ഒരു യാത്രയും വെറുതെയാവില്ല.

പെണ്ണുകാണാന്‍ ഓടിനടന്ന് ചിലവഴിച്ചിരിക്കുന്ന പണത്തിനും, അനുഭവിച്ച മന:പ്രയാസത്തിനും ഒരു കണക്കുമില്ല. സുന്ദരിമാരെ തേടി നടന്ന് എന്‍റെ മകന് മതിയായി സാറെ. 

എന്തിനാണോ തമ്പുരാന്‍ ഞങ്ങളെ ഇട്ടിങ്ങനെ വട്ടം കറക്കുന്നത്?

അമ്മയുടെ ഈ ചോദ്യത്തിന് ഉത്തരം തരാന്‍ ഞാനാളല്ല. തമ്പുരാന്‍റെ പദ്ധതികള്‍, വേണ്ട സമയത്ത് തമ്പുരാന്‍ തന്നെ വെളിപ്പെടുത്തിത്തരും, അത്രയുമേ എനിക്കറിയൂ.

അമ്മയോട് വേറൊരു കാര്യം ചോദിച്ചോട്ടെ. . . 

 മഴപെയ്യുന്നത് എങ്ങനെയാണെന്ന് അമ്മ പഠിച്ചിട്ടുണ്ടോ?

പിന്നേ, എനിക്കറിയാം. കടലിലെ വെള്ളം നീരാവിയായി കാര്‍മേഘങ്ങളാകും, അത് കാറ്റില്‍ പറന്ന് പര്‍വ്വതങ്ങളില്‍ ചെന്നു തട്ടി തണുത്ത് മഴയായി പെയ്യും.

ഹാവൂ, എന്തൊരോര്‍മ്മയാ അമ്മയ്ക്ക്... പത്താം ക്ളാസ്സിലെ പരീക്ഷ ഇപ്പോള്‍ ഒന്നികൂടി എഴുതിയാല്‍ ചിലപ്പോള്‍ റാങ്ക് കിട്ടിയേക്കും.

മഴയായി പെയ്ത വെള്ളത്തിന് പിന്നെ എന്താണ് സംഭവിക്കുന്നത് എന്നു കൂടി പറയാമോ?

ഉവ്വ് ആ വെള്ളം, മുറ്റവും പറമ്പും ഭൂമി ആകെയും നനച്ച്, കാനകളിലൂടെ ഒഴുകി തോടുകളിലും അവിടെനിന്ന് പുഴയിലുമെത്തും, പുഴ ഒടുവില്‍ കടലില്‍ തന്നെ ചെന്നു ചേരും.

ശരിയാണമ്മേ, ആകാശവും ഭൂമിയും കടന്നുള്ള ഒരു വലിയ യാത്രക്കിടയില്‍, ഭൂമിയുടെ നിലനില്‍പിന് അത്യാവശ്യമായ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ട്, പുറപ്പെട്ടിടത്തു തന്നെ തിരിച്ചെത്തുന്ന ഒരു പ്രക്രിയയാണ് "Rain Cycle'

മഴകൊണ്ട് പ്രയോജനം മാത്രമല്ല, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, കൃഷിനാശം എന്നു വേണ്ട ജീവനാശം വരെയുള്ള അനര്‍ത്ഥങ്ങളും മഴയുടെ യാത്രയില്‍ ചിലപ്പോള്‍ സംഭവിക്കാറുണ്ട്. എന്തിനാ ഈ നാശങ്ങള്‍ എന്നു ചോദിച്ചാല്‍-സൃഷ്ടിയുടെ മറുവശമാണ് നാശം. സൃഷ്ടി കൊണ്ട് നാശവും, നാശം കൊണ്ട് സൃഷ്ടിയും സംഭവിക്കുന്നുണ്ട്. സൃഷ്ടിക്കപ്പെടാനും, നശിക്കപ്പെടാനുമുള്ള ചില നിമിത്തങ്ങള്‍ക്ക് മഴയും ഒരു കാരണമാകുന്നു എന്നേയുള്ളു.

പുറപ്പെട്ടിടത്തു തന്നെ തിരിച്ചു വരാനായിരുന്നെങ്കില്‍ പിന്നെ എന്തിനാ കഷ്ടപ്പെട്ട് ഈ മിനക്കേട് എന്ന് ചിന്തിച്ച്, മഴ തന്‍റെ യാത്ര വേണ്ട എന്നു വെച്ചിരുന്നെങ്കിലോ?

അതല്ലെങ്കില്‍, തന്‍റെ യാത്രയിലെ അനര്‍ത്ഥങ്ങള്‍ ഓര്‍ത്ത് വിഷമം തോന്നിയിട്ട്, ഞാന്‍ ഇനി യാത്ര ഒന്നും പോകുന്നില്ല എന്നു തീരുമാനിച്ച് നിഷ്ക്രിയമായിരുന്നാലോ? ഭൂമി മുഴുവനും ദുരിതം അനുഭവിക്കാന്‍ അതിടയാക്കില്ലേ?

ഈ "Rain Cycle' പോലെയാണ് നമ്മുടെ "life Cycle' ഉം. നമ്മളും പുറപ്പെട്ടിടത്തു തന്നെ തിരിച്ചെത്തും. മണ്ണാണ് നമ്മള്‍, മണ്ണിലേക്കു തന്നെ മടങ്ങുകയും ചെയ്യും. നമ്മുടെ യാത്രയാണ് മറ്റുള്ളവര്‍ക്കു പ്രയോജനങ്ങളോ അനര്‍ത്ഥങ്ങളോ സൃഷ്ടിക്കുന്നത്.

മറ്റുള്ളവരുടെ യാത്ര നമുക്കു തിരിച്ചും ഇപ്രകാരം പ്രയോജനങ്ങളും ചിലപ്പോള്‍ അനര്‍ത്ഥങ്ങളും ചെയ്യുന്നുണ്ട്. 

അനര്‍ത്ഥങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം, ഒഴിവാക്കാന്‍ കഴിയാത്തതിനെ സമചിത്തതയോടെ കൈകാര്യം ചെയ്യണം. കുറഞ്ഞപക്ഷം അത് വഷളാകാതെ ഇരിക്കുകയെങ്കിലും ചെയ്യും. 

അതിനാണ് നമ്മുടെ പെരുമാറ്റത്തില്‍ സംയമനം പാലിക്കേണ്ടത്. അപ്പോള്‍ ബുദ്ധിമുട്ടുകളിലൂടെ തളരാതെ കട പോകാന്‍ സാധിക്കും.

കല്യാണം കഴിക്കാനും കഴിപ്പിക്കാനും വേണ്ടി മാത്രമല്ല ഈ ഓട്ടങ്ങള്‍ എന്നു മറക്കരുത്. 

അമ്മയുടെ ചെറുപ്പത്തില്‍, മാതാപിതാക്കള്‍ നിങ്ങളുടെ ഓരോരോ കാര്യങ്ങള്‍ക്ക്, എത്ര ഓടിയിട്ടുണ്ടായിരിക്കണം. ഈ മകനു വേണ്ടി അമ്മയെത്ര ഓടുന്നു. ഓട്ടവും അതിലെ ദുര്‍ഘടങ്ങളും കൊണ്ട് നിങ്ങള്‍ക്ക് പക്വത വര്‍ദ്ധിക്കും. 

ഉചിതമായ സമയത്ത് മകന് ഒരു പങ്കാളിയെയും ലഭിക്കും, അവനും കുട്ടികളുണ്ടാകും, അവനും അവര്‍ക്കു വേണ്ടി കുറെ ഓട്ടം നടത്തും.

ഈ ഓട്ടം കൊണ്ട് എന്തു കിട്ടി എന്നു ചിന്തിക്കുന്നതോടൊപ്പം, എന്തൊക്കെ കൊടുക്കാന്‍ കഴിഞ്ഞു എന്നു കൂടി ചിന്തിക്കണം. 

നിങ്ങള്‍ എന്ന മഴകൊണ്ട് ഈ പ്രപഞ്ചത്തിന് എത്ര പ്രയോജനം ലഭിക്കുന്നുണ്ടോ, അത്രയും ധന്യമായിത്തീരും നിങ്ങളുടെ ജീവിത യാത്രയും. 
...
ഇതു വരെയുള്ള ശ്രമം നടക്കാതെ വന്ന സ്ഥിതിക്ക്, ഒരു പുതിയ, സ്ട്രാറ്റജി പരീക്ഷിക്കാന്‍ മകനോട് പറഞ്ഞു കൊടുക്കുക.

അവന് പ്രയോജനം ചെയ്യുന്നവളെ അല്ല, അവനെക്കൊണ്ട് പ്രയോജനം ലഭിക്കുന്നവളെ കണ്ടുപിടിക്കും എന്നും, അവന് മാത്രം ഇഷ്ടം തോന്നിയവളെ അല്ല, അവനോട് ഇഷ്ടം കാണിക്കുന്നവളെ വിവാഹം ചെയ്യുമെന്നും ഒരു പുതിയ നിശ്ചയമെടുക്കുക.

Share this Story