2026-ലെ ഒരു സാധാരണ പ്രഭാതം. എന്‍റെ ഫോണില്‍ ഒരു വോയ്സ് മെസ്സേജ് വന്നു. ശബ്ദം തെറ്റിയില്ല - ചെറിയാന്‍ വര്‍ഗീസ് സാറിന്‍റേതാണ്. കേരളത്തിലെ ആദരണീയനായ ഒരു ട്രെയിനറാണിദ്ദേഹം.
എനിക്ക് ഒരു ട്രീറ്റോ, സമ്മാനമോ തരാനുദ്ദേശിക്കുന്നു, എന്നില്‍ നിന്നും കേട്ട ഒരു കഥ അദ്ദേഹം ആയിരം ക്ലാസ്സുകളില്‍ വളരെ ഫലപ്രദമായി ഉപയോഗിച്ചു അത്രെ.
ഇതു കേട്ട് ഒത്തിരി സന്തോഷം തോന്നി, ഞാന്‍ ഉള്ളില്‍ പുഞ്ചിരിച്ചു. പക്ഷേ ഒരു സത്യം പറയണം: ആ കഥ ഞാന്‍ ഉണ്ടാക്കിയതല്ല.
രണ്ടായിരാമാണ്ട് ASWAS-ഉം അന്വേഷണവും - അന്നു ഞാന്‍ ആശ്വാസ് എന്ന സംഘടനയുടെ (ASWAS – Association of Single Women for Action and Self-help) സ്ഥാപകനും രക്ഷാധികാരിയുമായിരുന്നു. സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകള്‍ക്ക് വേണ്ടി ക്ലാസ്സുകള്‍ വേണം. പക്ഷേ വെറും തൊഴില്‍ പരിശീലനം പോരാ. അഹംഭാവം നിയന്ത്രിച്ചു പരസ്പരം സഹകരിക്കുന്ന, കൂട്ടായ്മ ഉണ്ടാക്കുന്ന, മുറിവുണക്കുന്ന ക്ലാസ്സുകള്‍ വേണം.
ഞാന്‍ ചെറിയാന്‍ വര്‍ഗീസ് സാറിനെ സമീപിച്ചു. ബാങ്ക് ഉദ്യോഗസ്ഥനായ അദ്ദേഹം പറഞ്ഞു: 'ജോര്‍ജ്ജേ, എനിക്ക് സമയം പരിമിതമാണ്. ജോഷി സാറ് ഒരു നല്ല ട്രെയിനറാണ് സാറിനെ കാണൂ. അദ്ദേഹത്തിന്‍റെ കയ്യില്‍ ഈ ഗ്രൂപ്പിനു ചേരുന്ന നല്ല നല്ല പരിശീലന സാധനങ്ങളുണ്ട്.'
ആ ഒരൊറ്റ വാചകം എല്ലാം മാറ്റിമറിച്ചു.
ജോഷി സാറും ഈഗോ പൊളിക്കുന്ന കഥയും. - ജോഷി സാര്‍ ക്ളാസ്സിലെ സഹോദരിമാര്‍ക്കെല്ലാം മനസ്സിലാകുന്ന വിധം ലളിതമായ ഒരു കഥ അവതരിപ്പിച്ചു കൊണ്ട് ക്ലാസ്സ് ആരംഭിച്ചു -
പാത്തുമ്മ രാവിലെ ദിവാകരന്‍റെ കടയില്‍ വരുന്നു. 5 രൂപയുടെ പേന വാങ്ങി 20 രൂപ നോട്ട് കൊടുക്കുന്നു. ദിവാകരന്‍റെ കയ്യില്‍ ചില്ലറയില്ല. പെട്ടിയില്‍ ആകെ രണ്ടു പത്തു രൂപ നോട്ടു മാത്രമേ ഉള്ളു. അപ്പുറത്തെ ജോണിയുടെ കടയില്‍ പോയി 20 മാറ്റി നാല് 5 രൂപ വാങ്ങി. പേനയും 15 രൂപയും പാത്തുമ്മയ്ക്ക് കൊടുത്തു. ബാക്കി 5 രൂപ പെട്ടിയില്‍ വെച്ചു.
കുറച്ചു കഴിഞ്ഞ് ജോണി ദേഷ്യത്തില്‍ വരുന്നു: 'എടാ ദിവാകരാ, നീ തന്നത് കള്ളനോട്ടാ!' ദിവാകരന്‍ വിരണ്ട് പെട്ടിയിലെ രണ്ട് 10 രൂപ എടുത്ത് ജോണിക്ക് കൊടുത്തു. കള്ളനോട്ട് കീറിക്കളഞ്ഞു.
ക്ളാസ്സിലുള്ളവരെ ഗ്രൂപ്പുകളാക്കി ചര്‍ച്ച ചെയ്യാന്‍ ഒരു ചോദ്യം: 'ദിവാകരന് എത്ര രൂപ നഷ്ടം?'
ചര്‍ച്ച തുടങ്ങിയാല്‍ ക്ലാസ്സ് ബഹളമയമാകും. '35!', '40!', '25!', '20!' - കൂട്ടച്ചിരി, തര്‍ക്കം, വാദം. എല്ലാ ഗ്രൂപ്പുകള്‍ക്കും അഭിപ്രായ ഐക്യമുള്ള ഒരുത്തരം ഒരിക്കലും ഒരു ക്ളാസ്സിലും ലഭിക്കുകയില്ല.
ആ കണക്ക് റോള്‍പ്ളേ ചെയ്തു ശരിയുത്തരം കണ്ടെത്താന്‍ ജോഷി സാര്‍ അവസരം ഒരുക്കും. ശരിയുത്തരം പറഞ്ഞവരും, തെറ്റു പറഞ്ഞവരും എല്ലാം അതു കണ്ട് നിശ്ശബ്ദരാകും.
പിന്നെ വരും ജോഷി സാറിന്‍റെ ആ Punch Line - അനേകരുടെ ജീവിതം മാറ്റിമറിച്ച വാചകം:
'ഇവിടെ ഇരിക്കുന്നവരെല്ലാം ബുദ്ധിയുള്ളവരാണ്. എന്നിട്ടും ഒരു കൊച്ചു കണക്കില്‍ തെറ്റി. എന്തുകൊണ്ട്? വികാരം വിവേകത്തെ തോല്‍പ്പിച്ചതുകൊണ്ട്. ഇപ്പൊ എല്ലാവരും ഒന്നു ഉറക്കെ പറയാമോ: 'എനിക്കു തെറ്റി. എനിക്ക് തെറ്റു പറ്റില്ലെന്നു ഞാന്‍ വിശ്വസിച്ചിരുന്ന ഒരു കാര്യത്തില്‍ എനിക്കു തെറ്റി.'
അങ്ങിനെ എനിക്കു തെറ്റു പറ്റുമെങ്കില്‍, എന്‍റെ വീട്ടുകാര്‍ക്കു തെറ്റുമ്പോള്‍, എനിക്ക് ദേഷ്യപ്പെടാന്‍ എന്ത് അവകാശം? എന്ത് അധികാരം?
അന്നാണ് ഞാന്‍ പഠിച്ചത്: Team building തുടങ്ങുന്നത് 'ഞാന്‍ ശരി' എന്ന അഹംഭാവം - Ego പൊളിയുമ്പോഴാണ്.
വര്‍ഷങ്ങള്‍ പോയി. ഞാന്‍ ഈ കഥ എന്‍റെ ക്ളാസ്സുകളില്‍ ഉപയോഗിച്ചു വന്നു. ഒരു ദിവസം ചെറിയാന്‍ സാറിനോട് സംസാരിക്കുമ്പോള്‍ ഞാന്‍ ഈ കഥയുടെ പ്രസക്തി അദ്ദേഹത്തോടും പറഞ്ഞു. ചെറിയാന്‍ സാറും ആ കഥ അദ്ദേഹത്തിന്‍റെ ക്ളാസ്സുകളില്‍ ഉപയോഗിച്ചു വന്നു. കാല്‍നൂറ്റാണ്ടു കൊണ്ട് അദ്ദേഹം അത് 1,000 ക്ലാസ്സിലുപയോഗിച്ചു അത്രെ. ഒരു ക്ലാസ്സില്‍ 30 പേരെന്ന് വെച്ചാല്‍ 30,000 മനസ്സുകളെയെങ്കിലും പാക
പ്പെടുത്താന്‍ അദ്ദേഹത്തിനു സാധിച്ചു. 
ഒരു നൂറു ക്ളാസ്സിലെങ്കിലും ഞാനും ഇതുപയോഗിച്ചിട്ടുണ്ട്. അപ്പോള്‍ 33,000.
എത്ര കുടുംബ വഴക്കുകള്‍ നിന്നു എന്ന് ആര്‍ക്കറിയാം? എത്ര ഈഗോകള്‍ ഉരുകിപ്പോയി എന്ന് ആര്‍ക്കറിയാം? പ്രപഞ്ച സംവിധായകന് മാത്രമറിയാം.
പ്രപഞ്ച സംവിധാന പരമ്പര: ചെറിയാന്‍ സാര്‍ എന്നെ ജോഷിയുടെ അടുത്തേക്ക് അയച്ചു → ജോഷി എന്‍റെ സംഘങ്ങളെ പഠിപ്പിച്ചു, അങ്ങിനെ എന്നെയും കഥ പഠിപ്പിച്ചു → ഞാന്‍ ചെറിയാനോട് ഈ കഥ പറഞ്ഞു → ചെറിയാന്‍ 1,000 ക്ലാസ്സ് എടുത്ത് എാന്നോടു നന്ദി പറഞ്ഞു.
യഥാര്‍ത്ഥ എഴുത്തുകാരന്‍ ആര്? ആരുമല്ല. അല്ലെങ്കില്‍ എല്ലാവരും.ഇതാണ് പരമ്പര - വെളിച്ചത്തിന്‍റെ വംശാവലി. ഒരു വിളക്ക് മറ്റൊന്നിനെ കത്തിക്കുന്നു. ആദ്യത്തെ തിരി ആരുടേതെന്ന് മാഞ്ഞുപോകും. എങ്കിലും വെളിച്ചം മാത്രം ബാക്കി നില്‍ക്കും
ട്രീറ്റ് ആര്‍ക്കാണ് കൊടുക്കേണ്ടത്?
'സാറേ, ട്രീറ്റ് എനിക്കല്ല. ജോഷി സാറിനാണ് കൊടുക്കേണ്ടത്. ജോഷി സാറിനോട് ചോദിച്ചാല്‍ അദ്ദേഹം ഒരുപക്ഷേ പറയും, ' ട്രീറ്റ് എനിക്കല്ല അത് ഞാന്‍ വേറൊരാളില്‍ നിന്ന് പഠിച്ചതാണ്'. അതുകൊണ്ട്, തല്‍ക്കാലം ഈ ട്രീറ്റ് നമുക്ക് മൂന്ന് പേര്‍ക്കും കൂടി പങ്കിടാം - ജോഷി സാറിന്‍റെ വീട്ടിലെക്ക് നമുക്ക് ഒരു യാത്ര പോകാം - ഒരു ചായ, ഒരു ചിരി,
ഒരു 'നന്ദി'.
കടക്കാരന്‍റെ നഷ്ടം, ഇനിയും നിരവധി ഗ്രൂപ്പുകള്‍ ചര്‍ച്ച ചെയ്യട്ടെ.
പക്ഷേ ഈ കഥയുടെ ലാഭം?
പതിനായിരക്കണക്കിനു മനസ്സുകളുടെ സമാധാനം.
സമര്‍പ്പണം: ട്രെയിനര്‍മാര്‍ക്കു വേണ്ടി, കുടുംബങ്ങള്‍ക്കു വേണ്ടി, 'എനിക്കു തെറ്റി' എന്ന് പറയാന്‍ ധൈര്യമുള്ള ഓരോ മനുഷ്യനും വേണ്ടി.