Back to articles

നേരമില്ലാത്തവർ ഇങ്ങനേം ചെയ്യും . . .

February 26, 2021

 “നായക്ക് ഇരിക്കാൻ നേരോമില്ല, നായ നടന്നിട്ട് കാര്യോമില്ല” എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ?. യാതൊരു പക്ഷാഭേദവും ഇല്ലാതെ, ഈ ഭൂമിയിൽ എല്ലാവർക്കും തുല്യമായി കിട്ടുന്ന ഒരേയൊരു ധനമാണ് സമയം. ദിവസവും 24 മണിക്കൂർ! ചിലർക്ക് എല്ലാ ദിവസവും ചെയ്ത് തീർക്കാൻ ഒരു നൂറായിരം കാര്യങ്ങൾ ഉണ്ടാകും. ചിലർക്ക് ചെയ്യാൻ പ്രത്യേകിച്ച് ഒന്നും ഉണ്ടാകില്ല.  എങ്കിലും ഭൂരിപക്ഷം പേർക്കും ചെയ്യേണ്ടത് ചെയ്യാൻ ഈ സമയം മതിയാകുന്നില്ല. പക്ഷേ ചില മനുഷ്യർക്ക് മാത്രം, ചെയ്യേണ്ടത് എല്ലാം ചെയ്തു കഴിഞ്ഞിട്ടും, പിന്നെയും സമയം മിച്ചം പിടിക്കാൻ സാധിക്കുന്നു. എന്താണ് ഇതിന്റെ രഹസ്യം.

പദ്ധതിയിടൽ, തയ്യാറെടുപ്പ്, പണി മിടുക്ക്, ഭരമേൽപ്പിക്കൽ.
PLANNING, PREPARATION, SMART WORK & DELEGATING

കഠിനാദ്ധ്വാനിയായ ഒരു മരംവെട്ടുകാരൻ അതി രാവിലെ എണീറ്റ് തന്റെ മഴുവും എടുത്ത് മരം വെട്ടാനായി പുറപ്പെട്ടു. വെട്ടാനുദ്ദേശിച്ച മരത്തിന് അടുത്തു ചെന്നു മരം തൊട്ടു വണങ്ങി വെട്ടാൻ മരത്തിന്റെ അനുവാദം ചോദിച്ചു. അപകടം ഒന്നും വരുത്തല്ലേ എന്നും പ്രാർത്ഥിച്ചു കൊണ്ട് അയാൾ മരം വെട്ടി തുടങ്ങി. സൂര്യൻ അസ്തമിക്കാൻ തുടങ്ങിയപ്പോഴേക്കും അയാൾ ആ മരം വെട്ടി മറിച്ചിട്ടു. ബാക്കി നാളെ വന്നു ചെയ്യാം എന്നു നിശ്ചയിച്ച് അയാൾ വീട്ടിലേക്ക് മടങ്ങി.

പണിയിൽ മിടുക്കനായ മറ്റൊരു മരം വെട്ടുകാരൻ രാവിലെ എണീറ്റ് തന്റെ മഴുവും കോടാലിയും, തേപ്പുകല്ലിൽ ഉരച്ച് മൂർച്ചകൂട്ടി. പിന്നെ ആ പണി ആയുധങ്ങളും, ഒരു കയറും എടുത്ത്, സഹായത്തിന് ഒരാളെയും കൂട്ടി മരം വെട്ടാൻ പോയി. മരത്തിനടുത്തു ചെന്നു മരം തൊട്ടു വണങ്ങി വെട്ടാൻ മരത്തിന്റെ അനുവാദം ചോദിച്ചു. അപകടം ഒന്നും വരുത്തല്ലേ എന്നും പ്രാർത്ഥിച്ചു കൊണ്ട് അയാൾ മരത്തിന്റെ നിൽപ്പും ചെരിവും പരിശോധിച്ചു. മരത്തിനു മുകളിൽ കയറി ശിഖരങ്ങൾ കൈക്കോടാലി കൊണ്ട് മുറിച്ചു വീഴ്തി. കയറിന്റെ ഒരറ്റം മരത്തിൽ കെട്ടിയശേഷം മറ്റെ അറ്റം മരത്തിന്റെ ചെരിവ് ഉള്ള വശത്തേക്ക് വലിച്ച് കെട്ടാനായി സഹായിക്ക് എറിഞ്ഞു കൊടുത്തു. പിന്നെ അയാൾ താഴെ ഇറങ്ങി വന്ന്, മരത്തിന്റെ ചെരിഞ്ഞ വശത്ത് കടയ്ക്കൽ മഴു കൊണ്ട് ഏതാനും വെട്ടുകൾ കൊടുത്ത്, മറിയുമ്പോൾ വീഴാനുള്ള ദിശ കൊത്തിവെച്ച ശേഷം, മരത്തിന്റെ മറുപുറത്ത് ചായ്ച്ചും ചെരിച്ചും മഴുകൊണ്ട് വെട്ടിത്തുടങ്ങി. പകുതി വെട്ടിക്കഴിഞ്ഞപ്പോൾ സഹായി കയറിൽ പിടിച്ച് വലിച്ച് ടെൻഷൻ കൊടുത്തു കൊണ്ടിരുന്നു. ഉച്ചഭക്ഷണത്തിനു മുമ്പേ അവർ ആ മരം വെട്ടി മറിച്ചിട്ടു.

ആദ്യത്തെയാൾ തന്റെ ദേഹബലം കൊണ്ട് 8 മണിക്കൂർ ചിലവഴിച്ച് കഠിനാദ്ധ്വാനം ചെയ്ത് മരം വെട്ടി. എങ്കിലും ശിഖരങ്ങൾ മുറിക്കാനായി അടുത്ത ദിവസവും അയാൾക്ക് അദ്ധ്വാനിക്കേണ്ടി വരും.

രണ്ടാമത്തെയാൾ ബുദ്ധിപൂർവ്വം പ്ളാൻ ചെയ്ത്, തയ്യാറെടുപ്പുകൾ നടത്തി, തന്റെ പണിമിടുക്കും, ഭരമേൽപ്പിക്കലും, പ്രകൃതിയുടെ ശക്തിയും എല്ലാം ചേർത്ത് പകുതി സമയം കൊണ്ട്, ആദ്യത്തെ ആളേക്കാൾ കൂടുതൽ ജോലികൾ ചെയ്തെടുത്തു.

ജോലികൾ തീർത്തെടുക്കാൻ സമയം തികയാതെ വിഷമിക്കുന്നവർ സമയം വർദ്ധിപ്പിക്കാനുള്ള ഈ ഉപായങ്ങൾ ഒന്നു ശ്രദ്ധിക്കണേ.

പദ്ധതിയിടലും തയ്യാറെടുപ്പും – എന്തൊക്കെയാണ് ചെയ്തെടുക്കേണ്ടത്, അതിന് ഏറ്റവും ഉചിതമായ രീതി എന്താണ്, എന്തെല്ലാം ഉപകരണങ്ങൾ വേണം. ഉപകരണങ്ങൾ കൈവശമുണ്ടോ, അവ പ്രവർത്തനക്ഷമമാണോ, എന്തൊക്കെ തടസ്സങ്ങൾ ഉണ്ടാകാം, എന്തെല്ലാം മുൻകരുതലുകൾ വേണം? ഇക്കാര്യങ്ങളിൽ മനസ്സിലെങ്കിലും ഒരു രൂപരേഖ വെയ്ക്കാതെ പ്രവർത്തിക്കുന്നവർക്ക് സമയമോ, അദ്ധ്വാനമോ, ധനമോ, ഇവ മൂന്നുംകൂടിയോ നഷ്ടമാകും എന്ന് ഉറപ്പാണ്.

പണി മിടുക്ക് – കൈവഴക്കം, മെയ് വഴക്കം, കാര്യങ്ങളുടെ മർമ്മം മനസ്സിലാക്കൽ ഇവയെല്ലാമാണ് പണിമിടുക്ക് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു കാര്യം പല പ്രാവശ്യം ചെയ്യുമ്പോഴാണ് വഴക്കം ലഭിക്കുന്നത്. നിത്യത്തൊഴിൽ അഭ്യാസം എന്ന് പഴമൊഴി പറയുമെങ്കിലും, ചെയ്യുന്ന തൊഴിലിന്റെ വിവിധ വശങ്ങൾ പരിശോധിച്ച് കൂടുതൽ മെച്ചപ്പെടുത്താനുള്ള താല്പര്യം കൂടി എടുക്കുന്നവരാണ്, വഴക്കത്തിനും അപ്പുറമുള്ള പണിമിടുക്ക് നേടിയെടുക്കുന്നത്.

ഭരമേൽപ്പിക്കലും പങ്കെടുപ്പിക്കലും – ഒരാൾക്ക് വേണ്ടതെല്ലാം തനിച്ചു ചെയ്യാൻ സമയം തികയാതെ വരുമ്പോൾ സ്വീകരിക്കാവുന്ന മാർഗ്ഗമാണ്, താൻ ചെയ്യേണ്ടതിൽ ചിലതൊക്കെ ചെയ്യാൻ മറ്റുള്ളവരെ ചുമതലപ്പെടുത്തുക എന്നത്. ഒരു ജോലി ചെയ്യാൻ മറ്റൊരാളെ ഭരമേൽപ്പിക്കുന്നു.

ഉപജീവനത്തിനു വേണ്ടി ജോലി ചെയ്യുന്നവർക്ക് ജോലി ലഭിക്കാൻ ഇടയാകുന്നതിന്റെ പ്രധാന കാരണം ഈ തത്വമാണ്. തൊഴിലുടമസ്ഥന് തനിച്ച് ചെയ്ത് തീർക്കാൻ സമയം തികയാത്തതു കൊണ്ടാണ് ജീവനക്കാരെ ജോലിക്ക് നിയമിക്കുന്നത്. അല്ലെങ്കിൽ തൊഴിലുടമസ്ഥന് അറിവോ, പ്രാവീണ്യമോ, പരിശീലനമോ ഇല്ലാത്ത പ്രവർത്തികൾ ചെയ്യേണ്ടി വരുമ്പോൾ, അതുള്ളവരെ ഭരമേൽപ്പിച്ച് ചുമതലപ്പെടുത്തുക എന്നതാണ് പരിഹാരം. പക്ഷേ വ്യക്തമായ നിർദ്ദേശങ്ങൾ നൽകി പ്രവർത്തിയുടെ ഉദ്ദേശവും, നേടിയെടുക്കേണ്ട ലക്ഷ്യവും എന്തൊക്കെ എന്ന് ബോദ്ധ്യപ്പെടുത്തി വേണം പ്രവർത്തികൾ ഡെലിഗേറ്റ് ചെയ്യാൻ. അല്ലെങ്കിൽ സമയവും സാധനങ്ങളും വേലയും കൂലിയും ഒക്കെ പാഴായി പോയേക്കാം.

ഒരാൾക്കു ഒരു ദിവസം കൊണ്ട് ചെയ്യാവുന്ന ജോലി അര ദിവസം കൊണ്ട് തീർക്കാനായി രണ്ടാളെ നിയോഗിച്ചാൽ, പകുതി സമയം കൊണ്ട് ആ ജോലി നടന്നു കിട്ടണം എന്ന് നിർബന്ധമില്ല. ഒന്നും, ഒന്നും കൂടി ചേർത്താൽ രണ്ട് എന്നാണ് കണക്കിൽ നമ്മൾ പഠിച്ചിരിക്കുന്നത്. പക്ഷേ ജോലിക്കാരുടെ കാര്യത്തിൽ അവർക്ക് പരസ്പരം ആശയങ്ങൾ പങ്കു വെയ്ക്കാനും അതു മനസ്സിലാക്കി എടുക്കാനും ചിലവഴിക്കേണ്ടി വരുന്ന സമയം നഷ്ടപ്പെടുന്നുണ്ട്. ഒത്ത് ഒരുമയോടെ പെരുമാറാൻ ശീലിച്ചെടുക്കുന്നതിനുള്ള സമയം കൂടി ചിലവഴിച്ചാണ് അവർ ഒരു ടീം ആയി പ്രവർത്തിക്കാൻ സജ്ജരാകുന്നത്.

തൊഴിൽ സ്ഥലത്തെ ഈ തത്വങ്ങൾ കുടുംബത്തിൽ - പ്രത്യേകിച്ച് ദമ്പതികളുടെ കാര്യത്തിൽ വളരെ പ്രസക്തമല്ലേ.

മനുഷ്യരുടെ കാര്യത്തിൽ, 1+1 എന്നത് 2 അല്ല.

യോജിപ്പില്ലാത്ത രണ്ട് മനുഷ്യരാണ് ചേരുന്നതെങ്കിൽ ഒന്നും ഒന്നും ചേർന്നാലുള്ള ഫലം ഒന്നിൽ കുറവ് ആയിപ്പോകും. ഇമ്മിണി ചെറിയ ഒന്ന്!

നല്ല ഐക്യ മനോഭാവമുള്ള രണ്ട് പേരാണെങ്കിൽ, ഒന്നും ഒന്നും ചേർന്നാൽ ഫലം ഇമ്മിണി ബല്യ ഒന്ന് ആയിരിക്കും.

പരിശീലിച്ച് ഒരു ടീം ആയി രൂപപ്പെട്ട രണ്ട് പേരാണെങ്കിൽ, ഒന്നും ഒന്നും ചേരുമ്പോഴുള്ള ഫലം രണ്ടിനേക്കാൾ കൂടുതലാകാം.

അങ്ങിനെയെങ്കിൽ പ്രേമിച്ച് ടീം ആയവരുടെ പ്രേമ വിവാഹങ്ങളെല്ലാം വിജയിക്കേണ്ടതല്ലേ? അതെക്കുറിച്ച് ഇനിയൊരിക്കൽ പറയാം . . .

സസ്നേഹം,

ജോർജ്ജ് കാടൻകാവിൽ ഡയറക്ടർ ബെത്-ലെഹം മാട്രിമോണിയൽ

What is Profile ID?
CHAT WITH US !
+91 9747493248