Back to articles

വരരുചിയുടെ വിവാഹം

February 01, 2014

''പ്രായപൂർത്തിയായ മൂന്ന് മക്കളുടെ അമ്മയാണ് ഞാൻ.
ജാരനെക്കുറിച്ച് എഴുതിയിരുന്ന ലേഖനം വായിച്ചിട്ടാണ് ഇപ്പോൾ വിളിക്കുന്നത്. ഒരു കാലത്ത് ഞാനും അങ്ങനെയൊക്കെ ചിന്തിച്ചിരുന്നു. എന്റെ അനുഭവം പോലെയാണല്ലോ ഇതും എന്ന് എനിക്ക് വളരെ ആശ്ചര്യം തോന്നി.

മൂന്ന് പ്രാവശ്യം വേണ്ട എന്നു പറഞ്ഞ് ഒഴിവാക്കിയ ഒരു പ്രൊപ്പോസൽ നാലാമതും വന്നപ്പോൾ ഞാനങ്ങ് സമ്മതം മൂളി. അങ്ങനെയാണ് എന്റെ വിവാഹം നടന്നത്.

എന്റെ ജീവിതത്തിലേക്ക് വലിഞ്ഞു കയറി വന്ന ഒരാളായിട്ടായിരുന്നു ഞാൻ ഭർത്താവിനെ കണ്ടിരുന്നത്. എം. എ പാസ്സായിരുന്നെങ്കിലും ജോലിക്കൊന്നും ഞാൻ പോയില്ല. വീട്ടിൽ ധാരാളം സ്വത്ത് ഉണ്ട്.
പിന്നെ എനിക്ക് ഒരു സ്ഥാനം കിട്ടണമെങ്കിൽ അടുക്കളയുടെ നിയന്ത്രണം കയ്യിൽ വരണം. അതിന് വേണ്ടി ഞാൻ, മുഖം വീർപ്പിച്ചും എടങ്ങേട് ഉണ്ടാക്കിയും, ഭർത്താവിനെ കൊണ്ട് തറവാട്ടിൽ നിന്നും താമസം മാറ്റിപ്പിച്ചു.

പക്ഷേ, എന്റെ അഹങ്കാരത്തിന് നല്ല തിരിച്ചടി കിട്ടി. അപ്പോഴാണ് കുടുംബവും ബന്ധങ്ങളും ഒക്കെ എന്താണെന്നും എന്തിനാണെന്നും എനിക്ക് തിരിച്ചറിവുണ്ടായത്.
എന്റെ ഭർത്താവിന്റെ പോരായ്മകൾ എന്ന് ഞാൻ കരുതിയിരുന്ന കാര്യങ്ങൾ, സത്യത്തിൽ എന്റെ വീഴ്ചയിൽ നിന്ന് എന്നെ കരകയറ്റാൻ അവശ്യം വേണ്ട കഴിവുകൾ ആയിരുന്നു.
എന്തിനാ ദൈവം ഓരോരുത്തരെ ഓരോ വിധത്തിൽ വളർത്തി കൊണ്ടു വരുന്നത് എന്ന് എനിക്കങ്ങനെ മനസ്സിലായി.

ഓരോ ആലോചനകളുടെയും കുറ്റവും കുറവും ചിക്കിച്ചികഞ്ഞ് കല്യാണക്കാര്യം എങ്ങുമെത്താതെ വിഷമിച്ച് കഴിയുന്നവരോട്, എന്നെ വെളിപ്പെടുത്താതെ സാറിത് എങ്ങനെയെങ്കിലും അറിയിക്കണം. സാറിന്റെ ലേഖനങ്ങളൊക്കെ ഞാൻ ബെത് ലെഹം സൈറ്റിൽ സ്ഥിരം വായിക്കാറുണ്ട്. കുടുംബത്തിൽ സമാധാനമില്ലെന്നു പറയുന്ന വരോടൊക്കെ, സാറിന്റെ ലേഖനങ്ങൾ വായിക്കാൻ ഞാൻ പറഞ്ഞു കൊടുക്കാറുണ്ട്''.

എന്റെ അനുഭവം മുഴുവൻ വെളിപ്പെടുത്തിയാൽ വലിയ പുകിലാകും. അതിനാൽ വിവരിക്കാൻ നിവർത്തിയില്ല.
പക്ഷേ എന്റെ അനുഭവത്തിൽ നിന്നും ഇത്രയും തറപ്പിച്ചു പറയാൻ കഴിയും. വിവാഹം തമ്പുരാന്റെ പദ്ധതി തന്നെയാണ്.

പെങ്ങളെ വരരുചിയുടെ കഥ കേട്ടിട്ടുണ്ടോ?

വിക്രമാദിത്യ ചക്രവർത്തിയുടെ സദസ്സിലെ നവരത്നങ്ങൾ എന്നറിയപ്പെട്ടിരുന്ന പ്രതിഭാ ശാലികളിൽ ഒരാളായിരുന്നു വരരുചി. ഒരിക്കൽ രാജസദസ്സിൽ പണ്ഡിതന്മാർക്കിടയിൽ ഒരു തർക്കം വന്നു. രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്ളോകം ഏത്? വ്യക്തമായ ഒരു തീരുമാനത്തി ലെത്താതെ ചർച്ച നീളുന്നത് കണ്ട് ചക്രവർത്തി പറഞ്ഞു - ഇന്നേക്ക് നാല്പത്തി ഒന്നാം നാൾ, ഈ പ്രശ്നത്തിന് സുസമ്മതമായ ഉത്തരം കണ്ടെത്തി വരാൻ വേദപണ്ഡിതൻ വരരുചിയോട് നാം കല്പിക്കുന്നു.

വരരുചിയും വിക്രമാദിത്യനും, ചേട്ടനും അനുജനുമാണ്. അവരുടെ പിതാവ് നിത്യ ബ്രഹ്മചര്യാവൃതം എടുത്തിരുന്ന ഒരു ബ്രാഹ്മണ പണ്ഡിതനായിരുന്നു. ഒരിക്കൽ അബോധാവസ്ഥയിൽ മരിക്കാറായി വഴിയിൽ വീണു കിടന്ന അദ്ദേഹത്തെ ഒരു ശൂദ്ര കന്യക മാസങ്ങളോളം പരിചരിച്ച് ജീവൻ രക്ഷിച്ചു. പകരം അവളെ വിവാഹം കഴിക്കണം എന്ന് അവൾ ആവശ്യപ്പെട്ടു.

ബ്രാഹ്മണന് ശൂദ്രസ്ത്രീയെ വിവാഹം കഴിക്കണമെങ്കിൽ മറ്റ് മൂന്ന് ജാതിയിലും നിന്ന് വിവാഹം ചെയ്തിരിക്കണം എന്നുണ്ടത്രെ. അങ്ങനെ പാവം നിത്യ ബ്രാഹ്മചാരിയാകാൻ മോഹിച്ച യാൾക്ക് ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര കുലത്തിൽ നിന്നായി നാലു വിവാഹം ചെയ്യേണ്ടി വന്നു, ബ്രാഹ്മണ സ്ത്രീയിൽ വരരുചിയും, ക്ഷത്രിയ സ്ത്രീയിൽ വിക്രമാദിത്യനും ജനിച്ചു.

പക്ഷേ, വിക്രമാദിത്യന്റെ രാജസദസ്സിൽ ഈ ബന്ധമൊന്നും പറഞ്ഞിട്ടൊരു കാര്യവും ഇല്ല, കല്പന പാലിച്ചില്ലെങ്കിൽ തലപോകും, അത്രതന്നെ.

വരരുചി സമസ്യക്ക് ഉത്തരം തേടി അലയാൻ തുടങ്ങി. 40 നാൾ കഴിഞ്ഞിട്ടും സമസ്യക്ക് ഉത്തരമൊന്നും കിട്ടാതെ മനംമടുത്ത് വരരുചി കൊട്ടാരത്തിലേക്ക് തിരിച്ചു. വഴിമദ്ധ്യേ ഒരു കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ രാത്രി ഒരു മരച്ചുവട്ടിൽ ഉറങ്ങാൻ കിടന്നു. കിടക്കുമ്പോൾ വനദേവതമാരേ കാത്തുകൊള്ളണമേ എന്ന് പ്രാർത്ഥിച്ചിട്ടാണ് അദ്ദേഹം കിടന്നത്. ആ മരത്തിൽ ശരിക്കും ചില വനദേവതമാരുണ്ടായിരുന്നു. അവർ, പ്രാർത്ഥന കേട്ട് വരരുചിക്ക് കാവലിരുന്നു.

രാത്രിയേറെ ചെന്നപ്പോൾ മറ്റ് ചില ദേവതമാർ അതു വഴി വന്നു മരത്തിലിരിക്കുന്നവരോട് സംസാരിക്കാൻ തുടങ്ങി. ഈ വനത്തിന് പുറത്ത് നദിക്കരയിൽ ഒരു പറയ കുടിലിൽ ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു. ഞങ്ങളവിടെ പോയിട്ട് വരികയാണ്. അപ്പോൾ കാവലിരുന്നവർ ചോദിച്ചു, ആ കുഞ്ഞിന്റെ ഭാവി പറയാമോ, ആരാണവളെ വിവാഹം കഴിക്കുക?

''മാം വിദ്ധിഃ'' എന്ന ശ്ളോകമറിയാതെ ഇവിടെ കിടന്നുറങ്ങുന്ന ഈ ബ്രാഹ്മണനായിരിക്കും ആ പറയി പെണ്ണിനെ കല്യാണം കഴിക്കുക എന്ന് പറഞ്ഞിട്ട് ദേവതമാർ യാത്രയായി.

പാതി ഉറക്കത്തിൽ കിടന്നിരുന്ന വരരുചിക്ക് ദേവതകളുടെ ഭാഷ അറിയാമാ യിരുന്നു. അദ്ദേഹം ഈ സംഭാഷണം മുഴുവൻ കേട്ടു. താൻ തേടിക്കൊണ്ടിരുന്ന സമസ്യക്ക് ഉത്തരം കിട്ടിയതിനാൽ അളവറ്റ സന്തോഷവും, അതേ സമയം ശൂദ്രപെണ്ണിനെ വിവാഹം കഴിക്കേണ്ടി വരും എന്നു കേട്ടതിൽ അത്യന്തം സങ്കടവും പേറി, വരരുചി വല്ല വിധവും രാത്രി കഴിച്ചു കൂട്ടി. പുലർച്ചെ എണീറ്റ് അദ്ദേഹം കൊട്ടാരത്തിലേക്ക് യാത്രയായി. ദർബാർ തുടങ്ങിയ ഉടൻ എല്ലാവരും വരരുചിയെ ശ്രദ്ധിച്ചിരിക്കാൻ തുടങ്ങി. ചക്രവർത്തി ചോദിച്ച ഉടൻ വരരുചി ദേവതമാരിൽ നിന്നും കേട്ട ശ്ളോകം ചൊല്ലി പണ്ഡിതന്മാർ എല്ലാം തലകുലുക്കി സമ്മതിച്ചു. ചക്രവർത്തി വരരുചിക്ക് സമ്മാനങ്ങളും നൽകി.

ആ സമയം നോക്കി വരരുചി, ഒരുപായം പ്രയോഗിച്ചു. ചക്രവർത്തി തിരുമനസ്സ് കേൾക്കണം, ഇവിടെ അടുത്ത് നദിക്കരയിൽ ഒരു പറയ കുടിലിൽ ഇന്നലെ രാത്രി ഒരു പെൺകുട്ടി ജനിച്ചിരിക്കുന്നു. അവൾ ജീവിച്ചിരുന്നാൽ, അങ്ങയുടെ കുടുംബത്തിനും, രാജ്യത്തിനും, ഈ രാജ സദസ്സിനും അവമാനം സംഭവിക്കാൻ ഇടയാകും. അതിനാൽ ആ പെൺകുഞ്ഞിനെ നശിപ്പിക്കേണ്ടത് ആവശ്യ മായിരിക്കുന്നു. കുഞ്ഞിനെ കൊല്ലുന്നത് കഠിന പാപമാണ്, അതിനാൽ ആ കുഞ്ഞിനെ വാഴ ചങ്ങാടത്തിൽ കിടത്തി, തലഭാഗത്ത് ഒരു പന്തം കത്തിച്ച് വെച്ച് നദിയിലൊഴുക്കി വിടണമെന്നാണ് എന്റെ അഭിപ്രായം.

ചക്രവർത്തി പട്ടാളക്കാരെ വിളിച്ച്, വേദപണ്ഡിതൻ്റെ ഉപദേശം തൽക്ഷണം നടപ്പിലാക്കി. വർഷങ്ങൾ കടന്നു പോയി നടപ്പിലാക്കി. വർഷങ്ങൾ കടന്നു പോയി, വരരുചി ജ്ഞാനം തേടി കാടുകളും മേടുകളും താണ്ടി ഊരുകൾ ചുറ്റി കാലം കഴിച്ചു വന്നു. ഒരിക്കൽ യാത്രാമദ്ധ്യേ ഒരു കാട്ടിൽ വന്നു പെട്ടു. രാത്രി വളരെ വൈകിയിട്ടും ഉറങ്ങാനും ഭക്ഷണത്തിനും പറ്റിയ ഇടം കണ്ടെത്താനായില്ല. ഒടുവിൽ ഒരു വെളിച്ചം കണ്ട് ചെന്നു നോക്കുമ്പോൾ ഒരു സാധു ബ്രാഹ്മണന്റെ കുടിലായിരുന്നു. അയാൾ പുറത്ത് വന്ന് വരരുചിക്ക് ഉപചാരം അർപ്പിച്ചു കൊണ്ട് പറഞ്ഞു, ഈ ദരിദ്ര ഭവനത്തിൽ ഉള്ളതൊക്കെ കൊണ്ട് അങ്ങേക്ക് അതിഥി പൂജ ചെയ്യാൻ എന്നെ അനുവദിക്കണം.

വരരുചി മറുപടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു. എനിക്ക് ഭക്ഷണത്തിന് നൂറ്റി എട്ടു കറി വേണം ഊണു കഴിഞ്ഞാൽ എനിക്ക് മൂന്നു പേരെ തിന്നണം. പിന്നെ നാലു പേർ എന്നെ ചുമന്നുകൊണ്ട് ഉറങ്ങണം. പാവം ബ്രാഹ്മണൻ ഇതു കേട്ട് ഭയന്ന് അന്തം വിട്ടു നില്കുമ്പോൾ അകത്തു നിന്നും ബ്രാഹ്മണന്റെ മകൾ പറഞ്ഞു, എല്ലാം കൊടുക്കാമെന്നു പറയൂ അച്ഛാ. അദ്ദേഹം പോയി കുളിച്ച് വരട്ടെ. വരരുചി പോയി കുളിച്ച് വന്നപ്പോൾ ചോറും ഇഞ്ചിക്കറിയും വെച്ചിരിക്കുന്നു. (ഇഞ്ചിക്കറി നൂറ്റെട്ടു കൂട്ടം കറിക്ക് തുല്യം എന്നാണത്രെ.) ഊണ് കഴിഞ്ഞപ്പോൾ മൂന്നും കൂട്ടി മുറുക്കാൻ വെച്ചിരിക്കുന്നു. പിന്നെ കിടക്കാൻ നാലു കാലുള്ള ഒരു കട്ടിലും.

ഇത്രയും വിവേകിയും ബുദ്ധി മതിയുമായ മകളെ തനിക്ക് വേളി കഴിച്ചു തരുമോ എന്നായി വരരുചി. ആ സാധു ബ്രാഹ്മണന് ഇതിൽപ്പരം സന്തോഷം വേറൊന്നു മില്ലായിരുന്നു. വരരുചി ഭാര്യയെയും കൊണ്ട് പ്രഭാതത്തിൽ യാത്ര തുടർന്നു.

ഏതാനും നാളുകൾ കഴിഞ്ഞ് ഭാര്യയോട് സല്ലപിച്ചിരുന്ന വരരുചി, അവളുടെ തലയിൽ ഒരു വലിയ പാട് കണ്ട് അതെന്താണെന്നു തിരക്കി. അപ്പോളവൾ പറഞ്ഞു, എന്റെ അച്ഛന് എന്നെ നദിയിൽ നിന്നും കിട്ടിയതാണ്. ഒരു വാഴപിണ്ടി ചങ്ങാടത്തിൽ തലക്കൽ പന്തവും കത്തിച്ച് എന്നെ ആരോ നദിയിൽ ഒഴുക്കി വിട്ടിരുന്നതാണ്.
അച്ഛൻ രക്ഷപ്പെടുത്തി, പിന്നെ വേദങ്ങളും ശാസ്ത്രങ്ങളും പഠിപ്പിച്ച് വളർത്തിയതാണ്.

തന്റെ ജ്ഞാനവും അതിബുദ്ധിയും കൊണ്ട് ദൈവത്തിന്റെ  പദ്ധതി മറികടക്കാനായില്ല എന്ന് വരരുചിക്ക് ബോദ്ധ്യമായി.
ഒഴിവാക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടും, ഈ പറയി പെണ്ണിനെ, തന്നെ കൊണ്ട് തന്നെ നിമിത്തങ്ങൾ ഒരുക്കി, തൻ്റെ ഭാര്യ ആക്കി മാറ്റിയ, പരമശക്തിയെ വരരുചി സാഷ്ടാംഗം പ്രണമിച്ചു.

പിന്നീട് കൊട്ടാരത്തിലേക്ക് പോയില്ല. ദേശാടനം മാത്രമായി കാലം കഴിച്ചു ഭാര്യ ഓരോ കുഞ്ഞിനെയും പ്രസവിച്ചപ്പോൾ ''വായുള്ള കുഞ്ഞിന് തമ്പുരാൻ ഇരയും കല്പിച്ചിട്ടുണ്ട് '' എന്ന് പറഞ്ഞ്, ചോര കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച്, ദൈവ പദ്ധതിക്ക് പൂർണ്ണമായി വിട്ടു കൊടുത്ത, പറയി പെറ്റ പന്തിരുകുലത്തിന്റെ ആ ജനയിതാക്കൾ, ഇതിഹാസ വിസ്മയമായിത്തീർന്നു.

രസമുള്ള കഥയായതിനാൽ പറഞ്ഞുവെന്നേ ഉള്ളൂ, തമ്പുരാന്റെ പദ്ധതികളുടെ മഹത്വം കാണാൻ ഈ ഐതീഹ്യത്തിന്റെ ഒന്നും ആവശ്യമില്ല സ്വന്തം ജീവിതത്തിലേ ക്ക് ഹൃദയം തുറന്ന് നോക്കിയാൽ മതി.

വിലയേറിയ ഒരു ജീവിത യാഥാർത്ഥ്യമാണ് ഈ സഹോദരി സാക്ഷ്യപ്പെടുത്തുന്നത്.
'മനുഷ്യൻ, ദൈവത്തിന്റെ പദ്ധതിയിലെ ഉപകരണം മാത്രം'. ജാതി മത ഭേദമില്ലാതെ, അന്നും ഇന്നും എന്നും അനുഭവിച്ച് അറിഞ്ഞിരിക്കുന്ന ഒരു സത്യമാണിത് . . . .

What is Profile ID?
CHAT WITH US !
+91 9747493248