Back to articles

വർഷം മാറിയാലും ലക്ഷ്യം മറക്കേണ്ട

January 01, 2015

മെറി ക്രിസ്തുമസ് ആന്റ്ഹാപ്പി ന്യൂ ഇയർ എന്നു  പറഞ്ഞാണ്  എന്റെ സുഹൃത്ത് അച്ചായാൻ ഫോണിൽ വിളിച്ചത്. പുതു വർഷം എത്തും മുൻപ് തന്നെ ബെത് ലെഹെമിന്റെ വെബ് സൈറ്റ് പുത്താനാക്കിയല്ലോ? നന്നായിട്ടുണ്ട് കേട്ടോ!. ആരോട് ഇടപെട്ടാലും അവരുടെ എന്തെങ്കിലും ഒരു നന്മ കണ്ട് പിടിച്ച്  നല്ലതു  പറഞ്ഞ്  അവരെ പ്രോത്സാഹിപ്പിക്കുന്ന ഇദ്ദേഹത്തെ എനിക്ക് വലിയ കാര്യമാണ്. നാലു മക്കളുടെയും വിവാഹം ബെത് ലെഹം  വഴിയാണ് നടന്നത് എന്ന്  ഒരുപാട് പേരോട് ഇദ്ദേഹം  പറഞ്ഞിട്ടുണ്ട്. പത്ത്  വർഷത്തെ  പരിചയമുണ്ട്. ആ ഉത്സാഹത്തോടെ ഞാൻ സംഭക്ഷണം  ഏറ്റുപിടിച്ചു.

അച്ചായാ പറയൂ, ഒത്തിരി നാളായല്ലോ വിശേഷങ്ങൾ കേട്ടിട്ട്. മുത്തശ്ശനും മുത്തശ്ശിയ്ക്കും ഇപ്പോൾ നല്ല നേരമ്പോക്ക്  ആയിരിക്കുമല്ലേ?.

ജോർജ്ജേ  നേരമില്ല എന്നത് പറയാൻ പറ്റില്ല. മക്കൾ നാലു പേരും ഭാര്യമാരും ജോലിയിലാണ്.പ്ളെസ്കൂൾ  പ്രായമായപ്പോൾ കൊച്ചു മക്കളും  മരുനാട്ടിലായി. അല്ലെങ്കിലും കുഞ്ഞുങ്ങള അച്ഛനമ്മാരുടെ കൂടെ വളരണം. മുത്തശനും, മുത്തശ്ശിയും വല്ലപ്പോഴും  ചെന്ന് അവരെ വഷളാക്കി കൊടുത്താൽ മതി.

അത് ഞങ്ങൾ  തരാം കിട്ടുമ്പോഴൊക്കെ  ചെയ്യുന്നുണ്ട്. സ്കൈപ്പും, വട്ട്സാപ്പും ഒക്കെ വച്ച് ദൂരം അരികിലാക്കാൻ ഞങ്ങളും പഠിച്ചെടുത്തു. ഇപ്പോൾ  കമ്പ്യൂട്ടറും ഫോണും ഒക്കെ കുത്തി നേരെയാക്കാൻ, മക്കളെ കാണുന്നതിലും കൂടുതൽ നേരം ചെലവഴിക്കണം. ചില ആസ്തികൾ കൈവശമാക്കുമ്പോൾ സത്യത്തിൽ നമ്മൾ അതിന്റെതായ ഉടമയല്ല, അടിമയായിട്ടാണ് മാറുന്നത്.

എന്തുപറ്റി അച്ചായാ വല്ല ആശ്രമത്തിലും ചേർന്നോ? ഭയങ്കര വേദാന്തമാണല്ലോ ഇത്തവണ?

ഹ്ങും,  പഴുത്ത പ്ലാവില വീഴുമ്പോ, പച്ച പ്ലാവില ചിരിക്കും. നിന്റെ കാലം വരുമ്പോൾ നീയും പറയും ഇതിലും വലിയ വേദാന്തം! ങാ കാലത്തെക്കുറിച്ചു  പറഞ്ഞപ്പോഴോ, ജോർജജിനറിയുമോ കാലത്തിനും നാലു ജാതികലുണ്ടാത്രേ !.

ആദ്യത്തെ കാവഘട്ടം - ബ്രാഹ്മണകാലം എന്നു പറയാം. ജ്ഞാനവും വിദ്യയും ആയിരുന്നു ആ കാലഘട്ടത്തിന്റെ കറൻസി. അത് ക്രമേണ ക്ഷത്രിയ കാലമായി മാറി. ധീരതയും, വീരത്വവും, ആയോധനവും, മറ്റുമായിരുന്നു അന്നത്തെ കറൻസി. ജ്ഞാനിയെയോ, വീരനെയോ, മറ്റെന്തിനെ വെണമെങ്കിലും വിലയ്ക്ക് വാങ്ങാൻ പ്രാപ്തിയുള്ള വൈശ്യരുടെ കാലഘട്ടമായിരുന്നു അടുത്തത്.

പണവും വസ്തുക്കളുമാണ് ഈ കാലത്തിന്റെ കറൻസി. പണത്തിനു മീതെ പണവും പറക്കില്ലെന്ന് തെളിയിച്ച വൈശ്യ കാലഘട്ടത്തിന്റെ അന്ത്യ പാദം കടന്ന്,  അനിവാര്യമായിരിക്കുന്ന ശൂദ്രകാലത്തിന്റെ ആദ്യപാദത്തിലേയ്ക്ക്  അറിയാതെ ഒഴുകിയടുത്തു കൊണ്ടിരിക്കുകയാണ് നമ്മൾ ഇപ്പോൾ.

സമയമാണ് ഈ കാലഘട്ടത്തിന്റെ കറൻസി. ഇന്നു കയ്യിലുള്ള സമയം മാത്രമല്ല, ഭാവിയിൽ ലഭിക്കാനുള്ള സമയം പോലും മുൻകൂട്ടി പണയപ്പെടുത്തി, സമയം ലാഭിക്കാനുള്ള സൌകര്യങ്ങളും, സംവിധാനങ്ങളും തലയിലേറ്റുന്ന മണ്ടത്തരമാണ് നമ്മളിപ്പോൾ ചെയ്യുന്നത്. മനുഷ്യരെല്ലാം ഓരോരോ സംവിധാനങ്ങളുടെ അടിമയായി മാറുന്ന ശൂദ്ര കാലഘട്ടം????!!!

ഇതൊരു വേദാന്തമാണോ, വസ്തുതയാമോ എന്ന് ജോർജ്ജ് ഒന്നാലോചിക്ക്. ഈ  ചിന്ത മറികടക്കാൻ എന്തെങ്കിലും സൂത്രം തോന്നുന്നുണ്ടെങ്കിൽ അതെക്കുറിച്ച് എഴുതണം......

പ്രവചനം പോലുയുള്ള അച്ചായന്റെ ഈ വേദാന്തം കേട്ടിട്ട് ഞാൻ  ശരിക്കും ഒന്നു കിടുങ്ങി. ഭയപ്പെടുത്തുന്ന ഒരു സാഹചര്യമാണല്ലോ നമുക്ക് നേരിടേണ്ടി വരുന്നത് എന്നായിരുന്നു എന്റെ ആദ്യത്തെ ചിന്ത. പക്ഷേ ഉടനെ തോന്നി, മനുഷ്യനെ ഭയപ്പെടുത്തുന്ന എന്തെങ്കിലും സാഹചര്യം എല്ലാക്കാലത്തും ഉണ്ടായിരുന്നു. അറിഞ്ഞുകൂടാത്ത എല്ലാത്തിനെയും മനുഷ്യന് ഭയമായിരുന്നു.

ഭയം മറികടക്കാൻ ഒറ്റമാർഗ്ഗമേ ഉള്ളു, വിശ്വാസം! സൃഷ്ടാവിൽ വിശ്വസിക്കണം. സൃഷ്ടികളിൽ നിറഞ്ഞു നിൽക്കുന്ന സൃഷ്ടാവിന്റെ ചൈതന്യത്തിലും, പദ്ധതികളിലും വിശ്വസിക്കണം. അപ്പോൾ ഭയം മറികടക്കാം. സമയം എല്ലാക്കാലത്തും വിലപിടിച്ച ഒരു കമ്മോഡിറ്റി തന്നെയായിരുന്നു.

ഇന്നത്തെ കറൻസിക്കു വേണ്ടി നാളത്തെ സമയം  പണയം വെയ്ക്കുന്നതാണ് വലിയ അപകടം. പക്ഷേ ഭയപ്പെടേണ്ട. എറ്റവും വിലപിടിച്ച, ഏവർക്കും  പ്രാപ്യമായ ഒരു നിധി കൂടി തമ്പുരാൻ നമുക്ക് തന്നിട്ടുണ്ട്. അതാണ് അനുഭൂതികൾ. മനോഭാവം കൊണ്ട് സ്വയം സൃഷ്ടിക്കാൻ കഴിയുന്ന ഒന്നായതിനാൽ ഇത് ആരും കറൻസി ആക്കി മാറ്റാനിടയില്ല. മാത്രമല്ല കൊടുക്കും തോറും ഏറുകയും ചെയ്യും.

അനുഭൂതികൾ ലഭിക്കണമെങ്കിൽ അനുഭവങ്ങൾ ഉണ്ടാകണം. അനുഭവങ്ങളിൽ നിന്നും അനുഭൂതികൾ വേർതിരിച്ചെടുക്കുന്ന ഒരു സോഫ്റ്റ് വെയർ ആണ് ഹൃദയം. മറ്റുള്ളവരെ ഹൃദയം കൊണ്ട് കാണണം, കേൾക്കണം. ഹൃദയം കൊണ്ട് സംവദിക്കണം. പോരാ സ്വന്തം  ഹൃദയത്തെയും കേൾക്കണം.

അനുഭവങ്ങൾ ലഭിക്കാൻ മറ്റ് മനുഷ്യരോട് ഇടപെഴകണം. ഏറ്റവും മികച്ച അനുഭൂതി സൃഷ്ടിക്കാൻ ഒരു ജീവിത പങ്കാളി വേണം., പിന്നെ കുഞ്ഞുങ്ങൾ വേണം. അതാണ് കുടുംബം. കുടുംബം നിലനിർത്താൻ ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരും വേണം.

അപ്പോൾ സുസ്ഥിരമായ അനുഭവങ്ങൾ ലഭിക്കാനുള്ള ഒരു സംവിധാനമാകും. കാലമേതായാലും അന്നത്തെ കറൻസി ഏതായിരുന്നാലും, അത് ചെലവഴിക്കുമ്പോൾ ഈ അടിസ്ഥാന ഘടകങ്ങൾ അവഗണിക്കാതിരിക്കുക. കൊടുത്തിരിക്കുന്ന അനുഭൂതികളുടെ അതേ അളവു തന്നെയാണ് തിരികെയും ലഭിക്കുന്നത്.

വർഷം മാറിയാലും ലക്ഷ്യം മറക്കേണ്ട.

George Kadankavil - Jan 2015

Search
What is Profile ID?