നിനക്ക് പെട്ടെന്ന് സംസാരിക്കാൻ ആരുമില്ലാതെ ആയതു പോലെ തോന്നി എന്ന് തന്നെ ഭർത്താവിനോട് പറയണം. അതിനു ശേഷം മതി, ഇക്കാര്യത്തിൽ നീ ഇനി എന്തെങ്കിലും ചെയ്യുന്നത്..

George Kadankavil - January 2016

What is Profile ID?
CHAT WITH US !
+91 9747493248