നമ്മുടെ ഉള്ളിലെ കാഴ്ചബംഗ്ലാവ്

മനുഷ്യന്‍റെ ഉള്ളില്‍ ഒരു മൃഗം മാത്രമല്ല, ഒരു വലിയ മൃഗശാല തന്നെയുണ്ട് എന്നതാണ് സത്യം. ഇത് മറ്റാര്‍ക്കും അറിയില്ലെന്നാണ് നമ്മുടെ വിചാരം. എന്നാല്‍ ഓരോ മനുഷ്യന്‍റെയും വാക്കുകളും പ്രവൃത്തികളും ചിലപ്പോഴൊക്കെ ഈ രഹസ്യ മൃഗശാലയെ മറ്റുള്ളവരുടെ മുന്നില്‍ തുറന്നുകാട്ടുന്ന ഒരു കാഴ്ചബംഗ്ലാവ് ആക്കി മാറ്റാറുണ്ട്.

 

(ജന്തുഭാവം - അഹംഭാവം - മനസ്സാക്ഷി) 

മനുഷ്യ മനസ്സിന് ഇഡ് (Id), ഈഗോ (Ego), സൂപ്പര്‍ ഈഗോ (Super-Ego) എന്നിങ്ങനെ മൂന്നു ഭാവങ്ങളുള്ളതായി സിഗ്മണ്ട് ഫ്രോയിഡ് സിദ്ധാന്തിക്കുന്നു.

 ഇതിനെ നമ്മുടെ നാടൻ ഭാഷയില്‍ ജന്തുഭാവം, അഹംഭാവം, മനസ്സാക്ഷി എന്ന് വിളിക്കാം.

1. ജന്തുഭാവം (Id) - ഉള്ളിലെ രഹസ്യ മൃഗങ്ങള്‍

അടിസ്ഥാനപരമായി മനുഷ്യന്‍ ഒരു ജന്തുവാണ്. 'ഇഡ്' എന്ന ജന്തുഭാവം ആണ് മനുഷ്യന്‍റെ ഉള്ളില്‍ പ്രകൃതിദത്തമായി ജന്മനാ തന്നെ ലഭിക്കുന്നത്.

വിശപ്പ്, ദാഹം, മോഹം, കാമം, ഇഷ്ടം, സ്നേഹം, വെറുപ്പ്, വിരക്തി, ഭയം, വിരോധം, പ്രതികാരം, ചൂട്, തണുപ്പ്, വേദന, ക്ഷീണം തുടങ്ങിയവയൊക്കെയാണ് ജന്തുഭാവം അഥവാ Id.

എന്നാല്‍ ഈ ജന്തുഭാവത്തെ ശരിയായി നിയന്ത്രിക്കാന്‍ പഠിക്കാത്തവര്‍ പലപ്പോഴും നമ്മള്‍ കാണാറുള്ള ചില ജീവികളുടെ സ്വഭാവത്തിലേക്ക് വീണു പോകാറുണ്ട്:

നീറിനെപ്പോലെ ചത്താലും കടി വിടാത്തവര്‍:

തങ്ങള്‍ക്കുണ്ടായ ഒരു മോശം അനുഭവത്തെ ഓര്‍ത്ത്, അതിന് കാരണക്കാരായവരോടുള്ള പക മനസ്സില്‍ കൊണ്ടുനടന്ന് സ്വന്തം മനസ്സിനെ ഇവര്‍ വിഷലിപ്തമാക്കുന്നു.

ഉടുമ്പിനെപ്പോലെ വാശിയില്‍ കടിച്ചു തൂങ്ങുന്നവര്‍:

ഉടുമ്പ് പിടിച്ചപോലെയാണ് അയാളുടെ സ്വഭാവം എന്ന് നമ്മള്‍ പറയാറുണ്ട്. തങ്ങള്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന മട്ടില്‍, തെറ്റോ ശരീയോ വാശികളിലും ഇഗോയിലും കടിച്ചുതൂങ്ങുന്ന സ്വഭാവമാണിത്. ആ പിടിവിടാന്‍ ഇവരുടെ ജന്തുഭാവം സമ്മതിക്കില്ല.

2. അഹംഭാവം (Ego) - നരിച്ചീറിന്‍റെ അതിജീവനം

നിസ്സഹായാവസ്ഥയില്‍ കൈകാലിട്ടടിച്ചു കരഞ്ഞു കിടന്ന ഒരു കൊച്ചു കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍, പ്രായത്തിനും കാലത്തിനും കാലാവസ്ഥയ്ക്കും വിധേയമായി, ഈ സാഹചര്യങ്ങള്‍ ഓരോന്നും നേരിടേണ്ടി വന്ന ഓരോ മനുഷ്യരും, അതിനോട് ഓരോരോ വിധത്തില്‍ പ്രതികരിച്ച് അത് കൈകാര്യം ചെയ്തു.

ആ അനുഭവങ്ങള്‍ മാത്രമായിരുന്നു മനുഷ്യന്‍റെ ആദ്യത്തെ ഗുരു.

അനുഭവങ്ങളിലൂടെ സ്വയം കണ്ടെത്തിയ അറിവിന്‍റെയും, കരുത്തിന്‍റെയും, ബലഹീനതകളുടെയും അടിസ്ഥാനത്തില്‍ ഒരു മനുഷ്യന്‍, ഓരോരോ സാഹചര്യങ്ങളില്‍ എടുക്കുന്ന നിലപാടാണ് അയാളുടെ ഈഗോ അഥവാ അഹംഭാവം.

ഈ അഹംഭാവം ആ മനുഷ്യന്‍റെ നിലനില്‍പ്പിന് അത്യാവശ്യം വേണ്ട ഒരു പ്രധാന ഘടകമാണ്.

എന്നാല്‍ ഈ ഈഗോ മാത്രം മുന്‍നിര്‍ത്തി ജീവിക്കുന്ന ചിലരുണ്ട് അവര്‍ 'നരിച്ചീറുകളെ' (വവ്വാല്‍) പോലെയാണ്.

സ്വന്തം നിലനില്‍പ്പിനായി ഇരുപക്ഷത്തും മാറി മാറി നിന്ന നാടോടിക്കഥയിലെ വവ്വാലിനെപ്പോലെ, (മറ്റു പക്ഷികളോട് താനൊരു പക്ഷിയാണെന്നും, മൃഗങ്ങളോട് താനൊരു മൃഗമാണെന്നും അവകാശപ്പെട്ട്) കൃത്യമായ നിലപാടുകളില്ലാതെ ഇരുതോണിയില്‍ കാല്‍വെക്കുന്ന മനുഷ്യരുടെ പ്രകൃതമാണിത്.

അതല്ലെങ്കില്‍, തനിക്കുണ്ടായ പരിക്കുകള്‍ കാരണം വെളിച്ചത്തെയും സമൂഹത്തെയും ഭയന്ന്, മറ്റുള്ളവരില്‍ നിന്നും ഉള്‍വലിഞ്ഞ് സ്വന്തം ഇരുണ്ട ചിന്തകളില്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന അവസ്ഥ.

ഇതു മാത്രമല്ല. കുറുക്കന്‍, കഴുത, കരടി, കടുവ, കുരങ്ങ്, ആനപ്പക, ഓന്തിനേപ്പോലെ നിറം മാറ്റം, ചീവീടു പോലെ ചിലക്കുന്നു, അരണ, ശര്‍ക്കരയിലെ ഈച്ച, കോഴി, സര്‍പ്പം തുടങ്ങി മനുഷ്യരെ പലതരം ജീവികളുമായി ഉപമിക്കാറുണ്ട്.

3. മനസ്സാക്ഷി (Super-Ego) - രമ്യതയുടെ പുതിയ ഭാവം

പണ്ട്, കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന ശൈലിയില്‍ കരുത്തന്‍ അവനു തോന്നിയതു പോലെ ഓരോന്നും ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് ഉപദ്രവമായി മാറിയപ്പോള്‍, വിശേഷബുദ്ധി ഉണര്‍ന്ന ചില മനുഷ്യര്‍ കൂടെയുള്ളവര്‍ക്ക് അവരുടെ ഓരോരോ ചെയ്തികളുടെ വരുംവരായ്കകള്‍ മനസ്സിലാക്കി കൊടുക്കാന്‍ തുടങ്ങി.

അങ്ങനെ നന്മയും തിന്മയും, ഗുണവും ദോഷവും ഏതേതെന്നു മനസ്സിലാക്കാന്‍ അവസരം ലഭിച്ചതോടെ പ്രാകൃത മനുഷ്യന് പുതിയ ഒരു ഭാവം കൂടി ലഭിച്ചു - അതാണ് സൂപ്പര്‍ ഈഗോ അഥവാ മനഃസ്സാക്ഷി.

പ്രാകൃത മനുഷ്യന്‍റെ മനസ്സാക്ഷി ഉണര്‍തോടെ, കാര്യങ്ങളുടെ ഗുണവും ദോഷവും വിലയിരുത്തി മറ്റു മനുഷ്യരുമായി സംഘര്‍ഷം ഒഴിവാക്കി, രമ്യതയില്‍ ഇടപെടാനും പരസ്പരം സഹകരിക്കാനും മനുഷ്യന്‍ പരിചയിച്ചു തുടങ്ങി.

കാരറ്റ് & സ്റ്റിക് തത്വം

ഈ മനസ്സാക്ഷിയിലൂടെ പരിഷ്കൃതരായ മനുഷ്യര്‍ മനുഷ്യരെയും അവനവനെ തന്നെയും നിയന്ത്രിക്കാനുള്ള ചില സൂത്രങ്ങള്‍ കണ്ടുപിടിച്ചു. അതോടെ അവര്‍ പരിഷ്കൃത മനുഷ്യരായി മാറി.

ആ സൂത്രങ്ങളുടെ കാതലാണ് - കാരറ്റ് & സ്റ്റിക്ക് (Carrot & Stick).

ഏതൊരു ജന്തുവും എന്തെങ്കിലും ഒരു പ്രവര്‍ത്തി ചെയ്യണമെങ്കില്‍ അതിനു പിന്നില്‍ രണ്ടേ രണ്ടു ഉദ്ദേശങ്ങളേ ഉള്ളു:

1. നല്ല അനുഭവം ലഭിക്കും എന്ന മോഹം (Carrot).


2. മോശം അനുഭവം ഒഴിവാക്കണം എന്ന മുന്‍കരുതല്‍ (Stick).

ബിസിനസ്സിലും തൊഴില്‍ മേഖലയിലും കാരറ്റും സ്റ്റിക്കും ഒരുപോലെ വിജയിക്കുമെങ്കിലും, കുടുംബ ജീവിതത്തില്‍ 'സ്റ്റിക്ക്' എന്ന ഭീഷണി ഉപയോഗിച്ചാല്‍ ബന്ധം വഷളാകുകയേ ഉള്ളു.

അവിടെ ഉചിതമായ കാരറ്റ് ഏതെന്നു മനസ്സിലാക്കി ആത്മാര്‍ത്ഥമായി പെരുമാറിയാല്‍ കുടുംബാംഗങ്ങളെ നല്ല രീതിയില്‍ സ്വാധീനിക്കാം.

കുടുംബജീവിതത്തിലെ കാരറ്റുകള്‍

നിങ്ങളുടെ ജീവിത പങ്കാളിക്ക് കൊടുക്കാവുന്ന ഏറ്റവും ഉചിതമായ കാരറ്റാണ് - നല്ല അനുഭവങ്ങളും, അതിന്‍റെ അനുഭൂതികളും. യഥാര്‍ത്ഥ ബഹുമാനവും ആത്മാര്‍ത്ഥമായ അഭിനന്ദനവും (Genuine Respect and Earnest Appreciation) ആണ് നിങ്ങളുടെ ലൈഫ് പാര്‍ട്ണര്‍ക്ക് നല്‍കേണ്ട ഏറ്റവും മികച്ച കാരറ്റുകള്‍.

അനുഭൂതികളുടെ യഥാര്‍ത്ഥ അളവുകോല്‍

ജനനത്തിനും മരണത്തിനും ഇടയിലുള്ള കാലത്തിനുള്ളില്‍ ഒരു മനുഷ്യൻ എന്തെല്ലാം നേടിയാലും, അതൊന്നും എല്ലാകാലവും അവന്‍റേതു മാത്രമായി നിലനില്‍ക്കില്ല.

സ്വന്തം എന്ന് അക്ഷരാര്‍ഥത്തില്‍ അവകാശപ്പെടാവുന്ന ഒരേ ഒരു കാര്യം മാത്രമേ മനുഷ്യനു ജീവിതത്തില്‍ ലഭിക്കുന്നുള്ളു,

അതാണ് അവനവന്‍റെ അനുഭവങ്ങള്‍.

ജീവിതത്തില്‍ ലഭിക്കുന്ന ധനവും സ്ഥാനമാനങ്ങളും മറ്റ് 
നേട്ടങ്ങളും എല്ലാം ആത്യന്തികമായി കുറേ അനുഭവങ്ങള്‍ മാത്രമാണ് മനുഷ്യന് നല്‍കുന്നത്.

മനുഷ്യര്‍ പലപ്പോഴും തങ്ങള്‍ക്കുണ്ടാകുന്ന വേദനകളെ സ്വന്തം വ്യാഖ്യാനങ്ങള്‍ (Interpretations) കൊണ്ട് പെരുപ്പിച്ചു കാട്ടാറുണ്ട്.

ഇവിടെയാണ് നമ്മള്‍ ഒരു കാര്യം ആലോചിക്കേണ്ടത്: 

വ്യാഖ്യാനങ്ങള്‍ കൊണ്ട് നമുക്ക് നമ്മുടെ ദുരിതങ്ങളെ ഇത്രമാത്രം ഇരട്ടിയാക്കാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട് അതിന്റെ വിപരീത വ്യാഖ്യാനങ്ങള്‍ കണ്ടുപിടിച്ച് നമുക്ക് നമ്മുടെ വേദനകളെ ശാന്തമാക്കിക്കൂടാ?

നല്ല അനുഭൂതികള്‍ കിട്ടണമെങ്കില്‍ നമ്മള്‍ മറ്റ് മനുഷ്യരോട് ഇടപെടണം. ഉള്‍വലിഞ്ഞ് നരിച്ചീറുകളെപ്പോലെ മറ്റുള്ളവരെ ഒഴിവാക്കരുത്.

 സ്നേഹം എന്ന വികാരം അനുഭവങ്ങളെ കൂടുതല്‍ നല്ലതാക്കും. നമ്മുടെ ഉള്ളിലെ ജന്തുഭാവത്തിന്‍റെ വന്യതയെയും, അഹംഭാവത്തിന്‍റെ ഇരുട്ടുകളെയും തിരിച്ചറിഞ്ഞ്, മനസ്സാക്ഷിയുടെ വെളിച്ചത്തിലേക്ക് വരുമ്പോഴാണ് നമ്മുടെ ഉള്ളിലെ മൃഗശാല ശാന്തമാകുന്നത്.

അപ്പോഴാണ് ഉള്ളിലെ കാഴ്ചബംഗ്ലാവ് എത്ര മനോഹരമാണെന്ന് ചുറ്റുമുള്ളവര്‍ക്ക് മനസ്സിലാകുന്നത്.

Share this Story