ഈ പ്രപഞ്ചം സംവിധാനം ചെയ്ത സൃഷ്ടാവിനു നിങ്ങളെക്കൊണ്ട് ഏതോ ആവശ്യമുള്ളതിനാലാണ് നിങ്ങള്‍ ഒരു പുരുഷനോ സ്ത്രീയോ ആയി ഈ ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ടത്. ഇനി നിങ്ങള്‍ മരിക്കുന്നതു വരെ, ആ സംവിധായകന്‍ അപ്പപ്പോള്‍ നിശ്ചയിച്ചു തരുന്ന റോളില്‍, നിങ്ങള്‍ക്കിവിടെ ജീവിച്ചേ മതിയാകൂ. നിങ്ങള്‍ക്കു ലഭിച്ച റോളിനോട് നിങ്ങള്‍ കാണിക്കുന്ന ആത്മാര്‍ത്ഥത അനുസരിച്ച് സംവിധായകന്‍ കൂടുതല്‍ മികച്ചതോ, അല്ലാത്തതോ, ആയ റോളുകള്‍ തന്നു കൊണ്ടേയിരിക്കും. എല്ലാ റോളും പ്രധാനപ്പെട്ടവ തന്നെയാണ്. ഇവിടെ ആരും സ്ഥിരം നായകനും നായികയും ആകുന്നില്ല. എല്ലാ മനുഷ്യര്‍ക്കും അല്പനേരത്തേക്കു മാത്രം നായകനോ നായികയോ ആകാനവസരം ലഭിക്കും.
Everyone has a day, Even a Dog! അതാണ് പ്രപഞ്ച നീതി.
ഈ ബൃഹത്തായ പ്രപഞ്ച നാടകത്തിനു പുതിയ അഭിനേതാക്കളെ നിരന്തരം ലഭിച്ചു കൊണ്ടിരിക്കാനായി, ബഹുഭൂരിപക്ഷം മനുഷ്യര്‍ക്കും കൊടുത്തിരിക്കുന്ന റോളുകളില്‍, എതിര്‍ലിംഗത്തില്‍ പെട്ട ഒരു ഇണയെക്കൂടി വിഭാവനം ചെയ്തിരിക്കുന്നു ആ സംവിധായകന്‍.
അങ്ങിനെ ആണും പെണ്ണും കൂടി ഇണയും തുണയുമായി മനുഷ്യസാദ്ധ്യമായ എല്ലാ അനുഭവങ്ങളും അനുഭൂതികളും ആസ്വദിച്ച്, പുതിയ അഭിനേതാക്കളാകാന്‍ മക്കളെ സൃഷ്ടിക്കുന്നു. ആ മക്കളെ വളര്‍ത്തി, സൃഷ്ടാവിന്‍റെ നാടകം തുടരാനുള്ള പ്രാപ്തി അവര്‍ക്കു ലഭിക്കാന്‍, നിങ്ങളാലാവും വിധം അവരെ സഹായിച്ചു, നിങ്ങള്‍ അരങ്ങൊഴിയുന്നു.
സൃഷ്ടാവു നിശ്ചയിച്ച ഈ ജീവിതചക്രം, എത്രയും അഭികാമ്യമായ രീതിയില്‍, പൂര്‍ത്തിയാക്കലായിരുന്നു നമ്മുടെ
ആവശ്യം. അതു സ്നേഹത്തിലും സമാധാനത്തിലും, നിങ്ങളുടെ ചുറ്റുമുള്ളവര്‍ക്ക് കൂടി പ്രയോജനകരമായ വിധം സാധിച്ചെടുക്കുന്നതാണ് യഥാര്‍ത്ഥ തൃപ്തിയും, ജീവിത വിജയവും.
ആണും പെണ്ണും ചേര്‍ന്നു, മക്കളെ സൃഷ്ടിച്ചു ജീവിക്കാനുള്ള ഒരു സംവിധാനം അതിനാവശ്യമായിരുന്നു. ആ സംവിധാനത്തിനു നിയമസാധുതയും, സംരക്ഷണവും, ലഭിക്കാനുള്ള ഒരു നടപടി ആയിരുന്നു, വിവാഹം എന്നത്. ആ സംവിധാനം ആണ് കുടുംബം.
വിവാഹത്തിനായി, ഒരിണയെ ആകര്‍ഷിക്കാനുള്ള കഴിവു, എല്ലാ സൃഷ്ടികള്‍ക്കും സൃഷ്ടാവു തന്നെ നല്‍കിയിട്ടുമുണ്ട്. ഒരു പ്രൊപ്പോസല്‍ വന്നാല്‍, കടലാസ്സിലെ വിവരങ്ങളും, ഫോട്ടോയിലെ ചന്തവും മാത്രം നോക്കി തീരുമാനങ്ങള്‍ എടുക്കുന്നതു കൊണ്ടാകാം, ഒരു പക്ഷേ ശരിക്കും ആകര്‍ഷകമായ ഇണയെ കണ്ടെത്താനാകാതെ വരുന്നത്.
പ്രിയപ്പെട്ടവരെ, നമ്മുടെ കുട്ടികള്‍ക്കു വിവാഹം അന്വേഷിക്കുമ്പോള്‍, പെണ്ണു കാണലിന്‍റെ ഔപചാരികത ഒന്നുമില്ലാതെ തമ്മില്‍ കണാനും സംസാരിക്കാനും പരസ്പരം വിലയിരുത്താനും അവസരം ലഭിച്ചാല്‍, മാറാനുള്ള
വിഷമം മാത്രമല്ലേ ഇതിലുള്ളത്.
വിവാഹാര്‍ത്ഥികള്‍ക്ക് സഹജീവികളുടെ സ്വഭാവ-വിശേഷങ്ങള്‍ മനസ്സിലാക്കുവാനും, പരസ്പരമുള്ള ഇടപെടലുകളിലെ അര്‍ത്ഥങ്ങളും - അനര്‍ത്ഥങ്ങളും തിരിച്ചറിഞ്ഞ്, സ്വന്തം പെരുമാറ്റത്തില്‍ സംയമനം ശീലിക്കുവാനും, അതു വഴി ജോലിസ്ഥലത്തും കുടുംബത്തിലും സംഭവിക്കാറുള്ള അസ്വസ്ഥതകള്‍ പലതും ഒഴിവാക്കുവാനും, ബെത് ലെഹം നടത്തിവരുന്ന ട്രാന്‍സാക്ഷണല്‍ അനാലിസിസ്സ് ശില്പശാലകള്‍ വളരെ സഹായകരമാണ്.
ഈ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
സസ്നേഹം
ജോര്‍ജ്ജ് കാടങ്കാവില്‍