പുസ്തകാഭിപ്രായവും അഭിനന്ദനങ്ങളും - പ്രപഞ്ച സംവിധായകന്‍

ഞാന്‍ ഈ ചെറിയ പുസ്തകം വായിച്ചു തുടങ്ങുമ്പോള്‍, കാല്‍ നൂറ്റാണ്ട് മുമ്പ് പരിചയപ്പെട്ട കാടങ്കാവില്‍ സാറിനെയും പ്രിയപ്പെട്ട ഗൗരിയമ്മയെയും അവരുമായുള്ള അടുത്ത സൗഹൃദത്തെയും കുറിച്ച് ഒരുപാട് ഓര്‍മ്മകള്‍ മനസ്സിലേക്ക് കടന്നുവന്നു. കാരിക്കാമുറിയിലുള്ള മാട്രിമോണിയല്‍ ഓഫീസിലിരുന്ന് അന്ന് നടത്തിയ ആഴമേറിയ സംഭാഷണങ്ങള്‍... സ്വാശ്രയസംഘങ്ങള്‍, ഏകസ്ഥ വനിതകള്‍, അവര്‍ക്കായുള്ള വിവിധ പരിശീലന പരിപാടികള്‍, വൈവാഹിക സംഗമ
ങ്ങള്‍, തൊഴില്‍ സന്നദ്ധതാ പരിശീലനങ്ങള്‍, സാറിന്റെ ജീവിതത്തിലെ വീഴ്ചകളും താഴ്ചകളും,തിരിച്ചടികളും, അതില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേൽപ്പുകള്‍... 

സ്വഭാവദൃഢതയുള്ള കാഴ്ചപ്പാടുകളും സഹാനുഭൂതിയുള്ള പെരുമാറ്റവുമായിരുന്നു ഇദ്ദേഹത്തിനായി പ്രപഞ്ച 
സംവിധായകന്‍ ഒരുക്കിവെച്ചിരുന്ന കഥാപാത്രമെന്ന് ഈ പുസ്തകം വായിച്ചപ്പോള്‍ എനിക്ക് വീണ്ടും ബോധ്യമായി.

ആമുഖം: ജോര്‍ജ് സാറിന്റെ ജീവിതവീക്ഷണത്തെ വളരെ ചുരുങ്ങിയ വാക്കുകളില്‍ ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ഇത് വായിക്കുമ്പോള്‍ത്തന്നെ ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിന് വലിയൊരു പൊലിമയും കാമ്പുമുണ്ടെന്ന് വായനക്കാരന് ബോധ്യപ്പെടും.

അദ്ധ്യായം 2  മരണത്തിന്‍റെ അര്‍ത്ഥം: പ്രിയതമയുടെ ചോദ്യത്തിന് ഒരു ഇലക്ട്രിക് ബള്‍ബ് ഉദാഹരിച്ചുകൊണ്ട് വളരെ സുന്ദരമായാണ് അദ്ദേഹം മരണത്തെ വിവരിച്ചിരിക്കുന്നത്. മരണം കാത്തുകഴിയുന്ന ഒരാള്‍ക്ക്, സ്വന്തം കുടുംബ പശ്ചാത്തലത്തില്‍ നിന്നു തന്നെ ജീവിതത്തിലേക്ക് വലിയൊരു പ്രചോദനവും ആത്മവിശ്വാസവും നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ആ ജീവിതത്തില്‍ അത് പരമാര്‍ത്ഥമാണെന്ന് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ള ഒരാളാണ് ഞാന്‍.

അദ്ധ്യായം 3  ജീവിതം എന്ന ട്രോഫി: ജന്മം, ജീവന്‍, ജീവിതം എവയെല്ലാം അതിസുന്ദരമായി ഇതില്‍ വര്‍ണ്ണിച്ചിരിക്കുന്നു. സങ്കീര്‍ണ്ണതകള്‍ ഒന്നുമില്ലാതെ വളരെ ലളിതമായാണ് കാര്യങ്ങള്‍ വിവരിച്ചിരിക്കുന്നത് എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. കഷ്ടപ്പാടുകള്‍ എങ്ങനെ ഉണ്ടാകുന്നു, അവയെ വിലയിരുത്തേണ്ടത് എങ്ങനെ എന്നതോടൊപ്പം അനുഭൂതി, ഭാഗ്യം, കുടുംബം, വിവാഹം എിവയെക്കുറിച്ചെല്ലാം വളരെ ഒഴുക്കോടെ ഇതില്‍ പ്രതിപാദിക്കുന്നു.

അദ്ധ്യായം 4  ജന്തുഭാവം മുതല്‍ മനഃസാക്ഷി വരെ: സ്വാര്‍ത്ഥനായ മനുഷ്യന്‍ എങ്ങനെ ഒരു സമൂഹമായി കൂട്ടായി ജീവിതം നയിക്കണം, ജീവിതപങ്കാളിയായി വിപരീതലിംഗത്തില്‍പ്പെട്ട ഒരാള്‍ ആവശ്യമായി വരുന്നത്  എന്തുകൊണ്ട്. അങ്ങനെ മനുഷ്യനെയും അവന്‍റെ കുടുംബത്തെയും മനഃശാസ്ത്രപരമായി വിശദീകരിക്കുന്നതാണ് ഈ അദ്ധ്യായം.

അദ്ധ്യായം 5  കള്ളനോട്ടിന്‍റെ കഥ: എന്‍റെ പേര് കൂടി പരാമര്‍ശിക്കപ്പെട്ട ഈ ഇരുപതു രൂപയുടെ കണക്ക് 
തീര്‍ച്ചയായും മനുഷ്യന്‍റെ 'ഈഗോ' (Ego) തകര്‍ക്കാന്‍ പര്യാപ്തമാണ്. നിരവധി ആശയങ്ങള്‍ നമുക്ക് ഇതിലൂടെ വിപുലീകരിക്കാം. പ്രധാനമായും  'എനിക്ക് തെറ്റ് പറ്റാം, അങ്ങനെയെങ്കില്‍ മറ്റുള്ളവര്‍ക്കും തെറ്റ് പറ്റിക്കൂടേ?' എന്ന് നമ്മള്‍ എന്തുകൊണ്ട് അംഗീകരിക്കുന്നില്ല? അതുകൊണ്ട് മറ്റുള്ളവരുടെ തെറ്റുകള്‍ വലിയ വായില്‍ വിളമ്പി നടക്കേണ്ടതില്ല എന്ന തിരിച്ചറിവ് ഇത് നല്‍കുന്നു. എളിമയിലേക്കുള്ള വലിയൊരു കവാടമാണ് ഈ അധ്യായം.

അദ്ധ്യായം 6  ഒരു വാക്കു മതി, വളര്‍ത്താനും തളര്‍ത്താനും: ഒരു മുള വളരുന്നതിന്‍റെ കഥയും സ്വന്തം അനുഭവങ്ങളും പങ്കുവെച്ചുകൊണ്ട് മനുഷ്യര്‍ വാക്കുകള്‍ എങ്ങനെ ഉപയോഗിക്കണം എന്ന് അദ്ദേഹം വരച്ചുകാട്ടുന്നു. മനുഷ്യന്‍റെ തളര്‍ച്ചയുടെയും വളര്‍ച്ചയുടെയും പിന്നിലുള്ള പരമപ്രധാനമായ ചാലകശക്തി വാക്കുകളാണെന്ന് ഈ അദ്ധ്യായം വ്യക്തമാക്കുന്നു.

അദ്ധ്യായം 7  ഒരു യാത്രയും വെറുതെയാവില്ല: മഴയുടെ യാത്രയെ ജീവിതചക്രത്തിന്‍റെ രൂപകമായി (Metaphor) ഉപയോഗിക്കുന്ന ഈ അദ്ധ്യായം വായിച്ചപ്പോള്‍ മനസ്സ് നിറഞ്ഞു. കടലില്‍ നിന്ന് ആവിയായി ഉയര്‍ന്നു, മേഘമായി മാറി, മഴയായി പെയ്ത്, നദിയിലൂടെ ഒഴുകി, വീണ്ടും കടലില്‍ത്തന്നെ ചെചേരുന്ന ആ യാത്ര... അതില്‍ ഒരു തുള്ളി വെള്ളം പോലും വെറുതെ പോകുന്നില്ല. വഴിയില്‍ കാണുന്ന മണ്ണിനെ നനച്ചും, കൃഷിയെ പോഷിപ്പിച്ചും, പ്രപഞ്ചസൃഷ്ടികളുടെ ദാഹം തീര്‍ത്തും മാത്രമേ ആ യാത്ര പൂര്‍ത്തിയാകൂ.

നമ്മുടെ ജീവിതവും ഇതുപോലെതന്നെയാണ്. നാം ഈ ലോകത്തിലൂടെ കടന്നുപോകുമ്പോള്‍, നമ്മുടെ സാന്നിധ്യം കൊണ്ട് എത്രപേര്‍ക്ക് പ്രയോജനം ലഭിക്കുന്നുവോ - അത്രത്തോളം ധന്യമാകും നമ്മുടെ ജീവിതം. ഈ ആശയം ഇത്ര ലളിതമായും ഹൃദ്യമായും അവതരിപ്പിക്കാന്‍ കഴിഞ്ഞത് ജോര്‍ജ് സാറിന്‍റെ പ്രത്യേക കഴിവാണ്. 

അദ്ധ്യായത്തിന്‍റെ അവസാനം വിവാഹ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പുതിയൊരു കാഴ്ചപ്പാട് അദ്ദേഹം പങ്കുവെക്കുന്നുണ്ട്: അവന് പ്രയോജനം ചെയ്യുന്നവളെ അല്ല, അവനെക്കൊണ്ട് പ്രയോജനം ലഭിക്കുന്നവളെ കണ്ടുപിടിക്കണം. ഈ വരി വായിച്ചപ്പോള്‍, കഴിഞ്ഞ മുപ്പതു വര്‍ഷമായി ബെത്-ലെഹം ചെയ്തുവരുന്ന സേവനത്തിന്‍റെ ആഴം എനിക്ക് പുതുതായി മനസ്സിലായി. ഒരു യാത്രയും, ഒരു ബന്ധവും, ഒരു ജീവിതവും വെറുതെയാവില്ല; അത് ആരെയെങ്കിലും പോഷിപ്പിക്കും, ആരെയെങ്കിലും വളര്‍ത്തും. ആ വലിയ വിശ്വാസത്തിലാണ് ബെത്-ലെഹം നിലകൊള്ളുന്നത് എന്ന് ഈ അദ്ധ്യായം ഓര്‍മ്മിപ്പിക്കുന്നു.

അദ്ധ്യായം 8  സ്റ്റിയറിങ്ങിലെ ഈച്ച: ഇതൊരു മനോഹരമായ യാത്രാവിവരണം മാത്രമല്ല; മനസ്സുവെച്ചാല്‍ യാത്രകള്‍ക്കിടയിലും ചില നല്ല ജോലികള്‍ ചെയ്യാമെന്നും, ആത്മശോധന നടത്താന്‍ ഏകാന്ത യാത്രകള്‍ ഉപകരിക്കുമെന്നുമെല്ലാം രസകരമായി ഇതില്‍ വര്‍ണ്ണിച്ചിരിക്കുന്നു. ലാത്തൂരിലെ വരണ്ട ഭൂമിയിലെ ഒരു ഈച്ചയുടെ ജീവിതത്തിലൂടെ സ്വന്തം കാഴ്ചപ്പാട് മാത്രമല്ല, മറുപുറത്തിരിക്കുന്ന ആളുടെ കാഴ്ചപ്പാടില്‍ക്കൂടിയും ലോകത്തെ കാണാന്‍ ശ്രമിക്കണം എന്ന ആഴത്തിലുള്ള ജീവിതപാഠം ഈ അദ്ധ്യായം പകര്‍ന്നുതരുന്നു.

അദ്ധ്യായം 9  സുന്ദരവനത്തിലെ സൂര്യോദയം: ബെത്-ലെഹം സ്റ്റാഫിന്‍റെ സാക്ഷ്യപ്പെടുത്തലോടെ തുടങ്ങുന്ന ഈ അദ്ധ്യായത്തില്‍ പറയുന്നതുപോലെ ജോര്‍ജ് സാര്‍ ശരിക്കും ഒരു അത്ഭുത മനുഷ്യനാണ്. ഒരിക്കലും ഒരു സ്ഥാപനത്തിന്‍റെ 'ബോസ്' ആകാന്‍ അദ്ദേഹം ആഗ്രഹിച്ചിട്ടില്ല. കുറച്ചുകാലം ഞാനും ഈ സ്ഥാപനത്തിന്‍റെ ഭാഗമായിരുന്നതുകൊണ്ട് എനിക്ക് ഈ കാര്യങ്ങള്‍ അടുത്തറിയാം; അദ്ദേഹം ജീവനക്കാരോട് എങ്ങനെ പെരുമാറുന്നു എന്ന് നേരിട്ട് മനസ്സിലാക്കിയിട്ടുള്ളതുമാണ്. അദ്ദേഹത്തിന്‍റെ ഉയര്‍ച്ചതാഴ്ചകളില്‍ കൂടെയുണ്ടായിരുന്ന ഒരാള്‍ എന്ന നിലയില്‍, പ്രതീക്ഷിച്ചത് ലഭിച്ചില്ലെങ്കില്‍ ലഭിച്ചതിനെ ആഘോഷമാക്കുന്ന വലിയൊരു മനസ്സിന്‍റെ ഉടമയാണ്, ദൈവിക സ്പര്‍ശമുള്ള വ്യക്തിത്വമാണ് സാര്‍ എന്ന് 100% ഉറപ്പിച്ചു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഉപസംഹാരം
പ്രതിമാസം പുറത്തിറങ്ങുന്ന മാട്രിമോണിയല്‍ മാഗസിനിലെ ലേഖനങ്ങളും, മുന്‍പ് പ്രസിദ്ധീകരിച്ച 'മിന്നുകെട്ടിന്‍റെ പണിപ്പുരയില്‍', 'തിയറി ഓഫ് മാര്യേജ് അലയന്‍സ്', 'സഹജീവികളുടെ സ്വഭാവവിശേഷങ്ങള്‍' എന്നി പുസ്തകങ്ങളും സാറിന്‍റെ തൂലികാ വൈദഗ്ധ്യം നേരത്തെതന്നെ വെളിപ്പെടുത്തിയതാണ്. ഈ പുതിയ ഗ്രന്ഥരചനയിലൂടെ തന്‍റെ ഉള്ളിലെ ആശയങ്ങളുടെ ആവനാഴി കുറേക്കൂടി വിപുലമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു.

ഈ ഗ്രന്ഥത്തെ മൊത്തത്തില്‍ വീക്ഷിക്കുമ്പോള്‍ എന്‍റെ വിലയിരുത്തല്‍, ജീവിതത്തെയും കുടുംബത്തെയും, 
സവിശേഷമായി വിവാഹത്തിന്‍റെ പ്രാധാന്യത്തെയും ഇത് വളരെ കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്. വിവാഹം 
വേണ്ടെന്ന് വെച്ച് ഒഴിഞ്ഞുമാറുന്ന പുത്തന്‍ തലമുറയ്ക്ക് ഒരു ചെറിയ വഴിവിളക്കാണ് ഈ പുസ്തകം. വിവാഹിതരായവര്‍ക്ക് കുടുംബത്തിന്‍റെ പവിത്രത കാത്തുസൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും ഇത് ചൂണ്ടിക്കാട്ടുന്നു.

സാറിനും ബെത്-ലെഹം കുടുംബത്തിനും, മണ്‍മറഞ്ഞെങ്കിലും  എന്‍റെ ഓര്‍മ്മകളില്‍ എക്കാലത്തും നല്ലൊരു 
പ്രകാശമായി നിലനില്‍ക്കുന്ന പ്രിയപ്പെട്ട ഗൗരി ആന്‍റിക്കും എന്‍റെ ഹൃദയത്തില്‍ നിന്നുള്ള വര്‍ണ്ണപ്പൂക്കള്‍ അര്‍പ്പിക്കുന്നു. സാര്‍ ഇനിയും കൂടുതല്‍ എഴുതട്ടെ, അത് അനേകര്‍ക്ക് പ്രചോദനമാവട്ടെ. ദൈവത്തിന് നന്ദി.

ജോഷി ആപ്പീസില്‍
കാവാലം
21 മെയ് 2026 


Read or listen to Handbook 4. The COSMIC DIRECTOR - Hand Book -4

Share this Story