Back to articles

പ്രവാസിയുടെ കല്യാണക്കാര്യം

October 01, 2004


''ഞങ്ങള് പ്രവാസികളാണ്, മകൾക്ക് വിവാഹപ്രായം ആയി. നാട്ടിൽ ഉള്ള ഒരു പയ്യനെ വേണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. വർഷത്തിൽ ഒരിക്കൽ നാട്ടിൽ വരുന്നുണ്ട്. മൂന്നുവർഷമായി ശ്രമിക്കുന്നു. ഓരോന്ന് ആലോചിച്ചു അടുത്തു വരുമ്പോഴേക്കും അവധി കഴിഞ്ഞ് തിരികെ പോകാറാകും. എല്ലാ വർഷവും ഇതുതന്നെ കഥ. ഇനി എന്താണ് ചെയ്യണ്ടത്?

എവിടെയാണ് തടസ്സങ്ങൾ എന്ന് നമുക്കൊന്നു നോക്കാം. ഇവിടെ തന്നിരിക്കുന്ന ഫോട്ടോയും ബയോഡേറ്റയും പരിശോധിച്ച് അതിലെ പൊരുത്തക്കേടുകൾ ആദ്യം പരിഹരിക്കാം.

അടുത്തതായി നിങ്ങളുടെ സാഹചര്യത്തിന്റെ പരിമിതികൾ വിശകലനം ചെയ്യാം. അന്യദേശത്തു പോയി കഷ്ടപ്പെട്ട്, അദ്ധ്വാനിച്ച് ജീവിതം പച്ചപിടിപ്പിച്ചാലും കല്യാണക്കാര്യം വരുമ്പോൾ നാട്ടിൽ വേരുകളുള്ള ബന്ധുത ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. നാട്ടിൽ കുറച്ച് വസ്തു വാങ്ങാനായിരുന്നെങ്കിൽ ചോദിക്കുന്ന വില കൊടുത്തിട്ടാണെങ്കിലും കാര്യം പെട്ടെന്ന് നടത്താമായിരുന്നു. അതുപോലെ എളുപ്പമല്ലല്ലോ ഒരു വിവാഹബന്ധം കണ്ടെത്തുന്നത്. മോളോട് ഞാനൊരു കാര്യം ചോദിച്ചോട്ടെ, ഡാഡിയുടെയും മമ്മിയുടെയും സ്വന്തത്തിൽപ്പെട്ട എത്രപേരുടെ വീട്ടിൽ മോള് പോയിട്ടുണ്ട്?

രണ്ടുമൂന്നു വീട്ടിൽ പോയിട്ടുണ്ട്.
ആ വീടുകളിൽ ഉള്ള എല്ലാവരുടെയും പേര് മോള് ഇപ്പോൾ ഓർക്കുന്നുണ്ടോ?
ഇല്ല അങ്കിൾ.

നാട്ടിൽ വേരുകളുള്ള ബന്ധുത വേണം, പക്ഷെ നിങ്ങൾക്ക് നാട്ടിൽ എത്രമാത്രം വേരുകളുണ്ട്? വേരുകൾക്ക് എത്ര ആഴമുണ്ട്? ഇത് ചിന്തിച്ചിട്ടുണ്ടോ?

ആദ്യം നിങ്ങളുടെ വേരുകൾ ബലപ്പെടുത്തണം. അതിനു പറ്റിയ ഒരു ആക്ഷൻ പ്ലാൻ ഞാൻ പറഞ്ഞുതരാം. ഒന്നു പരീക്ഷിച്ചു നോക്കുക.
മകളുടെ കല്യാണം ഉറപ്പിക്കാൻ, ബന്ധുമിത്രാദികൾ ആരെയൊക്കെയാണ്, ഏറ്റവും നിർബന്ധമായി നിങ്ങൾ ക്ഷണിക്കേണ്ടത്?

അവരുടെ ഒരു ലിസ്റ്റ് എഴുതി ഉണ്ടാക്കുകയാണ് ഇനി വേണ്ടത്. ഇതാണ് നിങ്ങളുടെ വേരുകൾ. ഈ വേരുകൾ ഓരോന്നും തൊട്ടു തലോടി പോഷിപ്പിച്ചെടുക്കയാണ് അടുത്ത പടി.

കല്യാണക്കാര്യം വരുമ്പോൾ, നിങ്ങളെപ്പറ്റി അറിയാൻ, നിങ്ങളുടെ ബന്ധുക്കളോടും ആളുകൾ അന്വേഷിക്കും. നിങ്ങളുമായി സമ്പർക്കമില്ലാത്ത ബന്ധുജനങ്ങൾക്ക് നിങ്ങളെപ്പറ്റി എന്ത് അഭിപ്രായമാണ് പറയുവാൻ കഴിയുക.

ലിസ്റ്റിൽനിന്നും ഓരോരുത്തരെയായി ഫോണിൽ വിളിച്ച് കുശലം പറയുക. വീട്ടിൽ ഓരോരുത്തരുടെയും പേരുപറഞ്ഞ് അവരുടെ വിശേഷങ്ങൾ തിരക്കുക, അത് ഓർമ്മിച്ചിരിക്കുകയും വേണം. അവരുടെ കൂടി സൌകര്യം നോക്കി മകളെയും കൂട്ടി പോയി അവരെ സന്ദർശിക്കുക.

സാധിക്കുമെങ്കിൽ നിങ്ങളുടെ വീട്ടിൽ എന്തെങ്കിലും ഒരു ചെറിയ ആഘോഷത്തിന് കാരണമുണ്ടാക്കി ബന്ധുജനങ്ങളെ വീട്ടിലേക്കു ക്ഷണിക്കാം. നിങ്ങളുടെ വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ ഈ മകൾക്ക് കല്യാണം അന്വേഷിക്കുന്നുണ്ട് നല്ല ഒരു പയ്യനെ കണ്ടുപിടിക്കാൻ നിങ്ങളും കൂടണം കേട്ടോ, എന്നും പറഞ്ഞുവെക്കണം.

വിവാഹം ശരിയാകുന്നതുവരെ മാതാപിതാക്കൾ ആരെങ്കിലും ഒരാൾ നാട്ടിൽ നിൽക്കുന്നതും പ്രയോജനം ചെയ്യും. മകൾക്ക് നാട്ടിൽ ഒരു താൽക്കാലിക ജോലി ശരിയാക്കി എടുക്കാൻ സാധിക്കുമോ എന്നും ചിന്തിക്കാം. അങ്ങനെ കുറെ വിവാഹങ്ങൾ നടന്നിരിക്കുന്നതായി എനിക്കറിയാം.

ഇപ്പോൾ ഉള്ള ജോലി കളയുന്നത് അബദ്ധമാവില്ലേ എന്ന് ചോദിച്ചേക്കാം, ജോലിയാണോ വിവാഹമാണോ ഇയാൾക്ക്, ഇപ്പോൾ കൂടുതൽ പ്രസക്തമായിരിക്കുന്നത് എന്നു നിങ്ങൾ തീരുമാനിക്കുക.

George Kadankavil - October 2004

What is Profile ID?
CHAT WITH US !
+91 9747493248