നിഷ്കളങ്കതയിൽ നിന്ന് അഴിമതിയിലേക്കുള്ള ദൂരം!

"അങ്കിൾ, എനിക്ക് ഇപ്പോൾ കല്യാണം വേണ്ട. കുറഞ്ഞത് ഒരു അഞ്ചു വർഷം കൂടി കഴിഞ്ഞിട്ട് മതി."
എന്നോടു സംസാരിക്കണം എന്നു പറഞ്ഞ് മാതാപിതാക്കളോടൊപ്പം ബെത്ലഹം ഓഫീസിൽ എത്തിയ, ഉന്നത ബിരുദവും നല്ല ജോലിയുമുള്ള ഒരു മിടുക്കിപ്പെൺകുട്ടി എന്നോട് പറഞ്ഞ വാക്കുകളാണിത്. അവളുടെ അച്ഛനും അമ്മയും വലിയ ആശങ്കയോടെയാണ് എന്നെ നോക്കുന്നത്.
ഞാൻ അവളോട് സ്നേഹപൂർവ്വം ചോദിച്ചു: "മോളേ, നിനക്ക് നല്ല ജോലിയുണ്ട്, പ്രായവുമായി. പിന്നെന്താണ് വിവാഹത്തിനോട് മടി തോന്നുന്നത്?" അവൾ നൽകിയ മറുപടി ഈ കാലത്തിന്റെ ഒരു നേർക്കാഴ്ചയായിരുന്നു: "അങ്കിൾ, എന്റെ പഠനത്തിനായും വീട്ടിലെ ചില അത്യാവശ്യത്തിനുമായി എജ്യുക്കേഷൻ ലോൺ (Education Loan) എടുത്തിരുന്നു. വലിയൊരു തുക ഇനിയും തിരിച്ചടയ്ക്കാൻ ബാക്കിയുണ്ട്. കല്യാണം കഴിച്ചാൽ ആ ബാധ്യത എന്റെ സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടപ്പെടുത്തില്ലേ? മാത്രമല്ല, ജോലിസ്ഥലത്ത് സീനിയേഴ്സും പറയുന്നുണ്ട് കല്യാണം റിസ്ക് ആണെന്ന്" ആ മോളുടെ വാക്കുകളിൽ ഞാൻ കേട്ടത് അവളുടെ മാത്രം സങ്കടമല്ല; മറിച്ച് നമ്മുടെ ആധുനിക വിദ്യാഭ്യാസ-സാമൂഹിക വ്യവസ്ഥിതി സൃഷ്ടിച്ചെടുത്ത ഒരു വലിയ പ്രതിസന്ധിയാണ്.
ഇപ്പോൾ വിദ്യാർത്ഥികൾ, വെറും ഉപഭോക്താക്കൾ മാത്രം (Consumers)! ഞാൻ കുട്ടിക്കാലത്ത് പഴയകാല 'എഴുത്തുകളരിയിൽ' (നിലത്തെഴുത്ത് കളരി) പഠിച്ചിട്ടുണ്ട്. ഇന്നും ആ ഓർമ്മകൾ ചിലത് എന്റെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.
മലയാളം അക്ഷരമാലകളും അക്കങ്ങളും നാരായം കൊണ്ടെഴുതിയ പത്ത് ഓലകളാണ് കളരിയിലെ സിലബസ്. പത്ത് ഓലകളിലുമുള്ളത് എഴുതി പഠിച്ചു കഴിഞ്ഞാൽ ചിന്തം വെയ്പ്പ് (Convocation) എന്നൊരു ചടങ്ങോടെ കളരി വിദ്യാഭ്യാസം അവസാനിക്കും. എല്ലാ ദിവസവും ആശാൻ ഒരു പ്രാർത്ഥനാ ശ്ലോകം ചൊല്ലിക്കൊണ്ടാണ് ക്ലാസ്സ് തുടങ്ങുന്നത്. ശ്ലോകം തീരുന്ന നിമിഷം, ഞങ്ങൾ കുട്ടികളെല്ലാവരും ഒരേ സ്വരത്തിൽ ഉറക്കെ വിളിച്ചുപറയും: "ആശാനേ, ഈശ്വരൻ രക്ഷിക്കട്ടെ!" ഗുരുവും ശിഷ്യനും തമ്മിലുള്ള ആ പവിത്രമായ ആത്മബന്ധത്തിന്റെയും നന്ദിയുടെയും പ്രാർത്ഥനയായിരുന്നു അത്. നിലത്തെഴുത്താശാന്റെ മുന്നിലിരുന്ന് മണലിൽ അക്ഷരങ്ങൾ കുറിക്കുമ്പോൾ, അറിവിനൊപ്പം ജീവിതമൂല്യങ്ങളും സത്യസന്ധതയും മറ്റുള്ളവരെ സ്നേഹിക്കാനുള്ള വിവേകവും (Wisdom) ഞങ്ങൾ പഠിച്ചു.
എന്നാൽ ഇന്ന് എഴുത്തുകളരികളുടെ സ്ഥാനത്ത് പടുകൂറ്റൻ 'ഉന്നതവിദ്യാ ഫാക്ടറികൾ' വന്നു. കിന്റർഗാർട്ടൻ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെ നമ്മുടെ കുട്ടികൾ വളർന്നത് വിദ്യാർത്ഥികളായല്ല, മറിച്ച് പണം കൊടുത്ത് സേവനം വാങ്ങുന്ന ഉപഭോക്താക്കളായാണ് (Customers / Consumers). ഇന്ന് അവിടെ ആത്മാർത്ഥമായ പ്രാർത്ഥനകളോ "ഈശ്വരൻ രക്ഷിക്കട്ടെ" എന്ന പോലുള്ള നന്ദിവാക്കുകളോ ഉരുവിടുന്നില്ല; പകരം റെക്കോർഡ് പാടും. "ഞാൻ ഫീസ് അടച്ചു, എനിക്ക് സർട്ടിഫിക്കറ്റ് തരൂ" എന്ന കച്ചവട മനോഭാവം മാത്രമാണ് പല സ്ഥാപനങ്ങളിലും ഉള്ളത്.
ഈ ഫാക്ടറികളിൽ നിന്ന് അവർ പണം കൊടുത്തു വാങ്ങിയത് കേവലമായ വിവരങ്ങളും (Information) ബുദ്ധിശക്തിയും (Intelligence) പ്രൊഫഷണൽ അറിവുകളും മാത്രമാണ്. എന്നാൽ ജീവിതത്തെ ശരിയായി നയിക്കാനുള്ള വിവേകം (Wisdom) അവർക്ക് ആരും കാണിച്ചുകൊടുത്തില്ല. ഉപഭോക്താവിന്റെ സ്വഭാവം മാത്രം ശീലിച്ച അവർ, ജീവിതകാലം മുഴുവൻ എന്തിനെയും വിലയിട്ട് വാങ്ങുന്ന ഒരു 'കസ്റ്റമർ' മാത്രമായി മാറി. ഈ ഉപഭോക്തൃ സംസ്കാരം നമ്മുടെ യുവതലമുറയെ നിഷ്കളങ്കതയിൽ നിന്ന് അഴിമതിയിലേക്ക് (Cycle of Innocence to Corruption) നയിക്കുന്ന മൂന്ന് അപകടകരമായ പടവുകളിലൂടെയാണ് കൊണ്ടുപോകുന്നത്:
1. വിൽക്കലും വാങ്ങലും (Selling and Buying)
കമ്പോള സംസ്കാരത്തിൽ വളർന്നവർക്ക് ജീവിതത്തിലെ എന്തിനെയും വിൽക്കാനും വാങ്ങാനും മടിയുണ്ടാവില്ല. സാധനങ്ങളും സേവനങ്ങളും മാത്രമല്ല, സ്വന്തം ആത്മാർത്ഥതയും സത്യസന്ധതയും (Integrity) പോലും വിൽക്കാൻ അവർ തയ്യാറാകുന്നു. പകരം അവർ വാങ്ങുന്നത് വെറും സുഖഭോഗങ്ങളും അഹംഭാവത്തെ (Ego) തൃപ്തിപ്പെടുത്തുന്ന ആഡംബരങ്ങളുമാണ്.
* വിവാഹത്തിലെ പ്രത്യാഘാതം: 'കൊടുക്കൽ-വാങ്ങൽ' മനോഭാവം ഉള്ളിൽ ഉറച്ചുപോയതുകൊണ്ട്, വിവാഹത്തെയും പങ്കാളിയെയും ഒരു കച്ചവടച്ചരക്കായിട്ടാണ് പലരും കാണുന്നത്. ബുദ്ധിശക്തി കൊണ്ട് ലാഭനഷ്ടങ്ങൾ കണക്കുകൂട്ടുമ്പോൾ, വിവാഹം ഒരു 'നഷ്ടക്കച്ചവടമായി' അവർക്ക് തോന്നുന്നു. ഇതാണ് ഇന്നത്തെ പെൺകുട്ടികളിലും ആൺകുട്ടികളിലും വിവാഹത്തോടുള്ള ഭയവും വിമുഖതയും വളർത്തുന്നത്.
2. കടം വാങ്ങലും ആശിച്ചതു വാങ്ങലും (Borrowing and Buying)
കൈവശമുള്ള സാധനങ്ങളോ സേവനങ്ങളോ വിറ്റ് മോഹിച്ചത് വാങ്ങി ശീലിച്ചു പോയവരാണ് നമ്മിൽ പലരും. വിൽക്കാൻ കൈവശം ഒന്നുമില്ലാതെ വരുമ്പോൾ, അടുത്ത പടിയായി നമ്മൾ കടം വാങ്ങാൻ തുടങ്ങുന്നു. സ്വന്തം ഭാവിയും സമാധാനവും ആത്മാഭിമാനവുമാണ് പണയം വെക്കുന്നത് എന്നറിയാതെയാണ് ഈ കടം വാങ്ങൽ.
* ഉന്നത വിദ്യാഭ്യാസ ഫാക്ടറികൾ നൽകുന്ന ഭീമമായ വിദ്യാഭ്യാസ വായ്പകളുടെ (Education Loans) ഭാരം ചുമലിലേറ്റിയാണ് പലരും കലാലയങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നത്. ആ കടം വീട്ടാനുള്ള നെട്ടോട്ടത്തിനിടയിൽ കുടുംബജീവിതം എന്ന മനോഹരമായ സ്വപ്നം അവർ മാറ്റിവെക്കുന്നു.
* മറുവശത്ത്, ക്രെഡിറ്റ് കാർഡുകളും 'ഇപ്പോൾ വാങ്ങൂ, പിന്നീട് പണമടയ്ക്കൂ' (Buy Now, Pay Later) എന്ന കെണികളും യുവതലമുറയെ വരവിൽ കവിഞ്ഞ ചെലവുകൾക്ക് അടിമകളാക്കുന്നു.
3. മോഷ്ടിക്കലും വാങ്ങലും (Stealing and Buying)
കടം വാങ്ങിയ പണം തീരുകയും, തിരിച്ചടയ്ക്കാൻ (Repay) ഒരു വഴിയുമില്ലാതെ വരികയും ചെയ്യുമ്പോൾ മനുഷ്യൻ നിസ്സഹായനാകുന്നു. ആ നിസ്സഹായാവസ്ഥ അവരെ നിയമവിരുദ്ധമായ വഴികളിലേക്ക് തള്ളിവിടുന്നു.
ഇന്ന് നമ്മുടെ നാട്ടിൽ ചെറുപ്പക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾക്കും, സാമ്പത്തിക അഴിമതികൾക്കും, ലഹരിമരുന്ന് കടത്തലുകൾക്കും പിന്നിലെ പ്രധാന കാരണം ഈ ക്രെഡിറ്റ് സംസ്കാരവും തിരിച്ചടയ്ക്കാനാവാത്ത കടബാധ്യതകളുമാണ്. ഒരിക്കൽ തെറ്റായ വഴിയിലേക്ക് കാൽവെച്ചാൽ, പിന്നീട് മോഷണവും ചതിയും ഒരു ശീലമായി മാറുന്നു. അങ്ങനെ ഒരു തലമുറയുടെ നിഷ്കളങ്കത പൂർണ്ണമായും അഴിമതിയിലേക്ക് വഴിമാറുന്നു.
പ്രിയ മാതാപിതാക്കളേ, യുവതീ-യുവാക്കളേ, നമ്മൾ ഒന്ന് മാറ്റി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. വിദ്യാഭ്യാസം എന്നത് മക്കളെ വെറുമൊരു 'ഉപഭോക്താവാക്കി' മാറ്റാനുള്ളതല്ല, മറിച്ച് അവരിൽ വിവേകത്തിന്റെ (Wisdom) വെളിച്ചം തെളിക്കാനുള്ളതാകണം. പഠനച്ചെലവുകൾക്കും ആഡംബരങ്ങൾക്കും വേണ്ടി മക്കളെ കടക്കെണിയിലാക്കാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.
മോളേ, വിവാഹം എന്നത് ബാങ്ക് ബാലൻസുകളുടെയോ ലോണുകളുടെയോ കണക്കുപുസ്തകമല്ല; മറിച്ച്, പരസ്പരം താങ്ങായി നിന്ന് ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും നേരിടാനുള്ള രണ്ടു ഹൃദയങ്ങളുടെ ഐക്യമാണ് (Harmony of the Hearts) എന്ന് നമ്മൾ തിരിച്ചറിയണം.
കമ്പോളത്തിലെ കണക്കുകൾ മാറ്റിവെച്ച് ഹൃദയം കൊണ്ട് നിന്റെ ജീവിത പങ്കാളിയെ തിരഞ്ഞു നോക്കുക. അങ്ങനെ ആരെയെങ്കിലും കണ്ടു മുട്ടിയാൽ അയാളോടു നിന്റെ പ്രതിസന്ധി തുറന്നു പറയുന്നതിനു മുമ്പ് “ഇത് രഹസ്യമായി സൂക്ഷിക്കുമോ?” എന്നു ചോദിക്കുക. സമ്മതം കിട്ടിയാൽ മാത്രം കാര്യങ്ങൾ തുറന്നു പറയുക! ചിലപ്പോൾ അയാളിൽ നിന്നു നിനക്കൊരു പരിഹാരം കണ്ടെത്താൻ ഇടയായേക്കാം.
ഇനി രഹസ്യം സൂക്ഷിക്കുന്ന ആളാണെങ്കിൽ കടബാധ്യത തീരുമ്പോഴെങ്കിലും ചിലപ്പോൾ വിവാഹം നടന്നേക്കാം. പരസ്യമാക്കിയാലും ഭയപ്പെടേണ്ട, വിശ്വസിക്കാൻ കൊള്ളാത്ത ഒരാളെ തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ പഠിച്ചല്ലോ എന്നു സമാധാനിക്കണം.
ഒന്നും ചെയ്യാതിരുന്നാൽ ഒന്നും സംഭവിക്കില്ല എന്നു വിചാരിക്കരുത്. നിഷ്ക്രിയത്വവും നിസ്സംഗതയും സ്വന്തം മനസ്സു മരവിപ്പിക്കും. നല്ല ഉദ്ദേശത്തിൽ എന്തെങ്കിലും ചെയ്താലേ ഫലം കിട്ടുമെന്നു പ്രതീക്ഷിക്കാനെങ്കിലും നമുക്ക് അർഹത ലഭിക്കൂ.
ഈ പ്രപഞ്ചത്തിൽ ജീവിതപ്രതിസന്ധികൾ നേരിടാൻ മനുഷ്യനു ശക്തി തരുന്ന ശക്തികേന്ദ്രത്തിന്റെ പേരാണ് പ്രതീക്ഷ.
സ്നേഹത്തോടെ,
ജോർജ്ജ് കാടൻകാവിൽ