Back to articles

ചെറിയ കാര്യങ്ങൾ, വെച്ചുരുട്ടി വലുതാക്കുന്നവർ.

January 28, 2021

പത്തിരുപത്തഞ്ച് വർഷം മുമ്പ് ഞാൻ എറണാകുളത്തു നിന്നും, കോഴിക്കോട്ട് ഉള്ള ഒരു സ്ഥാപനത്തിൽ ചെന്ന്, എല്ലാ മാസവും ഒരു സെമിനാർ നടത്തിയിരുന്നു. സെമിനാർ കഴിഞ്ഞ് ആ മാസത്തെ പ്രോഗ്രാമിന്റെ വരവ് ചിലവ് കണക്ക് നോക്കി ഇടപാടുകൾ തീർത്ത് രാത്രി വണ്ടിക്ക് ഞാൻ തിരികെ പോരും. ഒരിക്കൽ ഞാൻ ചെല്ലുമ്പോൾ സ്ഥാപനത്തിലെ മാനേജർ പുതിയ ആളാണ്. ക്ളാർക്കും അക്കൌണ്ടന്റും എല്ലാം ഇദ്ദേഹം തന്നെയാണ്. പക്ഷേ എത്ര നോക്കിയിട്ടും ഇദ്ദേഹത്തിന് കണക്ക് ശരിയാകുന്നില്ല. എനിക്ക് ആണെങ്കിൽ ട്രെയിനിന് സമയമായി, കണക്ക് ശരിയാകുമ്പോൾ അറിയിച്ചാൽ മതിയെന്നു പറഞ്ഞ് ഞാൻ പുറപ്പെടാൻ റെഡിയായി. ഡയറക്ടറച്ചൻ എനിക്ക് റെയിൽവേ സ്റ്റേഷനിലേക്ക് ലിഫ്റ്റ് തന്നു. പോകും വഴിക്ക് എന്നെ സമാധാനിപ്പിക്കാനായി അച്ചൻ പറഞ്ഞു, ഈ പാപ്പിച്ചേട്ടൻ കാര്യങ്ങൾ ചെയ്യിച്ചെടുക്കാൻ ഭയങ്കര മിടുക്കനാ. ഏതു കാര്യം ചെയ്യാനും അതിനു പറ്റിയ ആൾക്കാരെ അറിയാം. പക്ഷേ കണക്കു വെക്കുന്ന കാര്യത്തിൽ മാത്രം ഇങ്ങനെയാ, ഓരോന്നും സമയാ സമയത്ത് എഴുതി സൂക്ഷിക്കാതെ മാറ്റി വെച്ച്, മാറ്റി വെച്ച്, ഉരുട്ടിക്കൊണ്ടിരിക്കും, വണ്ട് ചാണകമുരുട്ടുന്ന പോലെ.

എന്നിട്ട് അച്ചൻ വണ്ടിന്റെ ഉപമ വിശദീകരിച്ചു. വണ്ട് ഭക്ഷണം എടുത്ത് പിൻ കാലു കൊണ്ട് ചെറിയ ഉരുള ആക്കി, അത് ഉരുട്ടി മാളത്തിലേക്ക് കൊണ്ടു പോകും. പോകുന്ന വഴിക്കുള്ള പൊടിയും കരടും നാരുകളും ഉരുളയിൽ പറ്റിപ്പിടിച്ച് മാളത്തിൽ എത്തുമ്പോഴേക്കും ഉരുളയക്ക് വലുപ്പം കൂടി കൂടി വന്ന് ഒടുവിൽ മാളത്തിൽ കയറ്റാൻ പറ്റാത്ത വലുപ്പം ആകും. പിന്നെ വണ്ട് അതവിടെ ഇട്ടിട്ട്, അടുത്ത ഉരുളയ്ക്ക് വേണ്ടി പോകും. അതു പോലെയാണ് അപ്പപ്പോൾ ചെയ്യേണ്ടത് ചെയ്യാതെ വെച്ച് താമസിപ്പിക്കുന്നവർക്ക് പറ്റുന്നതത്രെ.

ഈ സ്വഭാവം കുറച്ചൊക്കെ എനിക്കും ഉണ്ടല്ലോ എന്നോർത്തപ്പോൾ, ഈ ഉപമ എനിക്ക് കൂടുതൽ ഇഷ്ടമായി. എന്റെ സ്വഭാവം കുറെ തിരുത്തുവാനും ഇത് ഉപകാരപ്പെട്ടു. പിന്നീട് ക്ളാസ്സുകൾ എടുക്കുമ്പോൾ പ്രൊക്രാസ്റ്റിനേഷൻ (Procrastination)എന്ന വിഷയം അവതരിപ്പിക്കാൻ ഒരു നൂറു ക്ളാസ്സിലെങ്കിലും ഞാൻ ഈ കഥ പറഞ്ഞിട്ടുണ്ടാകണം.

കാൽ നൂറ്റാണ്ടിനു ശേഷം ഈ 2021 ൽ ഈ ഉപമയെക്കുറിച്ച് എനിക്ക് ഇതുവരെ ഉണ്ടായിരുന്ന ആശയങ്ങൾ അപ്പാടേ തിരുത്തേണ്ടി വന്നു. കല്യാണവിശേഷങ്ങൾ എന്ന റേഡിയോ പ്രോഗ്രാമിലെ ഒരു കഥാപാത്രത്തിന്റെ സ്വഭാവം ഏതാണ്ട് ഇതുപോലെ ആണ്. അത് സരസമായി വർണ്ണിക്കാൻ ഈ കഥ ഉപയോഗിക്കാമെന്ന് ടീമിൽ ചർച്ച ചെയ്തു. അപ്പോൾ ഒരു സംശയം, പ്രകൃതിയിലുള്ള ജീവികൾ, ഇരതേടാനോ അല്ലെങ്കിൽ സ്ന്തം നിലനിൽപ്പിന് പ്രയോജനം ലഭിക്കാനോ വേണ്ടി അല്ലാതെ, ഒരദ്ധ്വാനവും ഇങ്ങനെ സ്ഥിരമായി ചെയ്യുകയില്ലല്ലോ? ഇര തേടുന്നതിനിടയിൽ ചിലപ്പോൾ അബദ്ധങ്ങൾ പറ്റാറുണ്ട്, പക്ഷേ അതിൽ നിന്ന് പാഠം പഠിച്ച് അവർ സ്വയം തിരുത്തും. മനുഷ്യരെപ്പോലെ അഭ്യസ്ത വിദ്യരല്ലാത്ത, ജീവികളുടെ എല്ലാം പ്രകൃതം ഇതാണ്. പിന്നെന്തിനാണ് ഈ വണ്ടുകൾ മാത്രം ഇങ്ങനെ സ്ഥിരമായി ഈ മണ്ടത്തരം കാണിക്കുന്നത് എന്ന് ഒരു ചോദ്യമുയർന്നു.

ഏതായലും ഉടനെ ഗൂഗിളിനോട് ചോദിച്ചു - Dung Beetles?. അപ്പോഴല്ലേ അറിയുന്നത്, ഈ ജീവികൾക്ക് പ്രകൃതിയിൽ എത്ര വലിയ പ്രാധാന്യം ആണ് ഉള്ളതെന്ന്.

ചിലതരം ചെറുജീവികൾ പറമ്പിലും മുറ്റത്തും ഒക്കെ ചെറിയ ഉരുളകൾ ഉരുട്ടിക്കൊണ്ടു പോകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനി ഒന്നു നിരീക്ഷിക്കണം. ഈ “Dung Beetlesഅഥവാ ചാണകവണ്ടുകളുടെ ഭക്ഷണം മറ്റ് ജീവികളുടെ വിസർജ്യം ആണത്രെ. അത് തിന്നു തീർക്കാൻ ഈ വണ്ടുകൾ ഇല്ലായിരുന്നെങ്കിൽ ഈ ഭൂമി ഒരു പക്ഷേ അതിലെമനുഷ്യൻ ഉൾപ്പെടെയുള്ള സകല ജീവികളുടെയും വിസർജ്യം കൊണ്ട് മൂടിപ്പോകുമായിരുന്നു അത്രെ.

പ്രധാനമായും രണ്ട് ഇനത്തിൽ പെട്ട വണ്ടുകളാണ് ഏറ്റവും കാര്യക്ഷമതയോടെ ജന്തുമാലിന്യം നീക്കം ചെയ്യുന്നത്. Tunnelers”  and“Ball Rollers” : ടണലർ വിഭാഗത്തിൽപ്പെട്ട വണ്ടുകൾ ചാണകം വീണിടത്ത് മണ്ണിൽ ടണലുണ്ടാക്കി ഭക്ഷണം ടണലിലേക്ക് നീക്കുന്നു. ബോൾ റോളേഴ്സ് ഇനത്തിൽപെട്ട വണ്ടുകളാണ് ചാണകം ഉരുട്ടികൊണ്ട് പോയി മാളത്തിൽ ആക്കുന്നത്. ഉരുള പൊടിയും നാരുകളും പറ്റി വലുതാകുന്നത് മണ്ടത്തരം അല്ല, പെട്ടെന്ന് ഉണങ്ങി പോകാതിരിക്കാനുള്ള കവചം നിർമ്മിക്കലാണ് അത്രെ. ഭക്ഷണം കിട്ടുമ്പോൾ ശേഖരിക്കാവുന്നിടത്തോളം ശേഖരിച്ച് മാളത്തിലോ, മാളത്തിനടുത്തോ എത്തിച്ച് അടുത്ത ലോഡ് കൊണ്ടു വരാൻ ഉത്സാഹത്തോടെ ഓടുന്ന ഈ മിടുക്കന്മാരെക്കുറിച്ച്, ഒന്നും മനസ്സിലാക്കാതെ വെറുതെ കേട്ടു കേൾവിയുടെ മാത്രം അടിസ്ഥാനത്തിൽ, ഇവര് മണ്ടന്മാരാണെന്ന് പ്രചരിപ്പിച്ചാണല്ലോ ഇത്രയും നാൾ ഞാൻ ക്ളാസ്സ് എടുത്തിരുന്നത് എന്നൊരു കുറ്റബോധം തോന്നി. അങ്ങിനെ വിഷണ്ണനായി ഇരിക്കുമ്പോഴാണ് ഒരു പെൺകുട്ടി എന്നെ ഫോണിൽ വിളിക്കുന്നത്.

ഭർത്താവ് ഭയങ്കര മടിയനാണ്, ഒരു കാര്യവും സമയത്തിന് ചെയ്യില്ല. എല്ലാ പണികളും അവസാന നിമിഷത്തിലേക്ക് മാറ്റി വെച്ച്, മാറ്റി വെച്ച്, ഇപ്പോൾ എല്ലാ ദിവസവും ആധിപിടിച്ചും വെപ്രാളം കാണിച്ചും വീട്ടിൽ ഭയങ്കര ടെൻഷനാണ്. എന്തെങ്കിലും ചെയ്യാനുണ്ടെന്ന്, സാവകാശം ഉള്ളപ്പോൾ ഓർമ്മിപ്പിച്ചാലും അദ്ദേഹം അതപ്പോൾ ചെയ്യില്ല, പകരം എന്തെങ്കിലും ഗെയിം കളിച്ചിരിക്കും. അതേക്കുറിച്ച് ഞാനെന്തെങ്കിലും പറഞ്ഞാൽ പിന്നെ വഴക്കാകും. എന്തു ചെയ്യണം എന്നറിയില്ല സാർ.

ആ കുട്ടിയോട് ഈ വണ്ടിന്റെ കഥ മുഴുവൻ വിവരിച്ചപ്പോൾ എന്റെ കുറ്റബോധത്തിന് ഒരു ശമനം വന്ന പോലെ തോന്നി. പാവം വണ്ടിനെ തെറ്റിദ്ധരിച്ചല്ലോ എന്നതിലാണ് എനിക്ക് വിഷമം തോന്നിയത്, പക്ഷേ മനുഷ്യനെ സംബന്ധിച്ച് ഇപ്പോഴും ഈ ഉപമ വളരെ പ്രസക്തം തന്നെയാണ്.

പ്രൊക്രാസ്റ്റിനേഷൻ എന്ന സ്വഭാവം ആയിരിക്കണം ഇദ്ദേഹത്തിന്റെ പ്രധാന പ്രശ്നം. അതു സ്വയം മാറ്റിയേ മതിയാകൂ. കാരണം, വേറെ എന്തെല്ലാം കാര്യപ്രാപ്തികൾ ഉണ്ടെങ്കിലും കാര്യമില്ല. സമയാ സമയത്ത് ചെയ്യേണ്ടത് ചെയ്തില്ലെങ്കിൽ ജീവിതം എന്നും പരാജയം തന്നെയായിരിക്കും. അതൊഴിവാക്കാൻ സമയം കൈകാര്യം ചെയ്യാനുള്ള സൂത്രങ്ങൾ പഠിച്ചെടുത്താൽ മതി.

മോളേ, ലോകത്തിൽ പരിപൂർണ്ണ സോഷ്യലിസം സാധ്യമായ ഒരേ ഒരു ധനമേ ഉള്ളു. അതാണ് സമയം. എല്ലാവർക്കും ദിവസവും 24 മണിക്കൂർ വെച്ച് തുല്യമായി ലഭിക്കുന്നു. പക്ഷേ ചിലർക്ക് ഒന്നിനും സമയം തികയുന്നില്ല. മറ്റു ചിലർക്ക് എന്തെല്ലാം ചെയ്യാനുണ്ടെങ്കിലും, അതു ചെയ്തിട്ട് പിന്നെയും സമയം മിച്ചം വെക്കാൻ കഴിയുന്നു. ചെയ്യാനുള്ളത് ചെയ്ത് എടുക്കുന്നതിലെ പിടിപ്പ്കേടായിരിക്കണം സമയമില്ല എന്നു വിഷമിക്കുന്ന മിക്കവരുടെയും പ്രശ്നം.

സമയം മിച്ചം ലഭിക്കണമെങ്കിൽ, അത് നഷ്ടപ്പെടുന്നത് എവിടൊക്കെയാണ്, ചോർന്നു പോകുന്നത് ഏതു വഴിയിലൂടെ ആണ് എന്ന് കണ്ടു പിടിക്കണം.

മോളൊരു കാര്യം ചെയ്യ് നീ ഇപ്പോൾഓരോ ദിവസവും ചെയ്യുന്ന എല്ലാ കാര്യങ്ങളും ഓരോന്നായി ഒരു നോട്ട്ബുക്കിൽ എഴുതി വെക്കുക, ഓരോന്നിനും എത്ര സമയം ചിലവഴിക്കുന്നു എന്നും എഴുതണം. ഇതാണ് നിന്റെ ടൈം ഓഡിറ്റ് ഷീറ്റ്. ഇനി ഭർത്താവിനോട് സോപ്പിട്ട്, നല്ല വാക്കു പറഞ്ഞ്, നിന്റെ ഓഡിറ്റ് പൂർത്തിയാക്കാൻ സഹായം ചോദിക്കുക. ഷീറ്റിലെ ഓരോ ഐറ്റവും പ്രധാനപ്പെട്ടതാണോ, അല്ലയോ എന്ന് അടയാളപ്പെടുത്തുക. പ്രധാനപ്പെട്ട ഐറ്റംസ് ഓരോന്നും, അടിയന്തിരമായി ചെയ്യേണ്ടതാണോ, സാവകാശമുള്ളതാണോ, സാവകാശം ഉണ്ടെങ്കിൽ എന്നു വരെ ഉണ്ട് എന്നും അടയാളപ്പെടുത്തണം. സമയത്തിന് ചെയ്തില്ലെങ്കിൽ എന്തെങ്കിലും പെനാൽറ്റി ഉണ്ടെങ്കിൽ അതും എഴുതി വെക്കണം.

ഇതൊക്കെ നീ തനിച്ച് എങ്ങിനെ പൂർത്തിയാക്കും എന്നൊന്നും ടെൻഷൻ അടിക്കരുതേ. ഇതൊക്കെ ചെയ്യാനുള്ളതാണ്, ചെയ്തേ മതിയാകൂ, എന്ന് നീ സ്വയം നിശ്ചയിച്ച് എഴുതിവെച്ചു കഴിഞ്ഞാൽ, അതിനുള്ള മാർഗ്ഗങ്ങളും നിനക്കു മുന്നിൽ തെളിഞ്ഞു വരും എന്നതാണ് ലോകത്തിന്റെ അനുഭവം.

അടുത്തതായി, ഇനി ചെയ്യാൻ ബാക്കി കിടക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ ഓരോന്നും എഴുതി വെക്കുക. അവ ഓരോന്നിനും എന്നു വരെ സാവകാശം ഉണ്ട് എന്നും എഴുതണം. ഇനി ഒരു ഡയറി സംഘടിപ്പിച്ച്, ഇവ ഓരോന്നും, ചെയ്തു പൂർത്തിയാക്കേണ്ട അവസാന തിയതി എന്നാണോ, ഡയറിയിലെ ആ തിയതിയിലുള്ള ഓരോ പേജിലുമായി അവ എഴുതുക. ഡയറി എഴുതി തീർന്നാൽ, നിന്റെ ഡയറി റെഡിയാക്കാൻ സഹായിച്ചതിന് വലിയ സന്തോഷത്തോടെയും അഭിമാനത്തോടെയും നിന്റെ ഭർത്താവിനെ നീ അഭിനന്ദിക്കണം. ഒരുമ്മയും കൊടുത്തേക്കൂ.

ഇനി അദ്ദേഹത്തിന്റെ ഡയറി തയ്യാറാക്കാൻ തിരിച്ചും സഹായിക്കാം എന്നു പറയുക. നിങ്ങളുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, നിങ്ങളുടെ നിലനിൽപ്പിനെ  എത്ര മാത്രം ദോഷകരമായി ബാധിക്കുന്നുണ്ട് എന്നതനുസരിച്ച്, -സാമം- -ദാനം- -ഭേദം- -ദണ്ഡം- ഇതിൽ ഏതു മാർഗ്ഗം വേണമെങ്കിലും ഉപയോഗിക്കാം. അദ്ദേഹം നിന്നോടു സഹകരിച്ചാൽ നിങ്ങളുടെ കുടുംബം രക്ഷപ്പെടും.

ഞാൻ ആ വണ്ടിനെതെറ്റിദ്ധരിച്ച പോലെ, അദ്ദേഹത്തിന്റെ ശൈലിയും പെരുമാറ്റവും ചിലപ്പോൾ എന്തെങ്കിലും പ്രയോജനംചെയ്യുന്നതായിരിക്കാം. അതു കൊണ്ട് ഒരു കാരണവശാലുംഭർത്താവിനോട് കോപമോ, ദേഷ്യമോ, കുറ്റപ്പെടുത്തലോ പാടില്ല. പക്വതയോടെ ശാന്തമായി പറയുക. ഉത്തരവാദിത്വ ബോധമുള്ളഏതൊരു ഭർത്താവും ഈ സാഹചര്യത്തിൽ ഭാര്യയുടെ നിശ്ചയദാർഢ്യത്തെ  ബഹുമാനിക്കുകയേ ഉള്ളു. അതിനാൽ, സഹകരിച്ചില്ലെങ്കിൽഎന്തു ചെയ്യും എന്ന ചോദ്യമേയില്ല. ഇതു ചെയ്തേ മതിയാകൂ എന്ന നിലപാട് എടുക്കുക. ഭവിഷ്യത്ത് എന്തായിരുന്നാലും നീ നേരിടും എന്നു ഉറച്ചു നിശ്ചയിച്ച്, ധൈര്യമായി, നിന്റെ ജീവിതം മുന്നോട്ടു കൊണ്ടു പോകുക. ഈ പ്രപഞ്ചം മുഴുവനും നിന്നെ പിന്തുണയ്ക്കും എന്ന് വിശ്വസിക്കുക. എന്റെ പ്രാർത്ഥനയും എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.

ജോർജ്ജ് കാടൻകാവിൽ

ഡയറക്ടർ, ബെത്-ലെഹം.

 

What is Profile ID?
CHAT WITH US !
+91 9747493248