Back to articles

ഈശോയും കുരിശും, പരസ്യ മോഡലും?.....

June 01, 2008

''ജോർജ്ജ് സാറേ ഒരഭ്യുദയകാംക്ഷി എന്ന നിലയിൽ ഒരു കാര്യം പറഞ്ഞോട്ടേ, ബെത് ലെഹമിന്റെ  സർവ്വീസ് ഒക്കെ വളരെ നല്ലതാ, ഒരു നല്ല ക് ളാസ്സ് മെമ്പർഷിപ്പുമുണ്ട് നിങ്ങൾക്ക്. പക്ഷേ, നിങ്ങളുടെ പരസ്യങ്ങൾക്കെല്ലാം ഒരു പഴഞ്ചൻ ശൈലിയാണല്ലോ, ഈശോയും കുരിശും ഒക്കെ വെച്ചുള്ള ഒരുമാതിരി പരസ്യങ്ങൾ. ഇപ്പോഴത്തെക്കാലത്ത് ഒരു മോഡലിനെ വെച്ച് അടിപൊളി പരസ്യങ്ങൾ ഇട്ടെങ്കിലല്ലേ ആൾക്കാരുടെ മനസ്സിൽ ഉടക്കുന്ന ഒരു ഇമേജ് കിട്ടുകയുള്ളു. നിങ്ങളാവഴിക്കു കൂടി പരിശ്രമിക്കണം എന്നു പറയാനാ വിളിച്ചത് ''

പരസ്യ രംഗത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് ഇതു പറയുന്നത്.

''സാർ താങ്കൾ ബെത് ലെഹമിനോട് കാണിക്കുന്ന ഈ സന്മനസ്സിന് ഒത്തിരി നന്ദിയുണ്ട്. പക്ഷേ ഞാനൊന്നു ചോദിച്ചോട്ടേ, അടിപൊളി സുന്ദരി മോഡലുകളുടെ ചന്തം കണ്ടാൽ മയങ്ങി പോകുന്ന ഒരു പയ്യന് സാറ് മകളേ കെട്ടിച്ചു കൊടുക്കുമോ? ഇല്ലല്ലോ?''

പരസ്യങ്ങളേക്കുറിച്ച് എന്റെ കാഴ്ചപ്പാട് പറയാം. പ്രസിദ്ധപ്പെടുത്തണം എന്നു ചട്ടപ്പടി നിർബന്ധം ഉള്ള  പരസ്യങ്ങളിൽ ചിലത് ഒഴികെ, മറ്റെല്ലാ പരസ്യങ്ങളുടെയും ഉദ്ദേശം ആളുകളുടെ ശ്രദ്ധ ആകർഷിച്ച് അവരേ തങ്ങളുടെ സംവിധാനത്തിലേക്ക് എത്തിക്കുക എന്നതാണ്. നമ്മുടെ കയ്യിലിരിക്കുന്നത് എത്ര നല്ല സാധനമായാലും ശരി ആളുകൾ അതറിഞ്ഞെങ്കിലല്ലേ, അവർക്ക് അതു പരിശോധിക്കാനും, പരീക്ഷിക്കാനും, ഉപകാരപ്പെടുത്താനും സാധിക്കൂ. അതുകൊണ്ട് പരസ്യങ്ങൾ അനിവാര്യമാണ്.

അങ്ങനെ പരസ്യങ്ങൾ ചെയ്യുന്നവരുടെ എണ്ണം വളരെ അധികമാണ്. ഒരേ കാര്യത്തിൽ തന്നെ മത്സരിച്ച് പ്രവർത്തിക്കുന്നവർ ധാരാളം ഉള്ളതിനാൽ, ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനും, സാധനത്തിന്റെ ആകർഷണം വർദ്ധിപ്പിക്കുവാനും കമ്പോളത്തിൽ ഉചിതവും, അനുചിതവുമായ പല മാർഗ്ഗങ്ങളും ഉപയോഗിക്കപ്പെടുന്നുണ്ട്.

എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഒരു ശിശു ഉണ്ട്. ആ ശിശുവിനെ കുടുക്കുവാനാണ് മിക്ക പരസ്യങ്ങളും ശ്രമിക്കുന്നത്. സൌജന്യങ്ങൾ, സമ്മാനങ്ങൾ, ഓഫറുകൾ, വിലക്കുറവ്, ബ്രാൻഡ് അമ്പാസഡർമാർ. . .  ഇവയുടെ എല്ലാം ഉദ്ദേശം, ആ ശിശുവിനെ ചൂണ്ടയിൽ കൊത്തിക്കുകയാണ്. Hooking The Child.

മോഡലുകളെ ഉപയോഗിച്ച്, ഇഷ്ടം, സ്നേഹം, വാത്സല്യം, കൊതി, അസൂയ, കാമം, മോഹം, ഭയം, ഭ്രമം, ആരാധന തുടങ്ങിയ മൃദല വികാരങ്ങൾ സൃഷ്ടിച്ച് ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുന്ന പരസ്യങ്ങൾ നമുക്ക് ധാരാളമായി കാണാൻ കഴിയും.

പക്ഷേ, വിവാഹം അന്വേഷിച്ച്  എന്റടുത്ത് വരുന്നവർ ആവശ്യപ്പെടുന്നത്, പുരാതന കത്തോലിക്കാ കുടുംബത്തിലെ, നല്ല ഭക്തിയുള്ള, ദൈവവിശ്വാസവും, ഫാമിലി വാല്യൂസും ഉള്ള സുന്ദരിയായ  യുവതിക്ക്,  അല്ലെങ്കിൽ സുമുഖനായ യുവാവിന്, സൽസ്വഭാവിയും, ദൈവഭയവുമുള്ള, പങ്കാളിയേ വേണം എന്നാണ്. ഒരു മോഡലിനെ ഉപയോഗിച്ച് അങ്ങനൊരാളെ കണ്ടുപിടിക്കാൻ ശ്രമിക്കുന്നതിന്റെ അനൌചിത്യം ഒന്നാലോചിച്ചു നോക്കിക്കേ.

ദൈവവിശ്വാസവും, കുടുംബമൂല്യങ്ങളും വിലപ്പെട്ടതായി കരുതുന്നവർ കുറച്ചു പേരെങ്കിലും നമ്മുടെയിടയിൽ ഉണ്ട് എന്ന് എനിക്ക് അനുഭവം കൊണ്ട് ബോദ്ധ്യമായിട്ടുള്ളതാണ്. കുറച്ചേ ഉള്ളെങ്കിലും, ഈശോക്കും കുരിശിനും തിരുകുടുംബത്തിനും ഒക്കെ വിലകല്പിക്കുന്ന അത്തരം കുറച്ച് കുടുംബങ്ങൾ രൂപം കൊള്ളാൻ ഒരു  നിമിത്തവും മാതൃകയും ആകണമെന്നേ ഞാൻ പ്രാർത്ഥിക്കുന്നുള്ളു. അതുകൊണ്ടാണ് ഭക്തിയും, ബഹുമാനവും, വിശ്വാസവും സ്ഫുരിക്കുന്ന സങ്കേതങ്ങൾ ഞാനുപയോഗിക്കുന്നത്. അതിന് നല്ല ഫലവും കാണുന്നുണ്ട്.പിന്നെ നമ്മുടെ ചെയ്തികളൊക്കെ നിയന്ത്രിക്കുന്ന വലിയ ഒരു ശക്തിയുണ്ടല്ലോ, ബാക്കിയൊക്കെ ആ ശക്തിക്കു വിട്ടുകൊടുക്കുന്നു.

വിവാഹം വെറും ഒരു ഭൌതിക പ്രക്രിയ അല്ല, പ്രപഞ്ചത്തിലെ ഏറ്റവും വിസ്മയകരമായ ഒരു ദൈവീക പ്രവർത്തനമാണ് എന്നു ഞാൻ വിശ്വസിക്കുന്നു. തകർന്ന വിവാഹങ്ങൾ പോലും തമ്പുരാനെ മഹത്വപ്പെടുത്തുന്നത് കാണാൻ കഴിഞ്ഞിട്ടുണ്ട്. നല്ല വിവാഹ ബന്ധം ലഭിക്കാനും, അതു പാളം തെറ്റാതെ  അവസാനം വരെ മുന്നോട്ട് കൊണ്ടു പോകാനും തമ്പുരാനെ തന്നെ ആശ്രയിക്കണം.

George Kadankavil - June 2008

What is Profile ID?
CHAT WITH US !
+91 9747493248