Back to articles

എനിക്ക് ഇവിടെ ഒരു റോളില്ല!

November 01, 2012

ഒരു ഫാമിലി കൌൺസിലിംഗിന് അപ്പോയിന്റ്മെന്റ് വേണം എന്നു പറഞ്ഞ് ഫോണിലൊരു സ്ത്രീ ശബ്ദം.

പെങ്ങളെ കുടുംബ കലഹം എന്തെങ്കിലുമാണെങ്കിൽ അതു തീർത്തു തരാനുള്ള കഴിവൊന്നും എനിക്കില്ല. നിങ്ങളുടെ  കുടുംബജീവിതം മെച്ചപ്പെടുത്താൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്നു ചർച്ച ചെയ്യാനാണെങ്കിൽ എപ്പോൾ വരുമെന്ന് പറഞ്ഞാൽ മതി ഞാൻ സമയം ഉണ്ടാക്കി സംസാരിക്കാം.

കുടുംബ കലഹം ഒന്നുമില്ല സാർ. എനിക്ക് ജീവിച്ച് മതിയായതുപോലെ ഒരു തോന്നൽ. വിവാഹം കഴിഞ്ഞിട്ട് പത്തു വർഷമായി, എട്ടു വയസ്സുള്ള ഒരു മോളുണ്ട്. എല്ലാ സൌകര്യങ്ങളും ഉള്ള, നാട്ടുകാർക്കെല്ലാം നല്ല മതിപ്പുള്ള ഒരു കുടുംബത്തിലേക്കാണ് എന്നെ വിവാഹം ചെയ്തു വിട്ടിരിക്കുന്നത്.

ഭർത്താവിന് സ്വന്തം ബിസിനസ്സാണ്. അദ്ദേഹത്തിന്റെ തറവാട്ടിലാണ് ഞങ്ങൾ താമസിക്കുന്നത്. ഭർത്താവിന്റെ അപ്പച്ചനും അമ്മച്ചിയും വീട്ടിൽ ഉണ്ട്, എന്നെ വലിയ സ്നേഹമാണ് അവർക്ക്. ഒരു പണിയും എന്നെക്കൊണ്ട് ചെയ്യിക്കില്ല. എന്തു വേണമെങ്കിലും വാങ്ങിത്തരും. ഒന്നിനും ബുദ്ധിമുട്ടേണ്ടതില്ല. എന്നിട്ടും എനിക്ക് ചുമ്മാതിരുന്ന് ബോറടിയും വെറുതെ സങ്കടം വരലും ഒക്കെയാണ്. മോളേ സ്കൂളിൽ വിട്ടുകഴിഞ്ഞാൽ പിന്നെ അവളു വരുന്നതു വരെ കാത്തിരിപ്പ്  മാത്രമെ പണിയുള്ളു. ആ നേരം കൊണ്ട് മനസ്സ് എന്തൊക്കെയോ ചിന്തിച്ച് കൂട്ടി അസ്വസ്ഥമായിക്കൊണ്ടിരിക്കും. അതു കൊണ്ടാ താങ്കളോട് സംസാരിക്കണം എന്ന് തോന്നിയത്.

ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും, ബന്ധനം ബന്ധനം തന്നെ പാരിൽ. എന്റെ മോളെ, ലോകത്തിലെ സ്ത്രീകൾക്കെല്ലാം തന്നെ, കേൾക്കുമ്പോഴേ കൊതി തോന്നിപ്പോകുുന്ന ഒരു ജീവിതാവസ്ഥ ലഭിച്ചിട്ടും നിനക്ക് ഇങ്ങനെ തോന്നുന്നത്, ഇതിലെവിടെയോ ഒരു ബന്ധനം ഉണ്ടെന്ന് നീ കരുതുന്നതിനാലായിരിക്കണം. ഏതൊക്കെയാണ് നിന്റെ ബന്ധനങ്ങൾ?

ബന്ധനം അല്ല പ്രശ്നം. എനിക്ക് ഇവിടെ ഒരു റോളില്ല. മകളുടെ കാര്യങ്ങൾ നോക്കുക, ഭർത്താവിന്റെ കൂടെ കിടക്കുക, ഇതല്ലാതെ വേറൊന്നും എനിക്ക് ചെയ്യാനില്ല. എനിക്ക് പിജി വിദ്യാഭ്യാസം ഉണ്ട്, വിവാഹത്തിന് മുൻപ് ജോലി ചെയ്തിരുന്നതാണ്. അതുപേക്ഷിച്ചിട്ടായിരുന്നു വിവാഹം. ഇപ്പോൾ എനിക്കൊരു ജോലി ശരിയായി വന്നതായിരുന്നു. അപ്പോൾ ഭർത്താവ് പറഞ്ഞു, ഇരട്ടി ശമ്പളം തരാം അദ്ദേഹത്തിന്റെ ഓഫീസിൽ വന്നിരുന്നാൽ മതി എന്ന്.

അത് നല്ല കാര്യമല്ലേ മോളേ, ഭർത്താവിന്റെ ബിസിനസ്സിൽ സഹായിക്കാമല്ലോ?

ബിസിനസ്സിന്റെ ടെൻഷൻ രണ്ടു പേരും കൂടി വീട്ടിലേക്കും കൊണ്ടു വരാനിടയാകും എന്ന് അപ്പച്ചൻ പറഞ്ഞതു കൊണ്ട് അത് വേണ്ടെന്നു വെച്ചു.

എങ്കിൽ നിനക്ക് വീട്ടിൽ അപ്പച്ചനേയോ അമ്മച്ചിയേയോ സഹായിക്കാമല്ലോ?

അവർക്ക് ഇപ്പോഴും നല്ല ആരോഗ്യമുണ്ട്. ശരിക്കും അദ്ധ്വാനിക്കുന്ന സ്വഭാവമാണ് രണ്ടു പേർക്കും. എന്റെ സഹായം ഒന്നും അവർ ആവശ്യപ്പെടുകയില്ല. അടുക്കളയിലാണെങ്കിൽ, അമ്മച്ചി ഒരു പ്രത്യേക ചിട്ടയിലും ക്രമത്തിലും ഒക്കെയാണ് സാധനങ്ങളും പാത്രങ്ങളും മറ്റും വെച്ചിരിക്കുന്നത്. അവിടെ ഞാൻ പെരുമാറിക്കഴിഞ്ഞാൽ അമ്മച്ചിക്ക് ഇരട്ടി പണിയാകും.

ശരി വേണ്ട, അവരോട് വാചകം അടിച്ച് സമയം ചിലവഴിച്ചു കൂടേ?

അതാണ് സർ ഏറ്റവും വലിയ പ്രയാസം. ഏതു വിഷയം സംസാരിച്ചു വന്നാലും  അവരുടെ സംഭാഷണം ഏതെങ്കിലും ഒരു പരദൂഷണത്തിലേ ചെന്നവസാനിക്കൂ. അല്ലെങ്കിൽ പൊങ്ങച്ചം പറയലാകും. ഇവർക്ക് വിരോധം ഉള്ളവരെക്കുറിച്ച് കുറ്റം പറഞ്ഞിട്ട്, ഇവരോട് കുറെ മുഖസ്തുതിയും പറഞ്ഞ് സഹായം വാങ്ങിക്കൊണ്ട് പോകുന്ന ചില വീട്ടു ജോലിക്കാരും നാട്ടുകാരും ബന്ധുക്കളുമൊക്കെയുണ്ട്. അതുകാരണം ഇവരുടെ സംഭാഷണത്തിൽ ചേരാൻ എനിക്ക് ഭയങ്കര മടിയാണ്.

മോളേ ഞാൻ തുറന്നു ചോദിക്കട്ടെ ഭർത്താവിനെയും കൊണ്ട് താമസം മാറണം എന്നാണോ നിന്റെ ആഗ്രഹം.

അല്ല സാർ, ഇത്രയും ആളും സൌകര്യങ്ങളും ഉള്ള വീട്ടിൽ നിന്നും മാറിത്താമസിക്കാൻ തക്ക കാര്യം ഒന്നും ഇപ്പോൾ എനിക്കില്ല. എനിക്ക് കുറച്ച് പ്രധാനപ്പെട്ട റോൾ കിട്ടിയിരുന്നെങ്കിൽ ഈ ബോറടി മാറുമായിരുന്നു.

മോളെ ഇത് ഒരു ചെറിയ അസുഖമാണ്. നമുക്ക് ഇതിനെ ''Spoilities'' എന്നു വിളിക്കാം. ഭർത്താവും  അപ്പച്ചനും അമ്മച്ചിയും കൂടി കുറെയധികം ലാളിച്ച് വഷളാക്കി വെച്ചിരിക്കുകയാണ് നിന്നെ.

നീ ചോദിച്ചിട്ടല്ല്ലല്ലോ അവര് നിന്നെ ലാളിക്കുന്നത്. അതുപോലെ  അവര്  ചോദിക്കാതെ തന്നെ അവർക്ക് എന്തെങ്കിലും ചെയ്തു കൊടുക്കാൻ നീയും ശ്രമിക്കണം.

നിനക്ക് റോള് കൊണ്ടു വന്നു തരാൻ അവര് സിനിമാ സംവിധായകരല്ല്ലല്ലോ. നീ തന്നെ നിനക്ക് പറ്റിയ റോള് കണ്ടു  പിടിച്ചെടുക്കണം.  ഇത്രയും നല്ല അമ്മച്ചിയെയും അപ്പച്ചനെയും ഭർത്താവിനെയും ലഭിച്ചതിന് തമ്പുരാനോട്  ദിവസവും നന്ദി പറയണം.

അവരു തരുന്ന സ്നേഹത്തിന് അവരോടും സ്നേഹപൂർവ്വം പെരുമാറണം. അവരുടെ സംഭാഷണ ശൈലി നിനക്ക അസഹ്യമായി തോന്നുന്നത് ഒരുതരം Generation Gap കൊണ്ട് ആണ്. അതിൽ നിന്നും ഒഴിഞ്ഞുമാറിയാൽ ആ ഗ്യാപ് കൂടുകയേ ഉള്ളു. ഒഴിഞ്ഞുമാറരുത്, അവരോടൊപ്പം കൂടണം. വിയോജിപ്പുള്ള കാര്യങ്ങൾക്ക് പുഞ്ചിരി കൊണ്ടോ, നിശ്ശബ്ദതകൊണ്ടോ ഒക്കെ മറുപടി കൊടുക്കാൻ പഠിച്ചെടുക്കണം.

നിനക്ക് സ്വന്തമായ എന്തെങ്കിലും Activity  കണ്ടെത്തിയേ മതിയാകൂ. പൂന്തോട്ടം, അടുക്കളത്തോട്ടം, കോഴി, തീറാവ്, മീൻ വളർത്തൽ, അലങ്കാരമത്സ്യം തുടങ്ങി എന്തെങ്കിലും  പരിപാടി നിനക്ക് ചെയ്യാമല്ലോ. നിന്റെ  സമയം  പോകണം എന്നതു മാത്രമല്ല നിന്റെ ആവശ്യം, നിനക്ക് പ്രാധാന്യം കിട്ടുന്ന ഒരു റോൾ വേണം എന്നതു കൂടിയാണ്. അതിനാൽ, അപ്പച്ചനും അമ്മച്ചിക്കും കൂടി താല്പര്യമോ ഉള്ള ഒന്നായിരിക്കണം നീ ചെയ്യുന്നത്. ഏതെങ്കിലും ഒരു  Activity  ഉത്തരവാദിത്വത്തോടെ കാര്യക്ഷമമായി ചെയ്ത് വിജയിപ്പിച്ചാൽ നിനക്ക് കൂടുതൽ പ്രധാനപ്പെട്ട  റോളുകൾ താനെ ലഭിച്ചുകൊള്ളും.

ഒരു മനുഷ്യൻ ആഗ്രഹിക്കുന്ന ഏറ്റവും  വിലപ്പെട്ട സമ്മാനം അയാളുടെ പ്രവർത്തികൾക്ക്  ലഭിക്കുന്ന പ്രശംസയും അംഗീകാരവുമാണ്. നിന്റെ  ഭർത്താവിനും  അപ്പച്ചനും അമ്മച്ചിക്കും അവർ   ചെയ്തു തന്നതിനൊക്കെ  പ്രശംസയും അംഗീകാരവും കൊടുക്കാൻ നീ പിശുക്ക്  കാണിക്കരുത്. ക്രമേണ നീ കൊടുത്തതിന്റെ  പല മടങ്ങ്  നിനക്ക് തിരികെയും ലഭിക്കും. പിന്നെ ജീവിതം മടുത്തൂന്ന് പറഞ്ഞ് എങ്ങോട്ടും ഓടേണ്ടി വരില്ല.    

George  Kadankavil - Nov 2012

What is Profile ID?
CHAT WITH US !
+91 9747493248