The COSMIC DIRECTOR - പ്രപഞ്ച സംവിധായകൻ HB - 4

പ്രപഞ്ച സംവിധായകൻ

ജീവിതം ഒരു വലിയ ചലച്ചിത്രമാണെന്നു സങ്കല്പിച്ചാല്‍, അതിന്‍റെ തിരക്കഥയും സംവിധാനവും കാലാകാലങ്ങളായി നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത് നമ്മളാരും അല്ല; മറിച്ച് ഒരു 'കോസ്മിക് ഡയറക്ടര്‍' അഥവാ പ്രപഞ്ച സംവിധായകനാണെന്ന ചിന്തയിലാണ് ഞാന്‍ ജീവിതത്തെ നോക്കിക്കാണുന്നത്.

നാം ഓരോരുത്തരും ആ വലിയ പ്രൊഡക്ഷനിലെ അഭിനേതാക്കള്‍ മാത്രമാണ്.

നമ്മള്‍ ആവശ്യപ്പെട്ടിട്ടല്ല ഇവിടെ ജനിച്ചത്. എങ്കിലും, ലക്ഷക്കണക്കിന് ബീജങ്ങള്‍ പങ്കെടുത്ത ഒരു വലിയ മാരത്തണില്‍ ഒന്നാമതെത്തി വിജയിയായതുകൊണ്ടാണ് നാം ഈ ഭൂമിയില്‍ എത്തിയത്. ആ വിജയത്തിന്  സംവിധായകന്‍റെ 
കൃത്യമായ പ്ലാനിംഗ് ഉണ്ടായിരുന്നു. ആ പ്രപഞ്ച സംവിധായകന്‍റെ കരങ്ങള്‍ (Hands of the Cosmic Director) തൊടാത്ത ഒരു നിമിഷം പോലും നമ്മുടെ ജീവിതത്തിലില്ല. അതിനാല്‍ ഓര്‍ക്കുക, സംവിധായകന് ആവശ്യമില്ലാത്ത ഒരു ജീവിയും ഈ പ്രപഞ്ചത്തില്‍ ഇല്ല. 

നിങ്ങള്‍ അനാവശ്യമായി സൃഷ്ടിക്കപ്പെട്ടവരല്ല; ആ സംവിധായകന് നിങ്ങളെ ആവശ്യമുണ്ട്.

ഈ പ്രപഞ്ചം സംവിധാനം ചെയ്ത സൃഷ്ടാവിന് നിങ്ങളെക്കൊണ്ട് ഏതോ ഒരു ദൗത്യം നിര്‍വ്വഹിക്കാനുള്ളതിനാലാണ് നിങ്ങള്‍ ഒരു പുരുഷനായോ സ്ത്രീയായോ ഇവിടെ ജനിച്ചത്. മരണം വരെ ആ സംവിധായകന്‍ നിശ്ചയിച്ചു തരുന്ന റോളുകളില്‍ ആത്മാര്‍ത്ഥമായി അഭിനയിക്കുക എന്നതാണ് നമ്മുടെ ധര്‍മ്മം. ഒരു റോളും മോശമല്ല, നിങ്ങളുടെ പ്രകടനത്തിലെ മികവും ആത്മാര്‍ത്ഥതയുമാണ് നിങ്ങളെ ശ്രദ്ധേയമാക്കുന്നത്. 

നിങ്ങളുടെ ആത്മാര്‍ത്ഥതയ്ക്കനുസരിച്ച് അദ്ദേഹം കൂടുതല്‍ മികച്ച റോളുകള്‍ നല്‍കിക്കൊണ്ടേയിരിക്കും. ഇവിടെ ആരും സ്ഥിരം നായകനോ നായികയോ ആകുന്നില്ല; എല്ലാവര്‍ക്കും അല്പം നേരത്തേക്ക് മാത്രം ആ അവസരം ലഭിക്കുന്നു.

"Everyone has a day, a Dog, a Sheep, a Bird, or even a Fly on my steering wheel !" അതാണ് പ്രപഞ്ച നീതി. അത് തിരിച്ചറിയാന്‍ നമ്മുടെ  ഉള്‍കണ്ണുകളെ അനുവദിച്ചാല്‍ മാത്രം മതി.

ഈ ബൃഹത്തായ പ്രപഞ്ചനാടകത്തില്‍ പുതിയ അഭിനേതാക്കളെ നിരന്തരം ലഭിക്കുതിനായി, മിക്ക കഥാപാത്രങ്ങള്‍ക്കും ചേരുന്ന ഇണകളെയും ആ സംവിധായകന്‍ വിഭാവനം ചെയ്തിട്ടുണ്ട്. ആ ഇണയെ ആകര്‍ഷിക്കാനുള്ള കഴിവും സിദ്ധികളും എല്ലാ ജീവികള്‍ക്കും നല്‍കിയിട്ടുമുണ്ട്, അതിനുള്ള സന്ദര്‍ഭങ്ങളും അദ്ദേഹം തന്നെ ഒരുക്കുന്നു. 

അങ്ങനെ ആണും പെണ്ണും, ഇണയും തുണയുമായി ജീവിതാനുഭൂതികള്‍ ആസ്വദിക്കുന്നു; കാലക്രമത്തില്‍ അടുത്ത തലമുറയ്ക്ക് വഴിയൊരുക്കി നമ്മൾ ഓരോരുത്തരും അരങ്ങൊഴിയുന്നു.

സൃഷ്ടാവ് നിശ്ചയിച്ച ഈ ജീവിതചക്രം സ്നേഹത്തിലും സമാധാനത്തിലും പൂര്‍ത്തിയാക്കുന്നതാണ് യഥാര്‍ത്ഥ ജീവിതവിജയം. ഈ വ്യവസ്ഥിതിക്ക് സുരക്ഷിതത്വം നല്‍കുന്ന സംവിധാനമാണ് 'കുടുംബം'.

കുടുംബം: പ്രപഞ്ചത്തിന്‍റെ കലാവേദി

കുടുംബം എന്നത് പ്രപഞ്ച സംവിധായകന്‍റെ കയ്യൊപ്പുള്ള ഒരു കലാവേദിയാണ് (ARENA). ഭാര്യാ-ഭര്‍ത്താക്കന്മാരുടെ ഹൃദയങ്ങളില്‍ രൂപപ്പെടുന്ന ആത്മബന്ധമാണ് (Harmony of the Hearts) ഒരു വീടിനെ സ്വര്‍ഗ്ഗതുല്യമാക്കുന്നത്.

തിരക്കുപിടിച്ച ഈ ലോകത്ത് പലപ്പോഴും നമുക്ക് ഹൃദയതാളം നഷ്ടപ്പെടാറുണ്ട്. ആ ഐക്യം വീണ്ടെടുക്കാനും ദാമ്പത്യം ധന്യമാക്കാനും സംവിധായകന്‍ നല്‍കുന്ന ചില നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:


1. ആത്മബോധം: സ്വന്തം ഹൃദയത്തെ ശ്രവിക്കുന്നവര്‍ക്കേ മറ്റൊരാളുടെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ സാധിക്കൂ. ആദ്യം സ്വന്തം മനസ്സിനെ സ്നേഹിക്കാനും ശാന്തമാക്കാനും ശീലിക്കുക (Meditation).

2. വാക്കിന്‍റെ വശ്യത: ദാമ്പത്യത്തിലെ പല മുറിവുകളും വാക്കുകള്‍ കൊണ്ടു സംഭവിച്ചതാണ്. തര്‍ക്കങ്ങള്‍ക്കിടയില്‍ നാവിനെ നിയന്ത്രിക്കുന്നത് വലിയൊരു വിജയമാണ് (Transactions & Its Analysis).

3. കേള്‍ക്കാനുള്ള മനസ്സ്: മറുപടി പറയാന്‍ വേണ്ടി മാത്രല്ല, മറിച്ച് പങ്കാളിയെ മനസ്സിലാക്കാന്‍ വേണ്ടി കേള്‍ക്കുക, പരിഹാരം കണ്ടെത്താന്‍ സഹായിക്കുക (Counselling).

4. പൊരുത്തപ്പെടല്‍: സ്നേഹത്തിനുവേണ്ടി വിട്ടുകൊടുക്കാന്‍ പഠിക്കുക. ജയിക്കാന്‍ ശ്രമിക്കാതെ, വളര്‍ത്താന്‍ ശ്രമിക്കണം. അതിലാണ് ദാമ്പത്യത്തിന്‍റെ സൗന്ദര്യം (Nurturing).

നിങ്ങളുടെ ഹൃദയങ്ങള്‍ തമ്മില്‍ ഐക്യപ്പെടുമ്പോള്‍ ആ സ്പന്ദനം കുഞ്ഞുങ്ങളിലേക്കും സമൂഹത്തിലേക്കും പടരും.
ബെത് ലെഹം  മാട്രിമോണിയല്‍ അംഗങ്ങളിലേക്ക് ഈ സ്നേഹസന്ദേശം പകരുക എന്നതാണ് ഈ പുസ്തകത്തിന്‍റെ ലക്ഷ്യം. അതിനായി പരിശീലന പരിപാടികളും ഗ്രന്ഥങ്ങളും കഴിഞ്ഞ 30 വര്‍ഷമായി ബെത് ലെഹം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ആ ദൗത്യമായിരുന്നു എനിക്ക് ലഭിച്ച റോള്‍. അതിനായി എനിക്ക് ലഭിച്ച പരിശീലനമാകട്ടെ കയ്പ്പും മധുരവും കലര്‍ന്ന എന്‍റെ മുന്‍കാല അനുഭവങ്ങളായിരുന്നു.

ഈ പുസ്തകം എന്‍റെ ജീവിതയാത്രയിലെ കാഴ്ചപ്പാടുകളെക്കുറിച്ചും, ചില യാത്രകളിലെ അനുഭവങ്ങളെ കുറിച്ചുമാണ്. 

ഒറ്റയ്ക്ക് കാറോടിച്ച് നടത്തിയ ആഴ്ചകള്‍ നീണ്ട ഭാരതദര്‍ശനവും, വഴിനീളെ ഞാന്‍ കണ്ടറിഞ്ഞ ചില പാഠങ്ങളുമാണ് ഇതില്‍.

ലാത്തൂരിലെ വരണ്ട ഭൂമിയിലെ ഒരു ഈച്ചയും, സുന്ദരവനത്തിലെ സൂര്യോദയവുമെല്ലാം ആ ഡയറക്ടര്‍ എനിക്ക് വേണ്ടി ഒരുക്കി വെച്ച രംഗങ്ങളായിരുന്നു. ഓരോ യാത്രയും ഓരോ അനുഭൂതിയായിരുന്നു.

പ്രകൃതിയെയും മനുഷ്യരെയും, പ്രഥമദൃഷ്ടിയില്‍ കാണുന്നതുപോലെ മാത്രമല്ല, ആ സംവിധായകന്‍റെ കണ്ണിലൂടെ എന്നപോലെ കാണാനും, ഓരോ അനുഭവങ്ങളിലും അടങ്ങിയിരിക്കുന്ന നന്മകള്‍ കൂടി തിരിച്ചറിയാനും, ഈ പുസ്തകം നിങ്ങളെ സഹായിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. 

നിങ്ങളുടെ അനുഭവങ്ങളെ വിശകലനം ചെയ്ത്  അതിലെ നന്മകള്‍ കാണാന്‍ ശീലിക്കണം, കാരണം, ആ ഡയറക്ടര്‍ ചിട്ടപ്പെടുത്തിയ രംഗങ്ങളില്‍ നിന്നും, നമുക്കു ലഭിച്ച വേഷം ഉള്‍ക്കൊണ്ടറിഞ്ഞ 'അനുഭവങ്ങള്‍' മാത്രമായിരിക്കും, ഒടുവില്‍ നാം മടങ്ങുമ്പോള്‍ കൂടെ കൊണ്ടുപോകുന്നത്.

സ്നേഹപൂര്‍വ്വം, 
ജോര്‍ജ്ജ് കാടന്‍കാവില്‍

 

Table of Content

Chapter 2. മരിക്കുക എന്നു പറഞ്ഞാല്‍ എന്താണ്?

Chapter 3. ജീവിതം എന്ന ട്രോഫി

Chapter 4. ജന്തുഭാവം മുതല്‍ മനസ്സാക്ഷി വരെ

Chapter 5. ഇരുപതു രൂപയുടെ കള്ളനോട്ട് കഥ!

Chapter 6. ഒരു വാക്കു മതി! വളർത്താനും! തളർത്താനും!

Chapter 7.ഒരു യാത്രയും വെറുതെയാവില്ല

Chapter8. സ്റ്റിയറിംഗിലെ ഈച്ച

Chapter 9. സുന്ദരവനത്തിലെ സൂര്യോദയം

പുസ്തകാഭിപ്രായവും അഭിനന്ദനങ്ങളും - ശ്രീ ജോഷി ആപ്പീസിൽ. . 

Share this Story