Back to articles

എന്റെ ആഭരണങ്ങൾ വിൽക്കട്ടേ?

May 01, 2012

എന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമായി. ഭർത്താവും ഞാനും എംഎൻസി യിൽ ജോലി ചെയ്യുന്നു. നല്ല ധനസ്ഥിതി ഉള്ള കുടുംബമാണ് എന്റേത്. ഭർത്താവിന്റെ കുടുംബം അങ്ങനെ ആയിരുന്നു, നല്ല ഭൂസ്വത്ത് ഉള്ള കുടുംബമാണ്. പക്ഷേ വിവാഹം നടക്കുന്ന സമയത്ത് ആ കുടുംബം കടബാദ്ധ്യതകൾ കൊണ്ട് പൊറുതി മുട്ടിയിരുന്നു എന്ന് പിന്നീട് ആണ് ഞാൻ മനസ്സിലാക്കുന്നത്. ഞാൻ കൊണ്ടുവരുന്ന സ്വത്തുകൊണ്ട് കടങ്ങൾ വീട്ടാം എന്ന് അവർക്ക് പ്രതീക്ഷ ഉണ്ടായിരുന്നു അത്രെ. പക്ഷേ എന്റെ അപ്പച്ചൻ  കുറച്ച് ഫിക്സഡ് ഡിപ്പോസിറ്റും കൂടുതൽ സ്വർണ്ണവും ആയിട്ടാണ് സ്വത്ത് തന്നത്. കെട്ടിവന്ന പെണ്ണിന്റെ സ്വർണ്ണം വിറ്റിട്ട് ഈ കുടുംബത്തിലെ കടം വീട്ടാൻ നോക്കേണ്ട എന്ന്, ഭർത്താവിന്റെ അമ്മ കട്ടായം പറഞ്ഞതിനാൽ, അതേക്കുറിച്ച് പിന്നെ ആരും ചർച്ച ചെയ്തതേയില്ല.

ഭർത്താവിന്റെ ശമ്പളത്തിൽ ഒരു ഭാഗം വീട്ടിലേക്ക്  അയക്കുമായിരുന്നു, കല്യാണം കഴിഞ്ഞപ്പോൾ മുതൽ ശമ്പളത്തിന്റെ നല്ല ഭാഗവും ചേട്ടൻ വീട്ടിലേക്ക് അയക്കുകയാണ്. അത് അവിടെ  പലിശ കൊടുക്കാനേ തികയുമായിരുന്നുള്ളു. എന്റെ ശമ്പളം കൊണ്ട് ഞങ്ങളുടെ വീട്ട് വാടകയും മറ്റു ചിലവുകളും നടത്തും. എടുത്തു പറയത്തക്ക സംഭവങ്ങളോ, ആഘോഷങ്ങളോ ഒന്നും ഇല്ലായിരുന്നെങ്കിലും, അസംതൃപ്തമായിരുന്നില്ല ഞങ്ങളുടെ ജീവിതം. ജോലിയും വീടും കുടുംബവും ആയി ജീവിതം മുന്നോട്ട് ഒഴുകിയിരുന്നു. അടുത്ത കാലത്ത് ചേട്ടന്റെ അമ്മ  മരിച്ചു. ശവസംസ്കാരം കഴിഞ്ഞ അന്നു തന്നെ എനിക്ക് ധാരാളം കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നു.

''വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന് '' എന്ന  പരസ്യ ഡയലോഗ് ഏറ്റുപാടി ആയിരുന്നു എന്നെ കുറ്റപ്പെടുത്താനും വേദനിപ്പിക്കാനും തുടങ്ങിയത്. ഞാനൊരു നിധി കാക്കുന്ന ഭൂതം  ആയിട്ടാണ് ചേട്ടന്റെ വീട്ടുകാർ സംസാരിച്ചത്. സ്വർണ്ണം പൊതിഞ്ഞു വെച്ചോണ്ടിരിക്കാതെ, അത് വിറ്റ് കടങ്ങൾ വീട്ടിയിരുന്നെങ്കിൽ അമ്മക്ക് കഷ്ടപ്പാടില്ലാതെ മരിക്കാമായിരുന്നു, ദാരിദ്രം കാരണം അമ്മ മൂന്നു നേരം ഭക്ഷണം പോലും  കഴിക്കാറില്ലായിരുന്നു, ഇങ്ങിനെ വീട്ടിലെ ഇല്ലായ്മകളുടെയും കഷ്ടതകളുടെയും, ഇതുവരെ എന്നെ അറിയിച്ചിട്ടില്ലാത്ത കാര്യങ്ങൾ, പൊടിപ്പും തൊങ്ങലും വെച്ച് പറയുന്നത് കേട്ടപ്പേൾ ഞാൻ  ശരിക്കും തകർന്നിരിക്കുകയാണ് അങ്കിൾ.

ഞങ്ങൾ എവിടെയെങ്കിലും സെറ്റിൽ ആകാൻ റെഡിയാകുമ്പോൾ ഒരു വീട് വെക്കാൻ നിങ്ങൾക്ക് ഉപകാരപ്പെടട്ടെ എന്നാണ് എന്റെ അപ്പച്ചൻ സ്വർണ്ണത്തെക്കുറിച്ച് പറഞ്ഞിരുന്നത്.  എനിക്ക് ഇവിടെ ബാംഗ്ലൂരിൽ ലോക്കർ ഉണ്ടായിരുന്നു, സ്വർണ്ണം ചേട്ടനെയും കൂട്ടി പോയി ഈ ലോക്കറിൽ വെച്ച്  താക്കോലും ചേട്ടന്റെ കയ്യിൽ തന്നെ കൊടുത്തിരുന്നു. ഒരു നിധി സൂക്ഷിക്കുന്നതായിട്ട് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഒരു വീട് വെച്ച് സെറ്റിൽ ആകുന്ന കാര്യമോ, വീട്ടിലെ കടം വീട്ടുന്ന കാര്യമോ ചേട്ടൻ എന്നോട് സംസാരിച്ചിട്ടേ ഇല്ല.

ജോലി സ്ഥലത്തെ ചില അസ്വസ്ഥതകളും അതിന് കൌണ്ടർ പ്ളാനുകളും, വീട്ടു പണികളിലെ ജോലി ഡിവിഷനും, ഒഴിവു ദിവസം പ്ളാൻ ചെയ്യലും ഒക്കെ ആയിരുന്നു ഞങ്ങളുടെ  സംഭാഷണ വിഷയങ്ങൾ. വീട്ടിലിരുന്നും Client ന് ഓൺ ലൈൻ സപ്പോർട്ട് കൊടുക്കുന്ന രീതി ആയിരുന്നു ഞങ്ങൾ രണ്ടു പേരുടെയും ജോലിക്ക്. അതിനിടെ ചേട്ടന്റെ വീട്ടിലെ പ്രശ്നങ്ങൾ ഞങ്ങൾക്കിടയിൽ കാര്യമായ ഒരു ചർച്ചാ വിഷയമേ ആയിട്ടില്ല.

ഇപ്പോൾ ഈ വർത്തമാനങ്ങൾ ഒക്കെ കേട്ടിട്ട് എന്റെ സ്വസ്ഥത നഷ്ടപ്പെട്ടിരിക്കുന്നു. എനിക്ക് സ്വത്തിനോട് വലിയ  താൽപ്പര്യം ഒന്നും ഇല്ല അങ്കിൾ, ആഭരണങ്ങൾ അണിയാറുമില്ല, അതുകൊണ്ട് ഇത് വിറ്റ് ചേട്ടന്റെ കുടുംബത്തിലെ കടം വീട്ടണമെങ്കിൽ അതിനും വിരോധമില്ല. ഇത് വിറ്റതിന്റെ പേരിൽ നാളെ ഞാൻ മറ്റെന്തെങ്കിലും പഴി കേൾക്കേണ്ടി വരുമോ എന്ന് മാത്രമേ ഭയമുള്ളു. ഞാൻ എന്റെ ആഭരണങ്ങൾ വിൽക്കണമോ? ഒരു തീരുമാനം എടുക്കാൻ എനിക്ക് അങ്കിളിന്റെ അഭിപ്രായം അറിയാനാണ് വിളിച്ചത്. അത്  എന്തായിരുന്നാലും, ബെത് ലെഹമിന്റെ മാസികയിൽ പ്രസിദ്ധപ്പെടുത്തുക കൂടി ചെയ്താൽ എന്റെ തീരുമാനത്തിന് ഒരു പിൻബലം ആകുകയും ചെയ്യും.

മോളേ,  എന്റെ കാഴ്ചപ്പാട് ഞാൻ പറയാം, പ്രസിദ്ധപ്പെടുത്താം. അമ്മയെ തല്ലിയാലും രണ്ട് വശവും പറയാൻ ആളുണ്ടാകും എന്ന് കാരണവന്മാർ പറഞ്ഞ് കേട്ടിട്ടില്ലേ?. മോള് എല്ലാ വശവും കേൾക്കുക, വിലയിരുത്തുക. എന്നിട്ട് നീതി  ബോധത്തോടെ, മോളുടെ യുക്തിക്ക് നിരക്കുന്ന ഒരു തീരുമാനം എടുക്കുക. അത് മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ വേണ്ടിയായിരിക്കരുത്, മോളുടെ ബോദ്ധ്യം കൊണ്ടെടുത്ത തീരുമാനമായിരിക്കണം.

നിനക്ക് നല്ല ഭാഗ്യമുണ്ട്, ഇത്രയും നീതിബോധമുള്ള ഒരമ്മായിയമ്മയെ ലഭിച്ചല്ലോ. അങ്ങനെ ഒരു നിലപാട് എടുത്തതിന് ആ അമ്മയ്ക്ക് വ്യക്തമായ കാരണങ്ങളും ഉണ്ടായിരുന്നിരിക്കണം. നിന്റെ സ്വത്ത് കൊണ്ട് കടബാദ്ധ്യത മാറ്റാൻ ആ അമ്മക്ക് ആഗ്രഹമുണ്ടായിരുന്നില്ല, എന്നു മാത്രമല്ല നിന്റെ സ്വത്ത് നാനാവിധപ്പെട്ടു പോകരുത് എന്ന് അമ്മക്ക് നിർബന്ധവും  ഉണ്ടായിരുന്നു.  ഭർത്താവ്  വീട്ടിലേക്ക് പണം അയക്കുന്നതിന് നീ തടസ്സം ഉണ്ടാക്കിയിട്ടില്ല, അതിനാൽ അവരെ പട്ടിണി കിടക്കാൻ വിട്ടു എന്ന് കുറ്റബോധവും വേണ്ട. നിന്റെ ചെയ്തികൾ കൊണ്ടല്ല ഭർത്താവിന്റെ അമ്മ ദാരിദ്ര്യം അനുഭവിച്ചതും മരിച്ചതും എന്ന് ആദ്യം മനസ്സിൽ ഉറപ്പിക്കുക.

നിനക്ക് പിതൃസ്വത്തിൽ നിന്നും ലഭിച്ചിരിക്കുന്ന വിഹിതം നീയും ഭർത്താവും ഭാവിയിൽ കുട്ടികളും ചേരുന്ന നിന്റെ കുടുംബത്തിന്  വേണ്ട ഒരു മൂലധനമായി കാണുന്നവരാണ് ഇന്നത്തെ ബഹുഭൂരിപക്ഷം യുവാക്കളും. നിനക്ക് മാത്രമല്ല നിന്റെ ഭർത്താവിനും പിതൃസ്വത്തിൽ അവകാശമുണ്ട്. അവർക്ക് ഭൂസ്വത്ത് ഉള്ളതല്ലേ, ഭൂമി വിറ്റും കടബാധ്യത മാറ്റാമായിരുന്നല്ലോ.

വൈകാരിക അടുപ്പമുള്ള ഭൂമിയാണെങ്കിൽ കൈവിട്ടു കളയാൻ ചിലപ്പോൾ മടി കാണും. എങ്കിൽ ഭൂമി നിങ്ങൾക്ക് എഴുതി തന്നിട്ട് സ്വർണ്ണം വിറ്റ് പണം തരുമോ എന്ന് അവർക്ക് നിങ്ങളോട് ആലോചിക്കാമായിരുന്നു. ഇതിനൊന്നും മുൻകൈ എടുക്കാതിരുന്നതിനാൽ, അവിടെ കാര്യമായ എന്തോ പിടിപ്പുകേട്  ഉണ്ടായിരുന്നു എന്നു വേണം കരുതാൻ.

മനുഷ്യന്  അതത് സന്ദർഭങ്ങളിലെ ആവശ്യങ്ങൾ നടത്താൻ വേണ്ടി തമ്പുരാൻ കനിഞ്ഞ്  നൽകുന്നതാണ് ആളും, കഴിവും, പ്രാപ്തിയും, സമ്പത്തും, മറ്റ് സൌകര്യങ്ങളും. ഭാവി സന്ദർഭങ്ങളിലേക്ക് ആവശ്യമായ അറിവും, വിവേകവും, കഴിവും പക്വതയും ഒക്കെ നമ്മളിൽ രൂപപ്പെട്ടു വരാൻ തമ്പുരാൻ തന്നെ കനിഞ്ഞ് തന്നിരിക്കുന്ന അവസ്ഥകളാണ്, നമ്മളോരോരുത്തരുടെയും  ദാരിദ്ര്യവും കഷ്ടപ്പാടും, കടബാദ്ധ്യതകളും എല്ലാം. നാളെ  ചെയ്യാനുള്ള ഏതോ പ്രവർത്തിക്കു വേണ്ടിയുള്ള ഒരു പരിശീലനം ആണ് ഇന്ന് നമ്മൾ കടന്നു പോകുന്ന ഓരോ അനുഭവവും.

അതുകൊണ്ട് സംഭവിച്ചതിനെക്കുറിച്ച് ഓർത്ത് മോള് വിഷമിക്കേണ്ട. ആഭരണങ്ങൾ  വിൽക്കണമെങ്കിൽ വിറ്റോളു, പക്ഷേ ഭർത്താവിന്റെ  പിതൃസ്വത്തിലെ വിഹിതത്തിനും, സ്വർണ്ണത്തിന്റെ മൂല്യത്തിനും അനുസരിച്ചുള്ള ഭൂസ്വത്ത് നിങ്ങൾ രണ്ടു പേരുടെയും പേരിൽ എഴുതി നൽകാൻ ഭർത്താവിന്റെ വീട്ടുകാരും മനസ്സ് കാണിക്കണം.

ബെത് ലെഹമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി ആൺകുട്ടികളോട് ഞാൻ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു, അവർക്കും മോളുടെ അമ്മയുടെ അഭിപ്രായം തന്നെയാണ്. കെട്ടി വരുന്ന പെണ്ണിന്റെ സ്വത്ത് നാനാവിധപ്പെട്ടു പോകാൻ അനുവദിക്കരുത്. അത് ആസ്തിയായി നിലനിർത്തണം...

George  Kadankavil  - May 2012

What is Profile ID?
CHAT WITH US !
+91 9747493248