മനുഷ്യ കാന്തങ്ങൾ - handbook 6

അങ്കിളേ, ഒരു മനുഷ്യന് എത്ര ഹൃദയമുണ്ട്?

ബെത്-ലെഹം വെബ്-സൈറ്റിലെ എഡിറ്റോറിയൽ പേജിൽ പെണ്ണുകാണലില്‍ എന്തു കാണണം! എന്ന ലേഖനം വായിച്ച ശേഷം എന്റെ ബന്ധുവായ ഒരു ഡോക്ടർ പെൺകുട്ടിയാണ് എന്നെ വിളിച്ച് ഒരു ഐസ്ബ്രേക്കിംഗ് തമാശയായി ഇതു ചോദിക്കുന്നത്.

മോളേ, നീ മെഡിക്കൽ കോളേജിൽ പഠിച്ച ഹൃദയത്തേക്കുറിച്ച് അല്ല ഞാൻ എഴുതിയത്. മനുഷ്യർക്കു തൊടാനും കാണാനും കിട്ടാത്ത വേറേ ഒരു ഹൃദയം കൂടി നമ്മളിലുണ്ട് എന്നാണ് എന്റെ സങ്കല്പം. ഇതേക്കുറിച്ച് ഞാൻ പല ലേഖനങ്ങളിലും എഴുതിയിട്ടുണ്ട്. അതിലേതാണ് നീ കണ്ടതെന്നറിയാൻ, എന്നെ അതൊന്നു വായിച്ച് കേൾപ്പിക്കാമോ?

ശരി അങ്കിൾ ഞാൻ വായിക്കാം - “കല്യാണക്കാര്യത്തില്‍ ഹൃദയത്തിന്‍റെ തീരുമാനമാണ് സര്‍വ്വ പ്രധാനം. പക്ഷേ, മിക്ക മനുഷ്യരും, ഹൃദയത്തെ ശ്രദ്ധിക്കാറില്ല. ഓരോരോ സാദ്ധ്യതകള്‍ ചിന്തിച്ച്, സംശയിച്ചു കൊണ്ടേയിരിക്കും.

നിങ്ങളുടെ ഹൃദയത്തില്‍ ഉയരുന്ന സംഭാഷണം എന്തായാലും, അത്, മറ്റേ ആളുടെ, ഹൃദയത്തോട് ആയിരിക്കണം ചോദിക്കേണ്ടത്. അയാളുടെ ഹൃദയം കൊണ്ടാണ്, നിങ്ങളുടെ ആ സംഭാഷണം കേട്ടതെങ്കില്‍, രണ്ടു  ഹൃദയങ്ങളും തടസ്സമില്ലാതെ സംവദിക്കും. ഹൃദയങ്ങളുടെ ഐക്യം ''Harmony of the hearts" നിങ്ങള്‍ക്ക് അനുഭവപ്പെടും. അങ്ങിനെയെങ്കില്‍ അയാളെ, നിങ്ങളുടെ പങ്കാളി ആയി സ്വീകരിക്കാം.

ഇതാണെന്‍റെ പങ്കാളി, എന്ന് നിങ്ങളുടെ ഹൃദയം പറയുന്നില്ലെങ്കില്‍, ആ വിവാഹത്തിന് തയ്യാറാവേണ്ട.”

 

മോളേ ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ നിനക്കു നന്ദി പറയുന്നു. നീ ഇതു ചോദിച്ചു എന്നെ വിളിച്ചതു ഒരു നിമിത്തം തന്നെയാണ്. ഞാൻ ഹൃദയത്തിൽ ഉദ്ദേശിച്ച ഹൃദയം എവിടെയെന്നു കൂടുതൽ ഹൃദ്യമായി, എല്ലാവർക്കും മനസ്സിലാവുന്ന വിധം വ്യക്തമാക്കാൻ ഞാൻ ഹൃദയപൂർവ്വം ശ്രമിക്കാം.

ഇതു മനസ്സിലാവാൻ, ആദ്യം ഞാനാരാണെന്നും എന്താണെന്നും അറിയണം. എന്റെ അറിവും വിജ്ഞാനവും, എന്തൊക്കെയെന്നും എവിടെനിന്നെന്നും തിരിച്ചറിയണം. അതെങ്ങിനെ എപ്പോൾ ഉപയോഗിക്കണം എന്ന വിവേകം എന്നിൽ വളരണം. ഞാനെന്തെന്ന ജ്ഞാനത്തിന്റെ ഇരിപ്പിടം, അതാണ് മനുഷ്യന്റെ രണ്ടാമത്തെ ഹൃദയം.

 

ഇത് ലളിതമായി ചിത്രീകരിക്കാനും വിശദീകരിക്കാനും, ഏതാനും മാസങ്ങളായി ഞാൻ നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങളാണ് മനുഷ്യകാന്തങ്ങൾ എന്ന ഈ കൈപ്പുസ്തകത്തിലെ ഉള്ളടക്കം.

ഇത് നമ്മുടെ കുടുംബങ്ങൾക്കും യുവതീ-യുവാക്കൾക്കും കൂടുതൽ ഉപകാരപ്രദമാകണമേ എന്ന പ്രാർത്ഥനയോടെ, സ്നേഹപൂർവ്വം നിങ്ങൾക്കായി സമർപ്പിക്കുന്നു. സസ്നേഹം ജോർജ്ജ് കാടങ്കാവിൽ

 

 

Share this Story