Back to articles

കെട്ടാൻ പോകുന്നവൻ വന്നു പെണ്ണു കാണട്ടെ!

March 01, 2009

അരിസ്റ്റോക്രാറ്റിക് ഫാമിലി, മുന്തിയ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം, ലോകപ്രശസ്ത കമ്പനിയിൽ ജോലി എന്നൊക്കെ പ്രൊഫൈലിൽ കണ്ടിട്ടാണ്, ഉയർന്ന വിദ്യാഭ്യാസവും, നല്ല ജോലിയുമുള്ള മകൾക്ക് വേണ്ടി, ഈ പയ്യന്റെ മാതാപിതാക്കളുമായി വിവാഹാലോചന തുടങ്ങിയത്.

അപ്പനും അമ്മക്കും നല്ല ആഢ്യത്വമുള്ള സ്വഭാവം. നല്ല പെരുമാറ്റവും. അവർക്ക് ഞങ്ങളുടെ മകളെ വലിയ ഇഷ്ടമായി, പിന്നെ സ്ഥിരം ഫോൺ വിളി, പയ്യനെകാണും മുൻപു തന്നെ ആറുമാസം കൊണ്ട് അവരോട് നല്ല അടുപ്പമായി.

പയ്യൻ വരട്ടെ, പയ്യൻ വരട്ടെ എന്നു കാത്തിരുന്നു. ഒടുവിൽ ചെക്കൻ വന്നു, കണ്ടു, മിണ്ടി, പ്രൊപ്പോസൽ ഡ്രോപ്ഡ്.

She won't fit in with my circle. അവന്റെ സർക്കിളിൽ അവൾ ഫിറ്റാവില്ല അത്രേ.

സ്വന്തം മാതാപിതാക്കളോടു പോലും അറുത്തു മുറിച്ച് സംസാരിക്കുന്ന ഒരുതരം മനുഷ്യപ്പറ്റില്ലാത്ത പെരുമാറ്റമാണ് അവന്. ദൈവമേ ഈ കല്യാണം എങ്ങാനും നടന്നു പോയിരുന്നെങ്കിൽ ഞങ്ങളുടെ ഗതി എന്തായേനേ. ഇപ്പോൾ അരിസ്റ്റോക്രാറ്റിക് ഫാമിലി എന്നു പറയാൻ പോലും പേടിയാണ്. നിങ്ങൾ  ഇതെക്കുറിച്ച്  എഴുതണം, മറ്റുള്ളവർക്ക്  ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ.

-0-0-0-

നിങ്ങൾക്ക് നേരിടേണ്ടി വന്നത് ഒരു കടുത്ത ഇച്ഛാഭംഗം  ആണ്. ആശിച്ച് മോഹിച്ച് കാത്തിരുന്നത് വെറുതെയായി. വലിയ അപകടമായേക്കാവുന്ന ഒരു കാര്യത്തിൽ നിന്നും രക്ഷപ്പെട്ടു എന്ന ആശ്വാസവും, വിലയിരുത്തൽ തെറ്റിപ്പോയതിന്റെ കുറ്റബോധവും ഇതോടൊപ്പമുണ്ട്. ആ സംഭവത്തോട് ബന്ധപ്പെട്ട എല്ലാം നിങ്ങളെ വിഷമിപ്പിക്കുന്നു. ചിന്തിക്കും തോറും കുഴഞ്ഞു മറിഞ്ഞു പോകുന്ന സാദ്ധ്യതകൾ. ആരെയെങ്കിലും  കുറ്റപ്പെടുത്താനോ, ഉള്ളിലെ വിഷമം ആരോടെങ്കിലും പ്രകടിപ്പിക്കാനോ കഴിയുന്നില്ല. ഇതെല്ലാം കൂടി ഇപ്പോൾ അരിസ്റ്റോക്രാറ്റിക് ഫാമിലി എന്ന പദത്തിനോടാണ് നിങ്ങൾ പ്രകടിപ്പിക്കുന്നത്.

ചില പ്രശ്നങ്ങൾ കൂടികുഴഞ്ഞാൽ അത് ഒരു വലിയ പ്രശ്നമാകും.

ഒരു വലിയ പ്രശ്നം പരിഹരിക്കണമെങ്കിൽ, അതിനെ ചെറിയ ചെറിയ പ്രശ്നങ്ങളാക്കി വേർതിരിക്കണം.

അരിസ്റ്റോക്രാറ്റിക് ഫാമിലിയെക്കുറിച്ച് നമുക്ക് പുറകെ ചിന്തിക്കാം. ഇപ്പോഴത്തെ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ആദ്യം ചിന്തിക്കാം.

മകളുടെ കല്യാണം അന്വേഷിച്ചു വന്നപ്പോൾ നല്ല ആഢ്യത്വമുള്ള ദമ്പതിമാരെ പരിചയപ്പെടുകയും അവരോട് നല്ല അടുപ്പവും സൗഹൃദവും ഉണ്ടാവുകയും ചെയ്തില്ലേ? ആ സൗഹൃദം ഒരു ആസ്തിയാണ്, പാഴാക്കി കളയേണ്ട. ബന്ധുക്കളാകാൻ ഇടയായില്ല എന്നല്ലേയുള്ളു സുഹൃത്തുക്കളായി തുടരണം. നല്ല സുഹൃത്തുക്കളുടെ മകനായി ആ പയ്യനേയും ഇനി കാണണം.

മകൾക്ക് അടുത്ത ആലോചന ആരംഭിക്കുക. ഇനി വരുന്ന ആലോചനകളിൽ ഈ  അനുഭവം മനസ്സിൽ വെച്ച് ആൺ വീട്ടുകാരുമായി മുൻവിധിയോടെ പെരുമാറരുത്. മകൾക്ക് വെച്ചിരിക്കുന്ന പയ്യനെ തമ്പുരാൻ നിങ്ങളുടെ മുന്നിൽ കൊണ്ടു വരും. ഇത്തരം അനുഭവങ്ങൾ ഓരോന്നും നമ്മളെ പാകപ്പെടുത്താൻ തമ്പുരാൻ തരുന്നതാണ്.

ഇനി ആ പയ്യന്റെ  മാതാപിതാക്കളെ ഒന്നു മനസ്സിലാക്കണം. സഹജീവികളുമായി സ്നേഹത്തോടെയുള്ള ഇടപെടലുകളാണ് മനുഷ്യന് ജീവിതത്തിൽ തൃപ്തിയും സന്തോഷവും പകരുന്നത്. അവരുടെ മകൻ നല്ല നിലയിൽ പഠിച്ച്, ഉയരങ്ങളിൽ എത്തി, ജോലിയുടെ തിരക്കിൽ മുഴുകി ജീവിക്കുകയാണ്. അപ്പനും അമ്മയ്ക്കും അതിൽ നല്ല അഭിമാനമുണ്ട്. പക്ഷേ അവനോട്  സ്നേഹത്തോടെ ഇടപെടാൻ അവസരം ലഭിക്കുന്നില്ല. അവനു വേണ്ടി വിവാഹം അന്വേഷിക്കുന്നത് സ്നേഹത്തോടെയുള്ള ഒരു പരോക്ഷമായ ഇടപെടലാണ്. ആ ശ്രമത്തിനിടയിലാണ് നിങ്ങളുടെ മകളെ പരിചയപ്പെടുന്നത്. ആരോടെങ്കിലും സ്നേഹത്തോടെ ഇടപെടണം എന്നത് ഈ മാതാപിതാക്കളുടെ ഒരു മാനസിക ആവശ്യം ആയിരുന്നു. മകനോട് കാണിക്കാൻ സാധിക്കാതിരുന്ന സ്നേഹമാണ് നിങ്ങൾക്കും മകൾക്കും ലഭിച്ചത്. അത് ബന്ധുത ആകണം എന്ന തീവ്രമായ ആഗ്രഹവും അവർക്കുണ്ടായിരുന്നു.

ആ പയ്യനെ കുറിച്ചും ചിന്തിക്കാം. ചെറുപ്പം മുതലേ മത്സരിച്ച് പഠിച്ച് മുന്നേറിയാണ് അവൻ ഇന്നത്തെ നിലയിലെത്തിയത്. ഓരോ മത്സരത്തിലും വിജയിക്കണം എന്ന ലക്ഷ്യം മുൻനിർത്തിയാണ് അദ്ധ്വാനിച്ചതും ജീവിച്ചതും.

അരിസ്റ്റോക്രാറ്റിക് ഫാമിലിയിൽ അല്ല, അരിസ്റ്റോക്രാറ്റിക് സ്ഥാപനങ്ങളിലാണ് അവൻ പഠിച്ചതും, ജീവിക്കുന്നതും. അവിടെ മാനേജ്മെന്റ് തത്വങ്ങളും, മത്സര തന്ത്രങ്ങളും കൊണ്ട് വിജയം നേടണം. ഇനി കരിയറിന്റെ ആവേശം ഒന്ന് അടങ്ങിയെങ്കിലേ, ജീവിത തത്വങ്ങളും, സ്നേഹ ബന്ധങ്ങളും കൊണ്ട് തൃപ്തി കണ്ടെത്താൻ ഇവന് സമയമാകൂ.

ആശിച്ച പോലെ നടന്നില്ല എന്ന ഇച്ഛാഭംഗമാണ് ഇവിടെ പ്രധാനസംഭവം. ഇവരെ കാത്തിരുന്നുണ്ടായ സമയനഷ്ടമാണ്  അടുത്ത ഘടകം. എങ്കിലും ഇതൊരു വലിയ സംഭവം ആക്കി മനസ്സിൽ ഇനി സൂക്ഷിക്കേണ്ടതില്ല.   ചുമ്മാ ചമ്മൽ തോന്നേണ്ട കാര്യവുമില്ല.

പെണ്ണും ചെറുക്കനും തമ്മിൽ കാണാതെ ഒന്നും തീരുമാനിക്കരുത്. വിവാഹം നിശ്ചയിക്കുന്നതു വരെ ഒരു പ്രൊപ്പോസലിനോടും അമിത പ്രതീക്ഷ മനസ്സിൽ ഉണ്ടാവരുത്. ആലോചനകൾ മുറപോലെ നടക്കട്ടെ. മാതാപിതാക്കൾ തമ്മിൽ പരിചയപ്പെടുന്നതും, സൌഹൃദം ഉണ്ടാകുന്നതും നല്ലതാണ്, ആവശ്യവുമാണ്. പക്ഷേ മാതാപിതാക്കൾ വന്ന് പെണ്ണുകാണൽ നടത്തുന്നതിന് പ്രയോജനമില്ല. ഞങ്ങളു പറയുന്നതു പോലെ തന്നെ മകൻ അനുസരിക്കും എന്ന ചിന്തയും നിലപാടും അബദ്ധമാണ്, ആശങ്കാ ജനകവുമാണ്.

കെട്ടാൻ പോകുന്നവൻ വന്ന് പെണ്ണ് കാണട്ടെ. എന്നിട്ട് തീരുമാനിച്ചാൽ മതി

George Kadankavil - March 2009

What is Profile ID?
CHAT WITH US !
+91 9747493248