Back to articles

വിവാഹം വൈകിയാലും കുടുംബങ്ങള്‍ നിലനില്‍ക്കും

July 21, 2025

പ്രിയപ്പെട്ടവരേ, മക്കളുടെ വിവാഹം വൈകുന്നതിനു ഞാന്‍ ശ്രദ്ധിച്ചിരിക്കുന്ന ചില പ്രധാന ഘടകങ്ങളുണ്ട്.

1. ജീവിതത്തിന്‍റെ ലക്ഷ്യം പഠനത്തിലും ജോലിയിലും ലഭിക്കുന്ന ഉയര്‍ച്ചകളും, നേട്ടങ്ങളും, ലാഭങ്ങളും ആണെന്ന ധാരണ.

2. ജീവിത പങ്കാളിയോടും മറ്റു സഹജീവകളോടും ഇടപെടുമ്പോള്‍, അസ്വസ്ഥതകള്‍ സൃഷ്ടിക്കാത്ത വിധം ഉചിതമായി എങ്ങിനെ പെരുമാറണം എന്ന് അറിയില്ല, പഠിച്ചിട്ടില്ല.

3. ഏറ്റവും മികച്ചത് നേടിയെന്നു മറ്റുള്ളവരെ കാണിക്കാനുള്ള മത്സരം. അതിനുവേണ്ടി വിവാഹം പോലും അത്യാര്‍ഭാടകരമാക്കുന്നു. അതു കണ്ട് അന്ധാളിച്ചു പോകുന്ന അവിവാഹിതര്‍ വിവാഹം ഒഴിവാക്കാന്‍ ഓരോ കാരണങ്ങള്‍ കണ്ടുപിടിക്കുന്നു.

4. അവരുടെ മാതാപിതാക്കളുടേതുള്‍പ്പടെ അവര്‍ കണ്ടിരിക്കുന്ന കുടുംബങ്ങളിലെ, "പ്രശ്നങ്ങള്‍ മാത്രം" 
ശ്രദ്ധയില്‍ പെടുകയും, അതുവഴി കുടുംബം എന്ന സങ്കല്‍പ്പത്തോടു താല്പര്യം കുറയുന്ന അവസ്ഥ.  

5. ദൈനംദിന കാര്യങ്ങളില്‍ മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാമെന്ന നിലവിലെ ജീവിതാവസ്ഥ,
വിവാഹത്തോടുകൂടി മാറുമോ? പിന്നെ എന്താകും? എന്നൊക്കെ മാറ്റങ്ങളെ നേരിടാനുള്ള ഭയം.

6. സ്വന്തം സ്വാതന്ത്ര്യം നഷ്ടപ്പെടുമോ, മറ്റൊരാളുടെ നിയന്ത്രണമോ, ഉത്തരവാദിത്വമോ തന്‍റെ മേലാകുമോ എന്ന ഭയം.

7. ഇണയെ ആകര്‍ഷിക്കാനോ, തൃപ്തിപ്പെടുത്താനോ, ഒരു നല്ല പങ്കാളിയാകാനോ തനിക്കു സാധിക്കാതെ വരുമോ എന്ന പേടിയും ആത്മവിശ്വാസക്കുറവും. 

ഇതോരോന്നിന്‍റെയും വിവിധ വശങ്ങളെക്കുറിച്ചു നിരവധി ലേഖനങ്ങള്‍ ബെത്-ലെഹം വെബ്സൈറ്റിലെ  എഡിറ്റോറിയല്‍ പേജില്‍ കൊടുത്തിട്ടുണ്ട്.  www.bethlehemmatrimonial.com/editorial

തൊഴിലിനേക്കുറിച്ച് നമുക്ക് ഒന്നുകൂടി ചിന്തിച്ചു നോക്കാം.


ആണും പെണ്ണും കരുത്തും ത്രാണിയും ജോലിയും
പുരുഷനു കരുത്തും സ്ത്രീയ്ക്ക് ത്രാണിയും ആണ് പ്രകൃതിദത്തമായി ലഭിച്ചിരിക്കുന്ന പ്രത്യേകതകള്‍. കാലം പുരോഗമിച്ചപ്പോള്‍ കരുത്ത് ആവശ്യമായ പ്രവര്‍ത്തികള്‍ ചെയ്യാന്‍ യന്ത്രങ്ങള്‍ നിലവില്‍ വന്നു. അപ്പോള്‍ തൊഴില്‍ സ്ഥലങ്ങളില്‍ കരുത്തിനേക്കാള്‍ അധികമായി, ത്രാണിയ്ക്ക് പ്രാധാന്യം വര്‍ദ്ധിച്ചു. തന്മൂലം, തൊഴില്‍ദാതാക്കള്‍ പുരുഷനേക്കാള്‍ ഉപരിയായി, സ്ത്രീകളെ ജോലിക്കു പരിഗണിക്കാന്‍ തുടങ്ങി. അങ്ങിനെ സ്ത്രീയ്ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമായി. 

എങ്കിലും തൊഴിലുടമയെയും, അവരുടെ മാനേജര്‍മാരെയും സംബന്ധിച്ചു, സ്ത്രീയുടെ വിവാഹം, ഗര്‍ഭധാരണം, കുട്ടികളെ പരിചരിക്കല്‍ തുടങ്ങിയ കടമകള്‍, തൊഴിലില്‍ ഇടവേളകളില്ലാതെ തുടരുന്നതിനുള്ള പരിമിതിയായി അനുഭവപ്പെടുന്നു. അതുകൊണ്ടായിരിക്കണം, മിക്ക തൊഴിലിടങ്ങളിലും, വിവാഹത്തെയും, കുടുംബ ജീവിതത്തെയും നിരുത്സാഹപ്പെടുത്തുന്ന സംഭാഷണങ്ങളും, സംഭവങ്ങളും നടക്കുന്നത്. വിവാഹമേ വേണ്ടെന്നു വെച്ചിരിക്കുന്ന സ്ത്രീകള്‍ക്കു, ജോലിയിലും, വരുമാനത്തിലും, മറ്റ് ആനുകൂല്യങ്ങളിലും കൂടുതല്‍ നേട്ടങ്ങള്‍ക്കു സാദ്ധ്യതയുണ്ടത്രെ.

പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഒരു പെണ്‍കുട്ടി, തൊഴിലില്‍ കാലുറച്ചശേഷം മതി വിവാഹം, എന്നു ചിന്തിക്കുന്നത് സ്വാഭാവികം. പക്ഷേ തനിക്കു വിവാഹമേ വേണ്ട എന്ന നിലപാടെടുക്കുന്നത്, തൊഴില്‍ സ്ഥലത്തുള്ള ഇത്തരം വിവിധ പരിഗണനകള്‍ മൂലമാണ്.

(ഇതു വായിച്ചിട്ട് - ഡിവോഴ്സ് ചെയ്താല്‍ ജോലിയില്‍ പ്രൊമോഷന്‍ കിട്ടുമെന്നു തെറ്റിദ്ധരിക്കരുതേ, കാര്യപ്രാപ്തിയും, സമചിത്തതയും, ഫലപ്രാപ്തിയും കൂടി വിലയിരുത്തിയാണ് തൊഴില്‍ സ്ഥലത്തു പരിഗണന ലഭിക്കുന്നത്.)

പഠന സ്ഥലത്തും തൊഴില്‍ സ്ഥലത്തും പെണ്‍കുട്ടികള്‍ക്കു പ്രാധാന്യം വര്‍ദ്ധിച്ചപ്പോള്‍, ആണ്‍കുട്ടികള്‍, തന്‍റെ തലയില്‍ നിന്നും ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ മാറിക്കിട്ടിയല്ലോ എന്ന ഭാവത്തിലുള്ള നിസ്സംഗതയാണ് പലപ്പോഴും പ്രകടിപ്പിക്കുന്നത്. ഈ നിസ്സംഗത മൂലമുള്ള ഉള്‍വലിയല്‍, കുടുംബ ജീവിതത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആണ്‍കുട്ടികള്‍ക്കും തടസ്സമാകുന്നു, തന്മൂലം വിവാഹം കുറച്ചുകൂടെ കഴിയട്ടെ എന്ന തണുപ്പന്‍ നിലപാടാണ് ഭൂരിപക്ഷം ആണ്‍കുട്ടികള്‍ക്കും. 

ഇനി അഥവാ ആരെങ്കിലും നല്ല പ്രായത്തില്‍ തന്നെ വിവാഹത്തിനു താല്‍പ്പര്യം എടുത്താലും, ആ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയെ ഒട്ടു ലഭിക്കാനുമില്ല.

(ഇതിനൊരു നല്ല വശം ഞാന്‍ ശ്രദ്ധിച്ചിരിക്കുന്നത്, ഒരു ഇരുപത്തിയഞ്ചു വയസ്സില്‍ വിവാഹത്തിനു തയ്യാറാവുന്ന പെണ്‍കുട്ടികള്‍ക്ക് വരനെ കണ്ടെത്താന്‍ കൂടുതല്‍ എളുപ്പമാകുന്നു എന്നതാണ്.)

ജീവിക്കാന്‍ വേണ്ടിയല്ലേ ജോലി ചെയ്യുന്നത്? അല്ലാതെ, ജോലി ചെയ്യാന്‍ വേണ്ടിയാണോ ജീവിക്കുന്നത്? പഠിക്കുമ്പോള്‍ പ്രോഗ്രസ്സ് കാര്‍ഡിലെ മാര്‍ക്കുകളും, ജോലി ചെയ്യുമ്പോള്‍ ശമ്പള സ്കെയിലും, ആനുകൂല്യങ്ങളും നോക്കി ജീവിതവിജയം വിലയിരുത്തുന്ന നമ്മുടെ സ്വഭാവമാണ് ഇവിടെ വില്ലന്‍. 

എന്തിനാ ജീവിക്കുന്നത് എന്ന വ്യക്തമായ ധാരണ നിങ്ങളുടെ കുടുംബത്തില്‍ ഉണ്ടായെങ്കിലേ,  എങ്ങിനെ ജീവിക്കണം, എപ്പോള്‍ വിവാഹം ചെയ്യണം, ആരെ വിവാഹം ചെയ്യണം, എന്നൊക്കെ തീരുമാനിക്കാന്‍ നിങ്ങള്‍ക്കു സാധിക്കൂ.

ആണും പെണ്ണും ആയിട്ടാണ് സൃഷ്ടാവ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. ഒരു സ്ത്രീയും പുരുഷനും ചേര്‍ന്നാണ് നിങ്ങള്‍ക്ക് ജന്മം നല്‍കിയത്. ആണോ, പെണ്ണോ, ആയിട്ടാണ് നിങ്ങള്‍ ജനിച്ചത്. ആണും പെണ്ണും കൂടി ചേര്‍ന്ന് എല്ലാ വിധ അനുഭവങ്ങളും ആസ്വദിച്ച് ജീവിച്ച് കുഞ്ഞുങ്ങളെ സൃഷ്ടിച്ച് വംശം നിലനിര്‍ത്തി രംഗം ഒഴിയുകയാണ് മനുഷ്യ ജീവിതചക്രം. ഒരു വ്യക്തിയ്ക്ക്, അയാളുടെ ജനനം മുതല്‍ മരണം വരെ, ഈ ഭൂമിയില്‍ ലഭിക്കുന്ന സമയം, ഒരു തുണയോടോ ഇണയോടോ ഒപ്പം ആസ്വദിക്കുന്നതാണ് കുടുംബജീവിതം. തൊഴില്‍ എന്നത് ആ ജീവിതത്തിനാവശ്യമായ സാധന സാമഗ്രികള്‍ സംഘടിപ്പിക്കാനുള്ള ഉപജീവന മാര്‍ഗ്ഗം മാത്രമാണ്.

സ്വന്തവും ബന്ധവും മക്കളും അതിന്‍റെയൊക്കെ പ്രാരാബ്ദങ്ങളും ഇല്ലാതെ സര്‍വ്വ സ്വതന്ത്രരായി ജീവിക്കാനാഗ്രഹിച്ച പലരും, എന്തെങ്കിലും അസുഖം വന്നു കുറച്ചു ദിവസം കിടപ്പിലാകുമ്പോഴോ, ഏതെങ്കിലും വിവാദത്തിലോ സംഘര്‍ഷത്തിലോ ഉള്‍പ്പെട്ട് ഒറ്റപ്പെടുമ്പോഴും മറ്റുമാണ്, തന്നെ അന്വേഷിക്കാനാരുമില്ല, കൂടെ നിന്നു ധൈര്യം തരാന്‍ ആരുമില്ല, ഇത്ര കാലം ജീവിച്ചിരുന്നതിനൊരു പ്രയോജനവും ഇല്ലാതെ പോയി, എന്നൊക്കെ ചിന്തിക്കാനും, നിരാശപ്പെടാനും, ചിലപ്പോള്‍ സ്വയം മാറാനും ഇടയാകുന്നത്.

ഒരു ജീവിത പങ്കാളിയെ കണ്ടെത്തി, ആത്മാര്‍ത്ഥതയോടെ പെരുമാറി, എന്തിനും ഏതിനും കൂട്ടായി കൂടെ  നില്‍ക്കാനുള്ള സന്നദ്ധത പരസ്പരം വളര്‍ത്തിയെടുക്കാന്‍, ക്ഷമയോടെ നിരന്തരം പരിശ്രമിക്കേണ്ടിവരും. പക്ഷേ പഠിച്ചു തൊഴില്‍ നേടുന്നതിലും അധികം പ്രധാനമാണിത്. നിന്‍റെ യൌവ്വനകാലത്തു ലഭിക്കുന്ന മക്കള്‍ നിന്‍റെ ആവനാഴിയിലെ അസ്ത്രങ്ങള്‍ പോലെയാണ് എന്നു മറക്കരുത്. ഇതൊക്കെ വിലയിരുത്തി, കരിയറിനും കുടുംബത്തിനും എത്ര പ്രാധാന്യം കൊടുക്കണമെന്നു, നിങ്ങള്‍ക്കു തീരുമാനിക്കാം. 

ഉന്നത വിദ്യാഭ്യാസത്തിലും ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം ലഭിക്കുന്നത്. തന്മൂലം ധാരാളം പെണ്‍കുട്ടികള്‍ക്ക് തുല്യ വിദ്യാഭ്യാസമുള്ള പുരുഷനെ ജീവിതപങ്കാളിയായി ലഭിക്കാതെയും വരുന്നുണ്ട്. ജീവിതത്തെക്കുറിച്ചും പങ്കാളിയുടെ യോഗ്യതകളെക്കുറിച്ചുമുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ മാറ്റുകയാണ് ഒരുപോംവഴി. വിദ്യാഭ്യാസ യോഗ്യതകളെക്കാള്‍ ഉപരി, കുടുംബത്തിന്‍റെ ജീവിതാവശ്യങ്ങള്‍ അസ്വസ്ഥതകളൊഴിവാക്കി കാര്യക്ഷമമായി നടത്തിയെടുക്കാനുള്ള പ്രാപ്തിയല്ലേ പ്രധാനം എന്നും ചിന്തിക്കണം.

നിത്യജീവിതത്തിലെ ഓരോരോ പ്രവര്‍ത്തികള്‍ പെണ്ണിനു മാത്രം - ആണിനു മാത്രം എന്ന പഴയ നിര്‍വചനങ്ങള്‍ക്കു പകരം, തുല്യ പങ്കാളിത്തം, പ്രായോഗിക പങ്കാളിത്തം എന്നൊക്കെ മാറ്റിയെഴുതി പ്രായോഗികമാക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്നു ജീവിക്കുന്നത്. ഇതു മനസ്സിലാക്കി പെരുമാറുന്ന, കുടുംബജീവിതം പ്രായോഗികമായി മുന്നോട്ടു നയിക്കുന്ന ധാരാളം പുതിയ കുടുംബങ്ങള്‍ ഇപ്പോഴും രൂപപ്പെടുന്നുണ്ട്. 

ബെത്-ലെഹമില്ർ ഈ വര്‍ഷം ഇതുവരെ 655 അംഗങ്ങള്‍ വിവാഹം കഴിഞ്ഞു എന്നറിയിച്ചു പ്രൊഫൈല്‍ കാന്‍സല്‍ ചെയ്തിട്ടുണ്ട്

ഇതെഴുതാനായി ഞാന്‍ കഴിഞ്ഞ പതിനാറു വര്‍ഷത്തെ ഡേറ്റ പരിശോധിച്ചു നോക്കി. ആകെ 37405 പേരാണ് വിവാഹം കഴിഞ്ഞു കാന്‍സല്‍ ചെയ്തത്. അതില്‍ ബന്ധം പിരിഞ്ഞു എന്നറിയിച്ചിരിക്കുന്നത് വളരെ ചെറിയ ഒരു ശതമാനം മാത്രമാണ്. ബഹുഭൂരിപക്ഷവും നല്ല രീതിയില്‍ കുടുംബജീവിതം നയിച്ചു കൊണ്ടിരിക്കുന്നു.

എത്രയോ യാത്രാ വിമാനങ്ങള്‍ ദിവസവും പറന്നു സുരക്ഷിതമായി ലക്ഷ്യങ്ങളിലെത്തുന്നു. അതൊന്നും 
വലിയ വാര്‍ത്തയാവുന്നില്ല. പക്ഷേ വിമാന അപകടങ്ങളെല്ലാം വലിയ വാര്‍ത്തയാകും, ഭയം സൃഷ്ടിക്കും. എങ്കിലും മനുഷ്യര്‍ക്ക് വിമാന യാത്ര ആവശ്യമുള്ളതിനാല്‍ വിമാനങ്ങള്‍ സേവനം തുടര്‍ന്നു കൊണ്ടിരിക്കുന്നു.


പ്രിയപ്പെട്ടവരെ തകര്‍ച്ചകളുടെ വാര്‍ത്തകള്‍ കേട്ടു നിങ്ങള്‍ ഭയപ്പെടേണ്ട, നമ്മുടെ കുടുംബങ്ങളും നിലനില്‍ക്കും.

സസ്നേഹം ജോര്‍ജ്ജ് കാടങ്കാവില്‍

What is Profile ID?
CHAT WITH US !
+91 9747493248