Back to articles

അനുകരണവും കൃത്രിമത്വവും

July 01, 2006

എന്റെ മോനെ കാണാൻ നല്ല മിടുക്കനാ. പക്ഷെ ശകലം ഇരുണ്ട നിറമാ. വീട്ടിലെല്ലാവരും ഇരുനിറക്കാരാ. അതുകൊണ്ട് നല്ല വെളുത്ത ഒരു പെണ്ണിനെ മതി ഞങ്ങൾക്ക്. കൊച്ചുമക്കൾക്കെങ്കിലും കുറച്ച് നിറം കിട്ടട്ടെ.....

ഞങ്ങളുടെ മകൾ നല്ല വെളുത്തിട്ടാ. അതുകൊണ്ട് നല്ല ഫെയർ ആയിട്ടുള്ള ഒരു പയ്യനെ മതി ഞങ്ങൾക്ക്....
എല്ലാവരും ഇങ്ങനെ തന്നെ ആവശ്യപ്പെട്ടുപോയാലോ? ഇനി എന്താ ചെയ്ക?

മക്കളെ വെളുപ്പിക്കാം അത്രതന്നെ!

ഉപാധികൾ അനവധി വിപണിയിലുണ്ടല്ലോ. ഏറ്റവും എളുപ്പം ഫോട്ടോയിൽ കൃത്രിമ മിനുക്കുപണികൾ നടത്തുന്നതാണ്. പക്ഷെ അപകടം പിന്നെയാണറിയുന്നത്.

ഫോട്ടോ കണ്ട് വളരെ പ്രതീക്ഷയോടെ നേരിൽ കാണാൻ വരുന്നവർ ഒരു ഞെട്ടലോടെ ആലോചന ഉപേക്ഷിക്കുന്നു.

ഇരുണ്ട ചെറുക്കനും, വെളുത്ത പെണ്ണും ചേർന്നാൽ വെളുത്ത കുഞ്ഞുണ്ടാവുമെന്ന് ഒരു തീർച്ചയുമില്ല. പരസ്പരം താങ്ങായി നിലകൊള്ളുന്ന ഒരു ഇണയെ സ്വന്തമാക്കാൻ വേണ്ടിയല്ലെ വിവാഹം.

നിങ്ങളുടെ യോജിപ്പും ഒരുമയും ഉള്ള പെരുമാറ്റം കൊണ്ട് ബന്ധുമിത്രാദികളുടെ സ്നേഹവും സഹകരണവും നേടി, പുതിയ കുടുംബത്തിന്റെ ബന്ധുബലം ശക്തമാക്കാനല്ലേ, വിരുന്നു പോകേണ്ടത്? ചന്തത്തിൽ അണിഞ്ഞൊരുങ്ങി ബന്ധുമിത്രാദികളുടെ മുമ്പിൽ ഷോ - ഓഫ് ചെയ്യാനല്ലല്ലോ? കെട്ടുകാഴ്ചക്കല്ലാ, കെട്ടുറപ്പിനു വേണ്ടിയാ കല്യാണം!

വിവാഹം ആലോചിക്കുമ്പോൾ ഒരു പ്രാഥമിക വിലയിരുത്തലിന് നല്ല ഫോട്ടോ ആവശ്യമാണ്. അത് പക്ഷെ മിനുക്കുപണി ചെയ്ത് ഒപ്പിച്ചതാണെങ്കിൽ, നേരിൽ കാണുമ്പോൾ കള്ളി വെളിച്ചപ്പെടില്ലേ? ദൈവം തന്ന രൂപം മാറ്റാൻ ബുദ്ധിമുട്ടാണ്, എന്നാൽ മുഖത്തിന് ആകർഷണീയ ഭാവം ലഭിക്കാൻ. മനസ്സ് വെച്ചാൽ ആർക്കും ,സാധിക്കും. അതുകൊണ്ട് പടമെടുക്കുമ്പോൾ ഉള്ളു തുറന്ന ഒരു ചിരി മുഖത്ത് വിരിയട്ടെ. നിങ്ങളുടെ പ്രിയപ്പെട്ടവർ ക്യാമറക്കുള്ളിലിരുന്ന് നിങ്ങളെ നോക്കുന്നുണ്ട് എന്നു മനസ്സിൽ കരുതി തിരികെ ചിരിക്കുക. സായിപ്പ് പറയിപ്പിക്കുന്നതുപോലെ ''CHEEEZ.....'' എന്ന് പറയിപ്പിക്കാനെങ്കിലും ഫോട്ടോഗ്രാഫർമാരും ശ്രദ്ധിക്കണം.

സ്റ്റുഡിയോയിലെ അന്തരീക്ഷത്തിൽ ടെൻഷനാകും എന്ന് പറയുന്നവരുണ്ട്. വിവാഹം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ, ഏതായാലും നന്നായി വസ്ത്രധാരണം ചെയ്ത് ഒരുങ്ങിയല്ലേ പോകുന്നത്, ഏറ്റവും നല്ല ഫോട്ടോഗ്രാഫർമാരായിരിക്കും ചടങ്ങുകളുടെ ആൽബം തയ്യാറാക്കാൻ വരുന്നത്. ഫോട്ടോഗ്രാഫറോട് പറഞ്ഞ് പടം എടുപ്പിച്ച് നോക്കുക. നമ്മുടെ കുടുംബങ്ങളിൽ കല്യാണം നടക്കുമ്പോൾ അടുത്ത വിവാഹാർത്ഥികൾക്കുവേണ്ടി ഒരു ഫോട്ടോസെഷൻതന്നെ നടത്താൻ ഏർപ്പാടാക്കുന്നത് ഉപകാരപ്രദമായിരിക്കും. കല്യാണചടങ്ങ് കൂടുതൽ മോടിയാവുകയും ചെയ്യും.

മക്കളുടെ ഫോട്ടോ ഒന്നുപോലും വീട്ടിലില്ല എന്നു പരിതപിക്കുന്ന നിരവധി മാതാപിതാക്കളെ കണ്ടിട്ടുണ്ട്. ഇതൊരു പോരായ്മയാണെന്ന് അറിയാമെങ്കിലും വീണ്ടും വീണ്ടും വിസ്മരിക്കപ്പെടുന്നു. പഠനസ്ഥലത്തെയും, ജോലിസ്ഥലത്തെയും, സമ്മാനങ്ങൾ ലഭിച്ചതിന്റെയും, പരിപാടികളിൽ പങ്കെടുത്തതിന്റെയും മറ്റും വിവിധ ചിത്രങ്ങളുള്ള ആൽബങ്ങൾ വീട്ടിലുണ്ടാകുന്നത് നല്ലതാണ്.

പെണ്ണുകാണൽ, ഭവന സന്ദർശനം, ഉറപ്പിക്കൽ തുടങ്ങിയ ചടങ്ങുകളിൽ കുശലം പറച്ചിൽ കഴിഞ്ഞാൽ വർത്തമാനം പെട്ടെന്ന് തീർന്നുപോകാറുണ്ട്. ചിലപ്പോൾ ചില സംഭാഷണം നിർത്താനാവാതെയും വരാറുണ്ട്. ഫോട്ടോ ആൽബങ്ങൾ ഇവിടെ ഒരു അനുഗ്രഹമായിരിക്കും. ചിത്രങ്ങൾ വാക്കുകളെക്കാൾ വിശദമായി വിവരണം നടത്തും. പക്ഷെ, അനുകരണവും കൃത്രിമവും ചെയ്ത് വിഷമവൃത്തത്തിൽ വീഴരുതേ.

George Kadankavil - July 2006

What is Profile ID?
CHAT WITH US !
+91 9747493248