തീയെന്നാൽ എന്താണ്? എങ്ങനെ തീ അണയ്ക്കാം?
ഇന്ത്യൻ എയർഫോഴ്സിൽ ഞാൻ ജോലിചെയ്തിരുന്ന കാലത്ത്, എല്ലാ ടെക്നീഷ്യനും ഒരാഴ്ച നീളുന്ന ഫയർ പിക്വറ്റ് ഡ്യൂട്ടി (fire piquet duty) നിർബന്ധമായിരുന്നു. ഞാനും ചെയ്തിട്ടുണ്ട്. രാത്രിയിൽ, എല്ലാവരും ഉറങ്ങുമ്പോൾ, തീപിടിത്തത്തിനെതിരേ കാവൽ നിൽക്കണം.
അന്ന് ഒരു ഫയർ ഫൈറ്റിംഗ് ക്ളാസ്സിൽ കേട്ടത്, ഇന്നും എന്റെ മനസ്സിൽ തീ പോലെ തെളിഞ്ഞു നിൽക്കുന്നു.
What is a fire?
Fire is nothing but a triangle.
തീ എന്നാൽ ഒരു ത്രികോണം മാത്രമാണ്.
ഈ ഒരു വാചകം ഓർമ്മിച്ചാൽ, തീയെ മനസ്സിലാക്കി തീയണയ്ക്കാം.
ജീവിതത്തിൽ രണ്ട് തരം തീയുണ്ട്. ഒന്ന് അടുക്കളയിൽ, എല്ലാവർക്കും കാണാവുന്ന തീ. മറ്റൊന്ന് കുടുംബത്തിൽ പുറമേയ്ക്ക് എളുപ്പത്തിൽ കാണാത്ത തീ.
രണ്ടിനും ഒരേ നിയമം തന്നെ.
ഭാഗം 1: അടുക്കളയിലെ തീ.
തീ എന്താണ്? തീ ഒരു വസ്തുവല്ല. തീ ഒരു ഊർജ്ജമാണ്. ഒരു പ്രക്രിയയാണ്.
അമ്മ കുഞ്ഞിനോട് പറയും “തീയിൽ തൊട്ടാൽ പൊള്ളും.” അതാണ് അറിവ്. തീ എന്തുകൊണ്ട് കത്തുന്നു? എങ്ങനെ അണയ്ക്കുന്നു? അതറിയുന്നതാണ് വിജ്ഞാനം.
തീ കത്താൻ മൂന്ന് കാര്യങ്ങൾ വേണം. ഒരു ത്രികോണത്തിന്റെ മൂന്ന് വശങ്ങൾ പോലെ.
1. താപനില (Temperature / Heat) - തീ പിടിക്കാൻ തക്ക ചൂട് വേണം.
2. ഓക്സിജൻ (Oxygen / Air) - വായുവിൽ ഉള്ള ഓക്സിജൻ ഇല്ലാതെ തീ കത്തില്ല. തീ കത്തണമെങ്കിൽ ശ്വസിക്കണം. നമ്മളെപ്പോലെ.
3. കത്താനുള്ള വസ്തു (Material / Fuel) - മരം, തുണി, പേപ്പർ, മണ്ണെണ്ണ, ഗ്യാസ്, പ്ലാസ്റ്റിക് — കത്താൻ പാകമായ എന്തെങ്കിലും വേണം.
ഇതു മൂന്നും ഒരുമിച്ച് ചേർന്നാൽ മാത്രമേ തീ ഉണ്ടാകൂ.
ഒന്നു കുറഞ്ഞ് ഇല്ലാതായാൽ പിന്നെ തീ ഇല്ല.
തീ എങ്ങനെ അണയ്ക്കാം?
ത്രികോണത്തിന്റെ ഒരു വശം നീക്കം ചെയ്താൽ, തീ അണഞ്ഞു. Remove one arm of the triangle, the fire is extinguished.
1. ചൂട് നീക്കം ചെയ്യുക — തണുപ്പിക്കുക
വെള്ളം ഒഴിക്കുക. സാധാരണ മരം, തുണി, പേപ്പർ എന്നിവ കത്തുമ്പോൾ വെള്ളമാണ് ഏറ്റവും നല്ലത്. പക്ഷേ എണ്ണയിലോ, വൈദ്യുതിയിലോ തീ പിടിച്ചാൽ വെള്ളം ഒഴിക്കരുത്, അത് അപകടമാണ്. പകരം വായു നിരോധിക്കണം
2. ഓക്സിജൻ നീക്കം ചെയ്യുക — മൂടുക.
തീക്ക് ശ്വാസം മുട്ടിക്കുക. കനത്ത പുതപ്പ് കൊണ്ട് മൂടുക. അല്ലെങ്കിൽ പതയുണ്ടാക്കുന്ന രാസവസ്തുക്കൾ ഉപയോഗിച്ചോ, മണ്ണു വാരിയിട്ടോ, വായു നിരോധിക്കണം. വായു കിട്ടാതെ തീ സ്വയം അണയും.
3. വസ്തു നീക്കം ചെയ്യുക — മാറ്റുക.
കത്തുന്ന വസ്തുവിൽ നിന്നും തീപടരാത്ത വിധം, ചുറ്റുമുള്ള വസ്തുക്കൾ മാറ്റുക. ഗ്യാസ് അടുപ്പിൽ തീ പിടിച്ചാൽ ആദ്യം ഗ്യാസ് ഓഫ് ചെയ്യുക. കത്തുന്ന വസ്തു ഇല്ലെങ്കിൽ തീയ്ക്ക് നിൽക്കാൻ സ്ഥലമില്ല.
വീട്ടിൽ ശ്രദ്ധിക്കേണ്ടത്:
1. പേടിച്ച് വെള്ളം കോരി ഒഴിക്കരുത്. ആദ്യം എന്താണ് കത്തുന്നതെന്ന് നോക്കുക.
2. തീ ചെറുതായിരിക്കുമ്പോൾ അണയ്ക്കാൻ ശ്രമിക്കാം. തീ വലുതായാൽ, ജീവൻ രക്ഷിക്കുക — സാധനങ്ങൾ നോക്കരുത്.
3. തീ കളിപ്പാട്ടമല്ലെന്നും എങ്ങിനെ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്നും കുട്ടികളെ പഠിപ്പിക്കുക.
ഭാഗം 2: കുടുംബത്തിലെ കാണാത്ത തീ — Emotional Fire.
അടുക്കളയിലെ തീ കണ്ണുകൊണ്ട് കാണാം. പക്ഷേ വൈകാരിക തീ കാണാൻ പറ്റില്ല. അത് ഹൃദയത്തെ പൊള്ളിക്കും. വാക്കുകളെ ചുട്ടുകളയും. ബന്ധങ്ങളെ ചാരമാക്കും.
വൈകാരിക തീ എന്താണ്?
1. ചൂട് = ദേഷ്യം (Heat = Anger)
എല്ലാ വഴക്കിന്റെയും തുടക്കം ദേഷ്യമാണ്. തിരസ്കരണം, ക്ഷീണം, സങ്കടം, നിരാശ, ഭയം — എല്ലാം കൂടി മനസ്സ് ചൂടാകും. ദേഷ്യം വന്ന മനുഷ്യൻ, തീപ്പെട്ടി ഉരസിയ പോലെയാണ്.
2. വായു = കുറ്റപ്പെടുത്തൽ (Oxygen = Harsh Words)
പരസ്പരം കുറ്റപ്പെടുത്തുന്ന വാക്കുകളും, ശബ്ദവും, ഭാവവും, എന്തിനു മനഃപ്പൂർവം അവഗണിക്കുന്ന നിശബ്ദത പോലും തീയിലേക്ക് കാറ്റൂതുന്നത് പോലെയാണ്.
3. ഇന്ധനം = അഹംഭാവവും പഴയ മുറിവുകളും (Fuel = Ego & Old Wounds)
“അന്ന് ചെയ്തത് ഞാൻ മറന്നിട്ടില്ല.” പഴയ മുറിവുകൾ എടുത്ത് ഇപ്പോഴത്തെ തീപ്പൊരിയിലേക്ക് ഇടുമ്പോൾ, തീ അണയാതെ കത്തിക്കൊണ്ടേയിരിക്കും.
ഈ മൂന്നും ഒരുമിച്ച് വന്നാൽ, കുടുംബത്തിൽ തീപിടിക്കും.
വൈകാരിക തീ എങ്ങനെ അണയ്ക്കാം?
ഈ തീയണയ്ക്കാനും ഇതേ ത്രിഭുജമാർഗ്ഗം തന്നെ ഉപയോഗിക്കാം
1. ചൂട് നീക്കം ചെയ്യുക — നിർത്തുക, തണുക്കുക, ശ്വസിക്കുക.
2. വായു നീക്കം ചെയ്യുക — കുറ്റപ്പെടുത്താതെ സ്നേഹം കൊണ്ടു പൊതിയുക.
3. ഇന്ധനം നീക്കം ചെയ്യുക — അഹംഭാവം മാറ്റുക, ക്ഷമിക്കുക.
“ക്ഷമിക്കണം” എന്ന് പറയുന്നത് തോൽക്കലല്ല. അത് ക്ഷമിക്കുന്ന സ്നേഹമാണ്, സ്നേഹത്തിന്റെ വിജയമാണ്.
ക്ഷമിക്കൽ എന്നാൽ മറക്കൽ അല്ല. തീയ്ക്ക് ഇനി കൂടുതൽ ഇന്ധനം കൊടുക്കില്ല എന്ന തീരുമാനമാണ്.
ഇന്നത്തെ പ്രശ്നം, ഇന്ന് തന്നെ പറഞ്ഞു തീർത്തു കെടുത്തുക. ഇന്നലത്തെ വിറക് ഇന്ന് കത്തിക്കരുത്.
വീട്ടിൽ ആർക്കാണ് ഇന്ന് അഗ്നിസേന ഡ്യൂട്ടി Who is the Fire Piquet Today?
എയർഫോഴ്സിൽ രാത്രിയിൽ ഒരാൾ കാവൽ നിൽക്കും — Fire Piquet. വീട്ടിലും ഒരാൾ വേണം. വഴക്ക് തുടങ്ങുമ്പോഴേ അണയ്ക്കാൻ ഒരു കാവലാൾ. അത് ഭർത്താവാകാം. ഭാര്യയാകാം. മകനാകാം. മകളാകാം.
തീ നല്ല സേവകനാണ്, പക്ഷേ മോശം യജമാനനാണ്.
ദേഷ്യവും അങ്ങനെ തന്നെ. ദേഷ്യത്തെ നിയന്ത്രിച്ചാൽ അത് നമ്മെ സംരക്ഷിക്കും. ദേഷ്യം നമ്മളെ നിയന്ത്രിച്ചാൽ നമ്മൾ അഗ്നിക്കിരയാകും.
കുടുംബത്തിൽ തീ പിടിക്കുമ്പോൾ, വെള്ളം ഒഴിച്ചാൽ മാത്രം പോരാ.
തീ അണയ്ക്കാൻ ഏറ്റവും നല്ല പുതപ്പ് സ്നേഹമാണ്.
സ്നേഹം എന്ന പുതപ്പ് തീയെ മൂടുമ്പോൾ -
1. വായു കിട്ടാതെ തീ കെട്ടുപോകും — വാക്കുകൊണ്ടുള്ള വഴക്ക് നിൽക്കും
2. ചൂട് തണുക്കും — ദേഷ്യത്തിന്റെ ചൂട് തണുക്കും
3. പഴയ മുറിവ് ഉണങ്ങും — വർഷങ്ങളായ മുറിവിന് മരുന്നാകും
തീയെ തീ കൊണ്ട് കെടുത്താൻ പറ്റില്ല.
ദേഷ്യം കൊണ്ട് ദേഷ്യത്തെ അണയ്ക്കാൻ പറ്റില്ല.
തീയെ കെടുത്താൻ, സ്നേഹം എന്ന പുതപ്പ് തന്നെ വേണം.